UPDATES

ട്രെന്‍ഡിങ്ങ്

എട്ടു വയസ്സുകാരിയുടെ ബലാത്സംഗ കൊല; കാശ്മീരില്‍ ഹിന്ദുത്വയുടെ ഹീന രാഷ്ട്രീയം

കൊല്ലപ്പെട്ട എട്ട് വയസുകാരിക്കോ, ജമ്മു കാശ്മീരിലെ വിദൂര മൂലകളിലുള്ള നാടോടി ഗോത്രങ്ങള്‍ക്കൊ വേണ്ടി സഹതാപമോ കണ്ണുനീരോ ഉണ്ടാകുന്നില്ല. ഇപ്പോളത്, ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യവും ബലവും കാണിക്കുന്നതിനുള്ള ഒരവസരമായി മാറിയിരിക്കുന്നു

ജമ്മു കാശ്മീരിലെ കതുവാ ജില്ലയിലെ രസാന ഗ്രാമത്തിലുള്ള തന്റെ വീട്ടില്‍ നിന്നും അടുത്തുള്ള കാട്ടിലേക്ക് പോകും മുമ്പേ, വലിയ കണ്ണുകളും വിടര്‍ന്ന നോട്ടവുമായി എട്ട് വയസുള്ള ആ ചെറിയ പെണ്‍കുട്ടി ജനുവരി 10-നു ഒരു ചിത്രമെടുക്കാന്‍ നിന്നുകൊടുത്തു. വീട്ടിലെ കുതിരകളെ മേയ്ക്കാന്‍ കാട്ടിലേക്ക് പോകുന്നത് നാടോടി ഗോത്രക്കാരായ ബേക്കര്‍വാല്‍ സമുദായത്തില്‍പ്പെട്ട ആ പെണ്‍കുട്ടിക്ക് ഒരു ദിനചര്യയായിരുന്നു.

പക്ഷേ മാന്തളിര്‍ നിറമുള്ള സല്‍വാര്‍ കമ്മീസുമിട്ട് കാട്ടില്‍പ്പോയ ആ ചെറിയ കുട്ടി, മടങ്ങിവന്നില്ല.

ഏഴു ദിവസം, അവളുടെ വീട്ടുകാരും, അയല്‍ക്കാരും, പൊലീസും കാടുമുഴുവന്‍ തെരഞ്ഞു. കമിഴ്ന്നുകിടക്കുന്ന നിലയില്‍ അവളുടെ മൃതദേഹം ജനുവരി 17-നു അവര്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്തുകൂടെ അവര്‍ കഴിഞ്ഞയാഴ്ച്ച പലതവണ പോയതായിരുന്നു. ചിത്രങ്ങളില്‍ എട്ടുവയസുള്ള ആ ചെറിയ കുട്ടിയുടെ ചലനമറ്റ ദേഹത്തും മുഖത്തും കരിനീലിച്ച മുറിവുകള്‍, പാതിയടഞ്ഞ കണ്ണുകള്‍ വിങ്ങിയിരുന്നു.

രണ്ടു ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കാന്‍ തുടങ്ങി. “സകലരും ഈ ഹീനമായ കൃത്യത്തെക്കുറിച്ച് അറിയണമെന്ന്” കുടുംബത്തിന് നിര്‍ബന്ധമായിരുന്നു എന്ന് അവളുടെ അച്ഛന്‍ മൊഹമ്മദ് യൂസഫ് പറഞ്ഞു. തന്റെ മകളെ ബലാത്സംഗം ചെയ്തു കൊന്നതാണെന്ന് അയാള്‍ ആരോപിക്കുന്നു.

ഒരു പതിറ്റാണ്ടു മുമ്പ് ശ്മശാനത്തിനായി വാങ്ങിയ ഭൂമിയില്‍ അവളുടെ മൃതഎഹം മറവ് ചെയ്യാന്‍ പോലും ബേക്കര്‍വാലുകള്‍ക്ക് കഴിഞ്ഞില്ല. ഭൂമിയുടെ മുന്‍ ഉടമസ്ഥന്റെ കൊച്ചുമകന്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി. ഹോക്കി സ്റ്റിക്കുമായി വന്ന ഒരു സംഘം ഇപ്പോള്‍ അതിലുള്ള ഏഴു കുഴിമാടങ്ങളും കിളച്ചുമറിക്കുമെന്ന് ഭീഷണി മുഴക്കി. ഒടുവില്‍ അവര്‍ക്ക് ഒരു രാത്രി അവളുടെ മൃതദേഹം മറ്റൊരു ഗ്രാമത്തില്‍ കൊണ്ടുപോയി മറവ് ചെയ്യേണ്ടിവന്നു.

വരാനിരിക്കുന്നതിന്റെ ഒരു സൂചന മാത്രമായിരുന്നു അത്.

ഹിന്ദുത്വ സംഘങ്ങളുടെ ഭീഷണി കൂടിവരുന്നതിന്റെയും, സര്‍ക്കാരിന്റെ അവഗണനയുടെയും പശ്ചാത്തലത്തില്‍ ജമ്മു പ്രവിശ്യയിലെ മുസ്ലീങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും നാടോടികളായ ഗുജ്ജറുകള്‍ക്കും, ബേക്കര്‍വാലകള്‍ക്കും ഇടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു.

ജനുവരി 19-നു ജമ്മു പ്രവിശ്യയുടെ പല ഭാഗങ്ങളിലും പ്രതിഷേധപരിപാടികള്‍ നടന്നു. സര്‍ക്കാര്‍ ഉടനടി കുറ്റവാളികളെ പിടികൂടിയില്ലെങ്കില്‍ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പും നല്കി. ജമ്മു നഗരത്തില്‍ എല്ലാ സമുദായങ്ങള്‍ക്കിടയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥി സംഘങ്ങള്‍ മെഴുകുതിരി തെളിച്ച് പ്രതിഷേധസമരം നടത്തി.

കുറ്റം സമ്മതിച്ചു എന്ന് പറയുന്ന ഒരു 15-കാരനെ പിടികൂടി കുറ്റകൃത്യം തെളിയിച്ചതായി പോലീസ് ഇതിനുപിന്നാലെ അവകാശപ്പെട്ടു. കൊല്ലപ്പെട്ട ഈ ചെറിയ പെണ്‍കുട്ടിയെ ഈ ആണ്‍കുട്ടി തട്ടിക്കൊണ്ടുപോയി, രസനയിലെ ഒരു കാലിത്തൊഴുത്തില്‍ വെക്കുകയും, അവിടെവെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പൊലീസ് പറഞ്ഞത്. പെണ്‍കുട്ടി ചെറുത്തപ്പോള്‍ അവന്‍ അവളെ ശ്വാസം മുട്ടിച്ചു കൊല്ലുകയും പിന്നീട് മുഖം വികൃതമാക്കാന്‍ മുഖത്തേക്ക് കല്ലുകള്‍ എറിയുകയും ചെയ്തു.

കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കാണിച്ച് രണ്ടു പൊലീസുകാരെയും (SPO) ക്രൈം ബ്രാഞ്ച് പിടികൂടി. പക്ഷേ അപ്പോഴേക്കും ഈ ചെറിയ കുട്ടിയുടെ മരണത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ തുടങ്ങിയിരുന്നു.

പുതുതായി രൂപം കൊണ്ട ഹിന്ദുത്വ ഏകത മഞ്ച് എന്ന സംഘടന, പിടിയിലായ പൊലീസുകാരെ വെറുതെ വിടണമെന്നും, അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്നുമുള്ള ആവശ്യവുമായി പ്രതിഷേധം തുടങ്ങി. ബലാത്സംഗികളും-കുറ്റകൃത്യത്തിലെ ഗൂഢാലോചനക്കാരും എന്നാരോപിക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ നടത്തിയ പ്രതിഷേധങ്ങള്‍ വീശിയത് ത്രിവര്‍ണ പതാകയായിരുന്നു.

സംസ്ഥാനത്തെ രണ്ടു ബി ജെ പി മന്ത്രിമാര്‍, ലാല്‍ സിംഗും, ചന്ദ്ര പ്രകാശ് ഗംഗയും ഹിന്ദുത്വ ഏകത മഞ്ചിനു പിന്തുണ പ്രഖ്യാപിച്ചു. ആരെയും പിടികൂടരുതെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഹീനാനഗറില്‍ മഞ്ച് സംഘടിപ്പിച്ച ഒരു ജാഥയില്‍ ഈ മന്ത്രിമാര്‍ പങ്കെടുക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് ക്രൈം ബ്രാഞ്ചില്‍,വിശ്വാസം നഷ്ടപ്പെട്ടു എന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ഈ മന്ത്രിമാര്‍ അവിടെ ആവശ്യപ്പെട്ടു.

ബി ജെ പിയുടെ സഖ്യകക്ഷിയായ പി ഡി പി ഇതുവരെ വിഷയത്തില്‍ കര്‍ശന നിലപാടാണ് എടുത്തിരിക്കുന്നത്. സംഭവത്തെ വര്‍ഗീയവത്കരിക്കാനുള്ള ബി ജെ പിയുടെയും മറ്റ് ഹിന്ദുത്വ സംഘങ്ങളുടെയും ശ്രമത്തിന് അവര്‍ വഴിപ്പെട്ടിട്ടില്ല.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്, ഹിന്ദുത്വ ഏക്താ മഞ്ച് ശനിയാഴ്ച്ച കതുവായില്‍ ഹര്‍ത്താല്‍ നടത്തി.

മുതിര്‍ന്ന പി ഡി പി നേതാവും സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയുമായ നയീം അക്തര്‍ പറയുന്നു: “ഇത്രയും ഹീനമായ ഒരു കുറ്റകൃത്യത്തിനെ വിഭാഗീയ രാഷ്ട്രീയക്കളികള്‍ക്കായി ഉപയോഗിക്കുന്നത് അപലപനീയമാണ്. സാമുദായിക സംഘര്‍ഷം വളര്‍ത്തി, അന്വേഷണത്തെ തടസപ്പെടുത്തുന്നതിനു പകരം, ജനങ്ങളുടെ വിശ്വാസം വീണ്ടുടുക്കാന്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നിയമപാലന ഏജന്‍സികളെ അനുവദിക്കണം.”

കൊല്ലപ്പെട്ട എട്ട് വയസുകാരിക്കോ, ജമ്മു കാശ്മീരിലെ വിദൂര മൂലകളിലുള്ള നാടോടി ഗോത്രങ്ങള്‍ക്കൊ വേണ്ടി സഹതാപമോ കണ്ണുനീരോ ഉണ്ടാകുന്നില്ല. ഇപ്പോളത്, ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യവും ബലവും കാണിക്കുന്നതിനുള്ള ഒരവസരമായി മാറിയിരിക്കുന്നു. ക്രമസമാധാനം അവര്‍ക്കുള്ളതല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍