UPDATES

സയന്‍സ്/ടെക്നോളജി

ജനകീയമാകുന്ന ഇന്ത്യന്‍ റെയില്‍വേ ആപ്പ്

Avatar

രഘു സഖറിയാസ്‌

ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്തുനിന്നുള്ള അനന്തപുരി എക്‌സ്പ്രസില്‍ ചെന്നൈ എഗ്മോറില്‍ എത്തുന്ന സുഹൃത്തിന്റെ അച്ഛനെ പിക്ക് ചെയ്യാന്‍ പോകേണ്ടി വന്നു. രാവിലെ ഏഴുമണിയോടെ ഉണര്‍ന്ന് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തു. അനന്തപുരി എപ്പോള്‍ എഗ്മോറില്‍ എത്തും. ഗൂഗിള്‍ കാണിച്ചു തന്ന ആദ്യത്തെ ഫലത്തിലേക്ക് ഇടിച്ചു കയറി നോക്കി. അനന്തപുരി ഒരു മണിക്കൂര്‍ ലേറ്റ്. എട്ടേമുക്കാലിന് എത്തേണ്ട വണ്ടിയാണ്. ഹോ…രക്ഷപ്പെട്ടു ഒമ്പത് മണിവരെ ഉറങ്ങാം എന്ന് കരുതി തലവഴി മൂടി കിടന്നു. ഒമ്പതിന് ചാടി എഴുന്നേറ്റ് കുളിച്ച് ഫ്രെഷായി ഓട്ടോ പിടിച്ച് അഞ്ചു മിനിട്ടു കൊണ്ട് എഗ്മോറില്‍ എത്തി. മൊബൈലില്‍ സമയം നോക്കിയപ്പോള്‍ ഇനിയും ട്രെയിന്‍ എത്താന്‍ ഇനിയും പത്ത് മിനിട്ടുണ്ട് ഗൂഗിള്‍ പറഞ്ഞു തന്ന സൈറ്റിലെ വിവരം അനുസരിച്ചു. ഏതായാലും ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ അനന്തപുരി നീണ്ടു നിവര്‍ന്ന് കിടക്കുന്നുണ്ട്. പ്ലാറ്റ്‌ഫോം ശൂന്യം. ഡിങ്കാ ചതിച്ചോ… ഫോണ്‍ എടുത്ത് സുഹൃത്തിന്റെ അച്ഛന്റെ നമ്പറിലേക്ക് വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ്. പുറത്തിറങ്ങി ഒന്ന് കറങ്ങിയപ്പോള്‍ സുഹൃത്തിന്റച്ഛന്‍ വിഷണനായി നില്‍ക്കുന്നു. അല്ല അങ്കിളേ എപ്പോ വണ്ടി എത്തി. എട്ടേമുക്കാലിന് എന്ന് മറുപടി. പ്ലിംഗടിച്ചു നിന്ന ഞാന്‍ എല്ലാ റെയില്‍വേ ദൈവങ്ങളേയും മനസില്‍ തെറി പറഞ്ഞു. ഇത്തരത്തിലെ ട്രെയിന്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകാം. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ക്ക് അവസാനം ഉണ്ടാക്കുകയാണ് കേന്ദ്രീകൃത റെയില്‍വേ ഇന്‍ഫോര്‍മേഷന്‍ സംവിധാനമായ CRIS വികസിപ്പിച്ച് കഴിഞ്ഞവര്‍ഷം അവസാനം അവതരിപ്പിച്ച NTES എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. മുമ്പ് റെയില്‍വേ ഇറക്കിയിരുന്ന ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്തമായി കാര്യക്ഷമതയില്‍ വളരെ മികച്ചുനില്‍ക്കുന്നുണ്ട് നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം (NTES).

വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലായിരുന്നു ഈ ആപ്ലിക്കേഷന്‍ ആദ്യമായി എത്തിയത്. ഇപ്പോള്‍ ആഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും സൗജന്യമായി പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്ലിക്കേഷന്റെ വരവോടുകൂടി ഇന്ത്യയിലെ ട്രെയിന്‍ യാത്രികര്‍ക്ക് പ്രധാന സ്റ്റേഷനുകളിലേക്കുള്ള ട്രെയിന്‍ എത്തിച്ചേരല്‍, പുറപ്പെടല്‍ സമയങ്ങള്‍ വളരെ കൃത്യമായി അവരുടെ വിരല്‍ത്തുമ്പില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. പ്രായഭേദമന്യേ സാധാരണക്കാര്‍ക്ക് വളരെ ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.

സ്‌പോട്ട് യുവര്‍ ട്രെയിന്‍ എന്ന ഓപ്ഷനില്‍ പോയി ട്രെയിന്‍ നമ്പരോ പേരോ കൊടുത്താല്‍ ആ ട്രെയിന്‍ ഇപ്പോള്‍ ഏതു സ്റ്റേഷനില്‍ എത്തി, എത്ര മിനുട്ടുകള്‍ വൈകി ഓടുന്നു എന്നുള്ള വിവരങ്ങള്‍ നമുക്ക് ലഭിക്കും. അതനുസരിച്ച് നമ്മുടെ യാത്രാസമയം ക്രമീകരിക്കാനാകും.

ലൈവ് സ്റ്റേഷന്‍ എന്ന ഓപ്ഷനാണ് മറ്റൊരു ശ്രദ്ധേയമായ സവിശേഷത. ഒരു സ്റ്റേഷന്റെ പേര് കൊടുത്തു രണ്ടു മണിക്കൂറോ നാലു മണിക്കൂറോ തിരഞ്ഞെടുത്താല്‍ ഈ സമയങ്ങളില്‍ ആ സ്റ്റേഷനില്‍ എത്തിച്ചേരുന്ന എല്ലാ ട്രെയിനുകളുടെയും പേര്, നമ്പര്‍, എത്ര മിനുട്ട് വൈകി ഓടുന്നു, എത്തിച്ചേരുന്ന സമയം എന്നിങ്ങനെയുള്ള കൃത്യമായ വിവരങ്ങള്‍ നമുക്ക് ലഭിക്കും.

ട്രെയിന്‍ ഷെഡ്യൂള്‍, ക്യാന്‍സല്‍ ചെയ്ത ട്രെയിനുകള്‍, ഗതി മാറി ഓടുന്ന ട്രെയിനുകള്‍ എന്നിങ്ങനെ നിരവധിവിവരങ്ങള്‍ ലഭ്യമാകുന്ന വളരെ ഉപകാരപ്രദമായ ഒരു ആപ്ലിക്കേഷനാണ് NTES എന്നതില്‍ സംശയമില്ല.

നിങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറിലും നിങ്ങള്‍ക്ക് NTES സേവനം ലഭിക്കുന്നതാണ്. ഇതിനായി http://enquiry.indianrail.gov.in/ntes/ ലിങ്കില്‍ പോയാല്‍ മതി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍