UPDATES

നിയാംഗിരി കുന്നുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഹരിത നോബല്‍; ‘മാവോയിസ്റ്റും’ ‘ദേശദ്രോഹി’യുമായ പ്രഫുല്ല സാമന്തരയുടെ ജീവിതം

1990ല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം മേധ പട്കര്‍, എം സി മെഹ്ത, റഷീദ ബീ, ചമ്പാരന്‍ ശുക്ല, രമേഷ് അഗര്‍വാള്‍ എന്നീ ഇന്ത്യക്കാര്‍ക്ക് ലഭിച്ചിട്ടുണ്ട്

തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വിജയകരമായി ഒഴിവാക്കി ഒരു വര്‍ഷത്തിന് ശേഷം, ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭൂമിയിലുള്ള അവകാശം സ്ഥാപിച്ചെടുക്കുന്നതിന് നടത്തിയ ചരിത്രപരമായ നിയമപോരാട്ടം വിജയത്തിലെത്തിച്ച് ഒരു ദശാബ്ദത്തിന് ശേഷം, അങ്ങകലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ കയ്യടികളുടെയും ആഗോള അംഗീകാരത്തിന്റെയും നടുവില്‍ അദ്ദേഹം നിന്നു.

വേദാന്ത ഗ്രൂപ്പ് വിനാശകരമായ ഖനനം നടത്താന്‍ ശ്രമിച്ച നിയാംഗിരി കുന്നുകളിലെ ഡോംഗ്രിയ കോണ്ടുകളുടെ ഭൂഅവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ പ്രഫുല്ല സാമന്തരയുടെ ജീവിതം അടിത്തട്ടിലുള്ള അവകാശപ്പോരാട്ടങ്ങളുടെ ആഘോഷമാണ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച, ഹരിത നോബല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോള്‍ഡ്മാന്‍ പരിസ്ഥിതി സമ്മാനം നേടുന്ന ആറാമത്തെ ഇന്ത്യക്കാരനായി അദ്ദേഹം മാറി. 1990ല്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം മേധ പട്കര്‍, എം സി മെഹ്ത, റഷീദ ബീ, ചമ്പാരന്‍ ശുക്ല, രമേഷ് അഗര്‍വാള്‍ എന്നീ ഇന്ത്യക്കാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ ആറാമനായി സാമന്തര എത്തുന്നു.

പ്രകൃതി വിഭങ്ങള്‍ക്കും ഭൂഅവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ ദീര്‍ഘപാരമ്പര്യമാണ് പ്രഫുല്ലയ്ക്കുള്ളത്. നിരവധി തവണ അദ്ദേഹത്തിന് നേരെ വധഭീഷണിയുണ്ടായി. ‘മാവോയിസ്‌റ്റെ’ന്നും പിന്നെ പതിവുപോലെ ദേശവിരുദ്ധനെന്നും അദ്ദേഹം വിളിക്കപ്പെട്ടു. അദ്ദേഹത്തിനെതിരെ നിരവധി കേസുകളുമുണ്ട്.
‘….ഡോംഗ്രിയ കോന്ധ് ആദിവാസികളുടെ ഭൂഅവകാശങ്ങള്‍ ഉറപ്പാക്കുകയും ഭീമമായ ഒരു അലൂമിനിയം അയിര് ഖനയില്‍ നിന്നും നിയാംഗിരി കുന്നുകളെ സംരക്ഷിക്കുകയും ചെയ്ത 12 വര്‍ഷം നീണ്ട അദ്ദേഹത്തിന്റ ചരിത്രപരമായ നിയമ പോരാട്ട’ത്തിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് പ്രശംസാ പത്രത്തില്‍ പറയുന്നു.

അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പരാജയപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് പുരസ്‌കാരം ലഭിക്കുന്നത്. ‘വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണത്തിനും ശുദ്ധജലത്തിനും അടുക്കളയിലേക്കുള്ള വിറകിനും ഗ്രാമീണര്‍ ആശ്രയിക്കുന്ന ഡങ്കാദ്വേുല എന്ന ചെറിയ കുന്നില്‍, ഖനനം നടത്തുന്നതിനെ എതിര്‍ക്കുന്ന അഞ്ച് ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ ഒരു യോഗത്തില്‍ പങ്കെടുത്തതിന് ശേഷം 2016 ഏപ്രില്‍ ആറിന് കൊരാപുത്ത് ജില്ലയിലെ മാസിപുത്ത് ഗ്രാമത്തില്‍ നിന്നും ഞാന്‍ മടങ്ങുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു. ‘വേദാന്തയുടെ ഖനനത്തെ എതിര്‍ക്കുന്ന ഗ്രാമീണരുടെ യോഗങ്ങളില്‍ പങ്കെടുത്തുന്നതില്‍ നിന്നും എന്ന തടയുന്നതിനായി തട്ടിക്കൊണ്ടുപോകാനും എളുപ്പത്തില്‍ ഒഴിവാക്കാനുമായി വേദാന്ത കമ്പനി വാടകയ്‌ക്കെടുത്തത് എന്ന് കരുതുന്ന പത്ത് ചെറുപ്പക്കാരായ ഗുണ്ടകള്‍ വഴിയില്‍ വച്ച് ശ്രമിച്ചു,’ എന്ന് അദ്ദേഹം ഓര്‍ക്കുന്നു. എന്നാല്‍ വിവരമറിഞ്ഞ് ഗ്രാമീണര്‍ കൂട്ടത്തോടെ എത്തിയതോടെയാണ് അദ്ദേഹത്തെ വിട്ടയയ്ക്കാന്‍ അവര്‍ തയാറായത്.

അദ്ദേഹത്തിനെതിരായ ഭീഷണികള്‍ അവിടം കൊണ്ടും അവസാനിച്ചില്ല.

‘പിന്നീട്, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ പേരില്‍ അറിയപ്പെടുന്ന കുറേപേര്‍ അന്ന് ഉച്ചതിരിഞ്ഞ് കോരപുത്തിലെ ഹോട്ടലില്‍ എന്റെ മുറിയിലെത്തി ഭീഷണിപ്പെടുത്തി. ഡംഗദ്വേുല കുന്നിലെ വിനാശകരമായ കളിമണ്‍ ഖനനത്തെ പ്രതിരോധിക്കുന്ന പ്രാദേശിക ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും നല്‍കുന്നതിനെതിരെ അവര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കി. അപ്പര്‍ കൊലാബ് സംഭരണി മൂലം ഒരിക്കല്‍ കുടിയിറക്കപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുന്ന എന്റെ സജീവ പിന്തുണയേയും ഐക്യദാര്‍ഢ്യത്തെയും ബലംപ്രയോഗിച്ച് തടയാനാവില്ലെന്ന് ഉറച്ച മറുപടി ഞാന്‍ നല്‍കി. ഇവിടുത്തെ കളിമണ്‍ ഖനനം വീടുകളെയും ജീവനോപാധികളെയും നശിപ്പിക്കുമെന്ന് മാത്രമല്ല പ്രാദേശിക നീരൊഴുക്കുകളെ ബാധിക്കുകയും ചെയ്യും. ഇത് കൊലാബ് ജലസംഭരണിയിലെ ജലത്തെ മലിനപ്പെടുത്തുകയും അവിടുത്തെ ജലത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും,’ അദ്ദേഹം പറയുന്നു.

ഖനന ഭീമനായ വേദാന്തയെ പേരെടുത്ത് വിമര്‍ശിക്കാന്‍ അദ്ദേഹം മടിക്കുന്നില്ല. ‘എന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബോക്‌സൈറ്റ് നിക്ഷേപങ്ങള്‍ ഉള്ളതുമായ ഒഡീഷയിലെ മിക്ക ജില്ലകളിലൂടെയും ഞാന്‍ സഞ്ചരിക്കുമ്പോള്‍ വേദാന്ത കമ്പനിയും അവര്‍ വാടയ്‌ക്കെടുക്കുന്നവരും എന്ന് ഞാന്‍ വിശ്വസിക്കുന്ന ആളുകള്‍ എന്ന ശാരീരികമായി ആക്രമിക്കാന്‍ ആവര്‍ത്തിച്ച് ശ്രമിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് ഭരണകൂടങ്ങളുടെ ക്രിമിനല്‍വത്ക്കരണമല്ലാതെ മറ്റൊന്നുമല്ല ഇത്.’

തന്നെയും മറ്റ് സുഹൃത്തുകളെയും ശാരീരികമായി ആക്രമിക്കാന്‍ വേദാന്ത ശ്രമിക്കുന്നത് ഇത് നാലാമത്തെ തവണയാണെന്ന് അദ്ദേഹം പറയുന്നു.

2013ലെ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് ശേഷം, ഡോംഗ്രിയ ഗ്രാമസഭകള്‍ ഖനനം നിഷേധിച്ചതിന് ശേഷവും നിയംഗിരി കുന്നുകളിലെ ഖനനവുമായി മുന്നോട്ട് പോകാനാണ് ഒഡീഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ‘അതേ സമയത്ത്, നിയംഗിരി കുന്നുകളിലെ പോലീസ് അടിച്ചമര്‍ത്തല്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരികയും ചെയ്യുന്നു. വേദാന്ത കമ്പനിയുടെ ഖനനത്തെ ചെറുക്കുന്ന നിരപരാധികളായ ആദിവാസികളെ ഇരകളാക്കുകയും കള്ളക്കേസുകളുടെ പേരില്‍ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്യുന്നു. വിചാരണ കൂടാതെയുള്ള വധശിക്ഷകള്‍ വരെ നടന്നിട്ടുണ്ട്,’ എന്ന് അദ്ദേഹം പറയുന്നു.

തന്നെ മാവോയിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പറയുന്നു. ‘ജനാധിപത്യ സോഷ്യലിസത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നാണ് ഞാന്‍ പ്രചോദനം ഉള്‍ക്കൊണ്ടത്. മഹാത്മ ഗാന്ധി, ഡോ. രാംമനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണന്‍, ഡോ. ബാബ സാഹിബ് അംബേദ്കര്‍ എന്നിവരുടെ ആശയങ്ങളാണ് എന്നെ നയിക്കുന്നത്,’ പ്രഫുല്ല സമന്തര പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍