UPDATES

ട്രെന്‍ഡിങ്ങ്

വൃദ്ധരായ അറബികള്‍ക്ക് വിവാഹ ഇരകളായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍; ‘ഷെയ്ഖ് മാരേജ് റാക്കറ്റ്’ പൊലീസ് പിടിയില്‍

ഇടനിലക്കാരായി ബ്രോക്കര്‍മാര്‍, പെണ്‍കുട്ടികള്‍ക്ക് വില മൂന്നു മുതല്‍ പത്തുലക്ഷം വരെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒമാനില്‍ നിന്നുള്ള വൃദ്ധനായ ഷെയ്ഖ് വിവാഹം ചെയ്ത കേസിന്റെ പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു വലിയ വിവാഹ മാഫിയ സംഘം ഹൈദരാബാദില്‍ അറസ്റ്റിലായി. അഞ്ച് ഒമാന്‍ പൗരന്മാര്‍, മൂന്ന് ഖത്തര്‍ പൗരന്മാര്‍ എന്നിവരെയും മുംബൈയിലെ മുതിര്‍ന്ന ഖ്വാസി ഫരീദ് അഹമ്മദ് ഖാന്‍ അടക്കം മൂന്നു ഖ്വാസികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിവാഹ റാക്കറ്റിന്റെ ബ്രോക്കര്‍മാരായി പ്രവര്‍ത്തിക്കുന്ന 35 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഹൈദരാബാദില്‍ നിന്നും ഗള്‍ഫ് വരെ നീണ്ടു കിടക്കുന്നൊരു വന്‍ ശൃംഖലയാണ് ഇവരെന്നും പൊലീസ് പറയുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

നഗരത്തിലെ രണ്ടു കേന്ദ്രങ്ങള്‍ ഞങ്ങള്‍ റെയ്ഡ് ചെയ്തു. 20 പേരെ പിടികൂടി. ഈ സംഘത്തില്‍ അകപ്പെട്ടുപോയൊരു പെണ്‍കുട്ടിയില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ അനുസരിച്ചായിരുന്നു റെയ്ഡ്. അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍ മൂന്നു മതപുരോഹിതന്മാരും ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ മുംബൈയില്‍ നിന്നുള്ള മുതിര്‍ന്ന ഖ്വാസിയാണ്. വ്യാജ വിവാഹ രേഖകളും നിഖാമയും തയ്യാറാക്കി കൊടുക്കുന്നത് ഇവരാണ്. വിവരം തന്ന പെണ്‍കുട്ടിയെ മതപുരോഹിതന്മാര്‍ ഉള്‍പ്പെടെ അവിടെയുണ്ടായിരുന്നവര്‍ ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഈ കുട്ടിയെ കൂടാതെ 12 ഓളം മറ്റു പെണ്‍കുട്ടികളെയും ഇവര്‍ കുരുക്കിലാക്കി വച്ചിരുന്നു. പോക്‌സോ അടക്കമുള്ള വിവി വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്; ഹൈദരാബാദ് പൊലീസ് കമ്മിഷണര്‍ എം മഹേന്ദ്ര റെഡ്ഡി ന്യൂസ് 18 നോട് പറഞ്ഞു.

ദരിദ്ര കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഈ സംഘം ലക്ഷ്യമിട്ടിരുന്നത്. ഗള്‍ഫില്‍ കൊണ്ടുപോകാമെന്നും സുഖകരമായ ജീവിതം കിട്ടുമെന്നൊക്കെ വിശ്വസിപ്പിച്ചാണ് കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്. പെണ്‍കുട്ടികള്‍ക്കു വേണ്ടി മൂന്നു മുതല്‍ 10 ലക്ഷം വരെ തുക മുടക്കാന്‍ അറബികള്‍ തയ്യാറാകും. ഇതില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും ഖ്വാസിമാരും ബ്രോക്കര്‍മാരും കൈവശപ്പെടുത്തുകയും ചെയ്യും; ഹൈദരാബാദ് ഡെപ്യൂട്ടി കമ്മിഷണര്‍ വി സത്യനാരായണ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ 16 കാരിയെ വിവാഹം കഴിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച 77 കാരനായ ഒമാന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിന് ഒത്താശ ചെയ്ത പുരോഹിതനെയും പിടികൂടിയിരുന്നു. അന്ന് അഞ്ചു ലക്ഷം രൂപ വിലയിട്ടാണ് വൃദ്ധന്‍ പെണ്‍കുട്ടിയെ വാങ്ങിയത്. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വന്‍സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം കിട്ടുന്നത്.

ചെറിയ പെണ്‍കുട്ടികളെ തേടി ഇവിടെയെത്തുന്ന അറബ് പൗരന്മാര്‍ക്ക് വേണ്ട സഹായം ഒരുക്കുന്നത് പ്രാദേശിക ബ്രോക്കര്‍മാരാണ്. നിര്‍ദ്ധനരായ മാതാപിക്കളുമായി അറബികള്‍ക്കു വേണ്ടി ആശയവിനിമയം നടത്തുന്നത് ബ്രോക്കര്‍മാരാണ്. ദാരിദ്ര്യം തന്നെയാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. അറബി വാഗ്ദാനം ചെയ്യുന്ന ലക്ഷങ്ങള്‍ നിഷേധിക്കാന്‍ പല മാതാപിതാക്കള്‍ക്കും കഴിയാറില്ല. പക്ഷേ പറയുന്ന പണം അവര്‍ക്ക് കിട്ടാറുമില്ല. വന്‍ ലാഭമാണ് ഇതിനിടയില്‍ നിന്നും ബ്രോക്കര്‍മാര്‍ കൊയ്യുന്നത്.

പെണ്‍കുട്ടികള്‍ ഉള്ള പാവപ്പെട്ട കുടുംബങ്ങള്‍ ബ്രോക്കര്‍മാര്‍ നേരത്തെ തന്നെ കണ്ടുവയ്ക്കും. വീട്ടുകാരുമായി ഒരു ബന്ധവും ഇവര്‍ സ്ഥാപിച്ചിരിക്കും. ഇതുവച്ച് പല വാഗ്ദാനങ്ങളും നല്‍കി പെണ്‍കുട്ടികളെ തങ്ങളുടെ കൂടെ വിടാന്‍ മാതാപിതാക്കളെ നിര്‍ബന്ധിതരാക്കും.

തങ്ങളുടെ ക്ലൈന്റുകളായ അറബികളെ ബ്രോക്കര്‍മാര്‍ മൂന്നുവിഭാഗമായി തിരിച്ചിട്ടുണ്ട്. ആദ്യത്തെ വിഭാഗം ഓട്ടോവാല, രണ്ടാമത്തേത് അംബാസിഡര്‍ കാര്‍വാല. ഇവരെ ചാര്‍മിനാറിലും മറ്റുമുള്ള ലോക്കല്‍ ഹോട്ടലുകള്‍ പാര്‍പ്പിക്കും. മൂന്നാമത്തെ വിഭാഗം ഇന്നോവവാല. ഇവര്‍ക്കായി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മുറിയൊരുക്കും. ഓരോ വിഭാഗത്തിലുള്ളവരുടെയും സാമ്പത്തിക സ്ഥിതി നോക്കിയാണ് പെണ്‍കുട്ടികളെ നല്‍കുന്നത്.

പിന്നീട് വ്യാജ രേഖകളും ജനനസര്‍ട്ടിഫിക്കറ്റും ഉപയോഗിച്ച് പാസ്‌പോര്‍ട്ടും വീസയും സംഘടിപ്പിച്ചു വയ്ക്കും. ഇതുപയോഗിച്ചാണ് കുട്ടികളെ കയറ്റി വിടുന്നത്. അറബികളെ പെണ്‍കുട്ടികളെ കാണിക്കുന്നത് ബ്രോക്കര്‍മാരുടെ സ്വന്തം വീട്ടില്‍ വച്ചോ ലോഡ്ജുകളില്‍ വച്ചോ ആയിരിക്കും.

ഈ റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ലോഡ്ജ് ഉടമകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രോക്കര്‍മാര്‍,ഖ്വാസികള്‍, ലോഡ്ജ് ഉടമകള്‍ ഉള്‍പ്പെടെ 48 പേരെ പൊലീസ് തിരയുന്നുമുണ്ട്.

നിയമപ്രകാരം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. അതേപോലെ വ്യാജവിവാഹങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് ഉപദേശങ്ങളും നല്‍കുന്നുണ്ട്. എങ്കിലും വിവാഹ റാക്കറ്റിനെ ഇല്ലാതാക്കാന്‍ ഈ നടപടികളൊന്നും മതിയാവില്ലെന്നും പൊലീസ് വിശ്വസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍