UPDATES

ട്രെന്‍ഡിങ്ങ്

റാം റഹീം എന്ന വോട്ട് ബാങ്ക്; ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ പ്രിയപ്പെട്ടവന്‍

പഞ്ചാബ് , ഹരിയാന രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ളയാളാണ് ബാബ റാം റഹീം

സ്വയം പ്രഖ്യാപിത ആള്‍ ദൈവം ബാബ ഗുര്‍മിത് റാം റഹിം ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന കോടതി വിധി വന്നതോടെ ഉടലെടുത്ത അക്രമ പരമ്പരകളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ വാഗ്വാദങ്ങളും പടരുകയാണ്. എന്നാല്‍ അക്രമ സംഭവങ്ങളെ അപലപിക്കുന്നവര്‍ പോലും റാം റഹീമിനെതിരേ ശബ്ദിക്കുമെന്നു കരുതേണ്ടതില്ല. കാരണം, പഞ്ചാബ് , ഹരിയാന രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ളയാളാണ് ബാബ റാം റഹീം.

ഇപ്പോള്‍ ഉയരുന്നതുപോലെ ബിജെപിയുടെ പിന്തുണ മാത്രമല്ല, കോണ്‍ഗ്രസും റാം റഹീമിന്റെ ‘ അനുഗ്രഹം’ നേടിയിട്ടുള്ളവരും തേടുന്നവരുമാണ്. തെരഞ്ഞെടുപ്പുകളില്‍ കിട്ടുന്ന ഒരു സഹായവും വേണ്ടെന്നു വയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകില്ല; അപ്പോള്‍ കോടികള്‍ അനുയായികളുള്ള ഒരാളെ പിണക്കാന്‍ ആരു തയ്യാറാകുമെന്നു കൂടി ചിന്തിക്കണം.

ഇന്നലെ കോടതി വിധി വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തുടങ്ങിയവരൊക്കെ അക്രമസംഭവങ്ങളെ അപലപിച്ചിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ ബാബ റാം റഹീമിനെതിരേ ഒരു വാക്ക് പോലും ഇവരില്‍ ആരില്‍ നിന്നും ഉണ്ടായില്ലെന്നു മാത്രമല്ല പിന്തുണയ്ക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്തു. ദൈവമായ റാം റഹീമിനെ ശിക്ഷിക്കാന്‍ കോടതിക്ക് എന്ത് അധികാരമെന്നു ചോദിച്ച ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവന നോക്കുക. ഇപ്പോള്‍ ഹരിയാന മുഖ്യമന്ത്രി പറയുന്നത് അക്രമം നടത്തുന്നത് ദേര സച്ച അനുയായികളല്ല, അവര്‍ക്കിടയില്‍ നുഴഞ്ഞു കയറിയ ക്രിമിനലുകളാണെന്നാണ്. ഹരിയാന വിദ്യാഭാസ മന്ത്രി റാം ബിലാസ് ശര്‍മ പ്രതികരിച്ചത് പഞ്ചകുളയിലെ ദേര അനുയായികള്‍ സമാധാനപ്രിയരും സ്‌നേഹസമ്പന്നരുമാണെന്നാണ്.

ഇന്നലെ ശിക്ഷ വിധിച്ചശേഷം റാം റഹീമിനെ കൊണ്ടുപോയത് പൊലീസ് ഗസ്റ്റ് ഹൗസിലേക്ക്. അതും ഹെലികോപ്റ്ററില്‍. വൈകുന്നേരം മാത്രമാണു റോക്‌തോക്കിലെ ജയിലിലേക്കു മാറ്റിയത്. ജയിലില്‍ വി ഐ പി ട്രീറ്റ്‌മെന്റാണ് ഒരുക്കിയിരിക്കുന്നത്. കുടിക്കാന്‍ മിനറല്‍ വാട്ടര്‍, കൂടെ ഒരു സഹായി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ജയിലില്‍ റാം റഹീമിനു വേണ്ടി ഒരുക്കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസ് ഉന്നതോദ്യോഗസ്ഥര്‍ ഇവ നിഷേധിക്കുകയാണ്.

റാം റഹീം എന്ന വോട്ട്ബാങ്ക്
ദേര സച്ച സൗദ അനുയായികളില്‍ പ്രധാനികള്‍ ദളിതര്‍ ആണെങ്കിലും സിഖ്, മുസ്ലിം, ക്രിസ്ത്യന്‍ മത വിശ്വാസികളുടെ എണ്ണവും വളരെയേറെയുണ്ട്. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നാണ് ദേര സച്ച പറയുന്നതെങ്കിലും 2007 ല്‍ അവര്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സ് വിംഗ്(പിഎഡബ്ല്യു) ആരംഭിച്ചിരുന്നു. ഈ വിംഗാണ് അനുയായികള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന നിര്‍ദേശം നല്‍കുന്നത്. ഹരിയാനയിലും പഞ്ചാബിലും ധാരാളം സീറ്റുകളില്‍ ആരു ജയിക്കണം എന്നു നിശ്ചയിക്കാന്‍ ദേര സച്ചയ്ക്ക് കഴിയും. ഈ യാഥാര്‍ത്ഥ്യം സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയാം. അവരതനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നു. അതേസമയം തന്റെ വില മനസിലാക്കി റാം റഹീമും കളിക്കുന്നു. ആരെയൊക്കെ കൊണ്ട് എപ്പപ്പോള്‍ പ്രയോജനമുണ്ടെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു.

ദൈവത്തെ അനുസരിക്കുന്ന ഭക്തര്‍
ഹരിയാന, പഞ്ചാബ്, മഹരാഷ്ട്ര എന്നിവിടങ്ങളിലായി മൂന്നു ദേരകളാണ് ഉള്ളത്. പലയിടങ്ങളിലായി അഞ്ചുകോടിയോളം അനുയായികള്‍ ഉണ്ട്. ബാബ റാം റഹീം ഇവരെ സംബന്ധിച്ച് ദൈവമാണ്. ബാബയുടെ നിര്‍ദേശങ്ങള്‍ അവര്‍ അനുസരണയോടെ സ്വീകരിക്കുന്നു.

"</p

ഈ ഭക്തരെ കണ്ടു തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ബാബ റാം റഹീമിനെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ മത്സരിക്കുന്നത്. ഇതിന്റെ ഭാഗമായി പാര്‍ട്ടികളും സര്‍ക്കാരുമൊക്കെ നടത്തുന്ന കളികള്‍ പലവിധമാണ്. കഴിഞ്ഞ മേയ് മാസത്തില്‍ യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബാബ റാം റഹീമിന്റെ പേര് ദ്രോണാചാര്യ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിരുന്നു. കായിക പരിശീലകര്‍ക്ക് രാജ്യം നല്‍കുന്ന ഉന്നത ബഹുമതിയാണ് ദ്രോണാചാര്യ പുരസ്‌കാരം. ഹരിയാന കായിക മന്ത്രി അനില്‍ വിജി സിര്‍സയിലെ ദേര സന്ദര്‍ശിക്കുകയും സര്‍ക്കാരിന്റെ അമ്പതുലക്ഷം രൂപയുടെ ഗ്രാന്റ് പ്രഖ്യാപിക്കുകയും ചെയ്തു. ബാബ പരമ്പരാഗത കായിക ഇനങ്ങള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചായിരുന്നു അരക്കോടിയുടെ സര്‍ക്കാര്‍ ഗ്രാന്റ്.

ഇപ്പോള്‍ ബാബ ബിജെപിക്കൊപ്പം
കോണ്‍ഗ്രസ് ബാബയുടെ സഹായം പലഘട്ടങ്ങളിലായി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് ഉപകാരം കിട്ടുന്നത്(മറിച്ചും) ബിജെപിക്കാണ്. 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഹരിയാന തൂത്തുവാരിയപ്പോള്‍ ബാബയുടെ അകമഴിഞ്ഞ പിന്തുണ അതിനുണ്ടായിരുന്നു. ഹരിയാന ബിജെപി തലവന്‍ കൈലാഷ് വിജയവര്‍ജിയയായുടെ നേതൃത്വത്തില്‍ 44 സ്ഥാനാര്‍ത്ഥികളും ‘പിതാജീ’യുടെ അനുഗ്രഹം തേടി ദേരയില്‍ എത്തിയതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഉണ്ടായിരുന്നു. ബിജെപിയുടെ ആഗ്രഹം ബാബ സ്വീകരിക്കുകയും തന്റെ അനുയായികളോട് മോദിക്ക് പിന്നില്‍ അണിനിരക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഹരിയാനയില്‍ എത്തിയ മോദി പല വേദികളിലും ബാബ റാം റഹീമിനെ തനിക്കൊപ്പം പ്രചരിപ്പിച്ചിരുന്നു. പിന്നീട് സ്വഛ് ഭാരത് മൂവ്‌മെന്റിന്റെ പേരില്‍ ബാബയുടെ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്്തിരുന്നു.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മാരണയെന്നോണം ചെയ്ത കാര്യങ്ങളില്‍ ഒന്നായിരുന്നു ബാബ റാം റഹീം സിംഗിന് ഒരുക്കിയ ഇസഡ്-പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷ.

ഈ വര്‍ഷം പഞ്ചാബ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പക്ഷേ ബാബയുടെ അനുഗ്രഹം ബിജെപിക്ക് അനുകൂലമായില്ല. അകാലിദള്‍-ബിജെപി സഖ്യത്തിനായിരുന്നു റാം റഹീം പിന്തുണ നല്‍കിയതെങ്കിലും ജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു(മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് ബാബയുടെ പ്രത്യേക അനുഗ്രഹം ഉണ്ടായിരുന്നു). 2007 കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ബാബ ആഹ്വാനം ചെയ്തപ്പോള്‍ പഞ്ചാബിന്റെ ഭരണം അകാലിദള്‍-ബിജെപി കൊണ്ടുപോയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍