UPDATES

ട്രെന്‍ഡിങ്ങ്

വിദര്‍ഭയില്‍ കീടനാശിനി പ്രയോഗം; ഒരുമാസത്തിനുള്ളില്‍ മരണം 20, നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

കീടനാശിനി പ്രയോഗം 600ല്‍ ഏറെ ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാരകമായ കീടനാശിനി പ്രയോഗത്തിനിടെ 20 കര്‍ഷകത്തൊഴിലാളികള്‍ മരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കീടനാശിനി പ്രയോഗം നടത്തിയ ഉടന്‍ തന്നെ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രതിദിനം 200-250 രൂപ കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളാണ് മാരകമായ വിഷത്തിന്റെ ഇരകളായി മാറിയിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുപത് മരണങ്ങളില്‍ ആദ്യത്തേത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ കീടനാശിനി പ്രയോഗം 600ല്‍ ഏറെ ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച വിളയ്ക്ക് കീടനാശിനി പ്രയോഗം നടത്തിയ 29കാരനായ ഇന്ദര്‍ റാത്തോഡിന്റെ കാഴ്ച ഏതാനും സമയത്തിനുള്ളില്‍ നഷ്ടപ്പെട്ടു. മുന്ന് കുഞ്ഞുങ്ങളുടെയും ഭാര്യയുടെയും ഏക ആശ്രയമായ റാത്തോഡ് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ ദിവസം തന്നെ കീടനാശിനി പ്രയോഗം നടത്തിയ 39കാരന്‍ ബ്രഹ്മാനന്ദ് ഭൗമികിന്റെ കാഴ്ചശക്തിയും നഷ്ടമായിട്ടുണ്ട്.

കാഴ്ചിയിലുള്ള മങ്ങല്‍, ശര്‍ദ്ദി, തെലിപ്പുറത്തെ ചൊറി, തലവേദന, തലകറക്കം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച 100 ഏറെ കര്‍ഷകര്‍ ഇപ്പോള്‍ യാവത്മാലിലെ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാന തലസ്ഥാനമായ മുംബെയില്‍ നിന്നും 670 കിലോമീറ്റര്‍ അകലെയുള്ള യാവത്മാലിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത്. അവിടുത്തെ ജനങ്ങള്‍ക്ക് മറ്റൊരു ആഘാതമായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ ദുരന്തം.

മരുന്നടിക്കുന്നതിന് ഉപയോഗിക്കുന്ന പുതിയ യന്ത്രങ്ങളും കേന്ദ്ര കീടനാശിനി ബോര്‍ഡിന്റെ ചട്ടങ്ങള്‍ ലംഘിച്ചതുമാണ് ദുരന്തകാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ കമ്പോളത്തില്‍ ലഭ്യമാകുന്ന പല കീടനാശിനികളുടെയും ബാധയ്ക്ക് മതിയായ പ്രതിവിധികള്‍ ഇല്ലെന്ന് ഡോ. പഞ്ചാബ്രോ ദേശ്മുഖ് കാര്‍ഷീക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ശരദ് നിംബാല്‍ക്കര്‍ ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ചികിത്സിക്കാനാണ് പല കീടനാശിനികളിലും എഴുതിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ തക്കസമയത്ത് ഇടപെടാന്‍ സാധിച്ചില്ലെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഗുരുതരമായ സ്ഥിതിവിശേഷത്തെ കുറിച്ച് യഥാസമയം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുന്നതില്‍ ജില്ല ഭരണകൂടം പരാജയപ്പെട്ടതായി മഹാരാഷ്ട്ര കൃഷി മന്ത്രി പാണ്ഡുരംഗ ഫണ്‍കാര്‍ പിടിഐയോട് സമ്മതിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മരിച്ച കര്‍ഷകര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ സംരക്ഷണ ഉപകരണങ്ങളിലാതെ കീടനാശിനികള്‍ വിറ്റ അഞ്ച് സ്വകാര്യ കൃഷി സേവ കേന്ദ്രങ്ങളുടെ ഉടമസ്ഥര്‍ക്കെതിരെ കേസെടുക്കും.

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കീടനാശിനി കമ്പനികള്‍ക്കുമെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ മുംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് വെള്ളിയാഴ്ച നോട്ടീസ് പുറപ്പെടുവിച്ചു. ഇതൊരു ഗുരുതര സാഹചര്യമാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ ദേവാനന്ദ് പവാര്‍ പറഞ്ഞു. ദുരിതാശ്വാസം പ്രദാനം ചെയ്യേണ്ട സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍