UPDATES

ജമ്മു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികളെ സംഘപരിവാര്‍ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നു

എബിവിപിയെ പ്രതിരോധിക്കാന്‍ എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ചതോടെയാണ് സര്‍വകലാശാല അധികൃതരുടെ കൂടി സഹായത്തോടെ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരായ നീക്കം

ജമ്മു കശ്മീര്‍ കേന്ദ്ര സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് ദേശവിരുദ്ധരെന്ന ഗുരുതരായ ആരോപണം. സ്‌റ്റേറ്റ് ടൈംസ് എന്ന പത്രത്തിന്റെ സഹായത്തോടെയാണ് മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്കും ചില അധ്യാപകര്‍ക്കുമെതിരെ സംഘപരിവാര്‍ പ്രചരണം നടക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ മൂലം തങ്ങള്‍ക്ക് പഠനം തുടരാനാകാത്ത അവസ്ഥയാണുള്ളതെന്ന് മുപ്പതോളം വരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മലയാളി വിദ്യാര്‍ത്ഥികള്‍ അടച്ചിട്ട മുറികളില്‍ ബീഫ് പാര്‍ട്ടികള്‍ നടത്തുന്നു, കാശ്മീര്‍ മേഖലയിലെ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് പാകിസ്ഥാന്‍ അനുകൂല വികാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു എന്നിങ്ങനെയാണ് ഇവര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍. ഫാക്കല്‍റ്റി അംഗങ്ങളില്‍ ചിലര്‍ മാവോ സേ തുങ്ങിന്റെ ഏതാനും പുസ്തകങ്ങള്‍ വാങ്ങാന്‍ ലൈബ്രേറിയനോട് ആവശ്യപ്പെട്ടിരുന്നു. ഇത് ദേശവിരുദ്ധമാണെന്നും ചൈനീസ് അനുകൂല വികാരം കുട്ടികള്‍ക്കിടയില്‍ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് മറ്റൊരു പ്രചരണം. ഈ സാഹചര്യത്തില്‍ കാമ്പസില്‍ എസ്എഫ്‌ഐ യൂണിറ്റ് ആരംഭിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിരോധിക്കാന്‍ തീരുമാനിച്ചത്. എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി അംഗമായ മുഹമ്മദ് താരിഖ്, ജമ്മു കാശ്മീര്‍ സ്വദേശി ദുല്‍ഷന്‍ കുമാര്‍, ഉത്തര്‍ പ്രദേശ് സ്വദേശി ശശി യാദവ് എന്നിവരാണ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയത്. നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ആദ്യ യോഗത്തില്‍ എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി വിക്രം സിംഗും പങ്കെടുത്തിരുന്നു. എന്നാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് എസ്എഫ്‌ഐ യൂണിറ്റ് ആരംഭിച്ചതെന്ന് പിറ്റേന്ന് സ്‌റ്റേറ്റ് ടൈംസ് വീണ്ടും വാര്‍ത്ത നല്‍കി.

"</p

ജമ്മു കശ്മീര്‍ സംസ്ഥാനം മൂന്ന് മേഖലകളായാണ് കിടക്കുന്നത്. സംഘപരിവാറിന്റെ ശക്തികേന്ദ്രമായ ജമ്മു മേഖലയും കാശ്മീരികള്‍ക്ക് ഭൂരിപക്ഷമുള്ള കാശ്മീര്‍ മേഖലയും ബുദ്ധമതക്കാരുള്ള, സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ലഡാക്കുമാണ് ഇത്. ഇതില്‍ ജമ്മുവിലാണ് കേന്ദ്രസര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. രാജ്യമെന്ന് വച്ചാല്‍ ബിജെപിയെന്ന വികാരമാണ് ഇവിടെയുള്ളതെന്ന് സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പറയുന്നു. അഡ്മിനിസ്‌ട്രേഷനിലുള്ളവരെല്ലാം തന്നെ ആര്‍എസ്എസില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നവരാണ്. ബിജെപിയുടെ പിന്തുണയുള്ളതിനാല്‍ എബിവിപിയാണ് കാമ്പസ് നിയന്ത്രിക്കുന്നത്. സര്‍വകലാശാല ഭരണവിഭാഗത്തിന്റെ പിന്തുണയും എബിവിപിക്കാണ്. ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ്‌ഐയുടെ ഏക യൂണിറ്റാണ് ഈ കേന്ദ്രസര്‍വകലാശാലയിലേത്. ഈമാസം 21ന് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തിയതിന് പിന്നാലെ സര്‍വകലാശാല അധികൃതര്‍ ഇവിടെ സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. സര്‍വകലാശാലയില്‍ അക്കാദമികേതരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും ഇത് പ്രോത്സാഹിപ്പിക്കില്ലെന്നും ഇനി ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ നടപടിയെടുക്കുമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. അതേസമയം എബിവിപിയ്ക്ക് സുഗമമായി പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതോടെ അഡ്മിനിസ്‌ട്രേഷന്റെ സഹായത്തോടെ എബിവിപി മലയാളി വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടി നടത്തുകയാണെന്ന് മൂന്നാം സെമസ്റ്റര്‍ സാഹിത്യ വിദ്യാര്‍ത്ഥിയായ വിഷ്ണു അഴിമുഖത്തോടു പറഞ്ഞു. നാക് സംഘം സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടി തടയാന്‍ എബിവിപി ശ്രമിച്ചതായും വിഷ്ണു വ്യക്തമാക്കി. ദേശവിരുദ്ധരായ മലയാളി വിദ്യാര്‍ത്ഥികളെ പരിപാടി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ തടയാന്‍ ശ്രമിച്ചത്. മൂന്നോ നാലോ വാര്‍ത്തകളാണ് മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്‌റ്റേറ്റ് ടൈംസിന്റെ ഒന്നാം പേജില്‍ വന്നത്. ഈ പത്രത്തെ ഉപയോഗിച്ച് എബിവിപിയും ആര്‍എസ്എസും ചേര്‍ന്ന് തങ്ങളെ ഇങ്ങനെയാക്കി തീര്‍ക്കുകയാണെന്നും വിഷ്ണു പറയുന്നു. കേന്ദ്ര സര്‍വകാലാശാലയായതിനാല്‍ തന്നെ മെസില്‍ മാംസ ഭക്ഷണവും ലഭിക്കേണ്ടതാണ്. എന്നാല്‍ ബ്രാഹ്മണിക്കല്‍ ഭരണം നടക്കുന്ന ഈ സര്‍വകലാശാലയില്‍ അത് ലഭ്യമാകുന്നില്ലെന്നും വിഷ്ണു വ്യക്തമാക്കി.

"</p

എസ്എഫ്‌ഐ യൂണിറ്റ് ഉണ്ടാക്കുമെന്ന വിവരം ലഭിച്ചപ്പോള്‍ മുതലാണ് എബിവിപി ഇവിടുത്തെ മലയാളി വിദ്യാര്‍ത്ഥികളെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയതെന്ന് എസ്എഫ്‌ഐ യൂണിറ്റ് സ്ഥാപിക്കാന്‍ ചുക്കാന്‍ പിടിച്ച മലയാളി വിദ്യാര്‍ത്ഥി മുഹമ്മദ് താരിഖ് അഴിമുഖത്തോടു പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല കൌണ്‍സിലറായിരുന്നു താരിഖ്. മലയാളികള്‍ ദേശവിരുദ്ധരാണെന്ന് സ്‌റ്റേറ്റ് ടൈംസിലൂടെ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭയം വളര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് അതീവ രഹസ്യമായി സര്‍വകലാശാലയ്ക്ക് സമീപത്തെ ചെറിയ ചായക്കടയില്‍ വച്ചാണ് യൂണിറ്റ് രൂപീകരണം സംഘടിപ്പിച്ചത്. സര്‍വകലാശാലയ്ക്ക് പുറത്തായതിനാല്‍ അധികൃതര്‍ക്ക് തങ്ങള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാനാകില്ലെന്നും താരിഖ് വ്യക്തമാക്കി. അതേസമയം അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും അതിനെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും അറിയിച്ച് സര്‍വകലാശാല അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌റ്റേറ്റ്, നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്ന് സ്‌റ്റേറ്റ് ടൈമില്‍ വാര്‍ത്ത വന്നു. വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി എസ്എഫ്‌ഐയില്‍ നിന്നും അകറ്റി നില്‍ക്കുകയായിരുന്നു ലക്ഷ്യം. കേന്ദ്രസര്‍വകലാശാലയെ മറ്റൊരു ജെഎന്‍യു ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു മറ്റൊരു വാര്‍ത്ത. എസ്എഫ്‌ഐ ബീഫ് പാര്‍ട്ടി നടത്തുകയാണെന്നും സര്‍വകലാശാല ക്യാമ്പസിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നുമായിരുന്നു വാര്‍ത്തയെന്ന് താരിഖ് അറിയിച്ചു.

"</p

മലയാളി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ ദേശവിരുദ്ധ ഘടകങ്ങള്‍ ഉണ്ടാകുമെന്ന് ആരോപിച്ചാണ് പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. സര്‍വകലാശാല അധികൃതര്‍ എബിവിപി പ്രവര്‍ത്തകരെ തടയുന്നതിന് പകരം വിദ്യാര്‍ത്ഥികളോട് പരിപാടി അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് താരിഖ് പറയുന്നു. എന്നാല്‍ പരിപാടിയില്‍ ദേശവിരുദ്ധ ഘടകങ്ങളൊന്നുമില്ലെന്ന് അധ്യാപകര്‍ക്ക് ബോധ്യപ്പെട്ടതോടെ പരിപാടി അനുവദിക്കുകയായിരുന്നു. പിന്നീട് പരിപാടി അവതരിപ്പിക്കുമ്പോഴും എബിവിപി പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതായും താരിഖ് പറയുന്നു. എന്നാല്‍ എല്ലാവര്‍ക്കും പരിപാടി ഒരുപോലെ ഇഷ്ടമായതോടെ ഇത് പാളുകയായിരുന്നു. എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ അറ്റന്‍ഡന്‍സ് നല്‍കില്ലെന്നും പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നുമുള്ള ഭീഷണികളും സര്‍വകലാശാല അധികൃതരില്‍ നിന്നുണ്ടാകുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മെസിലെ ഭക്ഷണത്തിനെതിരെ മലയാളി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം നടത്തിയതില്‍ നിന്നാണ് ഇവിടുത്തെ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം. ഇതോടെ മലയാളികളായ വിദ്യാര്‍ത്ഥികള്‍ ടാര്‍ജറ്റ് ചെയ്യപ്പെടുകയായിരുന്നു. കേരളത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസം തേടി ഇവിടെയെത്തി രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്ന അവസ്ഥയിലാണെന്നത് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നുണ്ട്. നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി രൂപീകരണത്തില്‍ പങ്കെടുത്തത് സര്‍വകലാശാല അധികൃതരെ ഞെട്ടിച്ചുവെന്നതിന് തെളിവാണ് ഇപ്പോള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന പ്രതികാര നടപടികള്‍. എന്നാല്‍ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന നിലപാടിലാണ് ഈ വിദ്യാര്‍ത്ഥികള്‍.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍