UPDATES

ശ്രുതീഷ് കണ്ണാടി

കാഴ്ചപ്പാട്

ശ്രുതീഷ് കണ്ണാടി

അവര്‍ പേടിക്കുന്നുണ്ട്; അതുകൊണ്ടാണ് ഇന്ത്യന്‍ മുഖ്യധാരയ്ക്കായി ചില രാജ്യസ്നേഹ കളികള്‍ ആവിഷ്ക്കരിച്ചത്

ദേശീയത ഒരു രാജ്യാന്തര പ്രശ്നമായി കടന്നുവരുന്നതും ഈ രാജ്യത്തെ സാധാരണ പൗരന്‍മാര്‍ക്കിടയില്‍പ്പോലും അത് സംബന്ധിച്ച ചേരിതിരിവ് രൂപപ്പെടുന്നതും അതീവ ജാഗ്രതയോടെ നോക്കിക്കാണേണ്ടതുണ്ട്

രാജ്യം, രാജ്യാതിര്‍ത്തി, ദേശീയത, ദേശസ്നേഹം എന്നീ സംജ്ഞകളിലൂടെയാണ് നമ്മുടെ സാംസ്കാരിക-രാഷ്ട്രീയ ചര്‍ച്ചകള്‍ ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ദേശീയത ഒരു രാജ്യാന്തര പ്രശ്നമായി കടന്നുവരുന്നതും ഈ രാജ്യത്തെ സാധാരണ പൗരന്‍മാര്‍ക്കിടയില്‍പ്പോലും അത് സംബന്ധിച്ച ചേരിതിരിവ് രൂപപ്പെടുന്നതും അതീവ ജാഗ്രതയോടെ നോക്കിക്കാണേണ്ടതുണ്ട്. ഭരണകൂടങ്ങള്‍ തങ്ങളുടെ അധീശത്വം നിലനിര്‍ത്തുന്നതിനായി അതിസമര്‍ത്ഥമായി ഉപയോഗിക്കുന്ന ഒരു ടൂള്‍ ആയാണ് ദേശീയതയെനാം മനസ്സിലാക്കേണ്ടത്. ഈ അധീശത്വ വ്യവഹാരങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതുമാണ്‌. ദേശ-രാഷ്ട്ര സങ്കല്‍പ്പങ്ങളെ തഴുകി തലോടി ദേശീയതയെ ഒളിച്ചു കടത്തുന്നത് മാസ് മീഡിയകള്‍ തന്നെയാണ്. മാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകളുടെ ഫലമായാണ്‌ അധീശത്വ വിഭാഗങ്ങള്‍ സമൂഹത്തിലെ തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതെന്ന് ഗ്രാംഷി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്ത്യ പോലൊരു സാംസ്കാരിക വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്തെ സാംസ്കാരിക അധീശത്വം കൊണ്ട് വരുതിയിലാക്കാമെന്ന് നമ്മുടെ ഭരണകൂടം തെളിയിക്കുകയാണ്. ബ്രാഹ്മണാധിപത്യത്തില്‍ അധിഷ്ടിതമായ നിലവിലെ വലതുപക്ഷ രാഷ്ട്രീയ ശക്തികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ടൂള്‍ തന്നെയാണ് ദേശീയത. ഭരണകൂട-സൈനിക അടിച്ചമര്‍ത്തലുകള്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ഒക്കെ പതിവ് കാഴ്ച്ചകളിലൊന്നായി മാറിയ ഒരു രാജ്യത്ത് ദേശീയതയേക്കാള്‍ ശക്തമായ മറ്റൊരു ഹെജിമണിക് ടൂള്‍ ഉണ്ടോയെന്ന് തന്നെ സംശയമാണ്.അധികാര വര്‍ഗ്ഗം ഒരുസാംസ്കാരിക നേതൃത്വം (cultural leadership) കൂടെയായി മാറുന്നതായി നിലവിലെഅധീശത്വ വ്യവഹാരങ്ങളെ നാം നോക്കിക്കാണണം. ബ്രാഹ്മണ-ഭരണകൂട താല്‍പ്പര്യങ്ങള്‍ ഇവിടെ നടപ്പില്‍ വരുത്തുന്നത് ഹേജിമണിക് വ്യവഹാരങ്ങളുടെ സഹായത്താല്‍ മാത്രമല്ല; ഒപ്പം coercion- ഉം ഇവിടെ കാര്യമായ പങ്ക് വഹിക്കുന്നുണ്ട് എന്ന് തന്നെയാണ് സമകാലിക സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കാശ്മീരിലെ സൈനിക അതിക്രമം, സിമി പ്രവര്‍ത്തകരുടെ കൊലപാതകം, മാവോയിസ്റ്റ് വേട്ട, ബംഗാളിലെ സൈനിക വിന്യാസം തുടങ്ങിയവയെല്ലാം ഈ രീതിയില്‍ വേണം മനസിലാക്കാന്‍. പൊതുവില്‍ ഭരണകൂടങ്ങളെല്ലാം തന്നെ അപകടം പിടിച്ചതാണെങ്കിലും ഒരുപക്ഷേ സ്വന്തം ജനതയെ വേട്ടയാടി കൊല്ലുന്ന ലോകത്തെ ഒരേ ഒരു രാജ്യം ഇന്ത്യന്‍ ഭരണകൂടമാണെന്ന് പറയേണ്ടി വരും.

nationalism2

ദേശീയ ബിംബങ്ങള്‍, ദേശീയ ഗാനം എന്നിവക്ക് ഭരണകൂടം നല്‍കുന്ന പരിഗണനകള്‍ ഏറ്റവും അപകടം പിടിച്ച സ്ഥിതിവിശേഷത്തിലേക്ക് നയിക്കുമെന്ന് തന്നെ വേണം കരുതാന്‍. ദേശീയ ഗാനം സംബന്ധിച്ച് കഴിഞ്ഞ ദിവസമുണ്ടായ സുപ്രീം കോടതി വിധിയും സമകാലിക ഫാസിസ്റ്റ് ഇടപെടലുകളോട് കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. തിയേറ്ററുകളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കണമെന്ന് പറഞ്ഞ സുപ്രീം കോടതി വിധിയെ നിരവധി വ്യക്തികളും സംഘടനകളും ഇതിനോടകം തന്നെ വിമര്‍ശനപരമായി സമീപിച്ചിട്ടുണ്ട്. തിയേറ്റര്‍ പോലൊരു പൊതു ഇടത്ത് ദേശീയ ഗാനം നിര്‍ബന്ധമാക്കാന്‍ തയ്യാറായ സുപ്രീം കോടതി പക്ഷേ എന്ത് കൊണ്ട് പാര്‍ലമെന്‍റ്, കോടതി ഉള്‍പ്പെടെയുള്ള ഭരണകൂട ഇടങ്ങളില്‍ ഈ നിര്‍ബന്ധബുദ്ധി കാണിക്കുന്നില്ല എന്നതാണ് പ്രധാനമായും നിലവിലെ വിധിക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ചോദ്യങ്ങള്‍. ഇവിടെ പ്രധാനമായും ചിന്തിക്കേണ്ടത് എന്ത് കൊണ്ടാണ് തിയേറ്റര്‍ പോലെ വിനോദത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു പൊതു ഇടം ഇത്തരമൊരു വിധി നടപ്പിലാക്കാന്‍ തെരഞ്ഞെടുത്തു എന്നതാണ്. ഗ്രാംഷിയുടെ വാക്കുകള്‍ വീണ്ടെടുത്ത്‌ പറഞ്ഞാല്‍ അധീശത്വ വ്യവഹാരങ്ങള്‍ക്ക് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ഏറ്റവും യോജ്യമായ ഒരു മാസ് മീഡിയ ആയി വേണം ഇവിടെ തിയേറ്ററിനെ നാം മനസിലാക്കാന്‍. എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരു പോലെ സാന്നിധ്യം അറിയിക്കാനും ഇടപെടാനും കഴിയും എന്നത് കൊണ്ട് തന്നെ പോപ്പുലര്‍ കള്‍ച്ചര്‍ രൂപീകരിക്കപ്പെടുന്നതിലും പങ്കുവയ്ക്കുപ്പെടുന്നതിലും അതൊരു സ്വാധീന ശക്തിയായി മാറുന്നതിലും തിയേറ്ററുകള്‍ വഹിക്കുന്ന പങ്കാണ് ഇവിടെ നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അതിനാല്‍ തന്നെ ദേശീയത വിറ്റഴിക്കാനും ദേശീയ ഗാനത്തിന്‍റെ പേരില്‍ പൊതുജനങ്ങളെ സര്‍വയലന്‍സിന്‍റെ കത്തിമുനയില്‍ നിര്‍ത്താനും തിയേറ്ററിനെക്കാള്‍ മികച്ച മറ്റേത് ഇടമുണ്ടെന്നാണ് നിങ്ങള്‍ കരുതുന്നത്?

അതേസമയം ദേശ-രാഷ്ട്ര സങ്കല്പത്തിന് പുറത്ത് നില്‍ക്കുന്ന ദളിത്‌-ആദിവാസി-കീഴാള ജനവിഭാഗങ്ങളെ നിലവിലെ ദേശീയത സംബന്ധിച്ച സംവാദങ്ങള്‍ ഏത് രീതിയിലാണ് സ്പര്‍ശിക്കുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. ഭൂമി എന്നത് അടിസ്ഥാനപ്രശ്നമായി മനസിലാക്കുകയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ വിഭാഗങ്ങളോട് ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് തന്നെ നമ്മുടെ ഭരണകൂടം നടത്തുന്ന ഏറ്റവും ക്രൂരമായ ഇടപെടലായി മാത്രമേ മനസിലാക്കാന്‍ കഴിയുകയുള്ളൂ. ഗുജറാത്തും യുപിയും ഉള്‍പ്പെടുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും തോട്ടിപ്പണി എടുത്ത് ജീവിക്കുന്ന മനുഷ്യരോട് നിങ്ങള്‍ എങ്ങനെയാണ് ദേശീയതയെ കുറിച്ച് സംസാരിക്കുക? “സ്വച്ഛ് ഭാരത”ത്തിന്‍റെ അഴുകിയ ഓടകളില്‍ ജീവിതം ഹോമിക്കുന്ന അടിസ്ഥാന വര്‍ഗ്ഗത്തോട്‌ നിങ്ങള്‍ എങ്ങനെയാണ് ദേശീയ ഗാനത്തെ കുറിച്ച് വാചാലരാകുന്നത്?പൊതുവിടങ്ങളില്‍ ‘ജാതി’ മതിലുകള്‍ കെട്ടിപ്പൊക്കി അകറ്റി നിര്‍ത്തിയ ആ മനുഷ്യരോട് ഏത് ദേശത്തെ കുറിച്ച്, എന്ത് ദേശീയതയെ കുറിച്ചാണ് ഭരണകൂടം സംസാരിക്കുക? ഇങ്ങ് നമ്മുടെ ‘പുരോഗമന’ കേരളത്തില്‍ ഇടത്-വലത് ഭരണകൂടങ്ങള്‍ ഒരു പോലെ നീതി നിഷേധം നടത്തിയ ചെങ്ങറയിലെ, അരിപ്പയിലെ, ആറളത്തെ മനുഷ്യ ജീവിതങ്ങളോട് ദേശീയ ഗാനം ആലപിക്കാന്‍ പറയുന്നതിനേക്കാള്‍ വലിയ ആഭാസം മറ്റെന്താണുള്ളത്?

nationalism3

ദേശീയതയുടെ പേരില്‍ ഭരണകൂടം ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ അത്രയൊന്നും നിഷ്കളങ്കമായ രാജ്യസ്നേഹമായി വിലയിരുത്തുക സാധ്യമല്ല. നിലവിലെ ബ്രാഹ്മണ-അധീശത്വ വ്യവഹാരങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന കൗണ്ടര്‍ ഹെജിമണിയെ താല്‍ക്കാലികമായെങ്കിലും തടയിടുകയെന്ന ഭരണകൂട കുതന്ത്രം തന്നെയാണ് സുപ്രീം കോടതി വിധിക്ക് പുറകിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഗുജറാത്തിലെ ഉനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ദളിത്‌ പ്രക്ഷോഭം ഓര്‍ഗാനിക് ഇന്‍റലക്ച്വലുകളുടെ നേതൃത്വത്തില്‍ സംഭവിക്കാനിടയുള്ള കീഴാള വിപ്ലവത്തിന്‍റെ മുന്നൊരുക്കമാണെന്ന് ഭരണകൂടം കൃത്യമായി മനസിലാക്കിയിട്ടുണ്ട് എന്നതാണ് സത്യം. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന ആ മുന്നേറ്റം അധികാര വര്‍ഗ്ഗത്തെ, ഭരണകൂടത്തെപ്രത്യക്ഷമായി തന്നെ ചോദ്യം ചെയ്യുന്നുണ്ടെന്നതില്‍ യാതൊരു തര്‍ക്കത്തിന്‍റെയും ആവശ്യമില്ല. രോഹിത് വെമൂല കൊളുത്തി വിട്ട അഗ്നി കെടാതെ സൂക്ഷിക്കുന്ന വലിയൊരു വിഭാഗം ജനതയും, സിമി പ്രവര്‍ത്തകരുടെ കൊലപാതകവും, കാശ്മീരിലെ സംഘര്‍ഷങ്ങളും, നജീബിന്‍റെ തിരോധാനവും എല്ലാം കീഴാള വര്‍ഗ്ഗ മുന്നേറ്റത്തിന് കരുത്ത് പകരുന്നുണ്ടെന്ന് ഒരു പക്ഷേ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുള്ളത് നമ്മുടെ ഭരണകൂടം തന്നെയാണ്. ഈ മുന്നേറ്റങ്ങളില്‍ നിന്നും മുഖ്യധാരാ ഇന്ത്യന്‍ രാഷ്ട്രീയത്തെ അകറ്റി നിര്‍ത്താന്‍ തന്നെയാണ് നോട്ടു നിരോധനം, ദേശീയ ഗാന വിവാദം ഉള്‍പ്പെടെയുള്ള സാമൂഹിക സംവാദങ്ങള്‍ക്ക് ഭരണകൂടം തിരി കൊളുത്തിയത്. ആയതിനാല്‍ നോട്ട് പിന്‍വലിക്കല്‍ മൂലം നിലവിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഭരണകൂടത്തിന്‍റെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയുടെ ഫലമാണെന്നൊക്കെ കരുതാന്‍ തത്ക്കാലം നിര്‍വ്വാഹമില്ല. ഈ സാമ്പത്തിക പ്രതിസന്ധിക്കും സാമൂഹിക അരക്ഷിതാവസ്ഥക്കും ആത്യന്തികമായി ഇരകളായത് ആരെല്ലാമാണെന്ന് പരിശോധിച്ചാല്‍ തന്നെ ഈ വാദത്തിന്‍റെ പൊരുള്‍ വ്യക്തമാകും. കൗണ്ടര്‍ ഹെജിമണി എന്ന ഗ്രാംഷിയന്‍ ദര്‍ശനത്തിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്ന അടിസ്ഥാന വര്‍ഗ്ഗം തന്നെയാണ് ഇവിടെ ദേശീയതയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഭരണകൂട ഇടപെടലുകളില്‍ അധികവും ഇരകളായിട്ടുള്ളത്.

ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ദേശ-രാഷ്ട്ര സങ്കല്പങ്ങളില്‍ അധിഷ്ടിതമായ ദേശീയതയും ദേശ സ്നേഹവുമെല്ലാം ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത മൂര്‍ച്ചയേറിയ ആയുധങ്ങള്‍ തന്നെയാണ്. അതിന്‍റെ പ്രഹര ശേഷി ഒരുപക്ഷേ മുഖ്യധാര ഇടതുപക്ഷത്തിന് പോലും കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംവാദങ്ങള്‍ നല്‍കുന്ന സൂചന. ഫാസിസത്തിന്‍റെ വരവിനായി ഇപ്പോഴും കാത്തിരിക്കുന്ന, തങ്ങള്‍ക്കിടയിലെ മികച്ച രാജ്യസ്നേഹി ആരെന്നു കണ്ടെത്താന്‍ പോരിനിറങ്ങുന്ന ഇടത് കാല്‍പനികതയില്‍ ചെറിയൊരു പ്രതീക്ഷയര്‍പ്പിക്കാന്‍ പോലും നിലവില്‍ സാധ്യമല്ല. അതുകൊണ്ട് തന്നെ ‘തിയേറ്റര്‍ ദേശീയത’യുടെ ഇക്കാലത്ത്, രാജ്യസ്നേഹത്തിന്‍റെ ഇരുതല മൂര്‍ച്ചയുള്ള വാള്‍ തലയ്ക്കു മുകളില്‍ തൂങ്ങിയാടുന്ന ഇക്കാലത്ത് കൗണ്ടര്‍ ഹെജിമണി രൂപപ്പെടുത്തിയെടുക്കുക എന്നത് ഒരു കീഴാള രാഷ്ട്രീയ അനിവാര്യതയായി മാറുകയാണ്. ആയതിനാല്‍ ഈ രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗം മുന്നോട്ടു വയ്ക്കുന്ന ഉണര്‍വ്വിന്‍റെ രാഷ്ട്രീയത്തെ പിടിച്ചുകെട്ടാന്‍ ഭരണകൂടം നടത്തുന്ന എല്ലാ ശ്രമങ്ങളെയും വിഫലമാക്കിക്കൊണ്ട് ദളിത്‌-ബഹുജന്‍-കീഴാള വിഭാഗങ്ങള്‍ തീര്‍ക്കുന്ന രാഷ്ട്രീയ സംവാദങ്ങളും ആശയ സംഘര്‍ഷങ്ങളും അധികാര ബന്ധങ്ങളെ, അതിന്‍റെ ഘടനയെ പോറലേല്‍പ്പിക്കും എന്നുതന്നെ നമുക്ക് പ്രത്യാശിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രുതീഷ് കണ്ണാടി

ശ്രുതീഷ് കണ്ണാടി

മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്രുതീഷ് കണ്ണാടി ഇപ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നു. ദളിത്‌ പ്രവര്‍ത്തകനാണ്. 'ഒച്ച' ശബമില്ലാത്തവരുടെ ശബ്ദമാണ്. മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവരുടെ, അധ:സ്ഥിത വിഭാഗങ്ങളുടെ, വേട്ടയാടപ്പെടുന്നവരുടെ ശബ്ദം. നാം കേള്‍ക്കാതെ പോകുന്ന, കേട്ടില്ലെന്ന് നടിക്കുന്ന നിലവിളികള്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഒച്ചയിലൂടെ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍