UPDATES

ദേശീയ സ്‌കൂള്‍ മീറ്റ്; പതിനെട്ടാം തവണയും കേരളം ഓവറോള്‍ ചാമ്പ്യന്‍മാര്‍

അഴിമുഖം പ്രതിനിധി

റാഞ്ചിയില്‍ നടന്ന അറുപതാമത്‌  ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്മാര്‍. 36 സ്വര്‍ണവും 26 വെള്ളിയും 24 വെങ്കലവുമടക്കം 212 പോയന്റുമായാണ് കേരളം തുടര്‍ച്ചയായ 18 ാം വട്ടവും കിരീടത്തില്‍ മുത്തമിട്ടത്. തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്ക് മൂന്നാംസ്ഥാനം. 400 മീറ്റര്‍ ഹര്‍ഡില്‍സിലെയും റിലേയിലെയും സ്വര്‍ണവേട്ടയാണ് വ്യാഴാഴ്ച കേരളത്തിന്റെ മുന്നേറ്റത്തിന് ഊര്‍ജ്ജമായത്. കേരളത്തിന്റെ ജിസ്‌ന മാത്യു ട്രിപ്പിള്‍ സ്വര്‍ണം നേടി.

വ്യാഴാഴ്ച്ച നടന്ന ജൂനിയര്‍ പോള്‍വോട്ടില്‍ ഉത്തര്‍പ്രദേശിന്റെ ധീരേന്ദ്രകുമാര്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ എം.വി. വര്‍ഷ, സീനിയര്‍ പോള്‍വോട്ടില്‍ ചാക്കോ തോമസ്, 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയ്, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡൈബി സെബാസ്റ്റ്യന്‍, 110 മീറ്റര്‍ ഹര്‍ഡില്‍ മുഹമ്മദ് ഹഫ്‌സീര്‍, സീനിയര്‍ ഹൈജംപില്‍ മനു ഫ്രാന്‍സീസ്, സീനിയര്‍ ട്രിപ്പിള്‍ ജംപില്‍ വിനിജ വിജയന്‍ എന്നിവരാണ് വ്യാഴാഴ്ച കേരളത്തിനായി സ്വര്‍ണ നേട്ടം കൈവരിച്ചത്. 4×400 മീറ്റര്‍ റിലേയില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ സ്വര്‍ണം സ്വന്തമാക്കി.

5,000 മീറ്റര്‍ ഓട്ടത്തില്‍ എല്‍. സുകന്യ, 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ. റിതിക, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഓംകാരനാഥ്, ജൂനിയര്‍ ഹാമര്‍ത്രോയില്‍ ഇ. നിഷ എന്നിവരാണ് വെള്ളി നേടിയത്. 5,000 മീറ്റര്‍ ഓട്ടത്തില്‍ ഷെറിന്‍ ജോസ്, ജൂനിയര്‍ ലോങ്ജംപില്‍ ഡിഫ്‌ന ജോസ്, 100 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയറില്‍ സി.എസ്. മുംതാസ്, സീനിയറില്‍ സൗമ്യ വര്‍ഗീസ്, ജൂനിയര്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ. ഷംനാസ്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡി. ശ്രീകാന്ത്, സീനിയര്‍ ട്രിപ്പിള്‍ ജംപില്‍ ഇ.ആര്‍. രഞ്ജിക എന്നിവരാണ് വെങ്കലം സ്വന്തമാക്കിയത്.

തുടര്‍ച്ചയായ 17 വര്‍ഷങ്ങള്‍ കീരീടം മറ്റാര്‍ക്കും വിട്ടു കൊടുക്കാഞ്ഞ കേരളം റാഞ്ചിയിലെ പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ചാണ് ഇക്കുറിയും തങ്ങളുടെ ആധിപത്യം നിലനിര്‍ത്തിയത്. ഇക്കുറി ട്രാക്കിലും ഫീല്‍ഡിലും ഒരു പോലെ മികവ് പുലര്‍ത്തി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിന്റെ അഭിമാനതാരങ്ങള്‍  വിജയപഥത്തിലേറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍