UPDATES

ട്രെന്‍ഡിങ്ങ്

വിദേശി യോഗയെക്കുറിച്ച് പഠിപ്പിക്കേണ്ടന്ന് ആര്‍എസ്എസ്; കോഴ്‌സ് തന്നെ നിര്‍ത്തലാക്കി നളന്ദ സര്‍വകലാശാലയുടെ പിന്തുണ

യോഗ ചരിത്രത്തെക്കുറിച്ചുള്ള ആര്‍എസ്എസിന്റെ ആഖ്യാനത്തിനു ഭീഷണിയാകുമെന്നു കരുതിയാണവര്‍ തനിക്കെതിരേ രംഗത്തു വന്നതെന്ന് യു എസ് പൗരയായ യോഗ അധ്യാപിക പടീഷ്യ സൗത്തോഫ്‌

താന്‍ പഠിപ്പിച്ചിരുന്ന ‘യോഗയുടെ ചരിത്രവും രാഷ്ട്രീയവും’ എന്ന കോഴ്‌സ് നിര്‍ത്തലാക്കാനുള്ള നളന്ദ സര്‍വകലാശാലയുടെ തീരുമാനത്തെ വിമര്‍ശിച്ചതിന് അവിടുത്ത മുന്‍ വിസിറ്റിംഗ് അദ്ധ്യാപികയായ പട്രീഷ്യ സൗത്തോഫിനോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ട സര്‍വകലാശാലയുടെ തീരുമാനം വിവാദമാകുന്നു.

ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ഏഷ്യന്‍ സ്റ്റഡീസിലെ ഗവേഷണ വിദ്യാര്‍ത്ഥി കൂടിയായ പട്രീഷ്യ യുഎസ് കാരിയാണ്. എന്നാല്‍ താന്‍ ക്ഷമാപണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്കിലൂടെ അവര്‍ പ്രതികരിച്ചു. ഭീഷണികളും ഭീഷണിപ്പെടുത്തുന്നവരേയും തനിക്ക് ഇഷ്ടമല്ലെന്ന് അവര്‍ സന്ദേശത്തില്‍ പറഞ്ഞു. ബിജെപി ദേശീയ സെക്രട്ടറി റാം മാധവാണ് സര്‍വകലാശാലയുടെ ആഭ്യന്തരപ്രശ്‌നം പരസ്യമാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബാധ്യതകള്‍ ഇല്ലെന്ന് കാണിക്കുന്ന രേഖകള്‍ ഹാജരാക്കാത്ത പക്ഷം പട്രീഷ്യയുടെ വേതനത്തിന്റെ അവസാനഗഢു നല്‍കില്ലെന്നാണ് സര്‍വകലാശാല പറയുന്നത്.

സെപ്തംബര്‍ ഒമ്പതിന് റാം മാധവിന്റെ ട്വീറ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അമര്‍ത്യ സെന്നിന്റെ നളന്ദ സര്‍വകലാശാലയില്‍ യോഗയുടെ രാഷ്ട്രീയം പഠിപ്പിക്കുന്നത് ഒരു വിദേശിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ഇപ്പോള്‍ കോഴ്‌സ് നിറുത്തലാക്കിയെന്നുമായിരുന്നു റാം മാധവിന്റെ ട്വീറ്റ്‌. എന്നാല്‍ ട്വീറ്റിലെ ചില വിവരങ്ങള്‍ അവാസ്ഥവമാണ്. 2016 നവംബര്‍ വരെ മാത്രമായിരുന്നു സെന്‍ സര്‍വകലാശാലയുടെ ബോര്‍ഡിന്റ അദ്ധ്യക്ഷനായിരുന്നത്‌. 2017 ജനുവരി മുതല്‍ മേയ് വരെയാണ് സൗത്തോഫ് അവിടെ പഠിപ്പിച്ചിരുന്നതെന്നു thewire.in ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മേയ് 19ന് താന്‍ സര്‍വകലാശാല വിടുമ്പോള്‍ അവരുടെ കരാര്‍ നിലവിലുണ്ടായിരുന്നവെന്നും അതിനാല്‍ താന്‍ സര്‍കലാശാലയിലെ ജീവനക്കാരി ആണെന്നും കരാര്‍ പുതുക്കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നതാണെന്നും സര്‍കലാശാലയ്ക്ക് അയച്ച മറുപടിയില്‍ സൗത്തോഫ് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടയില്‍ സര്‍വകലാശാല അവര്‍ക്ക് കരാര്‍ പുതുക്കി നല്‍കിയിരുന്നെങ്കിലും ആറ് ദിവസത്തിന് ശേഷം അത് പിന്‍വലിക്കുകയായിരുന്നു. സര്‍വകലാശാലയിലെ താക്കോലുകളും തിരിച്ചറിയല്‍ കാര്‍ഡും സിം കാര്‍ഡും താന്‍ തിരികെ നല്‍കിയതിനുശേഷം നിരവധി തവണ ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയെങ്കിലും അത് നല്‍കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറാവുന്നില്ലെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്.

വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും എന്നാല്‍ സര്‍വകലാശാല വിട്ടാലും ഓരോ അംഗങ്ങളും ഇവിടുത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് എന്നുമായിരുന്നു വൈസ് ചാന്‍സിലര്‍ സുനൈന സിംഗ് ടെലിഗ്രാഫ് പത്രത്തോട് പ്രതികരിച്ചത്. കോഴ്‌സ് നിറുത്താനുള്ള സര്‍വകലാശാലയുടെ തീരുമാനത്തെ ‘അക്കാദമിക് സ്വാതന്ത്ര്യത്തിലുള്ള കടന്നാക്രമണം’ എന്നാണ് സൗത്തോഫ് വിശേഷിപ്പിച്ചത്. പുതിയ ചാന്‍സിലര്‍ വിജയ ഭാസ്‌കറും വൈസ് ചാന്‍സിലര്‍ സുനൈന സിംഗും ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും യോഗ ചരിത്രത്തെ കുറിച്ചുള്ള ആര്‍എസ്എസിന്റെ അംഗീകൃത ആഖ്യാനത്തിന് ഭീഷണിയാവും ഈ കോഴ്‌സ് എന്നതിനാലാണ് അത് നിരോധിക്കാന്‍ അവര്‍ തയ്യാറായതെന്നും സൗത്തോഫ് ചൂണ്ടിക്കാണിക്കുന്നു. യോഗയുടെ പേരിലുള്ള രാഷ്ട്രീയത്തില്‍ തല്‍പരരായ ചാന്‍സിലര്‍ക്കും വൈസ് ചാന്‍സിലര്‍ക്കും തന്റെ സാന്നിധ്യം വ്യക്തിപരമായ ഭീഷണിയായി തോന്നിയിട്ടുണ്ടാകുമെന്നും അവര്‍ പറയുന്നു. തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും എന്നാല്‍ കടുത്ത ദേശീയവാദിയാണെന്നും വേദ ശാസ്ത്രത്തെ അടിസ്ഥാനമാക്കി ‘ശാസ്ത്രത്തിന്റെ ചരിത്രത്തില്‍’ കോഴ്‌സ് ആരംഭിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നതായും സിംഗ് തന്നോട് വെളിപ്പെടുത്തിയെന്നും സൗത്തോഫ് കാരവന്‍ ആനുകാലികത്തോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍