UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ദു മൽഹോത്രയുടെ നിയമനം; നിയമമന്ത്രാലയം നടപടികൾ വേഗത്തിലാക്കുന്നു

2016ൽ ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രനടപടി നീക്കം ചെയ്തത് ജസ്റ്റിസ് കെഎം ജോസഫായിരുന്നു. ഇതാണ് ബിജെപി സർക്കാരിന് കെഎം ജോസഫിനോടുള്ള അനിഷ്ടത്തിന് കാരണം.

കൊളീജിയം ശുപാർശകൾക്കു മീതെ അടയിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമമന്ത്രാലയത്തിന്റെ നീക്കം. നിലവിൽ ജഡ്ജുമാരുടെ കുറവുണ്ട് സുപ്രീംകോടതിയിൽ.

ഇന്ദു മൽഹോത്രയെയും കെഎം ജോസഫിനെയും സുപ്രീംകോടതി ജഡ്ജുമാരായി ഉയർത്താൻ കുര്യൻ ജോസഫ് ഉൾപ്പെടുന്ന കൊളീജിയമാണ് നിർദ്ദേശം നൽകിയത്. എന്നാൽ, കെഎം ജോസഫിനോട് കേന്ദ്രത്തിന് താൽപര്യമില്ലാത്തതിനാൽ നിയമനം നീണ്ടുപോയി. ഇത്തരമൊരു സാഹചര്യം സുപ്രീംകോടതിയുടെ ചരിത്രത്തിൽ നേരത്തെ ഉണ്ടായിട്ടില്ല. കോടതിയുടെ അന്തസ്സിനെ തന്നെ ബാധിച്ചു കഴിഞ്ഞ ഈ വിഷയത്തിൽ ദീപക് മിശ്ര പുലർത്തുന്ന നിശ്ശബ്ദതയും വിമർശിക്കപ്പെട്ടിരുന്നു.

ഈ രണ്ടുപേരിൽ ഇന്ദു മൽഹോത്രയുടെ നിയമനത്തിനു വേണ്ടിയുള്ള നടപടികൾക്കാണ് കേന്ദ്രം തുടക്കമിട്ടിരിക്കുന്നത്. ഇന്ദു മൽഹോത്ര നിലവിൽ അഭിഭാഷകയാണ് എന്നതിനാൽ ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് ഇന്റലിജൻസ് ബ്യൂറോയുടെ ക്ലിയറൻസ് ആവശ്യമാണ്. കെഎം ജോസഫ് സിറ്റിങ് ജഡ്ജിയായതിനാൽ ഇതിന്റെ ആവശ്യമില്ല.

2016ൽ ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രനടപടി നീക്കം ചെയ്തത് ജസ്റ്റിസ് കെഎം ജോസഫായിരുന്നു. ഇതാണ് ബിജെപി സർക്കാരിന് കെഎം ജോസഫിനോടുള്ള അനിഷ്ടത്തിന് കാരണം. ഇന്ദു മൽഹോത്രയോട് സർക്കാരിന് അനുകൂലമനോഭാവമാണുള്ളത്. ജനുവരിമാസം പത്തിനായിരുന്നു ഇരുവരെയും സുപ്രീംകോടതിയിലേക്ക് നിയമിക്കാനുള്ള ശുപാർശ കൊളീജിയം പുറപ്പെടുവിച്ചത്. ഈ ശുപാർശ പുനപ്പരിശോധനയ്ക്ക് തിരിച്ചയ്ക്കാൻ കേന്ദ്രത്തിന് സാധിക്കും. എന്നാൽ, ശുപാർശയിന്മേൽ കൊളീജിയം ഉറച്ചു നിന്നാൽ സർക്കാരിന് മറ്റൊന്നും ചെയ്യാനില്ല. ഇക്കാരണത്താലാണ് നിയമനം നീട്ടിക്കൊണ്ടു പോയി കെഎം ജോസഫ് സുപ്രീംകോടതിയിലെത്തുന്നത് വൈകിക്കാമെന്ന് കേന്ദ്രം കരുതിയത്.

നിലവിൽ 24 ജഡ്ജിമാർ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. 31 ജഡ്ജിമാർ ആവശ്യമായ സ്ഥാനത്താണിത്. ഈ വർഷം കൂടുതൽ റിട്ടയർമെന്റുകൾ വരുന്നുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍