UPDATES

വൈറല്‍

ഇന്ത്യയുടെ പരമോന്നത നേതാവ് നരേന്ദസിന്റെ ഉയര്‍ച്ച നോസ്ത്രദാമസ് പ്രവചിച്ചു-2017ലെ കുപ്രസിദ്ധ വ്യാജവാര്‍ത്തകള്‍

മുഖ്യധാര മാധ്യമങ്ങളുടെ വിശ്വാസ്യത ഇടിഞ്ഞുകൊണ്ടിരുന്ന മറ്റൊരു വര്‍ഷമായിട്ടാണ് 2017 കടന്നുപോയത്

മുഖ്യധാര മാധ്യമങ്ങളുടെ വിശ്വാസ്യത ഇടിഞ്ഞുകൊണ്ടിരുന്ന മറ്റൊരു വര്‍ഷമായിട്ടാണ് 2017 കടന്നുപോയത്. വ്യാജവാര്‍ത്തകളുടെ കാര്യത്തില്‍ മുഖ്യധാര മാധ്യമങ്ങള്‍ കഴിഞ്ഞ വര്‍ഷം നവ സാമൂഹ്യ മാധ്യമങ്ങളെ മറികടക്കാനുള്ള പോക്കിലായിരുന്നു. ചൂടുവാര്‍ത്തകള്‍ നല്‍കാനുള്ള ശ്രമത്തില്‍ ആദ്യം ബലിയാടാകുന്നത് വസ്തുതാ പരിശോധനയാണ്. പക്ഷേ എല്ലായ്‌പ്പോഴും അത് തിരക്കുകൊണ്ട് മാത്രമായിരുന്നില്ല. ചില നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതും 2017ല്‍ കണ്ടു. 2017ല്‍ മുഖ്യധാര മാധ്യമങ്ങള്‍ നല്‍കിയ ശ്രദ്ധപിടിച്ചുപറ്റിയ 12 വ്യാജവാര്‍ത്തകളാണ് താഴെ കൊടുക്കുന്നത്. വസ്തുതകള്‍ പരിശോധിക്കാത്ത അലസ മാധ്യമ പ്രവര്‍ത്തനം മുതല്‍ നിക്ഷിപ്ത അജണ്ടകള്‍ നടപ്പാക്കാനുള്ള വ്യാജവാര്‍ത്തകള്‍ വരെ ഇക്കൂട്ടത്തില്‍ കാണാം. ആവര്‍ത്തിച്ച് ഒരേ കുറ്റം ചെയ്യുന്നവര്‍, പരിചിതമാകുന്ന ഘടനകള്‍ എന്നിവക്കൊപ്പം എങ്ങനെയാണ് കപട ആഖ്യാനങ്ങള്‍ പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്നതെന്നും കാണാന്‍ ശ്രമിക്കൂ.

റിപ്പബ്ലിക് ടി വി: നാലു കോടി രൂപ വൈദ്യുതി കരം കുടിശിക വരുത്തിയതു മൂലം ജുമാ മസ്ജിദ് ഇരുട്ടില്‍
വൈദ്യുതി കരം അടയ്ക്കാത്തത്തിന്റെ പേരില്‍ ജുമാ മസ്ജിദ് ഇരുട്ടിലായെന്ന വാര്‍ത്ത ഏത് വ്യാജവാര്‍ത്ത പട്ടികയിലും മുന്നിലെത്തും. ഹിന്ദുത്വ ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വ്യാജവാര്‍ത്തയുടെ ആശാന്‍മാരായ Postcard Newsലും വന്നതാണ് ഈ വാര്‍ത്ത. സ്ഥലം സന്ദര്‍ശിച്ച റിപ്പബ്ലിക് ടി വി സംഘം ഇമാം ബുഖാരിയുടെ വീടിന് ചുറ്റും പതുങ്ങി നടന്ന് കാറുകളുടെ എണ്ണവുമെടുത്ത് പോന്നു. വീട്ടിലെത്തി ചോദിക്കാനോ വസ്തുതയറിയാനോ ശ്രമിച്ചതുപോലുമില്ല. പള്ളിയില്‍ രാത്രി വെളിച്ചം ഉണ്ടാകാറുണ്ടോ എന്നും രാത്രി എപ്പോഴാണ് വിളക്കുകള്‍ അണയ്ക്കാറുള്ളത് എന്നും അവര്‍ അന്വേഷിച്ചില്ല. അവസാനം റിപ്പോര്‍ട്ടര്‍ പാലിയുടെ കവാടത്തിലെ വെളിച്ചമുള്ള ഒരു ഫലകത്തിലേക്ക് ചൂണ്ടിക്കാണിക്കുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചാല്‍ അതെങ്ങനെ കത്തിക്കുമെന്ന് അയാള്‍ ചിന്തിച്ചതേയില്ല. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് BSES നല്‍കിയ വിശദീകരണങ്ങള്‍ അവഗണിച്ച്, കരമടയ്ക്കാതെ പറ്റിക്കാന്‍ ശ്രമിച്ച ജുമാ മസ്ജിദിനെ കയ്യോടെ BSES കയ്യോടെ പിടികൂടി എന്ന മട്ടില്‍ റിപ്പബ്ലിക് ടി വി വാര്‍ത്ത നല്‍കിയത്. ഈ വ്യാജവാര്‍ത്തയുടെ കള്ളക്കളി പുറത്തായതോടെ ഒരു മാപ്പുപോലും പറയാതെ ചാനല്‍ വാര്‍ത്ത മുക്കിക്കളഞ്ഞു.

എന്‍ഡി ടിവിയുടെ വിഷമവൃത്തം; ഇന്ത്യന്‍ മാധ്യമ മാന്യതയുടെയും

ആജ് തക്: വിശന്നാല്‍ ഭര്‍ത്താവിന് ഭാര്യയെ തിന്നാമെന്ന് സൗദിയില്‍ ഫത്വ
ഞാന്‍ വ്യാജനാണെ എന്ന് സ്വയം അലറുന്ന ഒരു വാര്‍ത്ത ഇത്ര ആഘോഷമാക്കി നല്‍കിയതിന് ആജ് തക്കിനെ അഭിനന്ദിക്കാതെ വയ്യ! ഇന്ത്യ ടുഡെയുടെ ഹിന്ദി ചാനല്‍ നല്‍കിയ ‘വാര്‍ത്ത’യുടെ സ്രോതസ് ഒരു മൊറോക്കക്കാരന്‍ ബ്ലോഗ് എഴുത്തുകാരന്റെ ആക്ഷേപഹാസ്യ ലേഖനമാണ്. ഇത് 2015ല്‍ Daily O എടുത്തുമാറ്റിയിരുന്നു. ആ വെബ്‌സൈറ്റ് ഉടമസ്ഥര്‍ ഇന്ത്യ ടുഡെയും. ഇത്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്നതിന് ആജ് തക്കിനെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് നമ്മെ അമ്പരപ്പിക്കണം.

ടൈംസ് നൗ: മതം മാറ്റ വിവാഹങ്ങളുടെ വിലനിലവാരപ്പട്ടിക
ഏഴു കൊല്ലം മുമ്പ് വന്ന, ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റം വരുത്തിയ ഒരു ചിത്രത്തെയും വെച്ച് ടൈംസ് നൗ അവതാരകര്‍ തൊണ്ടകീറിയത് ഒരു വഷളന്‍ തമാശയായിരുന്നു.വാട്‌സ് ആപ്പ് മാധ്യമപ്രവര്‍ത്തനം അതിന്റെ പരകോടിയില്‍ എത്തി എന്ന് പറയാം. ‘എത്ര കുടിലമായ പദ്ധതിയാണ് ഹിന്ദുക്കളെ മതം മാറ്റാന്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഈ നിരക്ക് പട്ടിക നോക്കിക്കൊണ്ട് എനിക്കു പറയാനുള്ള കരുത്തില്ല മാന്യരെ. ഒരു ഹിന്ദു ബ്രാഹ്മണ പെണ്‍കുട്ടി അഞ്ചു ലക്ഷം, സിഖ് പഞ്ചാബി പെണ്‍കുട്ടി, ഗുജറാത്തി ബ്രാഹ്മണ പെണ്‍കുട്ടി ഏഴു ലക്ഷം, ഹിന്ദു ക്ഷത്രിയ പെണ്‍കുട്ടി നാലര ലക്ഷം, ഹിന്ദു ഒ ബി സി/എസ് സി/എസ് ടി രണ്ടു ലക്ഷം, ജൈന പെണ്‍കുട്ടി മൂന്നു ലക്ഷം, ഖിലാഫത് നിങ്ങളുടെ വിശ്വാസത്തിന്നു വിലയിട്ടിരിക്കുന്നു.’ വാട്‌സപ്പില്‍ വര്‍ഷങ്ങളായി പ്രചരിച്ച, തട്ടിപ്പെന്ന് സകലര്‍ക്കും ബോധ്യമുള്ള ഒരു ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രമെടുത്ത് രാഹുല്‍ ശിവശങ്കര്‍ രോഷം കൊണ്ടു. ഒരു ദേശീയ ടെലിവിഷന്‍ ചാനലില്‍ ഒരു വ്യാജ നിരക്ക് പട്ടിക വെച്ചു നടത്തിയ നാടകം!

ടൈംസ് നൗ കാസറഗോഡിനെ ഇന്ത്യയുടെ ഗാസ എന്നാണ് വിശേഷിപ്പിച്ചത്. ‘ഐ എസ് ഐ എസ് പ്രവര്‍ത്തനങ്ങളുടെ ഈ കേന്ദ്രത്തില്‍’ തുടങ്ങിയ വിശേഷണങ്ങളോടെ ഈ കഥയ്ക്ക് പിന്നിലുള്ള യഥാര്‍ത്ഥ അജണ്ട എന്താണെന്ന് വിശകലനം ചെയ്യേണ്ടത് വായനക്കാരാണ്.

ഉത്തരേന്ത്യന്‍ മാധ്യമങ്ങളുടെ ലവ് ജിഹാദ്; ഭീകരതയ്ക്കെതിരെ അമിതാഭ് ബച്ചന്റെ സ്റ്റഡി ക്ലാസ്

ടൈംസ് ഓഫ് ഇന്ത്യ: മൂഡി ഇന്ത്യയുടെ സമ്പദ്‌രംഗ ആരോഗ്യം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ സിപിഎം സൈബര്‍ പോരാളികള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാരന്‍ ടോം മൂഡിയെ അധിക്ഷേപിക്കുന്നു.
കേരളത്തെ അപഹസിക്കല്‍ പ്രധാന അജണ്ടയായി തുടരുകയാണ്. രാജ്യത്തു ഏറ്റവും സാക്ഷരത കൂടിയ സംസ്ഥാനത്തെ ആളുകള്‍ ക്രിക്കറ്റ് കളിക്കാരന്‍ മൂഡിയെ സാമ്പത്തിക റേറ്റിംഗ് ഏജന്‍സി മൂഡീസുമായി തെറ്റിദ്ധരിച്ചോ? ടൈംസ് ഓഫ് ഇന്ത്യ ശരിക്കും അങ്ങനെ കരുതുന്നുണ്ടോ? വാര്‍ത്തയുടെ സ്രോതസ് നോക്കിയാല്‍ സംഭവം സത്യമാണോ എന്നതിന്റെ സൂചന കിട്ടുമായിരുന്നു. എന്നാല്‍ കേരളത്തെ താറടിക്കാനുള്ള അത്യുത്സാഹത്തില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി പതിപ്പില്‍ ആദ്യ പുറത്തില്‍ വാര്‍ത്ത നല്‍കി. സിപിഎംകാരെന്ന പോലെ ആര്‍എസ്എസുകാരായിരുന്നു ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ വാര്‍ത്തയുടെ അടിയില്‍ കുറിപ്പുകള്‍ ഇട്ടത് സത്യം പുറത്തുവന്നതോടെ പത്രം നാണംകെട്ടു. എന്തായാലും തെറ്റ് സമ്മതിക്കാതെ ടൈംസ് ഓഫ് ഇന്ത്യ മാനം കാത്തു!

സീ ന്യൂസ്, എബിപി: ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടി രൂപയുടെ സ്വത്തുക്കള്‍ യു എ ഇയില്‍ കണ്ടുകെട്ടി
എന്ത് മണ്ടത്തരമാണെങ്കിലും ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള വാര്‍ത്ത പോലെ ഇന്ത്യന്‍ മാധ്യമങ്ങളെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാര്‍ത്തയില്ല. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ഇത്തവണ സി ന്യൂസ് ആയിരുന്നു ദാവൂദില്‍ കയറിപ്പിടിച്ചത്. അന്തം വിടരുത്, യു എ ഇ അധികൃതരോ വിദേശകാര്യ മന്ത്രാലയമോ ഇന്ത്യന്‍ നയതന്ത്ര കാര്യാലയമോ ഒന്നുമായിരുന്നില്ല, സി ന്യൂസിന്റെ സ്വന്തം ‘വൃത്തങ്ങള്‍’ ആയിരുന്നു വാര്‍ത്തയുടെ സ്രോതസ്. ബിജെപിയാകട്ടെ മാധ്യമങ്ങളെ ഉദ്ധരിച്ച് വലിയൊരു നയതന്ത്രനേട്ടമായി ഇതിനെ കൊണ്ടാടി, ട്വീറ്റ് ചെയ്തു. അല്‍പസമയത്തിനുള്ളില്‍ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു. അഞ്ചുദിവസം കഴിഞ്ഞപ്പോഴേക്കും സംശയങ്ങള്‍ ഉയര്‍ന്നു. ‘കണ്ടുകെട്ടാന്‍ ആലോചിക്കുന്നു’ ‘നടപടിയെടുക്കാന്‍ തുടങ്ങുന്നു’ എന്നിങ്ങനെയുള്ള ഒഴുക്കന്‍ മട്ടിലായി വാര്‍ത്തകള്‍. ഒടുവില്‍ രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ യു എ ഇ അധികൃതര്‍ ഔദ്യോഗികമായി വാര്‍ത്ത നിഷേധിച്ചു.

ഇന്ത്യന്‍ മാധ്യമ ലോകത്ത് അംബാനിക്ക് എന്താണ് കാര്യം?

റിപ്പബ്ലിക് ടി വി, സി എന്‍ എന്‍ ന്യൂസ് 18: അരുന്ധതി റോയിയുടെ പ്രസ്താവന
’70 ലക്ഷം ഇന്ത്യന്‍ സൈനികര്‍ക്ക് കാശ്മീരിലെ സ്വാതന്ത്ര്യ പോരാളികളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല’ എന്നായിരുന്നു അരുന്ധതി റോയിയുടേതായി പ്രചരിപ്പിച്ച പ്രസ്താവന. ഒരിയ്ക്കലും നടക്കാത്ത ഒരു യാത്രയില്‍, നല്‍കാത്ത ഒരഭിമുഖത്തില്‍ പറഞ്ഞതായി വന്ന ശൂന്യതയില്‍ നിന്നുമുണ്ടാക്കിയ ഒരു പ്രസ്താവന മതിയായിരുന്നു റിപ്പബ്ലിക് ടി വിക്കും സി എന്‍ എന്‍ 18നും റോയിയെ ആക്രമിച്ച് ചര്‍ച്ച തുടങ്ങാന്‍. timesofislamabad.com എന്ന ഒരു അറിയപ്പെടാത്ത പാകിസ്താനി വെബ്‌സൈറ്റില്‍ വന്ന, Postcard news അടക്കമുള്ള വ്യാജ വാര്‍ത്ത വെബ്‌സൈറ്റുകള്‍ പ്രചരിപ്പിച്ച ഒന്നായിരുന്നു ആ വ്യാജവാര്‍ത്ത. ബിജെപി എം പി പരേഷ് റാവല്‍ ചര്‍ച്ചകളില്‍ അരുന്ധതി റോയിയെ ആക്രമിക്കുന്നതായിരുന്നു പിന്നീട് നടന്നത്.

അര്‍ണബ് ഗോസ്വാമി റോയിയെ ‘ഒറ്റപ്പുസ്തക അത്ഭുതം’ എന്ന് വിളിച്ച് ല്യൂട്ടെന്‍ ഡല്‍ഹി മാധ്യമങ്ങളെയും കപട മതേതരവാദികളെയും ചീത്തവിളിക്കുക എന്ന തന്റെ സ്ഥിരം പരിപാടി തുടര്‍ന്നു. ‘അവര്‍ ഇന്ത്യന്‍ സേനയെ അധിക്ഷേപിച്ചു, അവരെല്ലാം ഒന്നിച്ചു, പ്രത്യേകിച്ചും ല്യൂട്ടെന്‍സ് മാധ്യമങ്ങള്‍, കപട മതേതര ഉദാരവാദി ആള്‍ക്കൂട്ടം, നമ്മുടെ സൈന്യത്തെ അധിക്ഷേപിച്ചു. പിന്നെ ആസൂത്രിതമായി ഒറ്റപ്പുസ്തക അത്ഭുതം അരുന്ധതി റോയിയെപ്പോലുള്ളവര്‍ ഒരിക്കല്‍ക്കൂടി സൈന്യത്തെ അപമാനിക്കാന്‍ ഇഴഞ്ഞെത്തി’. റോയിയെ ‘മനുഷ്യകവചമായി കെട്ടിയിടാന്‍’ റാവല്‍ ആവശ്യപ്പെട്ടത് ശരിയാണോ അല്ലേ എന്ന് സിഎന്‍എന്‍ 18ലെ ഭൂപെന്ദ്ര ചൌബേ ചോദിച്ചു. ചൌബേ പിന്നീടാ ട്വീറ്റ് പിന്‍വലിച്ചു.

The Wire നടത്തിയ അന്വേഷണത്തില്‍ ഇതിന്റെ പിറകിലെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നു. റോയിയുടെ വ്യാജപ്രസ്താവനയുടെ പ്രതികരണമായി ഒരു ലേഖനം പ്രസിദ്ധീകരിച്ച Newslaundry തങ്ങളുടെ ശ്രദ്ധക്കുറവിന് പിന്നീട് മാപ്പുപറഞ്ഞു, ആ ലേഖനം പിന്‍വലിച്ചു. റിപ്പബ്ലിക് ടി വിയും സി എന്‍ എന്‍ ന്യൂസ് 18 നും അത്തരം മൂല്യവിചാരങ്ങളൊന്നും ബാധിക്കാത്ത മട്ടില്‍ തുടര്‍ന്നു.

റിപ്പബ്‌ളിക് ടിവി, സീ ന്യൂസ്, ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ഫിനാന്‍ഷ്യല്‍ എക്‌സ്‌പ്രെസ്: രാഷ്ട്രപതി കോവിന്ദിന് ഒരു മണിക്കൂറില്‍ 30 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്‌സ്
ഒരു വാര്‍ത്ത വ്യാജമാണ് എന്ന് തിരിച്ചറിയാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ലേ എന്നു നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒന്നാണീ വാര്‍ത്ത. ഒറ്റ മണിക്കൂറില്‍ മൂന്ന് ദശലക്ഷം അനുയായികളെ ട്വിറ്ററില്‍ കിട്ടിയ രാഷ്ട്രപതി കോവിന്ദ് എന്ന വാര്‍ത്ത അതിന്റെ സാധ്യതയില്‍ ഒന്നു നെറ്റി ചുളിക്കുക പോലും ചെയ്യാതെ മാധ്യമങ്ങള്‍ സ്വീകരിച്ചു.
വാസ്തവത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അനുയായികളെ കോവിന്ദ് ഏറ്റെടുക്കുകയായിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിമാര്‍ എന്നിവരുടെയൊക്കെ ഡിജിറ്റല്‍ ആസ്തികള്‍ സര്‍ക്കാരിന്റെതാണ്. ഒരാള്‍ പദവിയൊഴിയുമ്പോള്‍ അയാളുടെ ഡിജിറ്റല്‍ ചരിത്രം കൈമാറാന്‍ ട്വിറ്ററില്‍ വഴിയുണ്ട്. വസ്തുതകള്‍ എന്താണെന്ന് പ്രാഥമിക പരിശോധന പോലും നടത്താതെ ആള്‍ക്കൂട്ടാഘോഷമാക്കി മാറ്റുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ സ്വഭാവമാണ് ഇതില്‍ തെളിഞ്ഞു നില്‍ക്കുന്നത്.

ആജ് തക്, ഇന്ത്യ ടുഡേ, സീ ന്യൂസ്, എ ബി പി ന്യൂസ്, ഇന്ത്യ ടി വി: കിര്‍പാന്‍, പിമ്പല്‍ എന്ന പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തു
മെയ് ഒന്നിനു രണ്ടു ഇന്ത്യന്‍ സൈനികരെ വധിച്ചു പാകിസ്ഥാന്‍ സേന മൃതദേഹം വികൃതമാക്കി എന്ന വാര്‍ത്ത വന്നതോടെ തിരിച്ചടിയെക്കുറിച്ചായി മാധ്യമങ്ങളുടെ ചര്‍ച്ച. ആജ് തക് ആണ് ഈ വാര്‍ത്ത ആദ്യം നല്‍കിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി പിന്നെ ആജ് തക്കിന്റെ സഹോദര സ്ഥാപനം ഇന്ത്യ ടുഡെയും സീ ന്യൂസ്, എ ബി പി ന്യൂസ്, ഇന്‍ഡ്യ ടി വി എന്നിവരും ഏറ്റെടുത്തു.

ഇന്ത്യന്‍ മാധ്യമങ്ങള്‍; അത് എത്ര സ്വതന്ത്രമാണ്?

എന്നാല്‍ സൈന്യം തിരിച്ചടിച്ച വാര്‍ത്ത വ്യാജമാണെന്നും കിര്‍പാന്‍ ഒരു ഇന്ത്യന്‍ സൈനിക നിരീക്ഷണ കേന്ദ്രമാണെന്നും പിന്നീട് തെളിഞ്ഞു. സൈന്യത്തിന്റെ സ്ഥിരീകരണം പോലും ലഭിക്കാതെയാണ് മാധ്യമങ്ങള്‍ പകരം വീട്ടാനിറങ്ങിയത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രസ്താവനയില്‍ സൈനിക വക്താവ് കെ ജി സെക്ടറില്‍ ഒരു ആക്രമണവും നടത്തിയില്ല എന്ന് സ്ഥിരീകരിച്ചു.

റിപ്പബ്ലിക് ടി വി, ടൈംസ് നൗ: ചൈനയുടെ പ്രതിനിധിയുമൊത്ത് റോബര്‍ട് വാദ്ര എന്താണ് ചെയ്യുന്നത്!
അമ്പമ്പോ! ചൈനയുടെ പ്രതിനിധിയുടെ കൂടെ റോബര്‍ട് വാദ്രയുടെ ചിത്രം. റിപ്പബ്ലിക് ടി വിക്കും ടൈംസ് നൗവിനും ഇതില്‍പ്പരമെന്ത് വേണം. പ്രധാന ചര്‍ച്ചകളില്‍ വിഷയം തുടങ്ങി. സംഭവം ഒരു ചൈന ഭക്ഷ്യ മേളയായിരുന്നു, ഇന്ത്യയുടെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, സീതാറാം യെച്ചൂരി, കെ സി ത്യാഗി എന്തിനേറെ തരുണ്‍ വിജയും ഉദിത് രാജും പോലുള്ള ബി ജെ പി നേതാക്കളും അതില്‍ പങ്കെടുത്തിരുന്നു. ഒന്നു ഗൂഗിളില്‍ ഓടിച്ചുനോക്കിയാല്‍ ഈ മണ്ടത്തരം വിളമ്പുന്നത് ഒഴിവാക്കാമായിരുന്നു.

സീ ന്യൂസ്: പരമോന്നത നേതാവ് നരേന്ദസിന്റെ ഉയര്‍ച്ച നോസ്ത്രദാമസ് പ്രവചിച്ചിരുന്നു
‘ഇന്ത്യയുടെ പരമോന്നത നേതാവ് ഗുജറാത്തില്‍ ജനിക്കും,
അയാളുടെ അച്ഛന്‍ ചായക്കട നടത്തും,
അയാളുടെ പേരിന്റെ ആദ്യം നരേന്ദസ് എന്നായിരിക്കും.’
ഉപേക്ഷിക്കപ്പെട്ട ഒരു പഴയ പെട്ടിയില്‍ നിന്നും കിട്ടിയ ഈ നോസ്ത്രദാമസ് പ്രവചനത്തെക്കുറിച്ചാണ് ഫ്രാന്‍സ്വ ഗോത്യര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ നോസ്ത്രദാമസ് ഇന്ത്യയില്‍ എന്ന ബ്ലോഗില്‍ പറഞ്ഞത്. ഗോത്യര്‍ ഈ മാതിരി പഴയ പെട്ടികള്‍ കണ്ടെടുക്കാന്‍ തുടങ്ങിയിട്ട് കുറച്ചേറെ നാളായി. 1999ല്‍ 400 കൊല്ലം മുമ്പ് നോസ്ത്രദാമസാണ് ആര്‍എസ്എസ് സ്ഥാപിച്ചതെന്ന വിവരം ഇതുപോലൊരു പെട്ടിയില്‍ നിന്നും അയാള്‍ക്ക് കിട്ടിയിരുന്നു. നരേന്ദസ്, വാജ്പായം, അദ്വാനം, മുരുളം ജോഷം തുടങ്ങി ഇതൊക്കെ തമാശയായി ജനം ആസ്വദിച്ചു ചിരിക്കെ സീ ന്യൂസിന് അതൊരു വിശ്വസനീയമായ വാര്‍ത്തയായിരുന്നു. ചിരിക്കണോ കരയണോ!

കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകും; ടെലിവിഷന്‍ ജേണലിസത്തിന്റെ കാലം കഴിഞ്ഞു: രാജ്ദീപ് സര്‍ദേശായ്

ദ ഹിന്ദു: മൃതപ്രായയായ സ്ത്രീയെ പീഡിപ്പിച്ച് എന്ന് ദൃശ്യങ്ങള്‍
തിക്കിലും തിരക്കിലും പെട്ട് മരണാസന്നയായ സ്ത്രീയെ പീഡിപ്പിച്ചു എന്ന ഒരു വാര്‍ത്ത എട്ടു സെക്കന്‍ഡിന്റെ ദൃശ്യത്തില്‍ നിന്നും ഹിന്ദു വിധിയെഴുതിയത് സങ്കടകരമായിരുന്നു. അത് മറ്റ് പല മാധ്യമങ്ങളിലും ഹിന്ദുവിനെ സ്രോതസാക്കി വന്നു. എന്നാല്‍ മുഴുവന്‍ ദൃശ്യവും കണ്ടത്തില്‍ നിന്നും പീഡനം നടന്നതായി തോന്നുന്നില്ലായിരുന്നു. പോലീസും ദൃക്‌സാക്ഷികളും നിഷേധിക്കുകയും ചെയ്തു.

ഹിന്ദു വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറഞ്ഞു. പക്ഷേ ഒരു നിരപരാധിയായ മനുഷ്യനെ പീഡകനായി മുദ്രകുത്തിക്കഴിഞ്ഞിരുന്നു.

അമിത് ഷായുടെ മകനെതിരായ ആരോപണം മുക്കി; മുട്ടിലിഴയുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് അല്‍ ജസീറ

ഇന്ത്യ ടുഡേ: പരേഷ് മെസ്ത്ത സംഭവം
‘തിളച്ച എണ്ണ മുഖത്തൊഴിച്ചു, വൃഷണം മുറിച്ചു, തല പിളര്‍ന്നു, തടാകത്തിലെറിഞ്ഞു. 21കാരന്‍ പരേഷ് മെസ്തയുടെ കൊലപാതകം ഇന്ത്യയെ കുലുക്കില്ലേ?’

ഇന്ത്യ ടുഡെയുടെ ഈ ട്വീറ്റ് പിന്നീട് വ്യാജവാര്‍ത്തയാണെന്ന് തെളിഞ്ഞു. ഒരു ബി ജെ പി എം എല്‍ എ പറഞ്ഞ വിവരങ്ങള്‍ വെച്ചായിരുന്നു ഈ വാര്‍ത്ത.

ഫോറന്‍സിക് റിപ്പോര്‍ട് ഈ വാര്‍ത്ത പച്ചക്കള്ളമാണെന്ന് പറയുന്നു. വ്യക്തിപരമായ നേട്ടത്തിനായി സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്ന് പോലീസ് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ മാധ്യമങ്ങള്‍ മത്സരിച്ച് നല്കിയ വ്യാജവാര്‍ത്തകളില്‍ നിന്നും തെരഞ്ഞെടുപ്പ് നടത്തുന്നത് എളുപ്പമല്ല. കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി ഐ എസ് ഐ എസ് അനുഭാവിയാണെന്ന ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത, കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി പ്രകടനം ബി ജെ പി പ്രതിഷേധമാണെന്ന രീതിയില്‍ കാണിച്ച ടൈംസ് നൗ, രാഷ്ട്രപതിയുടെതിനേക്കാള്‍ ആറിരട്ടിയാണ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ചെലവെന്ന് പഞ്ചാബ് കേസരി വാര്‍ത്ത നല്‍കിയത്, പാകിസ്ഥാനി വിസയുടെ പേരില്‍ ടൈംസ് നൗ യു പി എ സര്‍ക്കാരിനെ ആക്രമിച്ചത് (ബി ജെ പി ഭരണകാലത്താണ് ഏറ്റവും കൂടുതല്‍ വിസ നല്‍കിയതെന്നാണ് വസ്തുത) തുടങ്ങി പഞ്ഞമില്ലാത്ത വ്യാജവാര്‍ത്തകള്‍. ഈ വര്‍ഷത്തെ അനുഭവം വെച്ചുനോക്കിയാല്‍ 2018ലും നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല.

അവര്‍ മാധ്യമങ്ങള്‍ക്കെതിരെ പാഞ്ഞടുക്കുകയാണ്; സംഘടിതമായും അക്രമാസക്തരായും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍