UPDATES

തീവ്രദേശീയത കാലത്തെ ചില്ലറ തമാശകളും ഒരല്പം കാര്യ വിചാരവും

കേരളത്തിൽ അടുത്ത കാലത്തായി ഉണ്ടാക്കികൊണ്ടുവന്ന വളർച്ച ഇനിയങ്ങോട്ട് ഇല്ലാതായി പോകുമോ എന്ന ഭയം കേരളത്തിലെ ബി ജെ പി നേതാക്കളെ തെല്ലൊന്നുമല്ല അലട്ടുന്നത്

കെ എ ആന്റണി

കെ എ ആന്റണി

ഇക്കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ചില വഴിവിട്ട കളികളും സുധീരൻ ഗാന്ധിയുടെ പ്രതിപക്ഷ നേതാവ് വേഷവും ചില്ലറ പരിക്കൊന്നുമല്ല കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കും ആ പാർട്ടി നേതൃത്വം നൽകുന്ന മുന്നണിക്കും ഉണ്ടാക്കിയതെന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ അസംബ്‌ളി തിരെഞ്ഞെടുപ്പിൽ ഏറ്റ കനത്ത പ്രഹരം കോൺഗ്രസുകാരെ നേർവഴിക്കു നയിക്കും എന്ന് കരുതിയവരെ അമ്പരപ്പിക്കുന്ന പ്രകടനങ്ങൾ കോൺഗ്രസ് പാർട്ടിയിൽ തുടരുന്നതിനിടയിൽ ആണ് കരുണാകര പുത്രൻ മുരളീധരൻ പാർട്ടിയുടെ ദുരവസ്ഥയെക്കുറിച്ചു വിലപിച്ചത്. വിലാപം ആത്മാർത്ഥമോ അല്ലയോ എന്നൊക്കെയുള്ളത് മറ്റൊരു കാര്യമാകയാൽ അതവിടെ നിൽക്കട്ടെ.

കേരളത്തിൽ ഒരു പ്രതിപക്ഷം ഇല്ല, രണ്ടു പണിയും ഭരണ പക്ഷം തന്നെ ചെയ്യുന്നു എന്ന മുരളി വിലാപം കേട്ട മാത്രയിൽ തന്നെ ചെന്നിത്തലക്കാരൻ രമേഷ് ജി പണി തുടങ്ങിക്കഴിഞ്ഞു. നാഴികയ്ക്ക് നാല്പതു വട്ടം എന്ന മട്ടിൽ എന്തിനും ഏതിനും കേറി പ്രസ്താവന ഇറക്കുന്ന ഒരു വലിയ ദൗത്യത്തിലാണ് ടിയാൻ എന്നൊരു ആക്ഷേപം പൊതുവായി ഉയരുന്നുണ്ട്.

കൊണ്ടാലും കണ്ടാലും പഠിക്കാത്ത ചിലരുണ്ട് പിണറായി സർക്കാരിൽ എന്ന ആക്ഷേപവും ശക്തമാണ്. സ്വന്തം പാർട്ടിക്കാർ വക ഉടായിപ്പു വേലകൾ പോരാഞ്ഞു മുഖ്യമന്ത്രിയുടെ ഓരോ നീക്കവും സംശയ ദൃഷ്ടിയോടെയാണ് സി പി ഐക്കാർ വിലയിരുത്തുന്നത്. പുതിയ ഭരണ ചേരുവകളിൽ തന്നിഷ്ട്ടം പോലെ എരുവും പുളിയും ഉപ്പും ഒക്കെ ചേർത്ത് അവരും താൻ പോരിമ പ്രകടമാക്കികൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ മുണ്ടുടുത്ത മോദി എന്ന അവസാന അസ്ത്രം കൂടി സി പി ഐ എടുത്തു പ്രയോഗിച്ചുകഴിഞ്ഞു.

ഈ അടുത്ത ദിവസങ്ങളിൽ ഏറെ കൗതുകം ഉയർത്തിയ മറ്റൊരു പ്രസ്താവന ബിജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ എന്ന രാധാജി വകയാണ്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടു കേരളത്തിൽ ഉയരുന്ന പ്രധിഷേധത്തിനു പ്രതിരോധം സൃഷ്ടിക്കാൻ നിയുക്തനായ ആളുകളിൽ ഒരാളാണ് രാധാജി. പക്ഷെ രാധാജിക്കു നാവു പിഴച്ചു എന്ന് തന്നെ വേണം കരുതാൻ. ആദ്യം മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്കെതിരെ നടത്തിയ ആക്ഷേപ പരാമർശം തന്നെ എത്തിപ്പെടുത്തിയ ഗതികേടിൽ നിന്നും തലയൂരാൻ ഉള്ള വെപ്രാളത്തിൽ തന്നെ ആവണം സംവിധായകൻ കമൽ രാജ്യം വിട്ടു പോകണമെന്ന പ്രസ്താവനയ്ക്ക് ആധാരം.

രാധാജി ആളൊക്കെ കൊള്ളാം. ചിരിയും കൊള്ളാം. പക്ഷെ അമിതാവേശം ഇത്തിരി വിനയായി മാറിയോ എന്ന ആശങ്ക ബാക്കി നിൽക്കുന്നു. ഇത് വെറുതെ പറയുന്നതല്ല. രാധാജിക്കൊപ്പം സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ എം ടി രമേഷ്‌ജി പറയുന്നത് വെച്ച് പറയുകയാണ്. രമേഷ്‌ജി പറഞ്ഞത് കമലിനെതിരെ രാധാജി പറഞ്ഞതൊക്കെ ടിയാന്റെ സ്വന്തം അഭിപ്രായം മാത്രം എന്നാണ്. ഇവരിൽ ആരാണ് ശരിയെന്നു തീരുമാനിക്കുക അത്ര എളുപ്പമല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. ബിജെപി കേരള ഘടകം ഇപ്പോൾ വല്ലാത്തൊരു പ്രതിസന്ധിയിൽ ആണ്. കേരളത്തിൽ അടുത്ത കാലത്തായി ഉണ്ടാക്കികൊണ്ടുവന്ന വളർച്ച ഇനിയങ്ങോട്ട് ഇല്ലാതായി പോകുമോ എന്ന ഭയം കേരളത്തിലെ ബി ജെ പി നേതാക്കളെ തെല്ലൊന്നുമല്ല അലട്ടുന്നത്. പ്രത്യേകിച്ചും നോട്ടു പ്രശ്നവും മോദി വിമര്‍ശകര്‍ക്കെതിരെയുള്ള കേരളത്തിലെ കടന്നാക്രമണവും തുടർന്നങ്ങോട്ട് കേരളത്തിലെ ബി ജെ പിക്കു എത്ര കണ്ടു ഗുണം ചെയ്യും എന്ന് ചുരുങ്ങിയ പക്ഷം എം ടി രമേഷ്‌ജിയെപ്പോലുള്ള ചിലരെങ്കിലും വല്ലാതെ ആശങ്കപ്പെടുന്നുണ്ട്.

മോദിയുടെ താര പ്രഭാവം ആയിരുന്നില്ല കേരളത്തിലെ കോൺഗ്രസിലെ അപചയം മാത്രമാണ് തങ്ങൾക്കു ചരിത്രത്തിൽ ആദ്യമായി ഒരു നിയമ സഭ അംഗത്തിനെയും മറ്റു മണ്ഡലങ്ങളിൽ ഉയർന്ന വോട്ടിങ് മാർജിനും ഉണ്ടാക്കി തന്നതെന്നു തിരിച്ചറിയുന്നവർ ലക്കും ലഗാനും ഇല്ലാത്ത ചില നേതൃനാവുകളെ ഭയപ്പെട്ടേ മതിയാവൂ എന്നിടത്തേക്കു കാര്യങ്ങൾ എതിരിച്ചിരിക്കുന്നു എന്ന സൂചനയും എം ടി രമേഷ്‌ജിയുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാം. ഇതേ ആശങ്ക കേരളത്തിലെ സി പി എമ്മിലെയും സി പി ഐ യിലെയും പലർക്കും ഇല്ലാതെ പോകുന്നു എന്ന പ്രത്യാശ ബി ജെ പി ക്കു ബാക്കിയുണ്ടെങ്കിലും നിലവിലെ ജാതിയും മതവും തിരിച്ചുള്ള ഉടായിപ്പു ഭീഷണികൾ വിലപ്പോകില്ലെന്നെടുത്തേക്കു തന്നെയാണ് കാര്യങ്ങളുടെ പോക്ക്.

കമലിനെതിരെ നടക്കുന്ന പേ വിളയാട്ടം നൽകുന്ന സൂചന വ്യക്തമാണ്. തങ്ങൾക്കു പഥ്യം അല്ലാത്തവർ രാജ്യം വിട്ടു പോകണം എന്ന് പറയുമ്പോൾ ഈ ഈ ഇന്ത്യ മഹാരാജ്യം ഒരു വിഭാഗം ജനത്തിന്റേതു മാത്രമല്ല മോദി ഭക്തരും സംഘപരിവാറിന് കുഴലൂത്തു നടത്തുന്നവർക്കും മാത്രം ഉള്ളതാണെന്ന ഗർവ് നിറഞ്ഞ പ്രഖ്യാപനം കൂടി ഇതിൽ അടങ്ങിയിരിക്കുന്നുവെന്നു കൂടി നാം മനസ്സിലാക്കേണ്ടി വരുന്നു.

ഇത്തരം ജല്പനങ്ങൾക്കിടയിലാണ് ഇന്ത്യൻ അതിർത്തി കാക്കാൻ നിയോഗിക്കപ്പെട്ട തേജ് ബഹാദൂർ സിംഗ് എന്ന ബി എസ് എഫ് ജവാന്റെ മനം മടുത്തുണ്ടായ പ്രതിഷേധത്തെയും തുടർന്നുണ്ടായ സംഭവ വികാസങ്ങളെയും കാണേണ്ടത്. അതിർത്തി കാക്കാൻ നിയുക്തരായ തന്നെപോലുള്ളവർ പട്ടിണിയിലാണെന്നും മേലധികാരികൾ ആണ് ഇതിനു ഉത്തരവാദികൾ എന്നും കാട്ടി ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെ അയാൾക്ക് മുഴു ഭ്രാന്താണെന്ന വിശദീകരണം വന്നു. തൊട്ടുപിന്നാലെ തന്നെ അയാൾക്ക് എന്ത് സംഭവിച്ചു എന്ന് വിശദമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാര്യയുടെ പ്രസ്താവനയും. വര്‍ഷങ്ങളായി ഭ്രാന്തിനു ചികിത്സിക്കപ്പെടുന്ന ഒരാളെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കാൻ നിയോഗിച്ചതിനു പിന്നിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. രാജ്യ സുരക്ഷയെക്കുറിച്ചും മറ്റും നാഴികക്ക് നാല്പതു വട്ടം സംസാരിക്കുന്ന പുതുകാല ദേശ ഭക്തരെക്കുറിച്ചു ചിന്തിക്കുമ്പോൾ സത്യത്തിൽ ചിരിക്കണോ അതോ കരയണോ?

ഇതിനിടയിലാണ് സിനിമ-നാടക-സീരിയൽ നടൻ അലന്‍സിയര്‍ അമേരിക്കൻ പതാക കൊണ്ട് നാണം മറച്ചു ഒരു പ്രതീകാത്മക പ്രതിഷേധ പ്രകടനം നടത്തിയത്. മുസ്ലിം നാമധാരികളായ ചില ബോളിവുഡ് താരങ്ങളോട് ഇന്ത്യ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ മലയാളിയായ കമലിനോടും ഇതേ ആവശ്യം ഉന്നയിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അലന്‍സിയറുടെ ഈ പ്രതിഷേധ നാടകം. തീവ്ര ദേശീയതക്കാലത്തെ വെറും ഒരു തമാശയായി ഇതിനെ കാണാനാവില്ല. വർത്തമാനകാലത്തോട് ഉടുമുണ്ടുരിഞ്ഞുള്ള പ്രതിഷേധിക്കുകയാണ് ഈ കലാകാരന്‍. ആരൊക്കെ എവിടേക്കൊക്കെ പോകണം എന്ന് തിട്ടൂരം ഇറക്കാൻ ഇവർക്ക് എന്ത് അവകാശം? അമേരിക്കൻ പതാക കണ്ടാൽ ഓച്ഛാനിച്ചു നിൽക്കുന്ന ഒരു യുഗത്തിൽ തന്നെയാണ് ഇവരൊക്കെ ഇപ്പോഴും ജീവിക്കുന്നതെന്നു തോന്നുന്നു. ഐക്യ അമേരിക്ക എന്ന സങ്കല്പം തന്നെ പൊലിയുന്ന ഒരു വേളയിൽ കല്പിത മോഹങ്ങളുമായി നടക്കുന്നവർക്ക് ഒരു പക്ഷെ നിരാശപ്പെടേണ്ടിവരും. ഒരു പക്ഷെ എന്ന് പറയേണ്ടിവന്നത് കാലത്തിനൊത്തു കോലം കെട്ടാൻ പണ്ടെന്നപോലെ ഇന്നും സംഘികൾ സാദാ സജ്ജരാണ് എന്നതുകൊണ്ട് കൂടിയാണ്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍