UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി വിജയങ്ങള്‍ക്കു പിന്നിലെ അമിത് ഷായുടെ ജാതിക്കളികള്‍

രാഷ്ട്രീയ നിരീക്ഷകന്‍ പ്രശാന്ത് ഝാ ‘ഹൗ ദ ബിജെപി വിന്‍സ്: ഇന്‍സൈഡ് ഇന്ത്യാസ് ഗ്രേറ്റസ്റ്റ് ഇലക്ഷന്‍ മെഷീന്‍’ എന്ന പുസ്തകത്തിലാണ് ബിജെപിയുടെ വിജയത്തെക്കുറിച്ച് ഈ വിധത്തില്‍ നിരീക്ഷിക്കുന്നത്

അനിതരസാധാരണമായ സാമുദായിക സമവാക്യങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടാണ് ബിജെപി തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ വിജയം നേടിയതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ പ്രശാന്ത് ഝാ, ‘ഹൗ ദി ബിജെപി വിന്‍സ്: ഇന്‍സൈഡ് ഇന്ത്യാസ് ഗ്രേറ്റസ്റ്റ് ഇലക്ഷന്‍ മെഷീന്‍’ എന്ന തന്റെ പുതിയ പുസ്തകത്തില്‍ നിരീക്ഷിക്കുന്നു. ഒരു നിശ്ചിത സ്ഥലത്തെ ഏറ്റവും ശക്തമായ രാഷ്രീയ ജാതിയെ തിരിച്ചറിഞ്ഞ ശേഷം അവര്‍ക്കെതിരേ അത്ര ശക്തരല്ലാത്ത സമുദായങ്ങളുടെ സഖ്യം രൂപീകരിക്കുക എന്ന തന്ത്രമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വളരെ വിജയകരമായി പരീക്ഷിച്ചതെന്നാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വര്‍ഷങ്ങളായി പിന്തുടരുന്ന പ്രശാന്ത് ഝായുടെ നിഗമനം. സാമൂഹിക എഞ്ചിനീയറിംഗില്‍ നടത്തിയ ഈ സവിശേഷ പരീക്ഷണമാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം വിലയിരുത്തുന്നു. തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്കുകളായ സവര്‍ണരെ കൂടെ നിര്‍ത്തിക്കൊണ്ട് തന്നെയാണ് മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ഒരു വിഭാഗം ദളിതരുടെയും സഖ്യം നിര്‍മിച്ചെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

അമിത് ഷാ അധികാരമേറ്റയുടന്‍ നടന്ന രണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകളെ അവലോകനം ചെയ്തുകൊണ്ട് തന്റെ നിഗമനം ഝാ സ്ഥാപിച്ചെടുക്കുന്നുണ്ട്. ഉദാഹരണത്തിനു ഹരിയാന. 2009ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും നാല് സീറ്റ് മാത്രമുണ്ടായിരുന്ന പാര്‍ട്ടിയാണ് ബിജെപി. അവിടെ ജാട്ടുകളാണ് പരമ്പരാഗതമായി ഏറ്റവും വലിയ രാഷ്ട്രീയ ശക്തി. അവിടെ മുന്നോക്ക ജാതികള്‍ക്കൊപ്പം യാദവര്‍, ഗുജ്ജാറുകള്‍, സൈനികള്‍ എന്നീ ഒബിസി വിഭാഗങ്ങളെയും തങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ ഷാ വിജയിച്ചു. അതേ സമയം സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തികളായ ജാട്ടുകളെ പൂര്‍ണമായും വിട്ടുകളഞ്ഞതുമില്ല. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജാട്ട് വിഭാഗത്തില്‍പെട്ട മുതിര്‍ന്ന നേതാവ് ചൗധരി ബീരേന്ദ്ര സിംഗിനെ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാക്കി.

തിരഞ്ഞെടുപ്പില്‍ അത്ഭുതകരമായ ഫലങ്ങളാണ് ഈ തന്ത്രം നല്‍കിയതെന്ന് പ്രശാന്ത് ഝാ ചൂണ്ടിക്കാട്ടുന്നു. 90 അംഗ നിയമസഭയില്‍ നാല് സീറ്റില്‍ നിന്നും 47 സീറ്റുകളിലേക്ക് ബിജെപി കുതിച്ചുകയറി. 47 ശതമാനം ബ്രാഹ്മണ വോട്ടുകളും 55 ശതമാനം മുന്നോക്ക ജാതി വോട്ടുകളും പാര്‍ട്ടി നേടിയപ്പോള്‍ 40 ശതമാനമായിരുന്നു ഒബിസി വിഭാഗങ്ങളുടെ പിന്തുണ. ജാട്ട് വിഭാഗത്തില്‍ പെടാത്ത മനോഹര്‍ലാല്‍ ഖട്ടാറിനെ മുഖ്യമന്ത്രിയാക്കാനും അമിത് ഷാ ശ്രദ്ധിച്ചു.

"</p

സമാനതന്ത്രം തന്നെയാണ് അദ്ദേഹം മഹാരാഷ്ട്രയിലും പ്രാവര്‍ത്തികമാക്കിയത്. 1995ല്‍ ശിവസേനയുമായി അധികാരം പങ്കിട്ടതിന് ശേഷം ബിജെപി സ്ഥിരം പ്രതിപക്ഷത്തായിരുന്നു. 2014ല്‍ മോദി തരംഗത്തില്‍ 48 ലോക്‌സഭ സീറ്റില്‍ 42ഉം ബിജെപി നേടിയെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മാറ്റേണ്ടതുണ്ടായിരുന്നു. മുന്നോക്ക ജാതിക്കാരുടെയും ഒബിസികളുടെയും ഒരു വിഭാഗം ദളിതരുടെയും ഒരു സഖ്യം അവര്‍ സമര്‍ത്ഥമായി അവിടെ തുന്നിപ്പിടിപ്പിച്ചു. ഹരിയാനയിലെ പോലെ തന്നെ സംസ്ഥാനത്തെ വോട്ട് വിഹിതത്തിന്റെ മുപ്പത് ശതമാനമുള്ള മറാത്തികളുടെ ഒരു ഭാഗം വോട്ടും അവര്‍ക്ക് നേടാന്‍ സാധിച്ചു. എന്നാല്‍ മറാത്തേതര വിഭാഗങ്ങളുടെ വോട്ടാണ് ബിജെപിയെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയത്. 200ല്‍ അധികം ഒബിസി സമുദായങ്ങളുള്ള മഹാരാഷ്ട്രയില്‍ അടിത്തട്ടില്‍ നടത്തിയ വളരെ തന്ത്രപരമായ നീക്കളിലൂടെയാണ് അവരുടെ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ സാധിച്ചത്. ബ്രാഹ്മണനായ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് മറാത്ത വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കാനും അമിത് ഷായ്ക്ക് സാധിച്ചു.

ഇതേ തന്ത്രം പക്ഷെ ജാതി സമവാക്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായ ബിഹാറില്‍ ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഒബിസി വിഭാഗങ്ങളുടെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ സാധിച്ചതാണ് വലിയ വിജയത്തിന് അവരെ പ്രാപ്തമാക്കിയത്. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനും പിന്നാക്കക്കാരനുമായ കേശവ പ്രസാദ് മൗര്യ മുഖ്യമന്ത്രിയാകും എന്ന ധ്വനി പരത്തിക്കൊണ്ടാണ് ഒബിസി വോട്ടുകളുടെ ഏകോപനം അമിത് ഷാ സാധ്യമാക്കിയതെന്നും പ്രശാന്ത് ഝാ തന്റെ പുസ്തകത്തില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍