UPDATES

ട്രെന്‍ഡിങ്ങ്

42 മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 63 പേരുടെ കൊലപാതകത്തിനു ഇടയാക്കിയ മുസഫര്‍നഗര്‍ കലാപ കേസ് പിന്‍വലിക്കാന്‍ യോഗിയുടെ നീക്കം

കലാപവുമായി ബന്ധപ്പെട്ട് ബുധാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഉമേഷ് മാലിക്കിനെതിരെ എടുത്തിട്ടുള്ള മറ്റ് എട്ടു കേസുകള്‍ പിന്‍വലിക്കുമെന്നും സൂചന

42 മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 63 പേരുടെ കൊലപാതകത്തിനും 40,000 ത്തില്‍പരം ആളുകളുടെ കുടിയൊഴിക്കലിനും ഇടയാക്കിയ 2013ലെ മുസഫര്‍നഗര്‍ വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട ഒരു കേസ് പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. പൊതുജന താല്‍പര്യ പ്രകാരം കേസ് പിന്‍വലിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജില്ല മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കേസിലെ 13 കാര്യങ്ങളെ കുറിച്ച് വിശദീകരണം നല്‍കാന്‍ മജിസ്‌ട്രേറ്റിനോട് സംസ്ഥാന നിയമവകുപ്പ് ആവശ്യപ്പെട്ടതായാണ് വിവരം. 2013 ഓഗസ്റ്റ് 31ന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ നേതാവിന്റെ പേര് കത്തില്‍ സൂചിപ്പിക്കുന്നില്ല. എന്നാല്‍ കേസ് നമ്പറുകള്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കലാപവുമായി ബന്ധപ്പെട്ട് ബുധാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഉമേഷ് മാലിക്കിനെതിരെ എടുത്തിട്ടുള്ള മറ്റ് എട്ടു കേസുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ചും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് താന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നാണ് മാലിക് പറയുന്നത്. മാലിക്കിനെതിരായ കേസുകളില്‍ ബിജ്‌നോറില്‍ നിന്നുള്ള ബിജെപി എംപി ഭര്‍തേന്ദ്ര സിംഗ്, മുന്‍ കേന്ദ്രമന്ത്രിയും മുസഫര്‍നഗറില്‍ നിന്നും ബിജെപി എംപിയുമായ സഞ്ജീവ് ബല്യാന്‍, സ്വാധി പ്രാച്ചി എന്നിവരും പ്രതികളാണ്.

ജനുവരി ആദ്യവാരമാണ് ഇത് സംബന്ധിച്ച കത്ത് ജില്ല മജിസ്‌ട്രേറ്റിന് അയച്ചിരിക്കുന്നത്. കത്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മജിസ്‌ട്രേറ്റിന്റെ ഓഫീസിലെ പിആര്‍ഒ അറിയിച്ചു. ഇതുവരെ അത്തരത്തിലുള്ള ഒരു കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ല അഡീഷണല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ചന്ദ്ര പറഞ്ഞു. ഔദ്യോഗിക കത്ത് ലഭിക്കാതെ ഇതിനെ കുറിച്ച് പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് കേസുകള്‍ നേരിടുന്നവരാണ് ബല്യാനും ഭര്‍തേന്ദ്ര സിംഗും ഉമേഷ് മാലിക്കും. 2013 ഓഗസ്റ്റ് 31ന് സ്വാധി പ്രാച്ചി മഹാപഞ്ചായത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് കലാപത്തിന് വഴിതെളിച്ച കാരണങ്ങളിലൊന്നെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ പ്രസംഗത്തിന്റെ പേരിലാണ് അവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. താന ഭവനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഷാമ്ലി, യുപി മന്ത്രി സുരേഷ് റാണ, സര്‍ദാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ സംഗീത് സോം എന്നിവര്‍ക്കെതിരെയും കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ സംഗീത് സോമിനെതിരായ കേസുകളില്‍ ഒന്നില്‍ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ് പിന്‍വലിക്കാനുള്ള റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍