UPDATES

ഇന്ത്യ-പാക് അതിര്‍ത്തി വീണ്ടും കത്തുമ്പോള്‍

കഴിഞ്ഞ ശൈത്യകാലത്ത് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തകര്‍ന്ന മുള്‍വേലികള്‍ പുനര്‍നിര്‍മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേരെയും പാക്‌ ആക്രമണം ഉണ്ടാകുന്നുണ്ട്.

ജമ്മു-കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണ ഘാട്ടി സെക്ടറില്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹഗം പാക്കിസ്ഥാന്‍ സൈന്യം വികൃതമാക്കിയതോടെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ മോശമായ അവസ്ഥയിലേക്ക്. ചിലര്‍ ഈ സന്ദര്‍ഭത്തില്‍ പതിവുപോലെ യുദ്ധത്തിന്റെ കാഹളം മുഴക്കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉന്നതതലത്തിലുള്ള രാഷ്ട്രീയ ഇടപെടല്‍ കൊണ്ട് മാത്രമേ പ്രശ്‌നപരിഹാരമുണ്ടാകൂ എന്ന് മറ്റു ചിലരും വ്യക്തമാക്കുന്നു.

പാക്കിസ്ഥാന്റെ അതിര്‍ത്തി സംരക്ഷണ സേനയായ പാക്കിസ്ഥാന്‍ ബേര്‍ഡര്‍ ആക്ഷന്‍ ഫോഴ്‌സ് (BAT) ആണ് രണ്ടു പേരെ കൊലപ്പെടുത്തുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോള്‍ അത് നിഷേധിക്കുകയാണ് പാക്കിസ്ഥാന്‍.

പാക്കിസ്ഥാന്‍ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഇന്നലെ അര്‍ധരാത്രി തന്നെ മറുപടി കൊടുത്തുവെന്നും BAT തങ്ങളുടെ ആക്രമണത്തിന് ആശ്രയിച്ചിരുന്ന അവരുടെ സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തുവെന്നുമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍. ഇതില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് പാക് സൈന്യം ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുന്നതെന്നാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒക്‌ടോബര്‍ 28-നും നവംബര്‍ 22-നും സമാനസംഭവങ്ങള്‍ നടന്നിരുന്നുവെന്നും സൈന്യം പറയുന്നു.

തിങ്കളാഴ്ചയുണ്ടായത്
22 സിക്ക് റെജിമെന്റിലെ നായിബ് സുബേദാര്‍ പരംജിത് സിംഗും ബി.എസ്.എഫിന്റെ 200-ാം ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേംസാഗറുമാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അത്യന്തം നികൃഷ്ടമായ നടപടിയാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും ഇതിന് ഉചിതമായ തിരിച്ചടിയുണ്ടാവുമെന്നും സൈന്യം ഉടന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാന്റെ നടപടി നിന്ദാപരവും മനുഷ്യത്വരഹിതവുമാണെന്ന് പ്രതികരിച്ച പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്ത്യന്‍ സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്നും പ്രതികരിച്ചു. “സമാധാന സമയത്തു പോകട്ടെ, യുദ്ധസമയത്തു പോലും ഉണ്ടാകാത്ത തരത്തിലുള്ള നടപടിയാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുന്നത് അങ്ങേയറ്റം കിരാതമായ നടപടിയാണ്. ഈ സംഭവത്തെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നതിനൊപ്പം ഈ നടപടിക്ക് ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം പര്യാപ്തമാണെന്ന് ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഉറച്ച വിശ്വാസവുമുണ്ട്. സൈനികരുടെ ത്യാഗം വെറുതെയായിപ്പോകില്ല”-അദ്ദേഹം പറഞ്ഞു.

സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ ആര്‍മി തലവന്‍ ജനറല്‍ ബിബിന്‍ റാവത്ത് ശ്രീനഗറിലെത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഡല്‍ഹിയില്‍ സൈനിക നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ജമ്മു-കാശ്മീരിലെ, പ്രത്യേകിച്ച് അതിര്‍ത്തി മേഖലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷിക്ക് പുറമെ ഇന്റലീജന്‍സ് ഏജന്‍സികളുടെ തലവന്മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

പാക്കിസ്ഥാന്‍ ആര്‍മി തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വ നിയന്ത്രണ രേഖ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് കൃഷ്ണ ഘാട്ടി മേഖലയില്‍ ആക്രമണമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള വെടിനിര്‍ത്തല്‍ ലംഘനമോ BAT നടപടിയോ ഉണ്ടായിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. പാക്കിസ്ഥാന്‍ സൈന്യം ഉന്നതമായ പ്രൊഫഷണല്‍ മൂല്യങ്ങള്‍ സൂക്ഷിക്കുന്നവരാണെന്നും ഏതെങ്കിലും സൈനികനോട് അനാദരവോടെ, അത് ഇന്ത്യക്കാരന്‍ ആണെങ്കില്‍ പോലും, പെരുമാറില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, പാക്കിസ്ഥാന്‍ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ കൃഷ്ണ ഘാട്ടി സെക്ടറിലെ നിയന്ത്രണരേഖയിലുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് വ്യക്തമാക്കി. ഇതിനൊപ്പം തന്നെ BAT സംഘം രണ്ട് പോസ്റ്റുകള്‍ക്കിടയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ ആക്രമണം നടത്തുകയും ചെയ്തു. രണ്ടു സൈനികരുടെ മൃതദേഹങ്ങള്‍ അവര്‍ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഇത്തരം നികൃഷ്ടമായ നടപടിയോട് ഉചിതമായി തന്നെ പ്രതികരിക്കും- പ്രസ്താവന വ്യക്തമാക്കുന്നു.

ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് നിയന്ത്രണ രേഖയിലെ രണ്ടു പോസ്റ്റുകള്‍ക്കിടയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന ബി.എസ്.എഫിന്റെയും സൈന്യത്തിന്റേയും 10 പേരടങ്ങൂന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പോസ്റ്റുകള്‍ക്കിടയിലുള്ള ദൂരം 700-800 മീറ്ററാണ്. കൃഷ്ണഘാട്ടി ബ്രിഗേഡിലെ നാംഗി ടെക്രി ബറ്റാലിയന്റേതാണ് ഇവിടെയുള്ള ഫോര്‍വേഡ് പോസ്റ്റുകള്‍.

ഇന്ത്യന്‍ ഭാഗത്തുള്ള നിയന്ത്രണ രേഖയില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെവച്ച് കൊടുംവന മേഖലയിലൂടെ കിര്‍പാല്‍-1 പോസ്റ്റിലേക്ക് പെട്രോളിംഗ് നടത്തിയിരുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. രാവിലെ 8.25-നായിരുന്നു ഈ പോസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണമെന്നും ഇതിനു പിന്നാലെ BAT സംഘം ആക്രമിക്കുകയായിരുന്നുവെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. തുടര്‍ന്ന് പാക് സൈന്യം രണ്ടു സൈനികരുടെ തല വെട്ടിയെടുക്കുകയും ചെയ്തുവെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി തിങ്കളാഴ്ച വൈകിട്ടു വരെ നീണ്ടുനിന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാര്‍ച്ച് മാസം മുതല്‍ കൃഷ്ണ ഘാട്ടി മേഖലയില്‍ സ്ഥിരമായി ഇന്ത്യ-പാക് സൈന്യം ഏറ്റുമുട്ടല്‍ നടത്തുന്നുണ്ട്. നിയന്ത്രണ രേഖയുടെ ദക്ഷിണ ഭാഗത്തുകൂടിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ അസാധാരണമായി വര്‍ധിച്ചതോടെയാണ് ഇതെന്ന് സൈന്യം പറയുന്നു.

എന്നാല്‍ പാക് സൈന്യം കുറ്റപ്പെടുത്തുന്നത് ഇന്ത്യ നിയന്ത്രണ രേഖയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 17-ന് കിര്‍പാല്‍-1ന്റെ സുരക്ഷാ ചുമതലയുള്ള ബി.എസ്.എഫിന്റെ 200-ാം ബറ്റാലിയന്‍ പാക്കിസ്ഥാന്റെ 647 മുജാഹിദ് ബറ്റാലിയന്റെ പിംപിള്‍-1 എന്ന പോസ്റ്റിനു നേരെ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് ഇന്റലീജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

ഈ ആക്രമണത്തിനു തിരിച്ചടി നല്‍കാന്‍ പാക്കിസ്ഥാന്‍ കിര്‍പാല്‍-1നു നേര്‍ക്ക് പരമ്പരാഗത രീതിയിലുള്ള ആക്രമണത്തിലൂടെ പലതവണ ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടിരുന്നില്ലെന്നും അതിന്റെ സമ്മര്‍ദ്ദം അവരുടെ മേലുണ്ടായിരുന്നതു കൊണ്ടായിരിക്കാം ഇത്തരമൊരു ആക്രമണം ഇപ്പോള്‍ നടത്തിയത് എന്നുമാണ് ജമ്മു കേന്ദ്രമായുള്ള ഒരുന്നത ഉദ്യോഗസ്ഥന്‍ പറയുന്നത്.

അതിര്‍ത്തി സംരക്ഷണ സേനകള്‍ തമ്മിലുള്ള സംഘര്‍ഷം നിയന്ത്രണ രേഖയില്‍ പതിവാണെങ്കിലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് അസാധാരണമാണ്. പാക് സൈന്യത്തിന്റെ ഭാഗമായുള്ളവര്‍ തന്നെയാണ് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയിരിക്കുന്നതെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഇന്ത്യന്‍ ആര്‍മി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഭീകരവാദികളാണ് അത് നടത്തിയതെന്ന് പറഞ്ഞ് പാക് സൈന്യം കൈകഴുകാന്‍ ശ്രമിക്കാറുണ്ടെന്നും ആര്‍മി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍, തീവ്രവാദികള്‍ക്കുള്ള സൗകര്യങ്ങളൊരുക്കിയിരുന്ന ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ മിന്നല്‍ ആക്രമണത്തിനു ശേഷം താരതമ്യേനെ ശാന്തമായിരുന്ന അവസ്ഥയാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. എന്നാല്‍ സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ഇരുഭാഗത്തേയും സൈനിക നേതൃത്വം ശ്രമിക്കാറുണ്ടെങ്കിലും നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പാക്കിസ്ഥാന്‍ പലപ്പോഴും ലക്ഷ്യം വയ്ക്കുന്നുണ്ട്. കഴിഞ്ഞ ശൈത്യകാലത്ത് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തകര്‍ന്ന മുള്‍വേലികള്‍ പുനര്‍നിര്‍മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍