UPDATES

യാത്ര

നാഷണല്‍ ജ്യോഗ്രഫിക്കിന്റെ 24 മണിക്കൂര്‍ ലോകസഞ്ചാര പട്ടികയില്‍ കാക്കത്തുരുത്തും

അഴിമുഖം പ്രതിനിധി

നാഷണല്‍ ജ്യോഗ്രഫിക്കിന്റെ 24 മണിക്കൂര്‍ ലോകസഞ്ചാര പട്ടികയില്‍ (Around the world in 24 hours) കേരളത്തിലെ കാക്കത്തുരുത്തും. ദക്ഷിണേഷ്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ ഏക സ്ഥലമാണ് കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ കാക്കത്തുരുത്ത്. എരമല്ലൂരില്‍ വേമ്പനാട് കായലിലെ ചെറിയൊരു തുരുത്തായ (ദ്വീപ്) കാക്കതുരുത്തിലെ സൂര്യാസ്തമയമാണു 24 മണിക്കൂര്‍ ലോകസഞ്ചാര പട്ടികയില്‍ ഉള്‍പ്പെട്ടത്.

നാഷണല്‍ ജ്യോഗ്രഫിക്കിന്റെ 24 മണിക്കൂര്‍ ലോകസഞ്ചാര പട്ടികയെന്നത് ഒരു ദിവസത്തിലെ ഒരോ മണിക്കൂറും ചെലവഴിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ 24 സ്ഥലങ്ങളുടെ പട്ടികയാണ്. ഈ പട്ടികയില്‍ വൈകിട്ട് ആറുമണി തൊട്ടുള്ള ഒരു മണിക്കുര്‍ ചിലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കാക്കതുരുത്ത് എന്നാണ് നാഷണല്‍ ജ്യോഗ്രഫിക് പറയുന്നത്.

പട്ടികയില്‍ സ്ഥലങ്ങളുടെ ചെറിയ ഒരു വിവരണവുമുണ്ട്. കേരളത്തിനെക്കുറിച്ച് കൊടുത്തിരിക്കുന്നത്.- വൈകിട്ട് ആറുമണി നേരത്തെ  കേരളം. കേരളത്തിലെ (ഇന്ത്യ) സൂര്യാസ്തമയത്തിന് അചാരനുഷ്ഠാനങ്ങളുടെ അകമ്പടിയുണ്ട്. കേരളത്തിലെ കായല്‍ മേഖലയിലെ മനോഹരമായ ഒരു ചെറു ദ്വീപായ കാക്കത്തുരുത്തില്‍ കുട്ടികള്‍ വെള്ളത്തിലേക്ക് കുതിക്കുന്നതും, സാരിയുടുത്ത സ്ത്രീകള്‍ അവരുടെ വീട്ടുജോലികള്‍ ചെയ്യുന്നതും, മീന്‍പീടുത്തകാര്‍ പെട്രോമാക്‌സ് വെളിച്ചത്തില്‍ കായലിലേക്ക് ഇറങ്ങുന്നതും, ഇരുള്‍ പരക്കുമ്പോള്‍ നീലാകാശം ഇന്ദ്രനീലക്കല്ലുപോലെ തിളങ്ങുകയും പിന്നീട് മരതകം പോലെ ചുവപ്പുരാശി കൊണ്ടുവരികയും ചെയ്യുന്ന ഈ ഇടത്തിന് മലയാളികള്‍ നല്‍കിയ പേര് കാക്കകളുടെ ദ്വീപ് (കാക്കതുരുത്ത്) എന്നാണ്.

24 മണിക്കൂര്‍ ലോകസഞ്ചാര പട്ടികയില്‍ ഒരോ മണിക്കൂറും ചിലവിടേണ്ട ഇടങ്ങള്‍: പുലര്‍ച്ചെ 12.00 മണി- നോര്‍വെ, 1.00 മണി- 35,000 അടി ഉയരത്തില്‍ വിമാനയാത്ര, 2.00 മണി – ചിലെയിലെ അറ്റക്കാമ മരുഭൂമി, 3.00 മണി – ഇസ്രയേലിലെ ടെല്‍ അവീവ്, 4.00 മണി – നോര്‍ത്ത് അയര്‍ലന്‍ഡ്, 5.00 മണി – ഹവായ് ദ്വീപ്, 6.00 മണി – പാരീസ്, 7.00 മണി – സാന്‍ഫ്രാന്‍സിസ്‌കോ, 8.00 മണി – അബുദാബി, 9.00 മണി – മെല്‍ബോണ്‍, 10.00 മണി – ടാന്‍സാനിയ, 11.00 മണി – അര്‍ജന്റീന, 12.00 മണി – നയ്ബീയ, 1.00 മണി – ചാള്‍സ്റ്റണ്‍, 2.00 മണി – പോര്‍ട്ട്‌ലാന്‍ഡ്, 3.00 മണി – ന്യൂസീലന്‍ഡ്, 4.00 മണി – ക്രൊയേഷ്യ, 5.00 മണി – ടോക്കിയോ, 6.00 മണി – കേരളം, 7.00 മണി – ക്യൂബ, 8.00 മണി – ന്യൂയോര്‍ക്ക് സിറ്റി, 9.00 മണി – ചൈന, 10.00 മണി ബുഡാപെസ്റ്റ്, 11. 00 മണി മൊണാക്കോ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍