അഴിമുഖം പ്രതിനിധി
പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ ഓഫീസര്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ വെടിയേറ്റ് മരിച്ചു.
എന്‍ഐഎയില്‍ ഡിവൈ എസ് പിയായ മുഹമ്മദ് തന്‍സീലാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ ഫര്‍സാനയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ബിജ്‌നോറില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇരുവര്‍ക്കും നേരെ ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് ആക്രമണമുണ്ടായത്.
മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ തന്‍സീലിന്റെ കാര്‍ തടഞ്ഞു നിര്‍ത്തിയശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഫര്‍സാനയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഉത്തര്‍പ്രദേശ് പൊലീസുമായി സഹകരിച്ചാണ് അന്വേഷണം.