UPDATES

ആധാറുമായി ബന്ധിപ്പിച്ച് വേതന വിതരണം; തൊഴിലുറപ്പ് പദ്ധതി തകര്‍ച്ചയിലേക്ക്

47.5 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ് ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം വിതരണം ചെയ്യാന്‍ സാധിച്ചത്

ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവതാളത്തിലാവുന്നതായി സൂചനകള്‍. ഗ്രാമീണ ജനതയുടെ ഉന്നമനത്തിന് ഏറ്റവും അനുയോജ്യ പദ്ധതികളില്‍ ഒന്ന് എന്ന് കഴിഞ്ഞ വര്‍ഷത്തെ ഐക്യരാഷ്ട്രസഭ മാനവവികസന റിപ്പോര്‍ട്ടില്‍ പ്രകീര്‍ത്തിക്കപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ഇന്ത്യയിലെ മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 47.5 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ് ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളു.

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിരിക്കുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് വേതനം എത്തുന്നത്. തൊഴിലുറപ്പ് വേതനം പോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിക്കാതിരിക്കുന്ന സാഹചര്യത്തിലാണ്, സുപ്രീം കോടതി വിധിയെ പോലും മറികടന്നുകൊണ്ട് നിരവധി സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്നാണ് മറ്റൊരു വിരോധാഭാസം.

വേതനം കൃത്യമായി വിതരണം ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിച്ചുവരികയാണെന്നും ഗ്രാമീണ വികസന സെക്രട്ടറി അമര്‍ജീത് സിന്‍ഹ പറയുന്നു. സെപ്തംബറിന് ശേഷം, അടുത്ത ഗഡു വേതനം വിതരണം ചെയ്യുന്നതിന് മുമ്പ് ഉപയുക്തത സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പരിശോധിക്കേണ്ടി വന്നതിനാലാണ് വിതരണത്തില്‍ താമസം നേരിട്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സംസ്ഥാനങ്ങള്‍ കൃത്യസമയത്ത് പ്രവര്‍ത്തിക്കാതിരിക്കുന്നതും കാലതാമസത്തിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ടുകളുടെ കാര്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

വേതന വിതരണത്തിലെ കാലതാമസം പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ ഒരു പ്രതിബന്ധമായി നിലനില്‍ക്കുകയാണ്. കാര്‍ഷിക വൃത്തിയ്ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും സമാന്തരമായി സ്ഥിരതയുള്ള ഒരു വരുമാനം എന്ന രീതിയിലാണ് ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയെ വീക്ഷിക്കുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷത്തിനിടയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വിതരണം ചെയ്യപ്പെട്ടതിന്റെ ഏറ്റവും മികച്ച നിരക്ക് രേഖപ്പെടുത്തപ്പെട്ടത് 2016-17 സാമ്പത്തിക വര്‍ഷത്തിലാണെങ്കിലും യുപിഎ സര്‍ക്കാരിന്റെ അവസാന രണ്ടു വര്‍ഷത്തില്‍ കൈവരിച്ച നേട്ടത്തിനെക്കാള്‍ വളരെ താഴെയാണിത്.

‘ഘടനാപരമായ പ്രശ്‌നങ്ങള്‍’ മൂലമാണ് വേതനവിതരണത്തില്‍ താമസം നേരിടുന്നതെന്ന് മുന്‍ ഗ്രാമീണ വികസന മന്ത്രി ജയറാം രമേശ് പറയുന്നു. അടിയന്തരശ്രദ്ധ ആവശ്യമുള്ള വിഷയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മോദി അധികാരത്തിലെത്തുന്നതിന് വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആധാറുമായി ബന്ധിപ്പിക്കുകയും വേതനം ബാങ്കുകള്‍ വഴി വിതരണം ചെയ്യുകയുമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രദേശകതലത്തില്‍ പണത്തിന്റെ ലഭ്യതയില്‍ വന്ന കുറവും ബാങ്കുകളുടെയും പോസ്റ്റ് ഓഫീസുകളുടെയും പ്രാപ്യത കുറവും വേതനപട്ടിക പൂര്‍ത്തീകരിക്കപ്പെടാത്തതുമാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ഇലക്ട്രോണിക് പണം കൈമാറ്റ സംവിധാനത്തിലൂടെ അടുത്ത വര്‍ഷം വേതനം കൃത്യമായി വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് സിന്‍ഹ പ്രതീക്ഷിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 75 ശതമാനം ആളുകള്‍ക്ക് കൃത്യമായി വേതനം വിതരണം ചെയ്യാന്‍ പറ്റും എന്ന അമിത പ്രതീക്ഷയാണ് അദ്ദേഹം വച്ചുപുലര്‍ത്തുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് നേരത്തെ അവതരിപ്പിച്ചതിനാല്‍ ഫണ്ടുകളും നേരത്തെ എത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൃഷിയിലും അനുബന്ധമേഖലയിലും 68 ശതമാനം ഫണ്ടുകളും ചിലവഴിക്കാന്‍ സാധിച്ചു എന്നത് മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഒരു രജതരേഖ.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കെത്തുന്ന തൊഴിലാളികളില്‍ 56 ശതമാനവും സ്ത്രീകളാണെന്നത് പ്രതീക്ഷ നല്‍കുന്ന മറ്റൊരു ഘടകമാണ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ കൂടുതല്‍ ജോലിക്കെത്തുന്ന പ്രവണത ശക്തമായി നിലനില്‍ക്കുന്നത്. കുടുംബത്തിന് ഒരു അധിക വരുമാനം എന്ന നിലയിലാണ് സ്ത്രീകള്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കാണുന്നത്. പക്ഷെ അവര്‍ക്ക് കൃത്യമായി വേതനം ലഭിക്കാതിരിക്കുന്ന പക്ഷം ഇവരുടെ ആവേശം നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും ഈ അഭിമാനപദ്ധതി തടസമില്ലാതെ മുന്നോട്ട് പോകുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തരശ്രദ്ധ ആവശ്യമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍