UPDATES

ഇന്ത്യ-ചൈന സംഘര്‍ഷം വ്യാപിക്കുമ്പോള്‍; ലഡാക്കില്‍ കല്ലേറും കൈയ്യാങ്കളിയും

ദോക്ലാമില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം രണ്ടു മാസം പിന്നിട്ടു കഴിഞ്ഞു

അടുത്ത കാലത്തെങ്ങും ഏറ്റുമുട്ടലുകളുണ്ടായിട്ടില്ലാത്ത ലഡാക്ക് മേഖലയിലെ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ ആദ്യമായി കല്ലേറും കൈയാങ്കളിയും നടന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. സിക്കിമിലെ ദോക്ലാം മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാഹചര്യം ആരംഭിച്ചിട്ട് ഇപ്പോള്‍ രണ്ടു മാസം പൂര്‍ത്തിയാവുകയാണ്. ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ പരിഹാരം ഇക്കാര്യത്തില്‍ ഇനിയും ഉണ്ടായിട്ടില്ല എന്നതിനു പുറമെയാണ് ലഡാക്കില്‍ നിന്നുള്ള വാര്‍ത്തകള്‍ കൂടി വരുന്നത്.

ഇന്ത്യയും ചൈനയും ഒരുപോലെ ഉടമസ്ഥത കൈയാളുന്ന ലഡാക്കിലെ മനോഹരമായ പാങ്‌ഗോങ് തടാകത്തിലെ ഇന്ത്യന്‍ ഭാഗത്തേക്ക് ചൈനീസ് പട്ടാളത്തിന്റെ പെട്രോളിംഗ് സംഘം കടന്നുകയറിയതാണ് പ്രശ്‌നമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ അന്നു രാവിലെയായിരുന്നു ഇത്. രണ്ടു തവണ ഇത്തരത്തില്‍ കടന്നുകയറ്റ ശ്രമമുണ്ടായെന്നും രണ്ടു സമയത്തും ഇരുഭാഗവും തമ്മില്‍ കൈയാങ്കളിയും കല്ലേറും നടന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇരു ഭാഗത്തേയും സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു സംഭവം ഈ മേഖലയിലുണ്ടാവുന്നത്.

ജമ്മു-കാശ്മീരിലെ ലഡാക്കിലുള്ള പാങ്‌ഗോങ് തടാകത്തിന്റെ വടക്കുഭാഗത്ത് കരയിലൂടെ പെട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ഇരു ഭാഗത്തേയും സൈന്യം മുഖാമുഖം വന്നതോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ഇരു രാജ്യക്കാരും തങ്ങളുടേത് എന്നവകാശപ്പെടുന്ന പ്രദേശമാണിത്. 1962-ലെ യുദ്ധത്തില്‍ ഇരു രാജ്യങ്ങളും ഇവിടെ ഏറ്റുമുട്ടല്‍ നടത്തുകയും ചെയ്തിരുന്നു.

135 കിലോ മീറ്റര്‍ നീളത്തില്‍ ഇരു രാജ്യങ്ങളിലുമായി കിടക്കുന്ന, മഞ്ഞുപാളികള്‍ ഉരുകിയുണ്ടായ തടാകമാണ് പാങ്‌ഗോങ്. ഇരു ഭാഗത്തും ഇതില്‍ ബോട്ട് പെട്രോളിംഗ് സംഘമുണ്ട്. കരയില്‍ വേറെയും.

തടാകത്തിന്റെ വടക്ക് ഭാഗത്ത്, സൈനിക ഭാഷയില്‍ fingers എന്നു പേരിട്ടിട്ടുള്ള അതിര്‍ത്തി രേഖയെ ചൊല്ലിയാണ് ഇത്തവണ സംഘര്‍ഷമുണ്ടായത്. Fingers 8 വരെ തങ്ങളുടേതാണ് എന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാല്‍ fingers 4 വരെയാണ് ഇന്ത്യ ഇവിടെ കൈവശം വയ്ക്കുന്നത്. ഇരു finger-കളും തമ്മിലുള്ള ദൂരം കണക്കാക്കിയിരിക്കുന്നത് 15 കിലോ മീറ്ററും. ഈ ഭാഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് നിലനില്‍ക്കുന്നത്.

ഇരു ഭാഗത്തേയും കരയിലുള്ള പെട്രോള്‍ സംഘങ്ങള്‍ ഇടയ്ക്കിടെ മുഖാമുഖം വരുന്നത് ഇവിടെ പതിവാണ്. അപ്പോഴൊക്കെ തങ്ങളുടെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു കൊണ്ടുള്ള ഡ്രില്ലും ഇവിടെ നടക്കും. പിന്മാറാന്‍ പരസ്പരം ആവശ്യപ്പെട്ടു കൊണ്ട് ബാനര്‍ ഉയര്‍ത്തുക തുടങ്ങിയവയാണ് ഇതിലെ ആദ്യ നടപടി.

പാങ്‌ഗോങ്ങിന്റെ ദക്ഷിണ മേഖലയില്‍ ഇരു സൈന്യവും കൂടിക്കാഴ്ച നടത്തുന്ന സ്പങ്ങൂര്‍ ഗ്യാപ്പില്‍ ഇരു സൈന്യത്തിലേയും കമാന്‍ഡര്‍മാര്‍ ഫ്‌ളാഗ് മീറ്റിംഗ് നടത്തുന്നതാണ് അടുത്തത്.

ദോക്ലാമില്‍ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘര്‍ഷാവസ്ഥയിലും ഇക്കാര്യങ്ങള്‍ ലഡാക്ക് മേഖലയില്‍ നടന്നിരുന്നു. സാധാരണഗതിയില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ചൈന കൂടുതല്‍ ആക്രമോത്സുകമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മാധ്യമങ്ങളിലൂടെ ഇന്ത്യാ വിരുദ്ധ കാര്യങ്ങള്‍ തുടര്‍ച്ചയായി പുറത്തു വിടുക, യുദ്ധഭീഷണി മുഴക്കുക തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇന്ത്യ ആകട്ടെ, ഇത്തവണ ഇക്കാര്യത്തില്‍ നിശബ്ദമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ചൈനയുമായുള്ള പ്രശ്‌നം മാധ്യമങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ല എന്നാണ് സൈന്യത്തിനുള്ള നിര്‍ദേശം. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും തങ്ങളുടെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളില്‍ ചൈനയെ പ്രതിയുള്ള ഏതെങ്കിലും കാര്യം പരാമര്‍ശിക്കുകയും ഉണ്ടായില്ല.

മറ്റൊന്നുള്ളത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ആചാരപരമായ അതിര്‍ത്തി മീറ്റിംഗ് ഇത്തവണ ചൈന ബഹിഷ്‌കരിച്ചു എന്നതുമാണ്. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷത്തില്‍ രണ്ടു തവണ തങ്ങളുടെ രാജ്യത്തിന്റെ ദേശീയ ദിനത്തില്‍ പരസ്പരം സഹകരിക്കുകയും ഇത്തരത്തിലുള്ള യോഗങ്ങള്‍ നടക്കുകയും ചെയ്യുന്നത് 2005 മുതല്‍ തുടര്‍ന്നു വരുന്നതാണ്. എന്നാല്‍ ദോക്ലാമിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ ദേശീയ ദിനമാണ് ഓഗസ്റ്റ് ഒന്നിന് നടന്ന ഇത്തരത്തിലുള്ള മീറ്റിംഗില്‍ ഇന്ത്യ പങ്കെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ചൈനയും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍