UPDATES

റോബര്‍ട്ട് വധേര- ജയ് ഷാ; ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭീതിദമായ താരതമ്യങ്ങള്‍, വ്യത്യാസങ്ങളും

വധേരയുടെ പിന്നാലെ പോയ മാധ്യമങ്ങളെ ജയ്ഷായുടെ പിന്നില്‍ ഇന്നലെ കണ്ടില്ല; 100 കോടി രൂപയുടെ ക്രിമിനല്‍, അപകീര്‍ത്തി കേസ് കാട്ടി വധേര ഒരു മാധ്യമ സ്ഥാപനത്തെയും ഭീഷണിപ്പെടുത്തിയില്ല

യുപിഎ ഭരണകൂടത്തിന്റെ കാലത്ത് റോബര്‍ട്ട് വധേര തന്റെ വ്യാപാര മേഖല വികസിപ്പിച്ചതും അമിത് ഷായുടെ പുത്രന്‍ ജയ് ഇപ്പോള്‍ ചെയ്യുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? ദ വയര്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെ ജയ് ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തിക്ക് വിധേയനായിട്ടുണ്ടോ? സര്‍വോപരി, ഇത്തരം വെളിപ്പെടുത്തലുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഇരുഭാഗങ്ങളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം നിലനില്‍ക്കുന്നുണ്ടോ?

യുപിഎയുടെയും ഇപ്പോഴത്തെ ബിജെപി സര്‍ക്കാരിന്റെയും രാഷ്ട്രീയത്തിലുള്ള സാമ്യതകളും അതോടൊപ്പം രണ്ട് സമയങ്ങളും തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചിടിത്തോളം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രണ്ട് ടിവി ചാനലുകള്‍ ഒഴികെയുള്ള ഒരു ഡസനിലേറെ വരുന്ന ഇന്ത്യന്‍ ദേശീയ ചാനലുകള്‍ ജയ് ഷായുടെ ലാഭകൊയ്ത്തിനെ കുറിച്ചുള്ള വാര്‍ത്ത തമസ്‌കരിച്ചത് എന്തുകൊണ്ടാണെന്നും ഈ ഉത്തരങ്ങള്‍ നിങ്ങളോട് പറയും.

റോബര്‍ട്ടും ജയും
300 കോടിയിലേറെ രൂപ വിലമതിക്കുന്ന 31 വസ്തുക്കളെങ്കിലും റോബര്‍ട്ട് വധേര വാങ്ങിക്കൂട്ടിയെന്നാണ് രണ്ടാം യുപിഎ കാലഘട്ടത്തില്‍ പുറത്തുവന്ന രേഖകള്‍ വെളിപ്പെടുത്തുന്നത്. ഈ ഇടപാടുകള്‍ക്ക് ‘ഡിഎല്‍എഫ് ലിമിറ്റഡില്‍ നിന്നും ഈടില്ലാത്ത പലിശരഹിത വായ്പകളില്‍’ നിന്നാണ് പണം കണ്ടെത്തിയത്. ഒരു ഇടപാടില്‍ കാര്‍ഷിക ഉപയോഗങ്ങള്‍ക്കുള്ള ഭൂമിയാണ് വധേര സ്വന്തമാക്കിയത്. വധേരയുടെ കമ്പനിക്ക് ബാങ്കില്‍ ഒരു ലക്ഷം രൂപ മാത്രം ഉണ്ടായിരുന്നപ്പോള്‍ അതേ അക്കൗണ്ടില്‍ നിന്നും 7.5 കോടി രൂപയുടെ ചെക്കാണ് കൊടുത്തത്. എന്നാല്‍ വില്‍പ്പന കമ്പനി ഈ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചില്ല. ഇടപാട് നടന്ന ഉടന്‍ തന്നെ ഭൂമി ഉപയോഗം പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി മാറ്റപ്പെടുകയും ഡിഎല്‍ഫിന് മറിച്ചുവില്‍ക്കുകയും ചെയ്തു.

ഇതേ തന്ത്രം ഉപയോഗിച്ചുകൊണ്ടു തന്നെ, ഡിഎല്‍എഫിനൊപ്പം ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ആസ്തിയുടെ അര്‍ദ്ധ ഉടമയായും വധേര മാറി. നരേന്ദ്ര മോദിയുടെ പ്രചാരണത്തിന്റെ പ്രധാന ആഖ്യാനങ്ങളില്‍ ഒന്നായി മാറിയ വധേരയുടെ ഇടപാടുകളില്‍ ഒഴിച്ചുകൂടാനാവാത്ത മൂന്ന് ഘടകങ്ങള്‍ ഉണ്ടായിരുന്നു: ഒരു ഈടുമില്ലതെ ധാരാളം പണം, വളരെ ദയാവായ്പുള്ള സ്വകാര്യ കമ്പനികള്‍, വധേരയെ വഴിവിട്ട് സഹായിക്കാന്‍ തയ്യാറാവുന്ന രാഷ്ട്രീയക്കാര്‍ എന്നിവയാണവ. ഇത്തരം ഒരു മിശ്രിതത്തെയാണ് പരിപൂര്‍ണ ‘ചങ്ങാത്ത മുതലാളിത്ത അവസ്ഥ’ എന്ന് വിശേഷിപ്പിക്കുന്നത്.

ഇനി നമുക്ക് ജയ് അമിത് ഷായുടെ കേസ് പരിശോധിക്കാം. ജയുടെ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2015ലെ 50,000 രൂപയില്‍ നിന്നും 2015-16 കാലഘട്ടത്തില്‍ 80.5 കോടി രൂപയിലേക്ക് വളര്‍ന്നു. ജയ് ഷായ്ക്ക് അനുകൂലമായി മൂന്ന് ഘടകങ്ങളാണ് പ്രവര്‍ത്തിച്ചത്.

രാജ്യസഭ അംഗവും മുതിര്‍ന്ന റിലയന്‍സ് ഉദ്യോഗസ്ഥനും കമ്പനിയുടെ ഗുജറാത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ആളുമായി പരിമള്‍ നത്താനിയുടെ അടുത്ത ബന്ധു നിയന്ത്രിക്കുന്ന കെഐഎഫ്എസ് എന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഒരു ഈടുമില്ലാത്ത 15.78 കോടി രൂപയുടെ വായ്പ അദ്ദേഹത്തിന് ലഭിച്ചു എന്നതാണ് ഇവയില്‍ ഒന്ന്. വിചിത്രമെന്ന് പറയട്ടെ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ കുസും ഫിന്‍സര്‍വീസിന് 2014-15ല്‍ 4.9 കോടി രൂപയുടെ ഈടുരഹിത വായ്പ നല്‍കുമ്പോള്‍ കെഐഎഫ്എസിന്റെ സ്വന്തം ആസ്തി വെറും 2.6 കോടി രൂപ മാത്രമായിരുന്നു. യഥാര്‍ത്ഥ പണം എവിടെ നിന്ന് വന്നു എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. കൂടാതെ ജയ് ഷായെ സഹകരണ ബാങ്കുകളും പൊതുമേഖല സ്ഥാപനങ്ങളും ഇന്ത്യ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന കമ്പനികളും സഹായിച്ചിട്ടുണ്ട്. കുസും ഫിന്‍സര്‍വിന് കാലുപൂര്‍ വാണിജ്യ സഹകരണ ബാങ്ക് 25 കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ട്. ഇതിന് വെറും ഏഴ് കോടി രൂപ മൂല്യമുള്ള ഈട് മാത്രമാണ് നല്‍കിയിരിക്കുന്നത്.

കൂടാതെ ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ വച്ച് പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ പാരമ്പര്യേതര ഊര്‍ജ്ജ വികസന ഏജന്‍സി (ആര്‍ഇഡിഎ) കുസും ഫിന്‍സര്‍വിന് 10.35 കോടി രൂപയുടെ വായ്്പ നല്‍കിയിട്ടുണ്ട്. ഷായുടെ അഭിഭാഷകര്‍ ഇതിനൊക്കെ നിരവധി ന്യായീകരണങ്ങള്‍ നിരത്തുന്നുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്: വലിയ ഈടൊന്നും കൂടാതെ ഷായ്ക്ക് എളുപ്പത്തില്‍ പണം ലഭിക്കുന്നു, വളരെ ദയാവായ്പ്പുള്ള സ്വകാര്യ കമ്പനികള്‍, തങ്ങളുടെ വഴിവിട്ട് ജയ് ഷായെ സഹായിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എന്നിവയാണവ.

വധേരയുടെയും ഷായുടെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നിലുള്ള ഭീതിദമായ സമാനതകള്‍ ഇവയൊക്കയാണെങ്കിലും ഇവിടെ ഒരു സുപ്രധാന വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

വധേരയുടെ വാര്‍ത്ത പുറത്തുവന്നപ്പോള്‍, ഒരു അപവാദവുമില്ലാത്ത വിധത്തില്‍ എല്ലാ മാധ്യമങ്ങളും അതിന്റെ പിന്നാലെ പോവുകയും ചങ്ങാത്ത മുതലാളിത്തത്തെയും അധികാരത്തില്‍ ഇരിക്കുന്നവരെയും തുറന്നുകാട്ടുന്നതില്‍ വളരെ സൃഷ്ടിപരമായ പങ്ക് വഹിക്കുകയും ചെയ്തു. കൂടാതെ, 100 കോടി രൂപയുടെ ക്രിമിനല്‍, അപകീര്‍ത്തി കേസ് കാട്ടി വധേര ഒരു മാധ്യമ സ്ഥാപനത്തെയും ഭീഷണിപ്പെടുത്തിയില്ല എന്നും കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇന്നലെ, എന്‍ഡിടിവിയും എബിപി ന്യൂസും ഒഴികെയുള്ള ഒരു ദേശീയ ചാനലും ഈ വാര്‍ത്ത സ്പര്‍ശിച്ചില്ല. ഉത്തര കൊറിയന്‍ ചാനലുകളെ പോലെയാണ് അവര്‍ പെരുമാറിയത്. പ്രതിപക്ഷത്തിന് എന്താണ് കുഴപ്പമെന്ന് മാത്രം അന്വേഷിക്കുന്ന അവര്‍, ജന്മനാട്ടില്‍ പ്രധാനമന്ത്രി നടത്തിയ നാടകീയ സന്ദര്‍ശനത്തെ കുറിച്ചുള്ള തത്സമയ സംപ്രക്ഷണങ്ങളില്‍ അഭിരമിച്ചു. ദ വയര്‍ വെബ്‌സൈറ്റിനെതിരെ മാത്രമല്ല ജയ് ഷാ മാനനഷ്ട ഭീഷണി മുഴക്കിയിരിക്കുന്നത്. ഈ ആരോപണങ്ങള്‍ ഏറ്റെടുക്കുന്ന എല്ലാവര്‍ക്കുമെതിരെ ഇത്തരം നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം ഭീഷണി മുഴക്കുന്നു. സാമാനതകള്‍ മാത്രമല്ല, വ്യത്യാസങ്ങളും പ്രകടമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍