UPDATES

ദേശീയ പാത 45 മീറ്റര്‍ അല്ലാതെയും വികസനം വരില്ലേ?

സംസ്ഥാനത്തെ ദേശീയപാത – 17 ലും, 47 ലുമായി 593.50 കിലോമീറ്ററാണ് സര്‍വീസ് റോഡുകള്‍ സഹിതം നാലുവരിപ്പാതയായി വികസിപ്പിക്കാന്‍ ദേശീയപാത വികസന അതോറിറ്റിക്കു കൈമാറിയിരിക്കുന്നത്

ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം: [ദേശീയപാതയ്ക്ക് 45 മീറ്റര്‍ വീതി നല്ലത് തന്നെ; അതെവിടെ നിന്നെടുക്കും എന്നതാണ് ചോദ്യം]

കേരളം പോലെ റോഡ് ഗതാഗതത്തെ അമിതമായി ആശ്രയിക്കുന്ന, ദിനംപ്രതി വാഹനങ്ങള്‍ വര്‍ധിക്കുന്ന ഒരു സംസ്ഥാനത്ത് ദേശീയ പാത 45 മീറ്റര്‍ ആക്കി വികസിപ്പിക്കുന്നത് ജനങ്ങള്‍ക്ക് ഗുണകരമായിട്ടുള്ള ഒരു കാര്യമല്ലേ എന്ന ചോദ്യം വളരെ പ്രസക്തമാണ്. എന്നാല്‍ ഈ ചോദ്യത്തിന് ഒരു മറുചോദ്യമുണ്ട്. 45 മീറ്ററില്‍ മാത്രമേ ദേശീയപാത വികസനം സാധ്യമാകൂ എന്നുണ്ടോ? ആദ്യത്തേതുപോലെ തന്നെ രണ്ടാമത്തെ ചോദ്യവും വളരെ പ്രസക്തമാണ്. പ്രത്യേകിച്ച് കേരളം പോലൊരു സംസ്ഥാനത്ത്.

“കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നത് ഫര്‍ണ്ണീച്ചര്‍ കടയും ബേക്കറിയുമാണ്. മനുഷ്യരുടെ അന്നനാളത്തിന് വീതികൂട്ടി ബേക്കറി കച്ചവടത്തെ പ്രോത്സാഹിപ്പിക്കണോ? വീടിന് വലിപ്പം കൂട്ടിയിട്ട് ഫര്‍ണീച്ചര്‍ കടയെ പ്രോത്സാഹിപ്പിക്കണോ? അപ്പോള്‍ നമ്മള്‍ എടുക്കേണ്ട നിലപാട് നമുക്ക് ആവശ്യമുള്ളത് സ്വീകരിക്കുകയെന്നതാണ്. അത് വ്യക്തിയാണെങ്കിലും സ്‌റ്റേററ്റാണെങ്കിലും. അടിസ്ഥാനപരമായി സംസ്ഥാനത്തിന് ഒരു ഗതാഗത നയം വേണം. അതിന്റെ അടിസ്ഥാനത്തില്‍ യാത്രകളെപ്പറ്റിയും സൗകര്യങ്ങളെപ്പറ്റിയും പറയുന്നതിലര്‍ത്ഥമുള്ളു. അതില്ല സ്‌റ്റേറ്റിന്”; ഈ വിഷയത്തില്‍ പ്രതികരിച്ച ഡോ. ആസാദ് ചൂണ്ടിക്കാണിക്കുന്നു.

30 മീറ്ററില്‍ ആറുവരിപ്പാത സാധ്യമാകില്ലേ?
“കേരളത്തിലുടെ പോകുന്ന നിലവിലെ പാത ആറുവരി ആക്കിയാല്‍ മതി. റോഡ് വീതി കൂട്ടുന്നതില്‍ പ്രയോജനമില്ലെന്ന് ഗവണ്‍മെന്റ് മുമ്പ് നിശ്ചയിച്ച പഠനസംഘങ്ങളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന ചില സംഗതികളുണ്ട്, നിലവിലുള്ളത് വളഞ്ഞുപുളഞ്ഞ് പോകുന്ന റോഡുകളാണ്. എത്ര വീതികൂട്ടിയാലും ആ വളവുകളുണ്ടാകും. ഇതുമൂലം വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയുകയേയുള്ളൂ. സമയലാഭവും ഉണ്ടാകുന്നില്ല. വേഗമെത്തണമെങ്കില്‍ നിലവിലുള്ള വളഞ്ഞുപുളഞ്ഞുപോകുന്ന റോഡല്ല വേണ്ടത്. സ്ട്രൈറ്റ് ഹൈവേ തന്നെയാണ്. അതിലേക്ക് കണ്ണി ചേരുന്ന ഉപറോഡുകള്‍ സൃഷ്ടിക്കണം. നിലവിലുള്ള റോഡ് വീതികൂട്ടുകയെന്നത് അതിന് പരിഹാരമേയല്ല. കരമന  – കളിയിക്കാവിള റോഡ്  30 മീറ്ററില്‍ ആറുവരിപ്പാതയുണ്ടാക്കി. നാല്‍പ്പത്തഞ്ച് മീറ്ററില്‍ നാലുവരിപ്പാതയുണ്ടാക്കുകയല്ല വേണ്ടത്. 30 മീറ്ററില്‍ ആറുവരിപ്പാതയുണ്ടാക്കുകയാണ് വേണ്ടത്. ഇത് ഉമ്മന്‍ ചാണ്ടി 2015 മേയ് മാസത്തില്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയതാണ്. ആരുടെ താത്പ്പര്യപ്രകാരമാണ് അത് അട്ടിമറിക്കപ്പെട്ടത്. ഇതിന്റെ കൂടെ ചേര്‍ക്കേണ്ടതാണ് അതിവേഗ തീവണ്ടിപ്പാത, എക്‌സ്പ്രസ് വേ എല്ലാം. ഇതിനെല്ലാം വേറെ വേറെ സ്ഥലമെടുക്കേണ്ടതില്ല;” ഡോ. ആസാദ് പറയുന്നു.

45 മീറ്റര്‍ വികസനത്തിന്റെ പ്രധാനതടസം സ്ഥലമേറ്റെടുക്കല്‍ തന്നെയാണ്. ഇത്രയേറെ ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന നഷ്ടങ്ങളും പ്രതിസന്ധികളും സര്‍ക്കാര്‍ പറയുന്നപോലെ അത്ര നിസ്സാരമായി പരിഹരിക്കാന്‍ കഴിയുന്നതല്ല. ഇത്രയേറെ വ്യാപാരശൃംഖലകള്‍ നിരന്നു കിടക്കുന്ന ഒരു റോഡ് രാജ്യത്തില്ലെന്നു തന്നെ പറയാം. വഴിയോര സമ്പദ്ഘടനയാണു നമ്മുടെ ഗ്രാമീണമേഖലയെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ചെറുകിട വ്യാപാരമേഖലയിലേക്ക് വിദേശ കുത്തകകള്‍ വരുന്നതിനെതിരെ നമ്മള്‍ വലിയ എതിര്‍പ്പുകളുയര്‍ത്തിയിട്ടുണ്ട്. ഇനി വരാന്‍ പോകുന്നത് നമ്മുടെ ചെറുകിട സ്ഥാപനങ്ങളെ ഒറ്റയടിക്ക് അടച്ചുപൂട്ടിയിട്ട് അഞ്ച് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ വലിയ മാളുകള്‍ വരും. ആ പണം നമ്മുടെ ഗ്രാമീണ സമ്പദ്ഘടനയിലേക്ക് വരില്ല. അതായത് റോഡു വികസനത്തിന്റെ പേരില്‍ ചെറുകിടവ്യാപാരമേഖല പൂര്‍ണ്ണമായും കുത്തകവത്കരിക്കാന്‍ പറ്റുമെന്ന്.

45 മീറ്റര്‍ നിയമം ആരുടെ സൃഷ്ടിയാണ്
ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശാനുസരണമാണ് 45 മീറ്ററാക്കി വികസിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വാസ്തവത്തില്‍ സംസ്ഥനത്തിന്റെ വികസന നയങ്ങളില്‍ ദേശീയപാത അതോറിറ്റിക്ക് കയറിവരാന്‍ അനുമതിയുണ്ടോ? ഫെഡറല്‍ സംവിധാനത്തില്‍ സഞ്ചരിക്കുന്ന ഒരു രാജ്യത്ത് കേന്ദ്രനയങ്ങള്‍ മാത്രമെ നടപ്പിലാക്കാവൂ എന്നു പറയുന്നത് അതിശയോക്തിയാണ്. മറ്റൊരു ചോദ്യം, ആരാണ് പറയുന്നത് ദേശീയ പാതയ്ക്ക് 45 മീറ്റര്‍ വീതി ഉണ്ടായിരിക്കണം എന്ന്? അങ്ങനെയൊരു നിയമമേ രാജ്യത്തില്ല എന്നതാണ് വാസ്തവം.

സംസ്ഥാനത്തെ ദേശീയപാത – 17 ലും, 47 ലുമായി 593.50 കിലോമീറ്ററാണ് സര്‍വീസ് റോഡുകള്‍ സഹിതം നാലുവരിപ്പാതയായി വികസിപ്പിക്കാന്‍ ദേശീയപാത വികസന അതോറിറ്റിക്കു കൈമാറിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍എച്എഐ ദേശീയപാതയുടെ അടിസ്ഥാന വീതി 45 മീറ്റര്‍ ആയിരിക്കണമെന്നും അതിനാവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതും. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ വൈകിയതോടെ ചേര്‍ത്തല- കഴക്കൂട്ടം (172 കി.മി), ഇടപ്പള്ളി-കുറ്റിപ്പുറം (11.72 കി.മി) എന്നീ റോഡുകളുടെ വികസനത്തില്‍ നിന്നും എന്‍എച്എഐ പിന്മാറി. ബാക്കി റോഡുകളുടെ വികസനം സാധ്യമാകണമെങ്കില്‍ 3,050 ഏക്കറിലേറെ അധികം ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കണം. ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇക്കാലമത്രയും ശ്രമിച്ചിട്ടും നടക്കാതെ പോകുന്നകാര്യം പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരന്‍ ഇച്ഛാശക്തി കൊണ്ട് നടത്തിയാല്‍ പോലും അതില്‍ നിന്നുണ്ടാകുന്ന ജനരോക്ഷം തടയാന്‍ മുഖ്യമന്ത്രിക്കു കഴിയില്ല.

മറ്റു സംസ്ഥാനങ്ങളില്‍ ദേശീയപാതയുടെ വീതി 60 മീറ്റര്‍ ഉണ്ട്. കേരളത്തിന്റെ അവസ്ഥയില്‍ 60 മീറ്റര്‍ ഒരിക്കലും പ്രായോഗികമാകില്ലെന്നതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് 45 മീറ്റര്‍ ആക്കിയതെന്നു പറയുന്നു. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ഈ 45 മീറ്ററും അപ്രായോഗികമാണെന്നും അതിനാല്‍ ദേശീയപാതയുടെ വീതി 30 മീറ്ററില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു നിവേദനം നല്‍കാന്‍ തീരുമാനം ഉണ്ടായിരുന്നതാണ്. അന്നെന്തുകൊണ്ട് അങ്ങനെയൊരു തീരുമാനം എടുത്തോ അതില്‍ നിന്നും കേരളത്തിന്റെ ഭൂമിലഭ്യതയുടെ അളവില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നു പിണറായി മനസിലാക്കണം. അതെല്ലാം അറിഞ്ഞിട്ടും, വരാന്‍ സാധ്യതയുള്ള എല്ലാ പ്രതിസന്ധികളും മുന്‍കൂട്ടി അറിഞ്ഞിട്ടു തന്നെ സര്‍ക്കാര്‍ ഇപ്പോഴുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നതിന് എന്തെങ്കിലും രാഷ്ട്രീയലക്ഷ്യവുമുണ്ടോ?

സംസ്ഥാന സര്‍ക്കാരിനു പണം ഇല്ലാത്തതിന്റെ പേരിലാണല്ലോ ദേശീയപാത അതോറിട്ടിയെ പദ്ധതി ഏല്‍പ്പിക്കുന്നത്. ഈ പദ്ധതി നടപ്പിലാകുന്നത് ബിഒടി അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. ടോള്‍ ബൂത്തുകള്‍ക്കെതിരേ പ്രസംഗിക്കുന്ന മന്ത്രിമാരുള്ള ഒരു സര്‍ക്കാര്‍ തന്നെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കുറഞ്ഞത് 30 ടോള്‍ ബൂത്തുകളെങ്കിലും വരുന്ന റോഡ് നിര്‍മിക്കുമ്പോള്‍ ജനം എന്താണ് മനസിലാക്കേണ്ടത്?

കേന്ദ്രസര്‍ക്കാരിലേക്ക് ഏറ്റവും കൂടുതല്‍ സെസ് പോകുന്നത് കേരളത്തില്‍ നിന്നാണ്. വാഹനം വാങ്ങുമ്പോള്‍, പെട്രോള്‍ വാങ്ങുമ്പോള്‍, ബസ് ടിക്കറ്റെടുക്കുമ്പോഴെല്ലാം നല്ലൊരു ശതമാനം സെസ് കേന്ദ്രത്തിലേക്കു പോകുന്നുണ്ട്. അതിന്റെ അര്‍ഹതപ്പെട്ട വിഹിതം പിടിച്ചുവാങ്ങിയാല്‍ മാത്രം കേരളത്തിലെ റോഡ് വികസനം സാധ്യമാകും. ഇവിടെ ആളുകള്‍ വഞ്ചിക്കപ്പെടുകയാണ്. ഇത് സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണ് ഈ പൈസ. പാലിയക്കര ടോള്‍ പ്ലാസ നാലഞ്ച് കൊല്ലമായപ്പോഴേക്കും ഇരട്ടിയിലധികം പൈസ പിരിച്ചെടുത്തുകഴിഞ്ഞു. ഇപ്പോഴും അവര്‍ തുടരുന്നു. ഇവര്‍ ചൂഷണം ചെയ്യുന്നത് ജനങ്ങളെയാണ്. കേരളത്തിലെ സര്‍വ്വീസ് സഹകരണ മേഖലയില്‍ മാത്രം അറുപതിനായിരം കോടി രൂപ കെട്ടിക്കിടക്കുകയാണ്. ദേശീയ പാത വികസനത്തിന് ആ പണം ഉപയോഗിക്കാം. ഇപ്പോള്‍ ചെയ്യുന്നത് കോര്‍പ്പറേറ്റുകള്‍ക്കായി മുഴുവനായും റോഡ് സ്വകാര്യവല്‍ക്കരിക്കലാണ്. വേറൊരു തരത്തിലുള്ള കച്ചവടത്തിന്റെ ഭാഗമായാണ് കേരളത്തില്‍ റോഡ് വികസനം പറഞ്ഞുകൊണ്ടിരിക്കുന്നത്. 30 മീറ്ററില്‍ ആറുവരിപ്പാതയുണ്ടാക്കണം. അതാണ് നമ്മള്‍ പറയുന്നത്. ഹരിത കോറിഡോര്‍ എന്ന തീരദേശ റോഡ് വരികയാണെങ്കില്‍ ഇത്ര പോലും പ്രശ്‌നമില്ല. പിന്നെ ഈ ഭൂമിയേറ്റെടുക്കേണ്ടതെന്തിനാണ്; ഡോ. ആസാദ് ചോദിക്കുന്നു.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

അടുത്ത ഭാഗം; ഗതാഗത സൗകര്യങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങളും വിപുലപ്പെടുത്താം

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍