UPDATES

വിദേശം

ചലനശേഷിയില്ലാതെ പത്ത് വര്‍ഷം; ദയാവധ ഉത്തരവ് റദ്ദാക്കി ഫ്രഞ്ച് കോടതി

2008-ലാണ് കാര്‍ അപകടത്തില്‍പെട്ട് തലയ്ക്കു ഗുരുതരമായ ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട നിലയില്‍ ലാംബെര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫ്രാന്‍സില്‍ നിഷ്‌ക്രിയ ദയാവധത്തിന് വിധിക്കപ്പെട്ട വിന്‍സന്റ് ലാംബെര്‍ട്ടിന് ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഉപാധികള്‍ പുനസ്ഥാപിക്കണമെന്ന് ഫ്രഞ്ച് കോടതിയുടെ ഉത്തരവ്. അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഡോക്ടര്‍മാരോട് കോടതി ആവശ്യപ്പെട്ടു.

2008-ലാണ് കാര്‍ അപകടത്തില്‍പെട്ട് തലയ്ക്കു ഗുരുതരമായ ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട നിലയില്‍ ലാംബെര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ചികിത്സകൊണ്ട് ഒരു ഫലവുമില്ലെന്ന് 2013-ല്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചിലവേറിയ വിദഗ്ധ ചികിത്സകള്‍ അവസാനിപ്പിച്ച് ജീവന്‍ നിലനിര്‍ത്താനുള്ള പോഷണവും വെള്ളവും സംയുക്തമൂലകങ്ങളും മാത്രം മതിയെന്നായിരുന്നു മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം.
അതോടെ, വിന്‍സന്റിന്റെ ഭാര്യ റേച്ചലും എട്ടു സഹോദരങ്ങളില്‍ ആറുപേരും നിഷ്‌ക്രിയ ദയാവധം എന്ന നിര്‍ദേശത്തെ അംഗീകരിച്ചു. പക്ഷെ, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അതിനെ അതിശക്തമായി എതിര്‍ത്തു. ഡോക്ടര്‍മാരുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചു. എന്നാല്‍ 2015-ല്‍ ഫ്രാന്‍സിലെ പരമോന്നത കോടതി മാതാപിതാക്കളുടെ വാദം നിരാകരിച്ചു. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള യൂറോപ്യന്‍ കോടതിയുടെ ഗ്രാന്‍ഡ് ചേംബര്‍ അഞ്ചിനെതിരെ 12 വോട്ടുകള്‍ക്കാണ് നിഷ്‌ക്രിയ ദയാവധത്തിന് അംഗീകാരം നല്‍കിയത്.

ജീവന്‍ നിലനിര്‍ത്തുന്നതിന് ട്യൂബിലൂടെ ഉദരത്തിലേക്കു പോഷണവും ജലവും എത്തിക്കുന്നത് നിര്‍ത്തലാക്കി, ബോധം മറയുന്ന മുറയ്ക്ക് മരണം സംഭവിക്കട്ടെ എന്നാണ് കോടതി ഇത്തരവിട്ടിരുന്നത്. എന്നാല്‍ വിന്‍സന്റിന് ചലനശേഷി നഷ്ടപ്പെട്ടു എന്നതൊഴിച്ചാല്‍ രോഗമൊന്നുമില്ലെന്നും ആസന്നമരണനല്ലെന്നും മാതാപിതാക്കള്‍ വാദിച്ചു. ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാല്‍ ട്യൂബിലൂടെയാണ് ഉദരത്തിലേക്ക് പോഷണവും ജലവും എത്തിച്ചിരുന്നത്.

ഭാര്യയുടെയും ബന്ധുക്കളുടേയും അപേക്ഷ പരിഗണിച്ചാണ് വിന്‍സന്റിന്റെ ജീവന്‍ നിലനിര്‍ത്തുന്ന സാധാരണ ഉപാധികള്‍ പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അതോടെ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങേണ്ടതായിരുന്നു. മാതാപിതാക്കളുടെ പോരാട്ടം ഒന്നുകൊണ്ടുമാത്രമാണ് വീണ്ടും അദ്ദേഹത്തിന് ആയുസ്സ് നീട്ടിക്കിട്ടുന്നത്. വലിയ വിജയമാണിതെന്ന് കോടതിവിധി കേട്ട ശേഷം വിന്‍സന്റിന്റെ അമ്മ പ്രതികരിച്ചു.
അതേസമയം, ‘മെഡിക്കല്‍ ജുഡീഷ്യല്‍ സാഡിസമാണ്’ ഈ വിധിയിലൂടെ പുറത്തു വന്നതെന്ന് വിന്‍സന്റിന്റെ അമ്മാവന്‍ പ്രതികരിച്ചു. ‘അദ്ദേഹത്തെ പറഞ്ഞയക്കുകയെന്നാല്‍ സ്വതന്ത്രനാക്കുകയാണ്’ ചെയ്യുന്നതെന്ന് ഭാര്യ റേച്ചലും പറഞ്ഞു. ‘ദൈവത്തിന്റെ വരദാനമായ ജീവന്‍ നിലനിര്‍ത്താന്‍ നമുക്ക് എപ്പോഴും സാധിക്കട്ടെ’ എന്നാണ് പോപ് ഫ്രാന്‍സിസ് പ്രതികരിച്ചത്.

വിന്‍സന്റിന്റെ മാതാപിതാക്കളുടെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ഡോക്ടര്‍മാരും അദ്ദേഹത്തിന്റെ ഭാര്യയും തമ്മില്‍ നടന്ന സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ദയാവധമെന്ന തീരുമാനം കൈക്കൊണ്ടത് എന്ന് പറഞ്ഞിരുന്നു. കോടതി വിധി വന്നതോടെ പോഷണവും വെള്ളവും സംയുക്തമൂലകങ്ങളും നല്‍കി വിന്‍സന്റിന്റെ ജീവന്‍ നിലനിര്‍ത്തിയേക്കും.

Read More :ട്രംപിനെ ടാഗ് ചെയ്ത് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ്, “അലക്സാണ്ടര്‍ക്കും, ചെങ്കീസ് ഖാനുമൊക്കെ സാധിക്കാത്തതാണത്..”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍