UPDATES

ട്രെന്‍ഡിങ്ങ്

വലത് രാഷ്ട്രീയത്തിനിടം നല്‍കാതെ ജെഎന്‍യു; ഇടതുസഖ്യത്തിന് ഉജ്ജ്വലവിജയം

പ്രധാനപ്പെട്ട നാല് ജനറല്‍ സീറ്റുകളില്‍ ഉള്‍പ്പെടെ എസ്എഫ്‌ഐ-എഐഎസ്എ-ഡിഎസ്എഫ് സഖ്യത്തിന് വന്‍ വിജയം

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകളായ എസ് എഫ് ഐ- എ ഐ എസ് എ-ഡിഎസ്എഫ് സഖ്യത്തിന് വിജയം. പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ നാലു ജനറല്‍ സീറ്റുകളും ഇടതുസഖ്യം വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം തിങ്കളാഴ്ചയേ ഉണ്ടാവുകയുള്ളൂ.

ഒരു പ്രധാന സീറ്റുപോലും നേടാനാകാതെ എബിവിപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയപ്പോള്‍ ഇടതുസഖ്യത്തിനൊപ്പം ചേരാതെ ഒറ്റയ്ക്കു നിന്ന എഐഎസ്എഫിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. എഐഎസ്എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അപരാജിത നാലാം സ്ഥാനത്താണ് എത്തിയത്. ബിര്‍സ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ബാപ്സ) ജനറല്‍ സീറ്റുകളില്‍ മൂന്നാമതെത്തി.

ഇടത് സ്ഥാനാര്‍ത്ഥിയായ ഐസയുടെ (എ ഐ എസ് എ) ഗീതാകുമാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ നിധി ത്രിപാഥിയെ 464 വോട്ടിന് ഗീതാകുമാരി പരാജയപ്പെടുത്തി. ബാപ്‌സ (ബിര്‍സ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) സ്ഥാനാര്‍ത്ഥി ഷബാന അലി 935 വോട്ടുകള്‍ നേടി. ആകെ പോള്‍ ചെയ്ത 4639 വോട്ടുകളില്‍ 4620 വോട്ടുകളാണ് എണ്ണപ്പെട്ടത്. 19 വോട്ടുകള്‍ അസാധുവായി. വോട്ട് എണ്ണലിന്റെ ഒരുഘട്ടത്തില്‍ ബാപ്‌സ് രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീതി ഉണ്ടാക്കിയശേഷമാണ് എബിവിപി ആ സ്ഥാനം തിരികെ പിടിച്ചത്.

വൈസ് പ്രസിഡന്റ് സ്ഥാനം ഐസയുടെ തന്നെ സിമോണ്‍ സോയ ഖാന്‍ സ്വന്തമാക്കി. 4,620ല്‍ 1876 വോട്ടുകള്‍ നേടി ഇവിടെയും എബിവിപി രണ്ടാം സ്ഥാനത്ത് എത്തി. 1028 വോട്ടുകള്‍ അവരുടെ സ്ഥനാര്‍ത്ഥി ദുര്‍ഗേഷ് കുമാര്‍ നേടിയപ്പോള്‍ 935 വോട്ടുകളുമായി ബാപ്‌സയുടെ സ്ഥാനാര്‍ത്ഥി മൂന്നാമതെത്തി.

എസ് എഫ് ഐ യുടെ ദുഗ്ഗിരാല ശ്രീകൃഷ്ണയാണ് ജനറല്‍ സെക്രട്ടറി. 2082 വോട്ടുകള്‍ നേടി. 975 വോട്ടുകളുമായി എബിവിപി രണ്ടാമതും 854 വോട്ടുകളുമായി ബാപ്‌സ മൂന്നാമതും എത്തി.

ജോയിന്റ് സെക്രട്ടറി ഡിഎസ് എഫിന്റെ സുഭാന്‍ഷു സിംഗ്. നേടിയ വോട്ടുകള്‍ 1755. രണ്ടാമതെത്തിയ എബിവിപിക്ക് 920 ഉം ബാപ്‌സയ്ക്ക് 860 ഉം വോട്ടുകള്‍ കിട്ടി.

"</p

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് എന്നിവിടങ്ങളിലും ഇടതുസഖ്യത്തിനാണ് വിജയം. ഇവിടങ്ങളിലെല്ലാം കണ്‍വീനര്‍ സ്ഥാനം സ്വന്തമാക്കിയ സഖ്യം സ്‌കൂള്‍ ഓഫ് ലാംഗ്വേജസിലെ അഞ്ചു കൗണ്‍സിലര്‍ സീറ്റുകളും സ്വന്തമാക്കി. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാലു കൗണ്‍സിലര്‍ സ്ഥാനവും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ അഞ്ചില്‍ നാലുകൗണ്‍സിലര്‍ സ്ഥാനങ്ങളും എസ്എഫ്‌ഐ-എ ഐ എസ എ- ഡിഎസ്എഫ് വിജയിച്ചു.

സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ത്തുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സര്‍വകലാശാലയില്‍ ഇടതുസഖ്യം വീണ്ടും വിജയത്തിലെത്തിയത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നേറ്റമായാണ് ഇടതുരാഷ്ട്രീയ വൃത്തങ്ങള്‍ കണക്കാക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ജെഎന്‍യുവിലെ ഇടതുരാഷ്ട്രീയത്തിനെതിരേ പലതരത്തിലുള്ള ആക്രമണങ്ങളും വിദ്യാര്‍ത്ഥി നേതാക്കളോടു പ്രതികാരബുദ്ധിയോടെയുള്ള നടപടികളും കൈക്കൊള്ളുന്നുവെന്ന ആരോപണമുണ്ട്. ഇത്തവണത്തെ വിജയത്തോടെ തുടര്‍ന്നും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയും സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരേയും തുറന്ന പ്രതികരണങ്ങള്‍ ജെഎന്‍യുവില്‍ നിന്നും ഉണ്ടാകുമെന്നു ഉറപ്പിക്കാമെന്നും രാഷ്ട്രീയ-സാമൂഹിക നിരീക്ഷണകേന്ദ്രങ്ങള്‍ പറയുന്നു. അതിനിടയില്‍ ഇടതുസഖ്യത്തില്‍ നിന്നും മാറി ഒറ്റയ്ക്ക് മത്സരിക്കുകയും വലിയ തോല്‍വി ഏറ്റു വാങ്ങേണ്ടിയും വന്ന എ ഐ എസ് എഫിന്റെ നിലപാടിനെ കുറിച്ചും വലിയ ചര്‍ച്ചകള്‍ വേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍