UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

നാഷണല്‍ ഹെറാള്‍ഡ് കാത്തുവെക്കുന്ന രാഹുലിന്‍റെ വിധി

നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ഭാവിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയേക്കാം. ഡല്‍ഹി പാട്യാല കോടതിയില്‍ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഹാജരാകണമെന്ന് നോട്ടീസ് ലഭിച്ചപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് അങ്കലാപ്പില്‍ അകപ്പെട്ടതുപോലെ തോന്നി. വിചാരണ കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് ലഭിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒരു ദിവസം മുഴുവന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ബഹളം വച്ച് സ്തംഭിപ്പിച്ചതെന്തിന്? കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ വ്യവഹാരബുദ്ധിയില്‍ മുളച്ച കള്ളക്കേസ് ആണോ ഇത്?

കോണ്‍ഗ്രസിന്റെ മുഖപത്രമെന്ന നിലയില്‍ ഏഴു ദശാബ്ദക്കാലം നിലനിന്ന ദിനപ്പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഈ പത്രം തുടങ്ങാന്‍ മഹാത്മാഗാന്ധിയുമായി ദിര്‍ഘനാള്‍ പിണങ്ങുകയും വഴക്കിടുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന് ഒത്താശകള്‍ ചെയ്ത് ബിര്‍ളയുടെ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ഡല്‍ഹിയിലുള്ളപ്പോള്‍ കോണ്‍ഗ്രസിന് മറ്റൊരു പത്രമെന്തിനെന്ന് ഗാന്ധിജി ചോദിച്ചു. എന്നാല്‍ ബിര്‍ള മാത്രമല്ല മഹാത്മജിയുടെഎതിര്‍വാദത്തിന് കാരണമെന്നും ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഡിറ്റര്‍ ആയ അദ്ദേഹത്തിന്റെ മകന്‍ ദേവദാസ് ഗാന്ധിയാണെന്നും നെഹ്‌റു മനസ്സിലാക്കി. അനുനയ നീക്കങ്ങളൊന്നും വിലപ്പോയില്ല. നാഷണല്‍ ഹെറാള്‍ഡിന് പണം മുടക്കാന്‍ മോട്ടോര്‍കാര്‍ വ്യാപാരി രഘുനന്ദന്‍ സരണ്‍ സന്നദ്ധനായി കാത്തിരിപ്പുണ്ടായിരുന്നു. എ.ഐ.സി.സിക്ക് ഒരു ചില്ലിക്കാശും ചെലവില്ലാതെ പത്രം നടത്തിക്കൊണ്ടുപോകാന്‍ ധനവാനായ രഘുനന്ദന്‍ ഒരുക്കവുമാണ്. പക്ഷേ ഗാന്ധിജിയുടെ എതിര്‍പ്പ് അവഗണിക്കാന്‍ നെഹ്‌റുവിനു പോലും കഴിയാതെ വന്നു. ഒടുവില്‍ ഡെല്‍ഹി വിട്ട് ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായിത്തീര്‍ന്ന ലഖ്‌നോയില്‍ നിന്ന് 1938 സെപ്തംബര്‍ ഒമ്പതാം തീയതി നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിക്കേണ്ടിവന്നു. നെഹ്‌റു ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിനായിരുന്നു പത്രത്തിന്റെ നിയന്ത്രണാധികാരം. ആന്ധ്രാക്കാരനായിരുന്ന കെ. രാമറാവു ചീഫ് എഡിറ്റര്‍ ആയി. അസിസ്റ്റന്റ് എഡിറ്റര്‍ മറ്റൊരു ആന്ധ്രക്കാരന്‍ എം. ചലപ്പതിറാവുവും. ക്ഷിപ്രകോപിയും അരക്കിറുക്കനും സത്യസന്ധനും ശുദ്ധഗതിക്കാരനുമായിരുന്നു രാമറാവു. മുഖപ്രസംഗം പതിവായി എഴുതുന്ന ചുമതല ഒഴികെ പത്രത്തിലെ ഇതര ജോലികളുടെ മുഴുവന്‍ മേല്‍നോട്ടച്ചുമതല ചലപതിറാവുവിനായിരുന്നു. നെഹ്‌റു നിരന്തരം ആശയവിനിമയം നടത്തിയിരുന്നത് യുവാവായ മണികൊണ്ട ചലപതിറാവുവുമായിട്ടായത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ എന്നത്തെയും സ്വഭാവം വ്യക്തമാക്കുന്നു. ആരോടും തര്‍ക്കുത്തരം പറയാന്‍ മിടുക്കനായ കെ. രാമറാവു നെഹ്‌റുവിന്റെ നല്ല പുസ്തകത്തില്‍ ഒരിക്കലും ഇടം നേടിയില്ല. എ.പി. സക്‌സേന, ദയാനന്ദസിംഗ് എന്നീ സബ് എഡിറ്റര്‍മാര്‍ നാഷണല്‍ ഹെറാള്‍ഡില്‍ ജോലി ചെയ്തു. മലയാളിയായ ശങ്കരന്‍കുട്ടി കാര്‍ട്ടൂണിസ്റ്റ് കുട്ടി എന്ന നിലയില്‍ ശങ്കേഴ്‌സ് വീക്കിലിയിലെ പരിശീലനം പൂര്‍ത്തിയാക്കി ഹെറാള്‍ഡില്‍ ചേര്‍ന്നു. ആമിനാ ബാദ് സര്‍ക്കിളിലെ ഹെറാള്‍ഡ് ഓഫീസ് മന്ദിരത്തില്‍ പത്രാധിപന്മാര്‍ക്ക് പാര്‍പ്പിട സൗകര്യമുണ്ടായിരുന്നു. മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കാന്റീന്‍ വേറെയും. കുട്ടി അടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭക്ഷണ പ്രിയര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എല്ലാവര്‍ക്കും ശമ്പളം നിശ്ചയിച്ചിരുന്നെങ്കിലും അത് കൃത്യമായി നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പതിവായി ഹെറാള്‍ഡ് സന്ദര്‍ശിക്കും. രാമറാവു അവരെല്ലാമായി തര്‍ക്കിക്കുമ്പോള്‍ ചലപതിറാവു നിശ്ശബ്ദനായി ജോലി ചെയ്യും. ഭക്ഷണത്തിനും താമസത്തിനും തടസ്സമില്ലാത്തതിനാല്‍ ശമ്പളം കൃത്യമായി കിട്ടിയില്ലെങ്കിലും പരാതിയില്ലാതെ ഏവരും മുഴുവന്‍ സമയം ജോലി ചെയ്തുപോന്നു.

വി.കെ. കൃഷ്ണമേനോന്‍ ലണ്ടനില്‍ നിന്ന് നാഷണല്‍ ഹെറാള്‍ഡിലേക്ക് വാര്‍ത്തയും ലേഖനങ്ങളും അയച്ചുകൊണ്ടിരുന്നു. ചലപതിറാവു നേരിട്ടാണ് അവയെല്ലാം എഡിറ്റ് ചെയ്തത്. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യയെപ്പറ്റി എന്ത് പറഞ്ഞാലും കുട്ടിയുടെ ഒരു കാര്‍ട്ടൂണ്‍ സഹിതം പരിഹാസത്തോടെ പ്രാമുഖ്യം നല്‍കി പ്രസിദ്ധീകരിച്ചിരുന്നു. നെഹ്‌റു പല തൂലികാനാമങ്ങളില്‍ ലേഖനങ്ങള്‍ എഴുതി. ബ്രിട്ടീഷ് ഏകാധിപത്യത്തെ കളിയാക്കിയ ലേഖനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ജവഹര്‍ലാല്‍ നെഹ്‌റു ഭരണാധികാരിയായിരുന്നാല്‍ ഒരിക്കലും അദ്ദേഹം ഒരു ഏകാധിപതിയാകില്ലെന്ന് കുറിച്ചു. ചലപതിറാവു ഈ വരിവായിച്ച് പൊട്ടിച്ചിരിച്ചു. ഫിറോസ് ഗാന്ധി അന്ന് ഹൊറാള്‍ഡ് ഓഫീസില്‍ വന്നപ്പോള്‍ ചലപതിറാവു അടിവരയിട്ട് ഈ വാചകം അദ്ദേഹത്തിന് കാട്ടിക്കൊടുത്തു. നെഹ്‌റുതന്നെയാണ് സ്വയം ഇങ്ങനെ പ്രശംസിച്ചിരിക്കുന്നതെന്ന് ഫിറോസിനു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു.

ഫിറോസ് ഗാന്ധി പോയിക്കഴിഞ്ഞപ്പോള്‍ ശങ്കരന്‍കുട്ടി ശബ്ദം താഴ്ത്തി ചലപതിറാവുവിനോട് ചോദിച്ചു ”ആരാണ് ആ വ്യക്തി, ഗാന്ധിജിയുടെ ബന്ധുവാണോ?”

”അല്ല, അദ്ദേഹം അടുത്തു തന്നെ നെഹ്‌റുവിന്റെ ബന്ധുവാകും.” – ചലപതിറാവു പറഞ്ഞു.

”അതെങ്ങനെ?”- കുട്ടിക്ക് ജിജ്ഞാസ

”ഇന്ദുവിന്റെ പ്രതിശ്രുതവരനാണ് ഫിറോസ്” – ചലപതിറാവു വെളിപ്പെടുത്തി.

കൊച്ചുവര്‍ത്തമാനം നീട്ടിക്കൊണ്ടുപോകാന്‍ ഇഷ്ടപ്പെടാതെ രാജ്യത്ത് വളരുന്ന വര്‍ഗ്ഗീയ ചേരിതിരിവിനെക്കുറിച്ച് ഒരു കാര്‍ട്ടൂണ്‍ ഉടന്‍ വേണമെന്ന് പറഞ്ഞ് കുട്ടിയെ പത്രാധിപര്‍ മടക്കി. ഹിന്ദുമഹാസഭാ നേതാവ് ശ്യാമ പ്രസാദ് മുക്കര്‍ജി ആര്‍.എസ്.എസ്സിനെയും മുഹമ്മദാലി ജിന്ന മുസ്ലീം ലീഗിനെയും തോളുകളില്‍ ഏറ്റി ഒരു തടിപ്പാലത്തില്‍ നദിക്കു കുറുകെ നിന്ന് ഇരുവശത്തേക്കും പോകാനാകാതെ തര്‍ക്കിക്കുന്ന കാര്‍ട്ടൂണ്‍ അന്ന് അങ്ങനെ ഉണ്ടായി എന്ന് കുട്ടി ‘ലാസ്റ്റ് ലാഫര്‍’ എന്ന തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.

രണ്ടാം ലോകയുദ്ധം തുടങ്ങി. കോണ്‍ഗ്രസ് അനുഭാവികളടക്കം ധാരാളം പേര്‍ നേതാക്കളെ അനുസരിക്കാതെ ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്നു. പഞ്ചാബിലെ പ്രശസ്തനായ ഒരു ഡോക്ടറും ആകര്‍ഷകമായ വേതനം മോഹിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബ്രിട്ടനെ സേവിക്കാന്‍ പുറപ്പെട്ടു. ബ്രിട്ടീഷ് അനുകൂല പ്രസിദ്ധീകരണങ്ങള്‍ ഇന്ത്യാക്കാരെ ആകര്‍ഷിക്കാന്‍ ഇത്തരം സംഭവങ്ങള്‍ക്ക് നല്ല പ്രചാരം നല്‍കി. യുദ്ധം നീണ്ടുപോയാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ഇല്ലാതാകുമെന്ന് നാഷണല്‍ ഹെറാള്‍ഡിന് തോന്നി. പല മുഖപ്രസംഗങ്ങളിലൂടെ അത് വെളിവാക്കി. ഗാന്ധിജി ഉടന്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചു. അതോടെ ഹെറാള്‍ഡിന്റെ അവസ്ഥ പരിതാപകരമായി. പട്ടാളം ലഖ്‌നോ ഓഫീസ് റെയ്ഡു ചെയ്തു. പത്രം ഓഫീസ് മുദ്രവച്ചു പൂട്ടി. ചലപതിറാവു ഡല്‍ഹിക്ക് മടങ്ങി. 1945ല്‍ മഹായുദ്ധം അവസാനിച്ചശേഷമാണ് നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരണം പുനരാരംഭിച്ചത്. കെ. രാമറാവു ട്രെയിന്‍ അപകടത്തില്‍ മരിച്ചു. എം. ചലപതിറാവു എഡിറ്റര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇന്ദിരയും ഫിറോസ് ഗാന്ധിയും തമ്മിലുള്ള വിവാഹം കഴിഞ്ഞു. ഇരുവരും പതിവായി ഹെറാള്‍ഡില്‍ എത്തുകയും പത്രാധിപന്മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ”ഫ്രീഡം ഈസ് ഇന്‍ പെരിള്‍. ഡിഫെന്‍ഡ് ഇറ്റ് വിത്ത് ആള്‍ യുവര്‍ മൈറ്റ്.”എന്ന് ഹെറാള്‍ഡിന്റെ മാസ്റ്റ് ഹെഡിന് മുകളില്‍ പതിവായി അച്ചടിക്കാന്‍ ഇന്ദിരാഗാന്ധി നിര്‍ദ്ദേശിച്ചു. ഒരു വര്‍ഷം കഴിഞ്ഞു നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

ലഖ്‌നോ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് പോകുന്ന പതിവ് അക്കാലത്തുണ്ട്. തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ലഖ്‌നോയില്‍ എത്തിക്കൊണ്ടിരുന്നു. രണ്ടുവര്‍ഷം പഠിച്ചാല്‍ ബി.എ ഡിഗ്രിയും ബി.എല്‍ ബിരുദവും ഒരുമിച്ചെടുക്കാമെന്ന എളുപ്പമുണ്ട്. അങ്ങനെ പഠിക്കാനെത്തിയ പി. ബാലന്‍ എന്നൊരു വിദ്യാര്‍ത്ഥി ഒരു വൈകുന്നേരം നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസില്‍ കയറിച്ചെന്നു. ലഖ്‌നോ സര്‍വകലാശാലയില്‍ അമിത ഫീസ് ഈടാക്കുന്നതിനെപ്പറ്റി ഒരു വാര്‍ത്ത കൊടുക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. പത്രാധിപര്‍ ചലപതിറാവു ക്ഷോഭാകുലനായ ആ വിദ്യാര്‍ത്ഥിയെ ശാന്തനാക്കാന്‍ ശ്രമിച്ചു. ബ്രിട്ടീഷുകാരാണ് സര്‍വകലാശാല നിയന്ത്രിക്കുന്നത്. വാര്‍ത്ത പ്രസിദ്ധീകരിച്ചതുകൊണ്ട് ഫീസ് കുറയ്ക്കാന്‍ പോകുന്നില്ല. പഠനച്ചെലവ് നേരിടാന്‍ ഒഴിവുസമയത്ത് വിദ്യാര്‍ത്ഥികള്‍ എന്തെങ്കിലും ജോലി ചെയ്തു പണമുണ്ടാക്കണം. ബാലന് ഇഷ്ടമാണെങ്കില്‍ ഹെറാള്‍ഡില്‍ വൈകുന്നേരങ്ങളില്‍ വന്നു ജോലിചെയ്യാം. ബാലന്‍ ആ നിര്‍ദ്ദേശം സ്വീകരിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം അയാള്‍ അവിടെ സബ് എഡിറ്റര്‍ ആയി മുഴുവന്‍ സമയം ജോലി തുടര്‍ന്നു. പാര്‍പ്പിടവും ഭക്ഷണവും സൗജന്യം. വല്ലപ്പോഴും വേതനം. എങ്കിലും കുഴപ്പമില്ല. ബാലന് പണി ഇഷ്ടമായി. സമര്‍ത്ഥനായ ഒരു പത്രാധിപരായി ഉയരാനുള്ള സാധ്യതകള്‍ തെളിയിച്ചുകൊണ്ടിരിക്കെ ബാലന്‍ ആരോടും പറയാതെ ഒരുദിവസം ലഖ്‌നോയില്‍ നിന്ന് മുങ്ങി. ചലപതിറാവുവിന് വലിയ വിഷമം തോന്നി.

1947ല്‍ ഡല്‍ഹിയിലെ ഒരു വേനല്‍ പകല്‍. നീണ്ട് മെലിഞ്ഞ ഒരു യുവാവ് റോഡ് ക്രോസ് ചെയ്യാന്‍ കാത്തുനില്‍ക്കുന്നത് ചലപതിറാവു കണ്ടു. ‘ബാലന്‍’ എന്ന് അദ്ദേഹം ഉറക്കെ വിളിച്ചു. ശബ്ദം കേട്ട ഭാഗത്തേക്ക് ചെറുപ്പക്കാരന്‍ നോക്കി. റാവു അടുത്തു ചെന്നു. മുഷിഞ്ഞ വേഷം. തിളങ്ങുന്ന കണ്ണുകള്‍ കൂടുതല്‍ വിടര്‍ന്നതുപോലെ. ശരീരം വളരെ മെലിഞ്ഞു. ഹരിദ്വാരില്‍ ഒരു സന്യാസാശ്രമത്തില്‍ കൂടിയിരിക്കുകയാണെന്ന് ബാലന്‍ പറഞ്ഞു. പില്‍ക്കാലത്ത് ആഗോളതലത്തില്‍ പ്രശസ്തനായിത്തീര്‍ന്ന ഗീതാവ്യാഖ്യാതാവ് സ്വാമി ചിന്മയാനന്ദന്റെ ഉദയമാണ് ആ കണ്ണുകളില്‍ താന്‍ കണ്ടതെന്ന് ചലപതിറാവു കുറിച്ചു. ഈ കൂടിക്കാഴ്ചയുടെ നാടകീയ യാദൃച്ഛികതയെക്കുറിച്ച് കാര്‍ട്ടൂണിസ്റ്റ് കുട്ടിയോട് ചലപതിറാവു വിവരിച്ചു. കുട്ടി വിശ്വസിക്കാന്‍ കൂട്ടാക്കാനായില്ല. ”ബാലനെ എനിക്കറിയാം. അവനങ്ങനെ പല വേഷവും കെട്ടും” എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. കാലം കുട്ടിയുടെ നിഗമനങ്ങള്‍ തള്ളിക്കളഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് വളര്‍ന്നുകൊണ്ടിരുന്നു. 1969ല്‍ കോണ്‍ഗ്രസ് പിളരുന്നതുവരെ പത്രത്തിന്റെ നല്ലകാലമായിരുന്നു. 1968ല്‍ പത്രത്തിന് ന്യൂഡല്‍ഹി എഡിഷന്‍ ഉണ്ടായി. പ്രചാരണത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് കിടപിടിച്ചു. ഇന്ദിരാഗാന്ധിക്കെതിരെ പ്രബലരായ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞപ്പോള്‍ ‘ടുബി ഓര്‍ നോട്ട് ടുബി’ എന്ന തലക്കെട്ടില്‍ ചലപതിറാവു എഴുതി: ”അധികാരയുദ്ധത്തില്‍ ഒരുമിച്ചു നില്‍ക്കണോ ഭിന്നിച്ചകലണോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിക്കട്ടെ. ഓരോ നേതാവിന്റെയും വ്യക്തിപരമായ തീരുമാനമാണ് ഇവിടെ പ്രധാനം.” പൊതുപ്രാധാന്യത്തിനുമേല്‍ വ്യക്തി മഹിമ പരമപ്രധാനമായി മാറുന്ന ഗതികേടിലേക്ക് കോണ്‍ഗ്രസ് പതിച്ചു തുടങ്ങുന്നതിന്റെ സൂചന. പിളര്‍പ്പിനു ശേഷം കോണ്‍ഗ്രസിന്റെ മുഖപത്രം ‘കോക്കസ് ഓര്‍ കോണ്‍ഗ്രസ്’ എന്ന മുഖപ്രസംഗം എഴുതി. ഇന്ദിരയോടൊപ്പം നിന്നവര്‍ കോണ്‍ഗ്രസുകാരും നിജലിംഗപ്പ, കാമരാജ്, മൊറാര്‍ജി കൂട്ടുകെട്ട് ‘കോക്കസും.’ ഇന്ദിരാഗാന്ധിയുടെ ദുരന്തപൂര്‍ണമായ രക്തസാക്ഷിത്വത്തിന് ഭാഷ്യം ചമയ്ക്കാന്‍ കാത്തു നില്‍ക്കാതെ എം. ചലപതിറാവു എന്ന മഹാനായ പത്രാധിപര്‍ 1983 മാര്‍ച്ച് 25-ാം തീയതി ജീവിതത്തോട് വിടപറഞ്ഞു. പിന്നെയും കാല്‍നൂറ്റാണ്ട് നാഷണല്‍ ഹെറാള്‍ഡ് നിലനിന്നു. സാങ്കേതിക മാറ്റങ്ങള്‍ക്കൊത്ത് ഉയരാന്‍ പറ്റാതെ 2008ല്‍ ഹെറാള്‍ഡ് മാധ്യമനഭസില്‍ നിന്നു മാഞ്ഞുപോയി. രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയും കൊണ്ടേ കാഹളം കെട്ടടങ്ങൂ എന്നാകാം ചിലപ്പോള്‍ വിധി?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍