UPDATES

ട്രെന്‍ഡിങ്ങ്

നീതിക്കുവേണ്ടി മകള്‍ക്കൊപ്പം ഉറച്ചു നിന്നു; ബിജെപി നേതാവിന്റെ മകനെതിരേ കേസ് കൊടുത്ത വര്‍ണികയുടെ പിതാവിനു തരംതാഴ്ത്തല്‍

കാറില്‍ പിന്തുടര്‍ന്നു ശല്യപ്പെടുത്തിയതിനും അക്രമിക്കാന്‍ ശ്രമിച്ചതിനുമാണ് ബിജെപി ഹരിയാന അധ്യക്ഷന്റെ മകനെതിരേ വര്‍ണിക കേസ് കൊടുത്തത്

തന്നെ കാറില്‍ പിന്തുടര്‍ന്നു ശല്യപ്പെടുത്തിയ ഹരിയാന ബിജെപി അധ്യക്ഷന്റെ മകനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോയ വര്‍ണിക കുന്ദു എന്ന പെണ്‍കുട്ടിയുടെ പിതാവിനെതിരേ സംസ്ഥാന സര്‍ക്കാരിന്റെ തിരിച്ചടി. വര്‍ണികയുടെ പിതാവും ഐ എ എസ് ഓഫിസറും ടൂറിസം വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ വിരേന്ദര്‍ കുന്ദുവിനു സ്ഥാനമാറ്റം നല്‍കിയിരിക്കുകയാണ്. ടൂറിസം വകുപ്പില്‍ നിന്നും താരതമ്യേന പ്രധാന്യം കുറഞ്ഞ സയന്‍സ് ആന്‍ഡ് ടെക്‌നേളജി വകുപ്പിലേക്കാണ് കുന്ദുവിനെ മാറ്റിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാലയ്‌ക്കെതിരേ തന്റെ മകള്‍ കേസുമായി മുന്നോട്ടുപോയപ്പോള്‍ കുന്ദു ഉറച്ച പിന്തുണയാണ് നല്‍കിയത്. ഇതാണ് ഇപ്പോഴത്തെ സ്ഥാനമാറ്റത്തിനു കാരണമായിരിക്കുന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുന്ദുവിന്റെ സ്ഥാനമാറ്റത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയ കോണ്‍ഗ്രസ് ഇത് ബിജെപിയുടെ പ്രതികാര നടപടിയാണെന്നാണ് കുറ്റപ്പെടുത്തിയത്. സ്വന്തം മകള്‍ക്കു നീതിക്കു വേണ്ടി നിലകൊണ്ടതിനുള്ള ബിജെപിയുടെ ശിക്ഷയാണിതെന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ഡിജെയായ വര്‍ണിക കുന്ദു രാത്രി കാറില്‍ പോകവേയാണ് വികാസ് ബറാലയും സുഹൃത്തും ചേര്‍ന്ന് മറ്റൊരു കാറില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു ശല്യം ചെയ്തത്. ഇവര്‍ തന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കാന്‍ ശ്രമിച്ചുവെന്നും കാണിച്ച് വര്‍ണിക നല്‍കിയ പരാതിയില്‍ വികാസിനും സുഹൃത്തിനുമെതിരേ കേസ് എടുക്കുകയായിരുന്നു. പ്രതികള്‍ വര്‍ണികയെ ശല്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വികാസിനെ അറസ്റ്റ് ചെയ്ത സമയത്ത് കേസ് അന്വേഷണത്തില്‍ യാതൊരുവിധ സമ്മര്‍ദ്ദവും ചെലുത്തില്ലെന്നും നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകുമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷനായ സുഭാഷ് ബറാല പ്രതികരിച്ചിരുന്നത്. വര്‍ണിക തനിക്ക് മകളെപ്പോലൈയാണെന്നും ബറാല അഭിപ്രയപ്പെട്ടിരുന്നു.

വിരേന്ദര്‍ കുന്ദുവിന്റെ മാറ്റംപോലെ പ്രധാനപ്പെട്ട ഒരു സ്ഥാനമാറ്റം ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി റാം നിവാസിന്റേത്. ഫുഡ് ആന്‍ഡ് സപ്ലൈസിലേക്കാണ് മാറ്റം. ദേര സച്ച സൗദ ചീഫ് ഗുര്‍മീത് റാം റഹീമിനെ കോടതി ശിക്ഷവിധിച്ചതിനു പിന്നാലെ നടന്ന അക്രമണങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ റാം നിവാസ് എടുത്ത നടപടികളെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രശംസിച്ചിരുന്നു. അതുകൊണ്ടു തന്നെ നിവാസിന്റെ മാറ്റം ആശ്ചര്യമായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍