UPDATES

ട്രെന്‍ഡിങ്ങ്

‘നിങ്ങള്‍ ഡല്‍ഹിയില്‍ നിന്നാണെങ്കില്‍ എന്റെ മകനോട് പറയൂ, ഞാന്‍ സുഖമായിരിക്കുന്നുവെന്ന്’; കാശ്മീരിലെ ദുരന്തം വിവരിച്ച് മാധ്യമങ്ങള്‍

ആറ് ദിവസമായി വിനിമയ സൗകര്യങ്ങള്‍ പരിമിതം

പൂര്‍ണമായ നിരോധനാജ്ഞ നിലനില്‍ക്കുന്ന കാശ്മീരിലെ യാഥാര്‍ത്ഥ്യം എന്തെന്ന് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങി. ഡല്‍ഹിയില്‍നിന്ന് പുറത്തിറങ്ങുന്ന പത്രങ്ങളാണ് വിഭജനത്തിന് ശേഷം കാശ്മീരിലെ ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എത്തിച്ചുതുടങ്ങിയത്. ടെലിഫോണ്‍ ബന്ധമില്ലാതെയും പുറത്തിറങ്ങാന്‍ പറ്റാതെയും കാശ്മീരികള്‍ ദുരന്തമനുഭവിക്കുകയാണെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ പത്രങ്ങളും റിപ്പോര്‍ട്ടര്‍മാരുട ട്വീറ്റുകളുമാണ് കാശ്മീരിലെ ഈ ദിവസങ്ങളിലെ ജീവിതത്തെ സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്.

‘കാശ്മീരില്‍ എല്ലാം സാധാരണ നിലയിലാണെന്നാണ് അവര്‍ പറയുന്നത്. ഞാന്‍ എന്റെ അമ്മയോട് സംസാരിച്ചിട്ടില്ല. എന്റെ വിവരങ്ങള്‍ അറിയാതെ അവര്‍ മരണസമാനമായ അവസ്ഥയിലായിട്ടുണ്ടാകും. പത്രം വായിച്ചിട്ട് അഞ്ച് ദിവസമായി. ഡല്‍ഹി ആസ്ഥാനമായ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇവിടെ ഒരു ആഘോഷവുമില്ല ഞങ്ങള്‍ സന്തുഷ്ടരല്ല’ ബാരമുള്ളയില്‍ ജോലി ചെയ്യുന്ന സജ്ജാദ് എന്ന യുവാവിന്റെ വാക്കുകളാണിത്. ദി ഹിന്ദു പത്രത്തിലെ റിപ്പോര്‍ട്ടറോടാണ് ഇദ്ദേഹം രോഷം പ്രകടിപ്പിച്ചത്. ഒരാഴ്ചയായി അദ്ദേഹത്തിന് അമ്മയോട് സംസാരിക്കാന്‍ കഴിഞ്ഞിട്ട്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന കാശ്മീരില്‍നിന്നുള്ള ഇത്തരം പ്രതികരണങ്ങളാണ് ഇത്തരം റിപ്പോര്‍ട്ടുകളിലുള്ളത്.

കാശ്മീരിലെ ജനങ്ങള്‍ വലിയ രോഷത്തിലാണെന്നാണ് വിജെയ്ത സിങ്ങിന്റെ റിപ്പോര്‍ട്ടിലുള്ളത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമായിട്ടും പല പ്രദേശങ്ങളിലും ജനങ്ങള്‍ സുരക്ഷ സേനയുമായി ഏറ്റുമുട്ടുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

‘ഇന്ത്യയോടൊപ്പം നില്‍ക്കാനാണ് കാശ്മീര്‍ തീരുമാനിച്ചത്. എന്നാല്‍ തിങ്കളാഴ്ച ഇന്ത്യ ചെയ്തത് ഒരു സുഹൃത്ത് പിന്നില്‍നിന്നു കുത്തുന്നത് പോലെയാണ്’ മധ്യവയസ്‌കന്‍ പറഞ്ഞു.

ശ്രീനഗറിലെ പ്രദേശിക കേബിള്‍ ടിവികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിരിക്കുകയാണ്. ശ്രീനഗറില്‍ കര്‍ഫ്യൂ ഇല്ലെന്ന് ദേശീയ ടെലിവിഷന്‍ ചാനലുകള്‍ പറയുമ്പോഴും അവിടെ അതിശക്തമായ നിയന്ത്രണമാണ് നിലനില്‍ക്കുന്നത്.

ശ്രീനഗറിലെ ഹര്‍വീന്ദര്‍ കൗറിന് ഡല്‍ഹിയില്‍നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകയോട് പറയാനുണ്ടായിരുന്നത് താന്‍ ഇവിടെ സുഖമായിരിക്കുന്നുവെന്ന് തലസ്ഥാനത്തുള്ള മകനോട് പറയണമെന്നായിരുന്നു. എനിക്കൊരു മറ്റൊരു പ്രശ്‌നവുമില്ലെന്നും അവര്‍ മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞു. ഹര്‍വീന്ദര്‍ കൗറിന്റെ അഭ്യര്‍ത്ഥന വൈജൈത സിംങ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

പെട്രോള്‍ പമ്പുകള്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ ശ്രീനഗറിലെ തെരവുകളില്‍ ജനങ്ങളുമായി സംസാരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതാരാണ് എന്നായിരുന്നു ഒരു പ്രദേശ വാസിയുടെ മറുപടി.

ആശുപത്രികളില്‍ പോകുന്നതിന് പോലും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടനുഭവിക്കുകയാണെന്നായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന ആശുപത്രികളില്‍ പോലും കാര്യമായി രോഗികള്‍ ഇല്ലാത്ത സാഹചര്യമാണുളളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിങ്കളാഴ്ചയാണ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്. ഈദിനോടനുബന്ധിച്ച് നിരോധനാജ്ഞയില്‍ ഇളവ് വരുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍