UPDATES

ഇന്ത്യ പാക്കിസ്ഥാനെ പഠിക്കാന്‍ സമയമായി

ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ പാകിസ്ഥാന്റെ തകര്‍ച്ച ഓര്‍ക്കുന്നത് വളരെ പ്രധാനമാണ്

‘നിങ്ങളുടെ ക്ഷേത്രങ്ങളില്‍ പോകാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ പള്ളികളിലോ പാകിസ്ഥാന്‍ രാജ്യത്തിലെ മറ്റ് ഏതൊരു സ്ഥലത്തോ ആരാധനാലയങ്ങളിലോ പോകാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ ഏത് മതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ സമുദായത്തില്‍ നിന്നോ ഉള്ളവരാകട്ടെ. അത് ഭരണകൂടത്തിന്റെ വിഷയമല്ല.’-  പാകിസ്ഥാന്‍ നിയമനിര്‍മ്മാണ സഭയില്‍ മുഹമ്മദ് അലി ജിന്ന നടത്തിയ ആദ്യ പ്രസംഗത്തില്‍ നിന്ന്.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് പാകിസ്ഥാന്‍ എന്നാണ് ഇപ്പോഴത്തെ രക്തപങ്കിലമായ അവസ്ഥയിലേക്ക് വഴുതി വീണതെന്ന് കാണിക്കുന്ന കൃത്യമായ തീയതികളൊന്നും നിലവിലില്ല. 1970-കളുടെ അവസാനം ജനറല്‍ സിയ-ഉള്‍-ഹഖ് ഭരണം പിടിച്ചെടുത്തതോടെയാണ്, രാജ്യത്തിന്റെ നിലനില്‍പ്പിനെപ്പോലും ബാധിക്കുന്ന തരത്തിലുള്ള അതിന്റെ ഇപ്പോഴത്തെ പ്രതിലോമകരമായ രാഷ്ട്രീയ ഇസ്ലാമിക അസ്തിത്വത്തിലേക്കുള്ള യാത്ര പാകിസ്ഥാന്‍ ആരംഭിച്ചതെന്നാണ് നിരവധി പേര്‍ വിചാരിക്കുന്നത്.

1977ല്‍ പാകിസ്ഥാന്‍ ശിക്ഷാ നിയമത്തിന് പകരം, അംഗീകൃത പെരുമാറ്റങ്ങള്‍ക്ക് പരിധി നിശ്ചിയിക്കുന്ന ഹദൂദ് വിജ്ഞാപനം നടപ്പിലാക്കി. പുതിയ നിയമപ്രകാരം മായം ചേര്‍ക്കലും പരസ്ത്രീഗമനവും ക്രിമിനല്‍ കുറ്റമായി മാറി എന്ന് മാത്രമല്ല ചാട്ടവാറടി, അവയവങ്ങള്‍ മുറിച്ച് മാറ്റല്‍, കല്ലെറിഞ്ഞ് കൊല്ലല്‍ തുടങ്ങിയ ശിക്ഷ രീതികള്‍ നടപ്പിലാക്കുകയും ചെയ്തു. കളവിനും പിടിച്ചുപറിക്കും നിലവിലുണ്ടായിരുന്ന ശിക്ഷാവിധികളായ തടവിനും പിഴയ്ക്കും പകരം വലതു കൈയോ ഇടതുകാലോ മുറിച്ചുമാറ്റുന്ന ശിക്ഷ നിലവില്‍ വന്നു. വിവാഹേതരബന്ധം പുലര്‍ത്തുന്ന വിവാഹിതരെ കല്ലെറിഞ്ഞു കൊല്ലാം, അവിവാഹിതരെ 100 ചാട്ടവാര്‍ അടിക്ക് വിധേയരാക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്തു.

തന്റെ രാജ്യത്തെ ജനസംഖ്യയിലെ ഗണ്യമായ വിഭാഗം, അന്ധവിശ്വാസങ്ങളുടെയും അന്ധമായ മതവിശ്വാസങ്ങളുടെയും കെണിയില്‍ പെട്ടിരിക്കുന്നവരാണെന്നും അധികാരം നിലനിറുത്താനുള്ള ഏറ്റവും നല്ല ഉപകരണം രാഷ്ട്രീയ ഇസ്ലാമാണെന്നും ജനറല്‍ സിയ തിരിച്ചറിഞ്ഞതിന്റെ ഫലമായി, ഇത്തരം പ്രതിലോമകരമായ നിരവധി നിയമങ്ങള്‍ പിന്നീടും നടപ്പിലാക്കപ്പെട്ടു.

ഈ രാഷ്ട്രീയ ഇസ്ലാമിനെ വിദഗ്ദ്ധമായി സംയോജിപ്പിച്ച സിയ, റഷ്യയെ പരാജയപ്പെടുത്തുന്നതിന് അഫ്ഗാനിസ്ഥാനിലേക്ക് മുജാഹിദ്ദീനുകളെ അയക്കുന്നതില്‍ സിഐഎയ്ക്കും സൗദി അറേബ്യയ്ക്കും ഒപ്പം നേതൃത്വപരമായ പങ്ക് തന്നെ വഹിച്ചു. കാബൂളിന്റെ അരങ്ങത്ത് അഴിച്ചുവിടപ്പെട്ട ഭ്രാന്തിന്റെ കീഴില്‍ ലോകം ഇപ്പോഴും അമര്‍ന്നിരിക്കുകയാണ്.

എല്ലാവരും നിശബ്ദരായിരുന്നു എന്നല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്. സമൂഹത്തിലെ പുരോഗമനവാദികളും സ്വതന്ത്രചിത്തരും പ്രതിഷേധിച്ചു. ജനറല്‍ സിയ സ്ത്രീകള്‍ സാരി ധരിക്കുന്നത് നിരോധിച്ചപ്പോള്‍, പാകിസ്ഥാന്‍കാര്‍ ഏറ്റവും സ്‌നേഹിക്കുന്ന ഗായികയായ ഇക്ബാല്‍ ബാനൊ ഒരു കറുത്ത സാരിയുടുത്ത് വന്‍ജനാവലിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഐതിഹാസിക കവി ഫയസ് അഹമ്മദ് ഫയസിന്റെ ‘ഹം ദേഖേംഗെ’ പാടി. സിയയുടെ സെന്‍സര്‍ഷിപ്പ് ഭരണത്തില്‍ അയവ് വരുത്തിക്കാന്‍ തുടക്കത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. പക്ഷെ ഭരണം ക്രൂരനായ ഒരു ഭരണാധികാരിയുടെ കൈകളിലായിരുന്നതിനാല്‍ ഭരണകൂടത്തിന്റെ ശക്തി ഒടുവില്‍ വിജയിക്കുകയും പാകിസ്ഥാന്‍ തോല്‍ക്കുകയും ചെയ്തു.

ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ പാകിസ്ഥാന്റെ തകര്‍ച്ച ഓര്‍ക്കുന്നത് വളരെ പ്രധാനമാണ്.

ഒരു പുതിയ ഭരണ വ്യവസ്ഥ നിലനില്‍ക്കുന്നതിന്റെ നിരവധി മുന്നറിയിപ്പ് സൂചനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ മഹത്തായ ജനാധിപത്യം നേടിയെടുത്ത നേട്ടങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഒരു ജനാധിപത്യവിരുദ്ധ ഭരണക്രമമാണ് അതെന്ന് ദിവസം കഴിയും തോറും വ്യക്തമാകുന്നു.

വെള്ളിയാഴ്ച ഗുജറാത്ത് നിയമസഭ ചെയ്തത് അതിന്റെ ഒരുദാഹരണമാണ്. ഗോവധത്തിന് പരമാവധി ജീവപര്യന്തവും ഏറ്റവും കുറവ് പത്തുവര്‍ഷം തടവും ശിക്ഷ ഏര്‍പ്പെടുത്തിക്കൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ വെള്ളിയാഴ്ച സംസ്ഥാന മൃഗപരിപാലന നിയമം ഭേദഗതി ചെയ്തു. പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ അസാന്നിധ്യത്തിലും സന്ദര്‍ശക ഗാലറിയില്‍ കാവിധാരികളായ ഹൈന്ദവ സന്യാസിമാര്‍ നിറഞ്ഞിരിക്കുമ്പോഴുമായിരുന്നു നിയമസഭ ഭേദഗതി പാസാക്കിയത്. താന്‍ ‘ഏതെങ്കിലും ഭക്ഷണത്തിന് എതിരല്ലെ’ന്നും ഗുജറാത്തിനെ പൂര്‍ണ സസ്യാഹാര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഭേദഗതിയെ കുറിച്ച് സംസാരിക്കവെ മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ‘നമുക്ക് ജേഴ്‌സി പശുക്കളെ ആവശ്യമില്ല, മറിച്ച് ഗിര്‍, കാന്‍ക്രെജി ഇനങ്ങളെയാണ് ആവശ്യം,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉനയില്‍ സ്വയം പ്രഖ്യാപിത ഗോസംരക്ഷണ പ്രവര്‍ത്തകര്‍ പശുക്കളെ കൊന്നു എന്ന് ആരോപിച്ച് ഏഴ് ദളിതരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം നടന്ന് എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് 2017ലെ ഗുജറാത്ത് മൃഗപരിപാലന (ഭേദഗതി) ബില്ല് പാസാകുന്നത്.

നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഗോവധത്തിന് മൂന്നു മുതല്‍ ഏഴ് വര്‍ഷം വരെ തടവായിരുന്നു ശിക്ഷ. ഭേദഗതി പ്രകാരം ഈ കുറ്റം ജാമ്യമില്ലാ വകുപ്പായും മാറിയിട്ടുണ്ട്.

ഒരു മാസം മുമ്പ് ഭേദഗതി ബില്ല് സഭയില്‍ അവതരിപ്പിച്ചപ്പോള്‍ പരമാവധി ശിക്ഷ പത്തുവര്‍ഷം എന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തുകയാണ് വെള്ളിയാഴ്ച ഭരണകക്ഷി ചെയ്തത്.

മറ്റൊരു ഭേദഗതി വ്യവസ്ഥ പ്രകാരം, നിയമവിരുദ്ധമായി ബീഫോ ബീഫ് ഉല്‍പ്പന്നങ്ങളോ പശുക്കളെയോ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനുമുള്ള വ്യവസ്ഥയും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ കുറ്റത്തിനുള്ള പരമാവധി പിഴ 50,000 രൂപയില്‍ നിന്നും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

2011ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട്, ഗോമാംസം വില്‍ക്കുന്നതും പശുക്കളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും ഗോവധവും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി നിരോധിച്ചിരുന്നു.

ഇങ്ങനെ ക്രമപ്പെടുത്തുമ്പോള്‍ ഗുജറാത്തില്‍ ദളിതരോ മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ഇല്ലാതാകുന്നു. ഭൂരിപക്ഷത്തിന് നല്ലതെന്ന് തോന്നുന്നത് എല്ലാവര്‍ക്കും നല്ലതാണെന്ന് ധരിക്കുന്ന ഒരു മേല്‍ജാതി മാത്രമാണ് അവിടെ നിലനില്‍ക്കുന്നത്.

ഉത്തര്‍പ്രദേശില്‍, നിയമപരവും അല്ലാത്തതുമായ അറവുശാലകളും യുവമിഥുനങ്ങളും എല്ലാം പുതിയ ഭരണകൂടത്തിന്റെ നിന്ദാപാത്രങ്ങളാണ്.

നിയമവൃത്തങ്ങളില്‍ നിന്നുമുയരുന്ന മുറുമുറുപ്പുകള്‍, മാധ്യമപ്രവര്‍ത്തകരുടെ ആശങ്കകള്‍, ഉദ്യോഗസ്ഥ തലത്തില്‍ പരക്കുന്ന കഥകള്‍, രാഷ്ട്രീയത്തില്‍ നിന്നുള്ള ആഖ്യാനങ്ങള്‍ എല്ലാം മുന്നറിയിപ്പ് സൂചനകളാണ് നല്‍കുന്നത്. പേശീബലമുള്ള രാഷ്ട്രീയക്കാരും ക്രൗര്യമുള്ള അധികാരസ്ഥാനങ്ങളും പ്രചരിപ്പിക്കുന്ന ലോലമായ ദേശീയതയും അസ്ഥാനത്തായ പൗരുഷപ്രകടനങ്ങളും സ്വതന്ത്രവിഹാരം ആരംഭിച്ചിരിക്കുന്നു.

മറ്റെന്നെത്തെക്കാളും ഇന്ന്, പാകിസ്ഥാനെ പഠിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍