UPDATES

വിദ്യാലയങ്ങളിലെ പഠനമുറികളില്‍ ‘ചാര ക്യാമറകള്‍’; കേജ്രിവാളിന്റെ നീക്കം വിമര്‍ശിക്കപ്പെടുന്നു

തീരുമാനത്തിന് പിന്നില്‍ വിദ്യാലങ്ങളിലും വിദ്യാലയപരിസരങ്ങളിലും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍

ഡല്‍ഹിയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പഠനമുറികളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള ഡല്‍ഹി ഗവണ്‍മെന്‍റിന്റെ തീരുമാനത്തെ സംബന്ധിച്ചു ഗൌരവ് വിവേക് ഭട്നാഗര്‍ ദി വയര്‍.കോമില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പഠനമുറികളിലും നിരീക്ഷണ ക്യാമറ (CCTV) വെക്കാനുള്ള തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രീവാളിനെ പ്രേരിപ്പിച്ചത് ഡല്‍ഹിയിലെ വിദ്യാലങ്ങളിലും വിദ്യാലയപരിസരങ്ങളിലും കുട്ടികള്‍ക്കെതിരെ നടന്ന അതിക്രമങ്ങളാകും. പക്ഷേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഈ നീക്കത്തിനെതിരെ ഉയരുന്നത്. നിരീക്ഷണത്തിന്റെ സംസ്കാരമാണ് ഇത് ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധരും അഭിഭാഷകരും മുന്നറിയിപ്പ് നല്കുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച പദ്ധതി അവലോകനം ചെയ്തതിന് ശേഷം കേജ്രിവാള്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു, “ഓരോ രക്ഷിതാവിനും തന്റെ കുട്ടി പഠിക്കുന്നത് ഫോണില്‍ തത്സമയം കാണാന്‍ സാധിക്കുന്ന അവസരമുണ്ടാകും. ഇത് മൊത്തം സംവിധാനത്തെയും സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കും. ഇത് കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്തും.”

സുരക്ഷാ വശമാണ് ഈ നീക്കത്തിന് പിന്നിലെ ഘടകമെന്ന് കാണാം. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളാണ് ഇത് ആവശ്യമാക്കിയതെന്ന് പറഞ്ഞു നിരവധി പേര്‍ ഈ നീക്കത്തിന് പിന്തുണയുമായി എത്തി. മാത്രവുമല്ല, ഇത് വിദ്യാലയങ്ങളിലെ അച്ചടക്കം വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കെതിരായ കുറ്റകൃത്യങ്ങളാണ് ഈ നീക്കത്തിന് കാരണം

അയല്‍സംസ്ഥാനമായ യുപിയിലെ ഗുരുഗ്രാമിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ ഉണ്ടായ ഒരു സംഭവം ഇത്തരത്തിലൊന്നാണ്. ഇത് തൊട്ടടുത്ത ഡല്‍ഹിയിലും അധികൃതരെ ചിന്തിപ്പിച്ചു. ആ സംഭവത്തില്‍ ഏഴു വയസുകാരനായ വിദ്യാര്‍ത്ഥിയെ അതേ വിദ്യാലയത്തിലെ 16-കാരനായ വിദ്യാര്‍ത്ഥി കൊന്നു എന്നാണ് ആരോപിക്കുന്നത്. തുടക്കത്തില്‍ സ്ഥലത്തെ പൊലീസ് വിദ്യാലയത്തിലെ ബസ് ഡ്രൈവറെ പിടികൂടിയെങ്കിലും പിന്നീട് സി സി ടി വി ദൃശ്യങ്ങള്‍ വെച്ച് സി ബി ഐ 16-കാരനായ വിദ്യാര്‍ത്ഥിയെ പിടികൂടുകയായിരുന്നു. ഒരു അധ്യാപക-രക്ഷാകര്‍തൃ യോഗവും നടക്കാനിരുന്ന പരീക്ഷയും മാറ്റിവെപ്പിക്കാന്‍ വേണ്ടിയാണ് ഈ വിദ്യാര്‍ത്ഥി കൊല നടത്തിയതെന്നാണ് സി ബി ഐ പറയുന്നത്.

മറ്റൊരു ഞെട്ടിക്കുന്ന സംഭവത്തില്‍ ദ്വാരകയിലെ നാലു വയസുകാരിയായ ഒരു പെണ്‍കുട്ടിയെ സഹപാഠി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ആരോപണം. അധ്യാപിക പുറത്തുപോയ സമയത്തായിരുന്നു ഇത്. സഹായിയായ സ്ത്രീയെ നോക്കാന്‍ ഏല്‍പ്പിച്ചായിരുന്നു അവര്‍ പോയത്. പൊലീസ് എഫ് ഐ ആര്‍ രേഖപ്പെടുത്തി, ആണ്‍കുട്ടിയെ പ്രതിയാക്കുകയും ചെയ്തു. വിദ്യാലയ അധികൃതര്‍ക്കെതിരെ അനാസ്ഥയ്ക്ക് നടപടിയെടുക്കാന്‍ താന്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് കുട്ടിയുടെ അമ്മ പറയുന്നു. സി സി ടി വി ദൃശ്യങ്ങള്‍ കാണിക്കുന്നത് ഏതാണ്ട് 18 മിനിറ്റാണ് കുട്ടികളെ ആയയുടെ മേല്‍നോട്ടത്തില്‍ വിട്ടത് എന്നാണ്.

ഇക്കാരണത്താലാണ് ഓരോ രക്ഷിതാവിനും തന്റെ കുട്ടിയുടെ പഠനമുറി തത്സമയം കാണാന്‍ അവസരമുണ്ടാക്കും എന്നു കേജ്രിവാള്‍ പറയുന്നത്. ഇത് കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുമെന്നും സംവിധാനത്തെ കൂടുതല്‍ സുതാര്യമാക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.

എന്നാലിത് വെറും കാല്‍പനികതയാണെന്ന് വിമര്‍ശനം

ഏതാണ്ട് 40 കൊല്ലത്തെ വിദ്യാലയ നടത്തിപ്പ് പരിചയമുള്ള, ഇന്ദിരാപുരത്തെ ഡല്‍ഹി പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ മീത്ത റായ് പറയുന്നു, “ എന്റെ വിദ്യാലയത്തില്‍ 300-ലേറെ നിരീക്ഷണ ക്യാമറകളുണ്ട്. എന്നാല്‍ ഇതിലൊന്നുപോലും പഠന മുറികളിലില്ല. പഠിപ്പിക്കുന്ന സമയത്ത് അദ്ധ്യാപകര്‍ക്ക് മേല്‍ ഈ ഭാരം അടിച്ചേല്‍പ്പിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. നിരന്തരമായ നിരീക്ഷണം അവരെ അരക്ഷിതരായ വിഭ്രാന്തരാക്കി മാറ്റും.”

എന്നാല്‍ വിദ്യാലയത്തിന്റെ മറ്റ് പരിസരങ്ങള്‍ നിരീക്ഷിക്കേണ്ടത് സുരക്ഷാ കാരണങ്ങളാല്‍ പ്രധാനമാണെന്ന് അവര്‍ പറഞ്ഞു. പഠനമുറികളില്‍ വെക്കുകയാണെങ്കില്‍ എല്ലായ്പ്പോഴും അദ്ധ്യാപകരെ കാണുന്ന രീതിയിലാകരുത് ക്യാമറ എന്നും അവര്‍ പറയുന്നു. “ചെറുപ്പക്കാരായ നിരവധി അദ്ധ്യാപകര്‍ ഞങ്ങളുടെ കൂടെയുണ്ട്. അവര്‍ക്ക് മേല്‍ സമ്മര്‍ദം ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കുട്ടികളുടെ പ്രതികരണങ്ങളില്‍ നിന്നുതന്നെ എങ്ങനെയാണ് പഠനം നടക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാകും.”

കുട്ടികളെ എല്ലാ സമയവും നിരീക്ഷിക്കുന്നതിനെതിരെയും അഭിപ്രായങ്ങളുണ്ട്

അപര്‍ എന്ന പേരില്‍ സ്വയം വിശേഷിപ്പിച്ച ഒരു അഭിഭാഷകന്‍ പറയുന്നു, “ഇത്തരം തത്സമയ നിരീക്ഷണ ക്യാമറകള്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ വിദ്യാര്‍ത്ഥികളെ അധികമായി നിയന്ത്രിക്കുക മാത്രമല്ല, അവരുടെ ധാര്‍മികമായ തെരഞ്ഞെടുപ്പുകളെയും പെരുമാറ്റത്തെയും തടയുന്നു. ഉദാഹരണത്തിന്, സാമൂഹ്യമായ ഇടപെടലുകള്‍ (“ആ കൂട്ടിയില്‍ നിന്നും അകലം പാലിക്കുക”). ഇത് കുട്ടികളെ പൂര്‍ണ വ്യക്തികള്‍ക്ക് പകരം ഭയചകിതരായ വ്യക്തികളാക്കി മാറ്റും.”

പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ തുടങ്ങും

പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. വിദ്യാഭ്യാസമന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ഏത് വിദ്യാലയത്തിലേയും പഠനമുറിയും ഈ സംവിധാനത്തിലൂടെ എപ്പോള്‍ വേണമെങ്കിലും നിരീക്ഷിക്കാനും അധികാരമുണ്ടാകും.

“നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് രേഖപ്പെടുത്താന്‍ സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനമുണ്ട്. ഇത് സംവിധാനത്തിന്റെ മേല്‍നോട്ടച്ചുമതലക്കാരിലേക്ക് പോവുകയും അത് ശരിയാക്കുകയും ചെയ്യും,” സര്‍ക്കാര്‍ പറയുന്നു.

വിദ്യാലയങ്ങളിലെ അച്ചടക്കം വര്‍ദ്ധിപ്പിക്കുമെന്നും കുട്ടികളെ സുരക്ഷിതരാക്കുമെന്നും കാണിച്ച് പലരും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ധ്യാപകര്‍ക്ക് മേലുള്ള മാനസികസ്വാധീനം എന്തായിരിക്കും എന്നതിനെക്കുറിച്ച് വേണ്ട രീതിയിലുള വിലയിരുത്തല്‍ നടന്നിട്ടുണ്ടോ എന്ന്‍ പലരും സംശയമുയര്‍ത്തുന്നുമുണ്ട്. ട്വിറ്ററില്‍ ഒരാള്‍ ചോദിക്കുന്നു, “എവിടെയാണ് ഈ കാര്യക്ഷമതയുടെ തെളിവ്? അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പഠനമുറിയില്‍ സ്വാഭാവികമായി പെരുമാറാന്‍ കഴിയുമോ? ഇത് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും വിശ്വാസത്തിലെടുക്കാത്ത ചാരപ്പണി പോലെയാണ്.”

ഒരു നിരീക്ഷിത സമൂഹം രൂപപ്പെടുത്തുന്നതിനെതിരെ അവര്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്. ഓരോ കുട്ടിക്കും സ്വകാര്യതയ്ക്ക് അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ധ്രുവ് രാഥീ സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍