UPDATES

ദേശീയപാതയ്ക്ക് 45 മീറ്റര്‍ വീതി നല്ലത് തന്നെ; അതെവിടെ നിന്നെടുക്കും എന്നതാണ് ചോദ്യം

കരമന മുതല്‍ കളിയിക്കാവിള വരെയുള്ള ദേശീയ പാത മുപ്പത് മീറ്ററില്‍ ആറുവരിപ്പാതയാക്കി വികസിപ്പിക്കാമെങ്കില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നാലുവരി പാതയ്ക്ക് 45 മീറ്റര്‍ ഏറ്റെടുക്കേണ്ടതുണ്ടോ?

ദേശീയപാത വികസനത്തിനു സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടു പോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു. എട്ടുവര്‍ഷത്തോളം ചര്‍ച്ചകളും വിവാദങ്ങളും മാത്രം നിറഞ്ഞു നില്‍ക്കുന്നൊരു വിഷയം വീണ്ടും വാര്‍ത്തയാവുകയാണ്. റോഡ് ഗതാഗത്തെ വളരെയധികം ആശ്രയിക്കുന്ന ഒരു സംസ്ഥാനത്ത് ദേശീയപാതകളുടേതടക്കമുള്ള റോഡുകളുടെ വികസനം നാടിന്റെ പൊതുവായ വികസനത്തിന് ആവശ്യമാണെങ്കിലും ഇതിനായി നടക്കുന്ന നീക്കങ്ങളില്‍ ജനങ്ങളെ ബാധിക്കുന്ന അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടെന്ന ആക്ഷേപങ്ങളെ വികസന വിരുദ്ധത എന്നു പറഞ്ഞ് അവഗണിക്കുകയും അരുത്.

റോഡ്, റെയില്‍, ജല, വായു എന്നീ നാലു ഗതാഗത മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുന്ന ഒരു സംസ്ഥാനമാണ് കേരളം എങ്കിലും ഇവയില്‍ റോഡ് ഗതാഗതത്തെ തന്നെയാണ് (ചരക്ക്, യാത്ര) മുഖ്യമായും നമ്മള്‍ ആശ്രയിക്കുന്നത്. എന്നിരിക്കുമ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ റോഡുകള്‍ (ദേശീയ-സംസ്ഥാന പാതകള്‍ അടക്കം) അതിന്റെ പരിമിതികള്‍ കൊണ്ട് സങ്കീര്‍ണമാവുന്നുമുണ്ട്.

ദിവസം പ്രതി ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്ന ഒരു സംസ്ഥാനമാണ് കേരളം. ഓരോ വര്‍ഷവും ശരാരശി അഞ്ചുലക്ഷം പുതിയ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ടെന്നത് കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് അതിശയോക്തി കലര്‍ന്ന കണക്കു തന്നെയാണ്. ഇരുചക്ര, നാല്‍ചക്ര വാഹനങ്ങളുടെ ബാഹുല്യം റോഡുകളില്‍ കൂടിക്കൂടി വരുമ്പോഴും അതിനനുസരിച്ച് യാത്രമാര്‍ഗത്തിന്റെ വികാസം സംഭവിക്കുന്നില്ല. അതിന്റെ ഫലമാണ് കേരളം നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതുമൂലം ഉണ്ടാകുന്ന ധനനഷ്ടവും സമയനഷ്ടവും നിരന്തരം കേള്‍ക്കുന്ന പരാതികളാണ്. വാഹനങ്ങള്‍ ഒരു ഭാഗത്തു വര്‍ദ്ധിക്കുമ്പോഴും അതിനനുസൃതമായി ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിക്കാതെ വരുന്നതിന്റെ ഫലം രൂക്ഷമായ ഗതാഗതക്കുരുക്ക് മാത്രമല്ല, റോഡ് അപകടങ്ങള്‍, സുരക്ഷാപ്രശ്‌നങ്ങള്‍, അന്തരീക്ഷമലിനീകരണം എന്നിവയെല്ലാം ഇതിന്റെ തിരിച്ചടികളാണ്. ഇതെല്ലാം പരിഹരിക്കാന്‍ റോഡുകളുടെ വീതി കൂട്ടുന്നതാണോ ഏകമാര്‍ഗം എന്നു ചോദിച്ചാല്‍, അല്ല. പക്ഷേ റോഡുകളുടെ വികസനം മേല്‍പ്പറഞ്ഞ അപകടങ്ങള്‍ക്ക് ഒരുപരിധിവരെ മരുന്നാണ്.

റോഡുവികസനം; പ്രശ്‌നങ്ങളും പ്രതിസന്ധികളും
എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗതാഗത സൗകര്യങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ കേരളം അത്രകണ്ട് വിജയം നേടിയിട്ടില്ല എന്ന വസ്തുത നിലനില്‍ക്കുകയാണ്. ജനസാന്ദ്രത കൂടി വരികയും അതിനനുസരിച്ച് ഭൂമിയുടെ ലഭ്യത ഉണ്ടാവാതെയിരിക്കുന്ന സ്ഥിതിയാണ് കേരളത്തില്‍ ഉള്ളത്. ഇത്തരമൊരു സാഹചര്യമാണ് റോഡുകളുടെ മതിയായ വികസനത്തിന് തിരിച്ചടിയാകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ദേശീയ പാതകളുടേതടക്കം വീതി കൂട്ടേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന കുടിയൊഴിപ്പിക്കല്‍, സ്ഥലം ഏറ്റെടുക്കല്‍ എന്നീ പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമായി മുന്നിലേക്ക് വരുന്നു. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും പ്രായോഗികമായ തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ വരുന്നില്ല എന്നതാണ് ഇതിലെ അടിസ്ഥാനപ്രശ്‌നം. വികസനത്തിന്റെ പേരില്‍ നടന്നിട്ടുള്ള കുടിയൊഴിപ്പിക്കലുകളെല്ലാം അവസാനിക്കാത്ത സമരങ്ങള്‍ക്കേ കാരണമായിട്ടുള്ളൂ.

2008-ല്‍ അന്നത്തെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരുന്ന ടിആര്‍ ബാലു പറഞ്ഞത് കേരളത്തിലെ ദേശീയപാതവികസനത്തിനു തടസമാകുന്നത് സംസ്ഥാനം ഇതിനാവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കുന്നതില്‍ വരുത്തുന്ന വീഴ്ചയാണെന്നാണ്. ഇതേ നിലപാട് തന്നെയാണ് പിന്നീടുള്ള കാലത്തെല്ലാം കേരളത്തിനെതിരേ ഉയരുന്ന പ്രധാന ആക്ഷേപം. റോഡ് വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തു മാറിമാറി വന്നുപോയ സര്‍ക്കാരുകളും ആവര്‍ത്തിച്ചിരുന്നത് ഇതേ പല്ലവിയാണ്. എന്നാല്‍ ഏക്കറു കണക്കിനു സ്ഥലം ഏറ്റെടുത്താല്‍ മാത്രമെ ഗതാഗതസൗകര്യങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയുള്ളോ എന്നും നിലവിലെ പരിതസ്ഥിതിയില്‍ തന്നെ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ വികസനം സാധ്യമല്ലേ എന്ന ചോദ്യത്തിനും ഭരണകൂടങ്ങള്‍ മറുപടി പറയാറില്ല.

അതായത്, കരമന മുതല്‍ കളിയിക്കാവിള വരെയുള്ള ദേശീയ പാത മുപ്പത് മീറ്ററില്‍ ആറുവരിപ്പാതയാക്കി വികസിപ്പിക്കാമെങ്കില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നാലുവരി പാതയ്ക്ക് 45 മീറ്റര്‍ ഏറ്റെടുക്കേണ്ടതുണ്ടോ?

45 മീറ്റര്‍ എന്ന കടമ്പ
കേരളത്തിലെ ദേശീയപാതകളുടെ വീതി 45 മീറ്റര്‍ ആക്കണമെന്ന ദേശീയപാത അഥോറിറ്റിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയാതെ വരുന്നതാണ് സംസ്ഥാനത്തിനു തിരിച്ചടിയാകുന്നതെന്നാണു ഭരണകൂടത്തിന്റെ വാദം. റോഡുഗതാഗതസൗകര്യങ്ങള്‍ വര്‍ദ്ധിക്കണമെങ്കില്‍ എന്‍എച്ച്എഐയുടെ നിര്‍ദേശം നടപ്പില്‍ വരുത്താതെ സാധ്യമല്ലെന്ന മുന്നറിയിപ്പോടെയാണ് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതും. എന്നാല്‍ 2008 ല്‍ തുടങ്ങിയ ഈ നീക്കം ഇന്നുവരെ പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു പ്രതികൂലമായി നില്‍ക്കുന്നത് ജനങ്ങളുടെ പ്രതിഷേധം തന്നെയാണ്. മുന്‍കാല ചെയ്തികളിലൂടെ ഭരണകൂടത്തിനുമേല്‍ ജനത്തിനു വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നത് തന്നെയാണ് പ്രശ്‌നം. വികസനത്തിന് എതിരു നില്‍ക്കുന്നൂ എന്ന പരാതി സര്‍ക്കാര്‍ ഉയര്‍ത്തുമ്പോള്‍ മൂലമ്പള്ളി പോലുള്ള അനുഭവങ്ങളാണ് ജനം തിരികെ ഉയര്‍ത്തുന്നത്. ഈ സന്ദിഗ്ധാവസ്ഥ പ്രശ്‌നരഹിതമായി പരിഹരിക്കാന്‍ സാധിക്കാതെ വരുന്നകാലത്തോളം 45 മീറ്റര്‍ വീതി എന്നത് മുറിച്ചു കടക്കാനാവാത്ത കടമ്പ തന്നെയാണ്.

ദേശീയപാത 47 -ന്റെ വീതി 45 മീറ്റര്‍ ആക്കി മാറ്റുന്നതിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പരിപാടി സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞതാണെങ്കിലും പലജില്ലകളിലും ഒരുതുണ്ടു ഭൂമിപോലും ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2014 ല്‍ അന്നത്തെ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത് എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പ്രദേശവാസികളുടെ എതിര്‍പ്പുമൂലം സ്ഥലം എടുപ്പ് നടന്നിട്ടില്ല എന്നാണ്. മലപ്പുറം ജില്ലയില്‍ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം തന്നെ റദ്ദായി. കാസര്‍ഗോഡ് ദേശീയപാതവികസനത്തിനായി 110.5041 ഹെക്ടര്‍ സ്ഥലം വേണ്ടിടത്ത് ഏറ്റെടുക്കാനായത് 66.85 ഹെക്ടറും കണ്ണൂരില്‍ 265.66 ഹെക്ടര്‍ വേണ്ടിടത്ത് 88.818 ഹെക്ടറും കോഴിക്കോട് 132.2 ഹെക്ടര്‍ വേണ്ടിടത്ത് 67.32 ഹെക്ടറുമാണ് ഏറ്റെടുക്കാന്‍ സാധിച്ചിട്ടുള്ളത്. മലപ്പുറത്ത് 337.858 ഹെക്ടര്‍ സ്ഥലമായിരുന്നു ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു സെന്റ് സ്ഥലം പോലും ഏറ്റെടുക്കാന്‍ സാധിച്ചില്ല. തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നും യഥാക്രമം 221.967 ഹെക്ടറും 7.3179 ഹെക്ടറും വേണം. ഇവിടങ്ങളിലും സ്ഥലം ഏറ്റെടുക്കല്‍ സാധ്യമായില്ല. ഇതേ തുടര്‍ന്നു കുറ്റിപ്പുറം മുതല്‍ ഇടപ്പള്ളി വരെയുള്ള റോഡ് വികസനം സംബന്ധിച്ചുള്ള വിജ്ഞാപനവും റദ്ദാക്കേണ്ടി വന്നു. ദേശീയപതാ വികസനത്തിനു പ്രധാനമായും സ്ഥലം ഏറ്റെടുക്കാന്‍ ഉള്ളത് ഇനി വടക്കന്‍ ജില്ലകളില്‍ നിന്നാണെന്നതിനാല്‍ ഇപ്പോള്‍ ഉള്ള എതിര്‍പ്പുകളെ സര്‍ക്കാര്‍ ഏതുവിധത്തില്‍ കൈകാര്യം ചെയ്യുമെന്നാണ് കാണേണ്ടത്. അതിനുള്ള മറുപടിയായിരിക്കണം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

ദേശീയപാത വിഷയത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൈക്കൊണ്ട അടിയന്തിര നടപടികളിലൂടെ ദേശീയപാതാ വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ്, അലൈന്‍മെന്റ് തീരുമാനിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്. കാസര്‍കോട് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയ പാതാ വികസനം സര്‍ക്കാറിന്റെ മുഖ്യ അജണ്ടകളില്‍ ഒന്നാണ്. ഇക്കാര്യത്തില്‍ നാഷണല്‍ ഹൈവെ അതോറിറ്റി പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഭൂമി ഏറ്റെടുത്തു നല്‍കിയാല്‍ ബാക്കി നടപടികള്‍ക്ക് തടസ്സമുണ്ടാവില്ലെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ഫണ്ട് അവര്‍ക്കൊരു പ്രശ്‌നമല്ല.

ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുകയെന്നത് സര്‍വകക്ഷി തീരുമാനമാണ്. നാടിന്റെ പുരോഗതിക്കും പൊതു നന്മയ്ക്കുമായാണ് ഈ തീരുമാനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിറകോട്ടില്ല. റോഡ് വീതി കൂട്ടുമ്പോള്‍ ചിലര്‍ക്ക് വീടും ജീവസന്ധാരണ മാര്‍ഗവും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവും. അവര്‍ക്ക് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. ഇത് അംഗീകരിക്കാതെ ഭൂമി നഷ്ടപ്പെടുന്നതിലെ വിഷമം കാരണം അത് ഏറ്റെടുക്കാന്‍ പാടില്ലെന്ന നിലപാടെടുക്കുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ളത്. എന്നാല്‍ റോഡ് വികസനം നാടിന്റെ ആവശ്യമെന്ന നിലയില്‍, അതിന് തടസ്സം നില്‍ക്കുന്നതിനെ അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹായസഹകരണവും പിന്തുണയും ആവശ്യമാണ്.

ദേശീയപാതവികസനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടേതായുള്ള ആദ്യത്തെ പ്രസ്താവനയല്ല ഇപ്പോള്‍ വന്നിരിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലേറ്റെടുത്ത നാളുകളില്‍ തന്നെ ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്. ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പാക്കുമെന്നും അതില്‍ ഇനി ചര്‍ച്ചയില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ജൂണില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാല്‍ ഇപ്പോഴത്തെ നിലപാട് ഈ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇനിയില്ല എന്നു തന്നെ വ്യക്തമാക്കുന്നതാണ്.

മുഖ്യമന്ത്രിയുടെ നിലപാട് സിപിഎമ്മിന്റേതു തന്നെയാണ്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ എല്‍ഡിഎഫ് പ്രകടനപത്രികയിലും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്.

എന്‍ എച്-47 ഉം എന്‍ എച്-17 ഉം നാലുവരി പാതയുടെ നിലവാരത്തില്‍ ശക്തിപ്പെടുത്തുകയും വീതികൂട്ടുകയും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനപാതയായി പ്രഖ്യാപിച്ച തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഹില്‍ഹൈവേ വികസനം പൂര്‍ത്തിയാക്കുമെന്നും പൊന്നാനി മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശ ഹൈവേയും അതിവേഗം പൂര്‍ത്തിയാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്. സ്ഥലം ഏറ്റെടുക്കലിന് പൂര്‍ണമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നല്‍കും. ഇതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയും സഹകരണ മേഖലയില്‍ നിന്നും വായ്പ ലഭ്യമാക്കുകയും ചെയ്യുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കിയിരുന്നു. 2016-ല്‍ തിരുവനന്തപുരത്ത് നടന്ന നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന വികസന നിര്‍ദേശങ്ങള്‍ തന്നെയാണ് പ്രകടനപത്രികയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള വികസന അജണ്ട എന്ന വിഷയത്തില്‍ ഗതാഗതവുമായി ബന്ധപ്പെട്ട് നടത്തിയ നിര്‍ദേശങ്ങളും മുന്‍ഗണനയും എന്ന ഭാഗത്ത് പറയുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക;

1- സംസ്ഥാനം മുഖ്യമുന്‍ഗണന എന്ന നിലയില്‍ അതിന്റെ പ്രാഥമിക റോഡുകളുടെയും (എന്‍.എച്ച് -47, എന്‍.എച്ച് – 17) ദ്വിദീയ ശൃംഖലകളുടെയും (മറ്റ് എന്‍.എച്ചുകള്‍, സ്റ്റേറ്റ് ഹൈവേകള്‍, എം.ഡി.ആറുകള്‍, പ്രധാന ജില്ലാ റോഡുകള്‍) ശേഷി വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കണം.

2- എന്‍.എച്ച് 47 ഉം എന്‍.എച്ച് 17 ഉം നാലുവരി പാതയുടെ നിലവാരത്തില്‍ ശക്തിപ്പെടുത്തുകയും വീതി കൂട്ടുകയും ചെയ്യുക. ഇവ നഗരപ്രദേശങ്ങളിലൂടെ കടന്നുപോകുന്നിടത്തെല്ലാം സര്‍വ്വീസ് റോഡുകള്‍ ആവശ്യമാണ്. എന്‍.എച്ച് 49, എന്‍.എച്ച് 208, എന്‍.എച്ച് 212, എന്‍.എച്ച് 213, എന്‍.എച്ച് 220 തുടങ്ങിയ മറ്റെല്ലാ നാഷണല്‍ ഹൈവേകളും രണ്ടു വരി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തി വീതി കൂട്ടേണ്ടത് ആവശ്യമാണ്. ആവശ്യാനുസരണം എന്‍.എച്ച്/എസ്.എച്ച് ഭാഗങ്ങള്‍ നാലുവരി പാതയായി ഉയര്‍ത്തേ്ണ്ടതാണ് (ആദ്യ മുന്‍ഗണന എം.സി റോഡ്). മറ്റെല്ലാ സംസ്ഥാന ഹൈവേകളും ചുരുങ്ങിയ രണ്ടു വരി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തേണ്ടത്.

3- നഗരങ്ങളിലുള്ള അപൂര്‍ണ്ണമായ എല്ലാ ബൈപ്പാസുകളും എല്ലാ റെയില്‍വേ ഓവര്‍ബ്രിഡ്ജുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയ്ക്കും തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും റോഡ് ലഭ്യത നടപ്പാക്കപ്പെടണം.

4- തിരുവനന്തപുരം – കാസര്‍ഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന ഹില്‍ഹൈവേ വികസനം (ഇതിനകം തന്നെ സര്‍ക്കാര്‍ ഇങ്ങനെയൊരു ഹില്‍ഹൈവേ പ്രഖ്യാപിച്ചിരിക്കുകയാണ്).

5 പൊന്നാനി മുതല്‍ കോഴിക്കോട് വരെയുള്ള (വെങ്കളം) തീരദേശ ഹൈവേ അതിവേഗം പൂര്‍ത്തിയാക്കുക.

ഈ നിര്‍ദേശങ്ങളുടെ നടപ്പാക്കല്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ ഏകപക്ഷീയമായ തീരുമാനം എടുക്കല്‍ എന്നു പിണറായിയുടെ നിലപാടിനെ കാണാന്‍ സാധിക്കില്ല. പ്രത്യക്ഷത്തില്‍ കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്നതായിരിക്കും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ന്യായമെങ്കിലും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനിര്‍ദേശങ്ങളുടെ നടപ്പാക്കല്‍, അതേതുദ്ദേശത്തില്‍ ആണെന്നത് മറ്റൊരു തലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്- കൂടിയാണ് പിണറായി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ തികഞ്ഞ ഇച്ഛാശക്തിയോടെ അവര്‍ മുന്നോട്ടുപോകുമെന്നും പിണറായിയുടെ ഭാഷ വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച വേളയിലും പാതവികസിപ്പിക്കലിനു ഭൂമിയേറ്റെടുത്ത് നല്‍കാമെന്ന വാക്ക് പിണറായി ആവര്‍ത്തിച്ചിട്ടുമുണ്ട്.

45 മീറ്ററിനെ എതിര്‍ക്കുന്നത് വികസനവിരോധം കൊണ്ടാണോ?
റോഡ് വികസനം ആവശ്യമാണ്, അതെങ്ങനെ വേണമെന്നതാണ് ചോദ്യം. കേരളത്തില്‍ ഗതാഗത സൗകര്യം വിപുലപ്പെടുത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഇല്ല. എന്നാല്‍ 45 മീറ്റര്‍ വീതി നിശ്ചിതപ്പെടുത്തിക്കൊണ്ടു മാത്രമെ അതു സാധ്യമാകൂ എന്ന വാദത്തോടാണ് എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുള്ളത്. 30 മീറ്ററില്‍ നാലുവരിപ്പാത സാധ്യമാക്കാം എന്നിടത്ത് 45 മീറ്ററില്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍, അതിനുപിന്നില്‍ ഏതെങ്കിലും താത്പര്യങ്ങളുണ്ടോ എന്ന സംശയത്തിനു ബലമുണ്ട്. ഒരു പതിറ്റാണ്ടിനടുത്തായി സ്ഥലം ഏറ്റെടുക്കല്‍ നടക്കാതെ പോകുന്നതിനു പിന്നിലും ഭരണകൂടത്തിനുമേല്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ തന്നെയാണു കാരണം.

അയല്‍ സംസ്ഥാനങ്ങളിലെല്ലാം 45 മീറ്റര്‍ വീതിയിലാണല്ലോ ദേശീയപാതകള്‍ എന്നു ചോദിക്കുന്നവരുണ്ട്. തമിഴ്‌നാട്ടില്‍ ദേശീയപാത 45 മീറ്ററിലാണ്. അവിടെ അതിനുള്ള ഭൂമി അവര്‍ക്കുണ്ട്. മറ്റൊന്നുകൂടി, പ്രധാനനഗരങ്ങളിലൂടെയൊന്നും അവിടെ ദേശീയപാത കടന്നുപോകുന്നില്ല. അതേസമയം കേരളത്തില്‍ പകുതിയോളം ജില്ലകളിലെ പ്രധാനനഗരങ്ങള്‍ക്കു നടുവില്‍ കൂടിയാണ് ദേശീയപാത 47 കടന്നു പോകുന്നത്. അതിനാല്‍ തന്നെ 45 മീറ്റര്‍ എന്ന പ്രായോഗികത എത്രമേല്‍ ബുദ്ധിമുട്ട് ആണെന്നതാണ് ചിന്തിക്കേണ്ടത്. ദേശീയപാതകള്‍ 45 മീറ്റര്‍ ആക്കിയിരിക്കണം എന്ന പ്രഖ്യാപിത നിയമം ഇന്ത്യയിലുണ്ടോ? എന്‍എച്ച്എഐ ആണോ എല്ലാ സംസ്ഥാനങ്ങളിലും ദേശീയപാത നിര്‍മിച്ചു നല്‍കിയിരിക്കുന്നത്? ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യമല്ലേ ഇന്ത്യ. ഓരോ സംസ്ഥാനത്തിനും അതിന്റെ ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള വികസനമേ സാധ്യമാകൂ. ഹിമാചല്‍പ്രദേശ് പോലൊരു സംസ്ഥാനത്തെ റോഡുകള്‍ക്ക് ദേശീയപാത അതോറിറ്റിക്കു പൊതുവായ മാനദണ്ഡം പാലിക്കണം എന്നു പറയാന്‍ കഴിയുമോ? ഗോവ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണോ ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാനങ്ങള്‍ നേരിട്ടും വിദേശസഹായങ്ങള്‍ നേടിയും റോഡ് ഗതാഗതം അടക്കമുള്ള വികസനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. കേരളത്തിന് ഇതൊന്നും സാധ്യമല്ലെന്നാണോ പറയുന്നത്?

പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കും എന്നുമാത്രമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പുനരധിവാസ പാക്കേജ് നടപ്പിലാക്കിയശേഷം മാത്രം ഭൂമിയേറ്റെടുക്കല്‍ തുടങ്ങുക എന്ന പ്രാഥമിക മര്യാദ പാലിക്കുകയല്ലേ നല്ലത്? അതുകൊണ്ട് തന്നെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലം ഏറ്റെടുക്കല്‍ സാധ്യമാകുകയാണെങ്കില്‍ പോലും അതിനു പിന്നാലെ മൂലമ്പള്ളിയിലും മറ്റും കണ്ടതുപോലെ ജനകീയസമരങ്ങള്‍ ഉയരില്ല എന്ന ഉറപ്പ് നല്‍കാനും പിണറായി വിജയന് സാധിക്കണം. മറ്റൊരു പ്രധാനകാരണം, ബിഒടി അടിസ്ഥാനത്തില്‍ അല്ലാതെ ദേശീയപാത വികസനം സാധ്യമാകും എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ബിഒടി അടിസ്ഥാനത്തില്‍ ആണെങ്കില്‍ തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡുവരെ പോകുന്നൊരാള്‍ എത്ര രൂപ ടോള്‍ബൂത്തുകളില്‍ കൊടുക്കേണ്ടി വരും? പൊതുനന്മയ്‌ക്കെന്നു പറയുന്ന ഇത്തരം വികസനങ്ങളുടെ യഥാര്‍ത്ഥഫലം പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കുന്നതിലേക്ക് മാറുമോ എന്നതല്ലേ എന്ന ചോദ്യത്തിനും സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും. ഈ മറുപടികള്‍ എല്ലാം പൊതുജനത്തിന് സ്വീകാര്യമാകുന്നിടത്താണ് ഒരു ഭരണകൂടത്തിന്റെ വികസനനയങ്ങള്‍ക്ക് അംഗീകാരം കിട്ടുന്നത്. അതല്ലാത്തിടത്തോളം ചോദ്യങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുകൊണ്ടേയിരിക്കും.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

നാളെ: 45 മീറ്ററില്‍ അല്ലാതെയും വികസനം വരും

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍