UPDATES

അവര്‍ ജനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു, എന്നാല്‍ ഒരു ഇന്ത്യക്കാരനെയും നിശബ്ദരാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല; രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് ഈ രാജ്യത്തെ 21-ാം നൂറ്റാണ്ടിലേക്കാണ് എത്തിച്ചത്. എന്നാല്‍ ഇപ്പോഴത്തെ നമ്മുടെ പ്രധാനമന്ത്രി പിന്നോട്ട് വലിച്ചു.

(കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം)

രാജ്യമെമ്പാടുമുള്ള ഇന്ത്യക്കാരെയും പോലെ ഞാനുമൊരു ആദര്‍ശവാദിയാണ്. ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടുമുള്ള ഗാഢമായ വിശ്വാസം മൂലം പതിമൂന്ന് വര്‍ഷം മുമ്പ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ഞാന്‍ ഈ രാജ്യത്തെ പലയിടങ്ങളിലും സഞ്ചരിക്കുകയും നിങ്ങളില്‍ പലരുമായി സംസാരിക്കാന്‍ ഭാഗ്യമുണ്ടാകുകയും ചെയ്തു. അപ്പോള്‍ എനിക്ക് മനസിലായി നിങ്ങളും എന്നെപ്പോലെ ആദര്‍ശവാദികളാണെന്ന്.

എന്നിരുന്നാലും രാഷ്ട്രീയപരമായ അഭിപ്രായഭിന്നതകള്‍ ഇന്ന് പലരെയും വേര്‍തിരിച്ച് നിര്‍ത്തുന്നു. ഇന്ന് രാഷ്ട്രീയം സത്യസന്ധതയും ദയയുമില്ലാത്ത മേഖലയാണെന്നാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ജനങ്ങളെ അടിച്ചമര്‍ത്താനും നിശബ്ദരാക്കാനും അധികാരരഹിതരാക്കാനുമുള്ള ഏറ്റവും നല്ല ആയുധമായി ഇന്ന് രാഷ്ട്രീയം മാറിയിരിക്കുന്നു. ഇന്ന് രാഷ്ട്രീയം ജനങ്ങളുടെ സേവനത്തിനായി ഉപയോഗിക്കപ്പെടുന്നില്ല. ജനങ്ങളുടെ ഉന്നമനത്തിനായല്ല, അവരെ ഞെരിച്ചമര്‍ത്താനാണ് ഇന്ന് രാഷ്ട്രീയം ഉപയോഗിക്കപ്പെടുന്നത്. അതിനൊരു അവസാനം കാണാന്‍ കോണ്‍ഗ്രസിനെ പഴമയുടെ പുതുരക്തമാക്കിയെടുക്കണം.

മുപ്പത്തിനാലാം വയസ്സില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ എനിക്ക് മുമ്പുള്ള തലമുറയെ നിരീക്ഷിച്ചുകൊണ്ടാണ് വന്നത്. ആഗോളതലത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മാന്യത ഉറപ്പാക്കുന്ന മികച്ച ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ ഭാഗമാകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഒറ്റയ്ക്ക് പോരാടാനാകാത്തവര്‍ക്ക് വേണ്ടിയാണ് നാം പോരാടുന്നത്. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ അന്തസത്ത തന്നെ നമ്മുടെ പാര്‍ട്ടിയുടെ വെളിച്ചമായിരുന്നു.

നിങ്ങള്‍ ജനങ്ങള്‍ അധികാരത്തിനൊപ്പം നില്‍ക്കാന്‍ അധികാരത്തെ വെല്ലുവിളിച്ചപ്പോള്‍ നിങ്ങള്‍ ആക്രമിക്കപ്പെട്ടു. നിങ്ങളെ ദുര്‍ബലപ്പെടുത്താന്‍ അവര്‍ നിങ്ങളോട് നുണകള്‍ പറയുകയും ചെയ്തു. കോണ്‍ഗ്രസ് ഈ രാജ്യത്തെ 21-ാം നൂറ്റാണ്ടിലേക്കാണ് എത്തിച്ചത്. എന്നാല്‍ ഇപ്പോഴത്തെ നമ്മുടെ പ്രധാനമന്ത്രി പിന്നോട്ട് വലിച്ചു. ഇതിനെല്ലാം കാരണക്കാരന്‍ ഒരാളാണ്. എല്ലാം അയാളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ആ മനുഷ്യനെ കരുത്തനാക്കാനായി നമ്മുടെ വിദേശനയത്തെ ഒരു കീറിപ്പറിഞ്ഞ വസ്ത്രമാക്കിയിരിക്കുന്നു.

അവര്‍ നമ്മെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ നമ്മള്‍ പിന്നോട്ടടിച്ചാല്‍ മാത്രമേ അവര്‍ക്കതിന് സാധിക്കുകയുള്ളൂ. അവര്‍ക്ക് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കുക. എല്ലാ ഇന്ത്യക്കാരുടെയും ശബ്ദത്തെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഒരു ഇന്ത്യക്കാരനെയും നിശബ്ദമാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. മഹത്തായ നമ്മുടെ രാജ്യത്തിന്റെ ഓരോ കോണില്‍ നിന്നുമുള്ള നമുക്കിടയില്‍ ചര്‍ച്ച നടത്തുന്ന ഒരു ഉപകരണമായി കോണ്‍ഗ്രസിനെ മാറ്റണമെന്നാണ് എന്റെ ആഗ്രഹം. നമ്മുടെ ചര്‍ച്ചകള്‍ വെളിച്ചത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനത്തിലാകണം.

ഇന്ത്യയില്‍ എല്ലായ്‌പോഴും രണ്ട് ആശയങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലാണ്. അത് അവനവന് വേണ്ടി എന്ന ആശയവും മറ്റുള്ളവര്‍ക്ക് വേണ്ടി എന്ന ആശയവുമാണ്. അവരവര്‍ക്ക് വേണ്ടി പോരാടുന്നവരാണ് ബിജെപിക്കാര്‍. സമൂഹത്തിന് സേവനം നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ നയം. നിങ്ങള്‍ ഒരിക്കല്‍ വെടിക്കെട്ട് തുടങ്ങിയാല്‍ പിന്നീട് അത് നിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് എനിക്ക് ബിജെപിയോട് പറയാനുള്ളത്. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്റെ കുടുംബാംഗങ്ങളാണ്. കോണ്‍ഗ്രസ് എന്നത് പുരാതനമായ ഒരു ആശയമാണ്. ബിജെപിയാണ് ലോകത്തിലെ ഏറ്റവും പുരാതനമായ ആശയമെന്ന് അവര്‍ കരുതുന്നു. പതിവ് പോലെ ഇതൊരു നുണയാണ്. ബിജെപിയുമായി രാഷ്ട്രീയ യോജിപ്പില്ലെങ്കിലും നമ്മള്‍ അവരെ സഹോദരരായാണ് കണക്കാക്കുന്നത്. വെറുപ്പിനെ വെറുപ്പുകൊണ്ടല്ല ഞങ്ങള്‍ നേരിടുന്നത്. അവര്‍ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നു എന്നാല്‍ ഞങ്ങള്‍ ഏറ്റവും ദുര്‍ബലരായവരെ പാടാന്‍ അനുവദിക്കുന്നു. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും സ്‌നേഹത്തോടെ മാത്രമേ ഏത് വെല്ലുവിളിയെയും നേരിടൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍