UPDATES

വീഡിയോ

അയോദ്ധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണം;യുപി ഐപിഎസ് ഓഫീസറുടെ പ്രതിജ്ഞ; വീഡിയോ പുറത്ത്

ഹോം ഗാര്‍ഡ് ഹെഡ്ക്വാട്ടേഴ്സ് ഡയറക്ടര്‍ ജനറലായ സൂര്യ കുമാര്‍ ശുക്ലയുടെ നടപടിയാണ് വിവാദമായിരിക്കുന്നത്

അയോദ്ധ്യയില്‍ ഉടനടി രാമക്ഷേത്രം നിര്‍മ്മിക്കണം എന്നു പ്രതിജ്ഞ എടുക്കുന്ന ഉത്തര്‍പ്രദേശ് ഹോം ഗാര്‍ഡ് മേധാവിയായ ഐ പി എസ് ഓഫീസറുടെ വീഡിയോ പുറത്ത്. ഹോം ഗാര്‍ഡ് ഹെഡ്ക്വാട്ടേഴ്സ് ഡയറക്ടര്‍ ജനറലായ സൂര്യ കുമാര്‍ ശുക്ലയുടെ നടപടിയാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ ജനുവരി 28നു ലഖ്നൌ സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങിലാണ് ശുക്ല പ്രതിജ്ഞ എടുത്തത്.

“ഇന്നത്തെ ഈ പരിപാടിയില്‍ എത്രയും പെട്ടെന്നു രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നാം പ്രതിജ്ഞ എടുക്കണം… ജെയ് ശ്രീരാം” എന്നാണ് ശുക്ല പറഞ്ഞത്.”

കാസ്ഗഞ്ചിലെ വര്‍ഗ്ഗീയ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനം നിലനില്‍ക്കെയാണ് സംസ്ഥാന പോലീസിലെ ഒരു ഉന്നതന്റെ വര്‍ഗ്ഗീയ രാഷ്ട്രീയ ബന്ധം പുറത്തുവന്നിരിക്കുന്നത്.

സംഘപരിവാര്‍ സംഘടനകളുടെ കൂട്ടയ്മയായ അഖില ഭാരതീയ സമഗ്ര വിചാര്‍ മഞ്ച് സംഘടിപ്പിച്ച ‘രാം മന്ദിര്‍ ഓര്‍ സമാധാന്‍’ എന്ന പരിപാടിയിലാണ് വിവാദ പ്രതിജ്ഞ അരങ്ങേറിയത്.

അതേ സമയം സെമിനാര്‍ രാമ ക്ഷേത്ര നിര്‍മ്മാണത്തില്‍ ഹിന്ദു മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് എന്നു ശുക്ല പ്രതികരിച്ചു. “സുപ്രീം കോടതി തന്നെ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുസ്ലിങ്ങളുടെ കൂടി സഹകരണത്തോടെയാണ് ആ സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇത് നല്ല നീക്കമായതുകൊണ്ടാണ് ഞാന്‍ പങ്കെടുത്തത്. അതില്‍ തെറ്റൊന്നുമില്ല”

‘ഭാവിയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതായിരിക്കും ഉചിതം’ എന്നാണ് ശുക്ലയ്ക്ക് വേണ്ടി ഹോം ഗാര്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇറക്കിയ പത്രകുറിപ്പില്‍ പറഞ്ഞത്.

എന്നാല്‍ ശുക്ലയുടെ നടപടിയില്‍ എന്തെങ്കിലും തെറ്റുള്ളതായി ഉത്തര്‍ പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ പറഞ്ഞില്ല. “ഡിജി വിശദീകരണം നല്കിയിട്ടുണ്ട് എന്നും കൂടുതല്‍ അന്വേഷത്തിന്റെ ആവശ്യം ഇല്ലെന്നുമാണ്” അരവിന്ദ് കുമാര്‍ പ്രതികരിച്ചത്.

അതേസമയം ഇന്ത്യന്‍ പോലീസ് സെര്‍വീസ് അസോസിയേഷന്‍ സൂര്യ കുമാര്‍ ശുക്ലയുടെ നടപടിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നു. ഇന്ത്യന്‍ പോലീസ് സര്‍വീസിന്റെ നിഷ്പക്ഷതയ്ക്കും നീതിബോധത്തിനും സത്യസന്ധതയ്ക്കും എതിരാണ് ശുക്ലയുടെ നടപടി എന്നാണ് അവര്‍ വിലയിരുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍