ദേശസ്നേഹം അല്ലെങ്കില്‍ രാജ്യദ്രോഹി എന്ന വാക്കിനെ ചുറ്റിപ്പറ്റി ഇന്ത്യയില്‍ ഏറെ ചര്‍ച്ചകള്‍ നടന്നു വരുന്ന സമയം ആണല്ലോ. ആര്‍ എസ എസ എന്ന വര്‍ഗീയ സംഘടനക്കെതിരെ പ്രസംഗിച്ചു എന്ന “കുറ്റത്തിനെ” രാജ്യദ്രോഹമെന്ന തലക്കെട്ട് നല്‍കി ഒരു വിദ്യാര്‍ഥി നേതാവിനെ അന്യായമായി തടങ്കലില്‍ വയ്ക്കുകയും കോടതിയില്‍ വച്ച് ഒരു കൂട്ടം ബി ജെ പി-ആര്‍ എസ് എസ് അഭിഭാഷകര്‍ മര്‍ദ്ദിക്കുകയും ചെയ്ത വിഷയം കത്തി നില്‍ക്കുകയാണ് ഇപ്പോള്‍. ഇതൊക്കെ ഒരു സിനിമ കാണുന്ന പോലെ നോക്കി നില്‍ക്കുകയും ചെയ്തു ഡല്‍ഹി പോലീസ്. അതോടൊപ്പം ജെ എന്‍ യു പോലുള്ള ഒരു ക്യാമ്പസില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പില്‍ വരുത്താനും കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. അതോടൊപ്പം പല പല വാദങ്ങളും ഉയര്‍ന്നു കേട്ടു. പക്ഷേ അവയെല്ലാം കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞു കഴിഞ്ഞു. കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നത് വെറും വ്യാജ്യപ്രചരണമെന്നുള്ളതിനുള്ള തെളിവുകള്‍ നെറിയുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടു. അഫ്സല്‍ ഗുരു വധശിക്ഷയുമായി ബന്ധപ്പെട്ടു നടന്ന നീതി നിഷേധത്തെ കുറിച്ച് നടത്തിയ ചര്‍ച്ച അഥവാ അനുസ്മരണം തടയാന്‍ ശ്രമിച്ച എ ബി വി പിയുടെ ഇടപെടലുകള്‍ ആണ് യഥാര്‍ത്ഥ പ്രശനം എന്നും ആളുകള്‍ മനസിലാക്കി കഴിഞ്ഞിരിക്കുന്നു. പക്ഷെ, ഇപ്പോഴും ചില ചോദ്യങ്ങള്‍ സജീവമായി ഉയരുന്നുണ്ട്.
എന്താണ് ദേശസ്നേഹം?
ദേശസ്നേഹവുമായി ബന്ധപ്പെട്ടു ഈയിടെ വന്ന ചില വിവാദങ്ങള്‍ നമുക്ക് ഒന്ന് പരിശോധിക്കാം.
ദേശദ്രോഹകുറ്റം ചുമത്തുക എന്നത് ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ഒരു പുതിയ സംഭവം ഒന്നും അല്ല. ബാലഗംഗാധര തിലക് മുതല്‍ അരുന്ധതി റോയ് വരെ ഇത്തരത്തില്‍ ദേശദ്രോഹകുറ്റം ചുമത്തപ്പെട്ടവരാണ്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ശബ്ദം ഉയര്‍ത്തിയതാണ് തിലകിനെതിരെ ഉള്ള കുറ്റം. വിചാരണക്കിടെ അദ്ദേഹം ഉന്നയിച്ച ഒരു ചോദ്യം ഏറെ പ്രസക്തമാണ്. “ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതോ അതോ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യക്കെതിരെ ചെയ്യുന്ന പ്രവര്‍ത്തികളോ, ഇതില്‍ ഏതാണ് രാജ്യദ്രോഹം?” നിലനില്‍ക്കുന്ന ഭരണ സംവിധാനത്തില്‍ ഉള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതാണ് പലപ്പോഴും രാജ്യദ്രോഹമെന്ന പേരില്‍ മുദ്രകുത്തപ്പെടുന്നത്. അത് തന്നെയാണ് ഭരണകൂടങ്ങള്‍; അത് രാജവാഴ്ചയോ, കോളനി ഭരണമോ, ജനാധിപത്യമോ എന്തും ആകട്ടെ; നടപ്പിലാക്കുന്നതും. അരുന്ധതി റോയും സമാനമായ ഒരു പ്രശ്നത്തില്‍ ആണ് രാജ്യദ്രോഹി ആകുന്നത്. 2010ല്‍ കശ്മീര്‍ സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു സെമിനാറില്‍ സംസാരിച്ചു എന്ന കുറ്റമാണ് അവര്‍ക്കുമേല്‍ ചുമത്തിയത്. കശ്മീര്‍ എന്ന പ്രശ്നം കനയ്യ വിഷയത്തിലും പ്രധാനമാണ്. “ദേശവിരുദ്ധ” മുദ്രാവാക്യങ്ങള്‍ വിളിച്ചതില്‍ കശ്മീരിന് സ്വാതന്ത്ര്യം വേണം എന്ന് വിളിച്ചു എന്നും ആരോപണം ഉണ്ട്.
എങ്ങനെയാണ് ഒരു വ്യക്തിയില്‍ രാഷ്ട്രബോധം എന്ന വികാരം ഉണ്ടാക്കിയെടുക്കുന്നത്? സ്കൂള്‍ കാലം മുതല്‍ ഇന്ത്യ എന്‍റെ രാജ്യമാണ് എന്ന വാക്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പത്തുകൊല്ലത്തോളം (ഒന്നു മുതല്‍ പത്താം ക്ലാസ് വരെ) പറയുന്നു. എന്‍റെ അമ്മ, എന്‍റെ അച്ഛന്‍, എന്‍റെ ബുക്ക്, എന്‍റെ വസ്ത്രം എന്നൊക്കെപോലുള്ള ഒരു തരം പൊസഷന്‍ (posession) ബോധമാണ് ഇതിലൂടെ നിര്‍മ്മിച്ചെടുക്കുന്നത്. ഈ വികാരം ആകട്ടെ എല്ലാവര്‍ക്കും ഒരുപോലെ ഉണ്ടായിരിക്കേണ്ട ഒന്നാണ് എന്നും നാം ധരിച്ചു വച്ചിരിക്കുന്നു.
നാനാത്വങ്ങളുടെ ഭൂമികയായ ഒരു പ്രദേശത്തിന് ഭരണഘടനയില്‍ എഴുതിയത് കൊണ്ട് മാത്രം “ഏകത്വവും” രാഷ്ട്രബോധവും ഉണ്ടാകണം എന്നുണ്ടോ? യഥാര്‍ത്ഥത്തില്‍ നമ്മുടെ ഒക്കെ ഉള്ളില്‍ ഉണ്ടാക്കിയെടുത്തിരിക്കുന്ന ഒന്ന് മാത്രമാണ് ഈ രാഷ്ട്രസങ്കല്പം എന്നത്. പ്രവാസികള്‍ക്ക് നാടിനോട് ഉണ്ടാകുന്ന ഒരുതരം കാല്‍പനികമായ ഗൃഹാതുരതയ്ക്കപ്പുറം രാഷ്ടനിര്‍മിതിയിലോ അതിന്‍റെ “ഉന്നമനത്തിനോ” വേണ്ടി പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നവരല്ല നമ്മില്‍ ബഹുഭൂരിപക്ഷവും. പക്ഷെ ആ വികാരം ശക്തമാണ്. ഇന്ത്യ ക്രിക്കറ്റില്‍ ജയിക്കുമ്പോഴും യുദ്ധത്തില്‍ “ജയിക്കുമ്പോഴും” ഈ വികാരം സടകുടഞ്ഞെഴുന്നേല്‍ക്കും.
പക്ഷെ രാജ്യത്ത് ഒരു സന്നിഗ്ദ്ധാവസ്ഥ വരുമ്പോള്‍ ഈ വികാരപ്രകടനങ്ങള്‍ക്ക് പകരം നിശബ്ദതയും നിസ്സംഗതയും ആണ് പലരിലും കാണാറ്. ഇന്ത്യയില്‍ അഴിമതി നടക്കുമ്പോള്‍: കാറ്റിന് പോലും വിലയിട്ടു ലക്ഷം കോടികള്‍ വ്യക്തികള്‍ കയ്യടക്കുംമ്പോള്‍ള്, ചേരികള്‍ ഒഴിപ്പിക്കപ്പെടുമ്പോള്‍, കര്‍ഷകര്‍ ആത്മഹത്യ നടത്തുമ്പോള്‍, ദളിത് ജീവിതങ്ങള്‍ തെരുവുകളില്‍ കൊല ചെയ്യപ്പെടുമ്പോള്‍, ആണവകരാറുകള്‍ ഒപ്പിടുമ്പോള്‍, പാര്‍ലമെന്റില്‍ നോട്ടുകെട്ടുകള്‍ കൂറ് മാറ്റത്തെ അസാധുവാക്കുമ്പോള്‍ ആര്‍ക്കും രാഷ്ട്ര ബോധമോ, പ്രതികരണമോ, അഭിപ്രായമോ ഒന്നും ഇല്ല. ശുദ്ധമായ നിസംഗത മാത്രം. അതിര്‍ത്തിയില്‍ വെടിയേറ്റ് മരണപ്പെടുന്ന സൈനികന്റെ ഫോട്ടോ ഷെയര്‍ ചെയ്താലും, അവര്‍ രാജ്യത്തിന് വേണ്ടി നടത്തുന്ന ത്യാഗങ്ങളെ ഉയര്‍ത്തിക്കാട്ടിയാലും, അതിനെ എതിര്‍ത്താല്‍ “ഞങ്ങളൊക്കെ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ് നീയൊക്കെ ഉറങ്ങുന്നത്” എന്നൊക്കെ ഇന്ബോക്സുകളില്‍ ഭീഷണി മുഴക്കിയാലും ശവപ്പെട്ടി കുംഭകോണമോ, ആയുധകച്ചവടമോ അതിനു പിന്നിലെ രാഷ്ട്ര തന്ത്രങ്ങളോ നാം ചര്‍ച്ച ചെയ്യില്ല. ഒരു യുദ്ധത്തില്‍, ഒരു കായിക വിനോദത്തില്‍ ഇന്ത്യയല്ലാത്ത മറ്റൊരു രാഷ്ട്രത്തെ പിന്തുണക്കാന്‍ പോലും നമുക്ക് അര്‍ഹതയില്ല- സ്വാതന്ത്ര്യം ഇല്ല. ഭാഗ്യമാണ് ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യ മത്സരിക്കാന്‍ അര്‍ഹത നേടാത്തത്.
കനയ്യകുമാറിന്‍റെ പ്രശ്നത്തില്‍ അദ്ദേഹം കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ടപോലെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയില്ല; അത് മറ്റേതോ ആളുകള്‍ കരുതിക്കൂട്ടി വിളിച്ചതാണ് എന്ന് തെളിഞ്ഞു. അപ്പോഴും ഒരു കരട് എന്‍റെ മനസ്സില്‍ നില്‍ക്കുന്നു. ഇനി അദ്ദേഹമോ ഞാനോ പാക്കിസ്ഥാന്‍ കീ ജയ് എന്ന് വിളിക്കുന്നത് രാജ്യദ്രോഹമാണോ? ആള്‍ക്കൂട്ടങ്ങളുടെ നീതിക്കായുള്ള മുറവിളികള്‍ ചെവിക്കൊണ്ടു ഭരണകൂടം നടത്തിയ കൊലപാതകമാണ് അഫ്സല്‍ ഗുരുവിന്‍റെത് എന്ന് പറഞ്ഞാല്‍, കശ്മീരില്‍ ഇന്ന് ഇന്ത്യ നടത്തുന്നത് അതിക്രമങ്ങള്‍ ആണെന്ന് പറഞ്ഞാല്‍, ഭരണകൂട ഭീകരതയാണ് ഇന്ന് ഇന്ത്യയില്‍ എന്ന് പറഞ്ഞാല്‍ രാജ്യദ്രോഹമാകുന്നതെങ്ങനെ? മുദ്രാവാക്യങ്ങള്‍ എങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്? ജനാധിപത്യ രാഷ്ട്രമെന്നാല്‍ അവിടെ ജനതയുടെ വിമര്‍ശത്തിനും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെ വേണം ഭരണസംവിധാനങ്ങള്‍ നിലനില്‍ക്കാന്‍. ഒരു ഭരണ കൂടം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് മാത്രം പറയുക എന്നതല്ല ഒരു രാജ്യത്തെ പൌരന്റെ കടമ. എങ്കില്‍ അതിനെ എങ്ങനെ ജനാധിപത്യം ഇന്നു വിളിക്കും?
ചില ആളുകള്‍ പറഞ്ഞത് അഫ്സല്‍ ഗുരു അനുസ്മരണവും പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യവും രാഷ്ട്രതാത്പര്യത്തിന് വിരുദ്ധമാണ് എന്നാണ്. ആരുടെതാണ് രാഷ്ട്രം? ആരാണ് അതിന്‍റെ താത്പര്യങ്ങള്‍ തീരുമാനിക്കുന്നത്? വധശിക്ഷ നടപ്പിലാക്കുക എന്നത് ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ഇല്ലായ്മ ചെയ്യേണ്ട ഒന്ന് തന്നെയാണ്. അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ മറക്കുകയല്ല. അത് പ്രത്യേകമായി പറയേണ്ട ഒന്നാണ്. യാക്കൂബ് മേമനെ പോലെ, ഒരു ഭീകരാക്രമണത്തില്‍ പ്രതിയാകേണ്ടവര്‍ക്ക് താമസസൌകര്യം ഒരുക്കി, അവര്‍ക്ക് ബാറ്ററി വാങ്ങികൊടുത്തതുപോലുള്ള ആരോപണങ്ങള്‍ ആണ് ഇവര്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. അതുതന്നെ കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും എളുപ്പത്തില്‍ ലഭിച്ച “പ്രതികളെ” ജനങ്ങളുടെ വികാരം മാനിച്ച് വധശിക്ഷ വിധിക്കുന്നു. ഹായ്!!! എത്ര കാര്യക്ഷമമായ നീതിന്യായ വ്യവസ്ഥ. ഭരണകൂട കൊലപാതകങ്ങള്‍ എന്നും ഇത്തരത്തില്‍ തന്നെ ആയിരുന്നു. ഇതിനു മറുവാദം ഉന്നയിക്കുന്നവര്‍ ഉണ്ട്. രാജ്യത്തെ (ഭാരതാംബയെ) ശിഥിലമാക്കാന്‍ തുനിഞ്ഞിറങ്ങിയ ഭീകരര്‍ക്ക് വേണ്ടി വാദിക്കുന്നു. അവരെ തൂക്കിക്കൊന്നതില്‍ കണ്ണീര്‍ ഒഴുക്കുന്നു. അതിര്‍ത്തിയില്‍ ആയിരം പട്ടാളക്കാര്‍ ജീവന്‍ വെടിയുമ്പോള്‍ ഇല്ലാത്ത ദുഖമാണ് എന്നൊക്കെ ആരോപിക്കുന്നു.
ശിക്ഷ= തൂക്കിക്കൊല്ലുക എന്ന സമവാക്യത്തില്‍ പണ്ടേ വിശ്വസിക്കുന്നില്ല എന്നതു തന്നെയാണ് ഇത്തരം ഭരണകൂട കൊലപാതകങ്ങള്‍ക്കെതിരെ പറയാന്‍ പ്രേരിപ്പിക്കുന്നത്. ചെയ്ത തെറ്റിന്; ചെയ്ത തെറ്റിന് മാത്രമായിരിക്കണം ശിക്ഷ. വധശിക്ഷകൊണ്ട് ഒരു കുറ്റത്തെയും ഇല്ലാതാക്കാന്‍ സാധിക്കുന്നില്ല. അത് മനുഷ്യത്വരഹിതമായ നടപടിയാണ്. അതിലൂടെ സംതൃപ്തമാകുന്നത് മറ്റൊരുവന്റെ/മറ്റൊരുവളുടെ ചോരമണത്തില്‍ നിന്നുമാത്രം തൃപ്തമാകുന്ന “രാക്ഷസീയമായ” ചോദനകള്‍ തന്നെയാണ്.
സോഷ്യല്‍ മീഡിയയിലെ പല പോസ്റ്റുകളിലും ഉണ്ടായിരുന്ന ധ്വനിയില്‍, ഇവയൊക്കെ ചെയ്യുന്നത് രാജ്യദ്രോഹമാണ് പക്ഷെ ജെഎന്‍യുവില്‍ അത് നടന്നിട്ടില്ല, അല്ലെങ്കില്‍ വെറും പത്തു കുട്ടികള്‍ ആണ് “അത്തരം” മുദ്രാവാക്യങ്ങള്‍ മുഴക്കിയത് എന്നൊക്കെയാണ്. ജെ എന്‍ യുവില്‍ അനുസ്മരണം സംഘടിപ്പിച്ച ആ പത്തുപേര്‍ക്ക് ജനാധിപത്യരാഷ്ട്രത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ അവകാശമില്ലേ? എങ്ങനെയാണ് പ്രതിഷേധങ്ങള്‍ രാജ്യദ്രോഹമാകുന്നത്? ദേശവിരുദ്ധത എന്നത് തികച്ചും സബ്ജക്ടീവ് ആയ ഒന്നായിരിക്കെ (ഭരണഘടനയില്‍ വിവരിക്കുന്ന വകുപ്പുകളെ അല്ല ഇവിടെ ഉദ്ദേശിക്കുന്നത്) ഏതൊക്കെതരം പ്രതിഷേധങ്ങളെ ആണ് നമുക്ക് ദേശസ്നേഹപരം എന്നു വിളിക്കാന്‍ ആവുക? പലപ്പോഴും ദേശസ്നേഹം എന്നത് സര്‍ക്കാര്‍ ചിലവില്‍- സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുമ്പോള്‍ ഓരോ സര്‍ക്കാരിനും അവരുടെ അജണ്ടകള്‍ക്കും അനുസരിച്ച് നമ്മിലെ ദേശസ്നേഹം മാറുമോ?
ഇനി ജെ എന്‍ യുവിലെ പ്രശ്നം തന്നെ എടുക്കുക. വളരെ വ്യത്യസ്തമായ ആശയങ്ങള്‍ നിരന്തരം സംവാദത്തില്‍ ഏര്‍പ്പെടുന്ന സ്ഥലങ്ങള്‍ ആണ് ഓരോ അക്കാദമിക് ഇടങ്ങളും. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന, വ്യതിരിക്തമായ ഭൂതകാലങ്ങളും അനുഭവങ്ങളും ഉള്ള, പ്രായത്തില്‍ ഏറെ ഏറ്റകുറച്ചിലുകള്‍ ഉള്ള വിദ്യാര്‍ഥികള്‍ ആണ് അവിടെ പഠിക്കുന്നത്. പഠനം എന്നാല്‍ ക്ലാസ്സ് മുറികളില്‍ ഉള്ളവ മാത്രമല്ല എന്ന ബോധ്യം വായിക്കുന്നവരില്‍ ഉണ്ട് എന്നതില്‍ നിന്നാണ് എഴുതുന്നത്. അത്തരം അക്കാദമിക് ഇടത്തില്‍ ഭരണകൂട ഭീകരത നിരന്തരം അനുഭവിക്കുന്ന പ്രദേശങ്ങളായ കശ്മീര്‍, വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക് ഭരണകൂടത്തിന്‍റെ സകലസൌകര്യങ്ങളും താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ദേശവിധേയത്വം ഉണ്ടായിരിക്കണം എന്നുള്ളത് തികച്ചും അസംബന്ധമായ നിലപാടാണ്.
പല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ചെന്നാല്‍ “ഓ നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ” എന്നാണ് ചോദിക്കുക. അതായത് അവര്‍ സ്വയം ഇന്ത്യയുടെ ഭാഗമെന്നു വിശ്വസിക്കുന്നില്ല. ഇത് തികച്ചും വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പായും അവര്‍ കരുതുന്നു. കാരണം ഇന്ത്യന്‍ ഭരണകൂടത്തിന്റെയും പട്ടാളത്തിന്റെയും ക്രൂരതകള്‍ ആണ് അവര്‍ കാലങ്ങളായി അനുഭവിക്കുന്നത്. ഇവിടങ്ങളിലെ പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ റോഡുകള്‍ പണിയാന്‍ സാധിക്കില്ല. കാരണം അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും “ശത്രുക്കള്‍ക്ക്” എളുപ്പം ഇന്ത്യയിലേക്ക് വരാന്‍ കഴിയും എന്നതിനാല്‍ പട്ടാളത്തിന്റെ അനുമതി അതിനില്ല. ഇതുകൊണ്ട് മാത്രം പ്രസവസമയത്ത് ആശുപത്രിയില്‍ സമയത്ത് എത്താന്‍ സാധിക്കാതെ മരണത്തിനു കീഴടങ്ങുന്ന അമ്മമാരുടെ എണ്ണം അനവധിയാണ്. ആരോഗ്യമേഖലയിലായിരുന്നു പ്രവര്‍ത്തനം എന്നതിനാല്‍ ഇത് നേരിട്ട് അറിഞ്ഞ വിവരമാണ്. പഞ്ചായത്ത് റോഡിനു ഒരു സെന്റ് ഭൂമിയെടുത്താല്‍, മണല്‍ ലഭിക്കാനുള്ള അപേക്ഷ ഒന്ന് തള്ളിയാല്‍ റോഡിനു നടുവില്‍ മുണ്ടുപൊക്കി കാണിക്കുന്ന “നാം” ആണ് അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇല്ലാത്ത, അല്ലെങ്കില്‍ രാജ്യസുരക്ഷയെ ചൊല്ലി അത് നിര്‍മിക്കാന്‍ സാധിക്കാത്ത ഒരു സംസ്ഥാനത്തിലെ ജനങ്ങളെ “ദേശസ്നേഹം “പഠിപ്പിക്കുന്നത്. എങ്ങനെയാണ് നാം അവരുടെ ഈ വികാരത്തെ അഭിസംബോധന ചെയ്യുക?
മറ്റൊന്ന് ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം ആണ്. പാക്കിസ്ഥാന്‍ വിരോധം അല്ലെങ്കില്‍ പാക്കിസ്ഥാന്‍ എന്ന അപരത്തില്‍ ആണ് നാം നമ്മുടെ ദേശീയതയുടെ അളവുകോല്‍ നിര്‍മ്മിച്ചിരിക്കുന്നതും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതും. എത്രത്തോളം നിങ്ങള്‍ ആ രാജ്യത്തെ വെറുക്കുന്നുവോ അത്രത്തോളം നിങ്ങള്‍ സ്വരാജ്യത്തോട് കൂറുള്ളവനാണ്. അമേരിക്ക എന്ന ലോകപോലീസ് കാണിക്കുന്ന എല്ലാവിധ അധിനിവേശങ്ങളെയും, ഇടപെടലുകളേയും വെല്ലുവിളികളെയും വിധേയത്തത്തോടെ കാണുന്ന നമുക്ക് പക്ഷെ അയല്‍ രാജ്യമായ പാക്കിസ്ഥാനോട് ക്രിക്കറ്റില്‍ തോല്‍ക്കുന്നതുപോലും അസഹനീയമാണ്. സാനിയാ മിര്‍സ ഒരു പാക്കിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതായി തോന്നുന്നതും ഇതേ യുക്തികൊണ്ട് തന്നെ.
ഇന്ത്യxപാക്കിസ്ഥാന്‍ എന്ന ഒരു ആശയം പണ്ടേ നമ്മില്‍ പതിഞ്ഞിട്ടുണ്ട്. ആതുകൊണ്ടാണ് കാര്‍ഗില്‍ യുദ്ധവും അതിലെ “വിജയവും” നമ്മെ ത്രസിപ്പിക്കുന്നത്.. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ സംസ്കാര വൈചിത്ര്യങ്ങളെ, അല്ലെങ്കില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനില്‍ പോകണം എന്ന് സംഘ പരിവാര്‍ നിരന്തരം മുറവിളി കൂട്ടുന്നത്. എന്തുകൊണ്ട് അവര്‍ മറ്റൊരു രാജ്യത്തെയും ഇത്തരത്തില്‍ എതിര്‍ചേരിയില്‍ നിര്‍ത്തുന്നില്ല? ഇത് കൃത്യമായും മുസ്ലീം വിരോധത്തില്‍ നിന്നും ഉണ്ടാകുന്ന ഒന്നാണ്. രാജ്യത്ത് നിലനില്‍ക്കുന്ന മതവൈരത്തിന്‍റെ ഉപോല്‍പ്പന്നമാണ് ഇതും. പാക്കിസ്ഥാന്‍ മുസ്ലീം രാഷ്ട്രമാണ്. ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രവും. ഈ ദ്വന്ദങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ ചിന്തയുടെ ബാക്കിപത്രമാണ് പാക്കിസ്ഥാന്‍ വിരോധവും.
അഡ്വ: വൈശാഖന്‍ ഇങ്ങനെ കുറിക്കുന്നു. “നിങ്ങൾ അതിർത്തികളെയാണു സ്നേഹിക്കുന്നത് രാജ്യത്തെയല്ല….എന്താണു രാജ്യസ്നേഹം എന്ന്ചോദിച്ചാൽ ഭൂപടത്തിൽ വരച്ചിട്ട ഭൂവിസ്തൃതിയോടുള്ള നിങ്ങളുടെ അടങ്ങാത്ത ആക്രമണോത്സുകമായ അഭിനിവേശമാണോ രാജ്യസ്നേഹം…?”
വെറും 69 വര്‍ഷം മുന്‍പ് വരെ ഈ ഭൂപ്രദേശങ്ങള്‍ എല്ലാം ഒരേ രാജ്യത്തിലെ വിവിധ ഭാഗങ്ങള്‍ ആയിരുന്നു. ഇന്ന് നാം മറ്റൊരു സംസ്ഥാനത്തെ അല്ലെങ്കില്‍ ഭൂപ്രദേശത്തെ കാണുന്ന അതേ സ്നേഹത്തോടെ നാം കണ്ടിരുന്ന ഒരു സ്ഥലമായിരുന്നു അവയും. അതിനെയാണ് ഇന്ന് നാം ശത്രുപക്ഷത്തു നിര്‍ത്തുന്നത്. അറുപത്തി ഒമ്പത് വര്‍ഷം എന്നത് കാലചക്രത്തില്‍ ചില നിമിഷങ്ങള്‍ പോലെയേ ഉള്ളൂ. പക്ഷെ അതിര്‍ത്തികള്‍ മനസില്‍ രേഖപ്പെടുത്തിയാല്‍ പിന്നെ അതിനെ മറികടക്കുക ഏറെ ശ്രമകരം തന്നെ.
നാം എപ്പോഴും വ്യാകുലപ്പെടുന്നതും രാജ്യത്തെ – അതിന്‍റെ അതിര്‍ത്തികളെ- ഓര്‍ത്തു മാത്രമാണോ? സംസ്ഥാനങ്ങള്‍ തമ്മില്‍, പ്രത്യേക പ്രദേശങ്ങള്‍ തമ്മില്‍ ഒക്കെ സംഘര്‍ഷങ്ങള്‍ ഉള്ള വിസ്തൃതമായ ഒരു രാജ്യമാണ് ഇന്ത്യ. ഈ പ്രശ്നങ്ങളില്‍ നാം എന്തു നിലപാടാണ് കൈക്കൊള്ളാറുള്ളത്. ദേശീയവാദം അപ്പോള്‍ ചുരുങ്ങി പ്രാദേശിക വാദം ആകുന്നു. പ്രാദേശികവാദം വീണ്ടും ശുഷ്കിച്ച് അവനവനിസം അഥവാ സ്വന്തം ജീവിതത്തെ മാത്രം സ്നേഹിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു.
സാര്‍വദേശീയത എന്നത് എതിര്‍ക്കപ്പെടെണ്ടതും ദേശീയത എന്നത് സ്വീകരിക്കപ്പെടെണ്ടതും ആകുന്നതു ഒരു ജനാധിപത്യ രാഷ്ട്രത്തിനു ഭൂഷണമായ ഒന്നല്ല. ഹിറ്റ്ലറുടെ ഭരണകാലത്ത് സംശുദ്ധമായ ജര്‍മ്മന്‍ രക്തം മാത്രമേ ജര്‍മനിയില്‍ പാടുള്ളൂ എന്ന തീരുമാനമാണ് ജൂതന്മാരുടെ കൂട്ടക്കൊലക്ക് കാരണമായത്. ഇതിനു വേണ്ടി ഹിറ്റ്ലര്‍ ഉപയോഗിച്ച ആയുധവും ദേശീയതതന്നെ. കൊല്ലപ്പെടെണ്ടവര്‍ ആ രാജ്യത്തില്‍ അധിനിവേശം നടത്തിയവരാണെന്നും ദേശവിരുദ്ധരാണെന്നും മുദ്രകുത്തിയാല്‍ അവരുടെ കൊലകള്‍ക്ക് ന്യായീകരണമായി. ഇത് തന്നെയാണ് മുസ്സോളിനി ഇറ്റലിയിലെ ആര്യവര്‍ഗ്ഗത്തിന്റെ സംശുദ്ധി നിലനിര്‍ത്താന്‍ എന്ന പേരില്‍ പ്രയോഗിച്ചതും. പക്ഷെ ഒരു രാജ്യത്തിന്‍റെ വളര്‍ച്ചക്കും, ഇത്തരം ദേശീയതാ വാദം ഗുണകരമായിട്ടില്ല. ഇന്ത്യയെയും കാത്തിരിക്കുന്നത് അപകടകരമായ ദേശീയതയുടെ ഉപോല്‍പ്പന്നമായ അക്രമങ്ങളും കൂട്ടക്കുരുതിയും ആയിരിക്കും.
രാജ്യത്തെ യുവാക്കളില്‍ രാജ്യസ്നേഹം ഉറപ്പിക്കാന്‍ സര്‍വകലാശാലകളില്‍ ദേശീയപതാകകള്‍ ആകാശം മുട്ടെ ഉയര്‍ത്തി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കികഴിഞ്ഞു. ഓരോ വീടുകളിലും ദേശീയ മൃഗം വളര്‍ത്താനും, ദേശീയ വൃക്ഷം നട്ടുപിടിപ്പിക്കാനും കൂടി ഉത്തരവിടേണ്ടതാണ്. ഇത്തരം ബിംബങ്ങള്‍ സൃഷ്ടിക്കുകയും അതിനെ ആരാധിക്കുന്നതാണ് ബഹുമാനവും സ്നേഹവും അളക്കുന്നതിനുള്ള അളവുകോലുകള്‍ എന്നും കരുതുന്നത് അത്ര നിസ്സാരമായി തള്ളികളയേണ്ട പ്രവണതയല്ല.
നിങ്ങള്ക്ക് ഒരു ദേശത്തെ ബഹുമാനിക്കാം. പക്ഷെ ഒരു ദേശീയതയും ദേശബോധവും അടിച്ചേല്‍പ്പിക്കരുത്. ആരുടെ മേലും. ഒരു രാജ്യത്തെ വ്യക്തിക്ക് അതിന്‍റെ ഭരണഘടനയെയും ദേശചിഹ്നങ്ങളെയും വിമര്‍ശിക്കാനുള്ള അധികാരം ഉണ്ടായിരിക്കണം. ഒരു ചിഹ്നത്തെയും മനുഷ്യനില്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടത്തിനു അവകാശമില്ല. ഇന്ത്യ എന്നത് കുറച്ചു രേഖകള്‍ കൊണ്ട് അടയാളപ്പെടുത്തേണ്ട അതിര്‍ത്തികള്‍ മാത്രമുള്ള ഒന്നല്ല. അതിനുമപ്പുറം ലോകമുണ്ട്- മനുഷ്യര്‍ ഉണ്ട്. ഈ രേഖകള്‍ക്ക് ഉള്ളില്‍ മാത്രം ജീവിക്കുന്ന ജനതയോട്, അല്ലെങ്കില്‍ ആ പ്രദേശങ്ങളോട് മാത്രം തോന്നേണ്ട ഒന്നാണോ രാജ്യസ്നേഹം? അതിനുപുറമെ ജീവിക്കുന്ന മനുഷ്യര്‍ എന്നത് നമ്മുടെ പരിഗണനകളില്‍ പെടേണ്ട ഒന്നല്ല എന്നാണോ രാജ്യസ്നേഹം പ്രസംഗിക്കുന്നവര്‍ കരുതുന്നത്?
ജെ എന്‍ യുവിലെ പ്രശ്നത്തെ കുറിച്ച് രാകേഷ് കോന്നി ഇങ്ങനെ പറയുന്നു. “കേന്ദ്ര നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിന്റെ സെലക്റ്റീവ് നീതിനിർവഹണം ഏറ്റവുമധികം വ്യക്തമായത് പട്യാല ഹൗസ് കോടതി വളപ്പിലെ സംഭവങ്ങളിലൂടെയാണ്. ആദ്യ ദിനം നടന്ന അക്രമങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തമായിരുന്നു – കോടതി വളപ്പിലിട്ട് കനയ്യ കുമാറിനെ കൈകാര്യം ചെയ്യുക എന്നതാണ് ഗൗണിട്ട ഗുണ്ടകളുടെ ഉദ്ദേശ്യം. ഇക്കാര്യം ബോധ്യമായതുകൊണ്ടാവണം സുപ്രീം കോടതി ബുധനാഴ്ച ഡൽഹി പോലീസിനു കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നത്. എന്നാൽ, സുപ്രീം കോടതി നിർദ്ദേശങ്ങളെ കാറ്റിൽ പറത്തി ബുധനാഴ്ച കോടതി പരിസരത്ത് തെമ്മാടികൾ അഴിഞ്ഞാടിയപ്പോൾ ഡൽഹി പോലീസ് നോക്കുകുത്തികളായി നിന്നു എന്നുമാത്രമല്ല, ഈ സംഭവത്തിനു ശേഷം ഡൽഹി പോലീസ് മേധാവി വളരെ ലളിതമായി കൈകഴുകിപ്പോകുന്നതും നാം കണ്ടു.
എതിർ സ്വരങ്ങളെയും സംവാദങ്ങളെയും നിങ്ങൾ ഭയക്കുന്നു. അതിനെ ശാരീരികമായി കൈകാര്യം ചെയ്യാനുള്ള ന്യായീകരണമായി നിങ്ങൾ സൃഷ്ടിക്കുന്ന യാതൊരു ആത്മാർത്ഥതയുമില്ലാത്ത പൊള്ളയായ വികാരങ്ങളെ തിരിച്ചറിയാൻ സാധാരണ മനുഷ്യന് മിനിമം കോമൺസെൻസ് മാത്രം മതിയാവും. തലയ്ക്ക് വെളിവില്ലാത്ത അക്രമികളായ നിങ്ങൾ ജനാധിപത്യത്തിനും ജനതയ്ക്കും ഭീഷണിയാണ്. നിങ്ങളാണ് ശരിക്കുള്ള രാജ്യദ്രോഹികൾ. സംഘപരിവാറിന്റെ അധികാരത്തിന്റെ ഹുങ്കിൽ നിങ്ങൾ കാട്ടിക്കൂട്ടുന്നതാണ് ദേശദ്രോഹപ്രവർത്തനങ്ങൾ.”
എഴുതിയിടത്തോളം ലളിതമല്ല അവസ്ഥകള്‍ എന്ന് കൃത്യമായി അറിയാം. അനവധി തലങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ആഴമേറിയ ഒന്നാണ് ഇത്. പക്ഷെ എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കാന്‍ ആവരെ രാജ്യദ്രോഹികള്‍ എന്നു മുദ്രകുത്തുന്നതും, ഉന്നതമായ ഒരു സര്‍വകലാശാലയെ മുഴുവന്‍ തോക്കിന്കുഴലിനു മുന്നില്‍ അടക്കി നിര്‍ത്താന്‍ ശ്രമിക്കുന്നതും വിഡ്ഢിത്തമാവും.
എന്തായിരിക്കണം നമ്മുടെ രാജ്യസ്നേഹത്തിന്റെ അളവുകോലുകള്‍? ഒരു രാജ്യത്തിന്‍റെ പൊതുമുതല്‍ നശിക്കുമ്പോള്‍ അത് തടയുന്നതോ, വൈദ്യുതക്ഷാമം നേരിടുന്ന ഒരു രാജ്യത്ത് അനാവശ്യമായി കത്തുന്ന ഒരു വിളക്ക് അണക്കുകയോ ചെയ്യുന്നതാവട്ടെ നമ്മുടെ രാജ്യസ്നേഹം. വെള്ളം പാഴാക്കാതെ ഉപയോഗിക്കുന്നതും, അന്യരെ സ്വന്തം കൂടപ്പിറപ്പായി കണക്കാക്കുന്നതും ആകട്ടെ നമ്മിലെ “ദേശസ്നേഹിയുടെ” അടയാളങ്ങള്‍. വഴിയില്‍ പരിക്കേറ്റ ഒരാളെ കാണുമ്പോള്‍ തിരിഞ്ഞു നടക്കാത്തത് ആകട്ടെ നമ്മുടെ മനുഷ്യസ്നേഹം. ദളിത്, ആദിവാസി, മറ്റു പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ എന്നിവര്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കുന്ന അന്തരീക്ഷമുള്ള, അഭിപ്രായ സ്വാതന്ത്ര്യമുള്ള, അതിനു തക്കവണ്ണം വിദ്യാഭ്യാസ രംഗത്തെ എല്ലാവര്ക്കും പ്രാപ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്യുന്ന ഒരു സമൂഹത്തെ നിര്‍മിച്ചെടുക്കുക എന്നതാവട്ടെ ലക്‌ഷ്യം. രാജ്യസ്നേഹത്തെ കുറിച്ചുള്ള നമ്മുടെ അഭിപ്രായങ്ങളും വൈരുധ്യങ്ങളും എതിര്‍പ്പുകളും ഒരേപോലെ സംവാദമാകട്ടെ! അവ ഉയര്‍ന്നു കേള്‍ക്കട്ടെ!
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)