UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയത എന്ന എടുക്കാത്ത നാണയം

Avatar

പി പി സത്യന്‍

ദേശീയ വികാരം അടിച്ചേല്‍പ്പിക്കപ്പെടുന്നുവെന്നത് ഒരു മിഥ്യാബോധമാണ്. ദേശീയത തന്നെ ഒരു മിഥ്യാബോധമാണ്. എന്നാല്‍ മുതലാളിത്തം അതിന്റെ ക്ലാസിക്കല്‍ ചരക്കുല്‍പ്പാദന/വില്പന ഘട്ടത്തില്‍ ഉല്‍പ്പാദിപ്പിച്ച ഈ മിഥ്യാബോധം കൊളോണിയല്‍ വിരുദ്ധ സമരത്തെ ശക്തിപ്പെടുത്തി. ഇന്ത്യന്‍ ദേശീയതരംഗം അത്യുച്ചത്തിൽ ആയിരുന്ന അക്കാലത്തുപോലും ഇന്ത്യൻ ദേശീയതയിൽ ഹിന്ദു നിർമിതി സജീവമായിരുന്നു. ദേശരാഷ്ട്രം എന്ന ആവരണത്തിന് കീഴിൽ ലോകത്തെവിടെയും വംശീയത സുരക്ഷിതമായി വർത്തിച്ചു. യൂറോപ്പിലും, മുസ്ലീം-ജൂത വിരുദ്ധ തരംഗമായിട്ടാണ് ദേശീയത ഉറഞ്ഞൊഴുകിയത്. രണ്ടു ലോകമഹായുദ്ധങ്ങളും ആയിരക്കണക്കിന് ചെറുയുദ്ധങ്ങളും ദേശരാഷ്ട്ര നിർമിതിയിലെ ആക്രമണോത്സുകതയെ  വെളിപ്പെടുത്തി. യുദ്ധാനന്തര തത്വചിന്തയുടെ മുഖ്യ ഉള്ളടക്കം ദേശരാഷ്ട്ര / അന്താരാഷ്ട്ര നിര്‍മ്മിതിക്ക്  എതിരായിരുന്നു.

അക്കാലത്ത് ഇന്ത്യയെ സാരമായി ആവേശിച്ചിരുന്ന  ഗാന്ധിജിയുടെ ഗ്രാമ സ്വരാജ് സങ്കല്‍പ്പം ദേശീയതയെ അപ്രസക്തമാക്കുകയും നിരാകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വീക്ഷണമാണ്. സ്വന്തം ഗ്രാമം തന്നെ സ്വന്തം രാജ്യമാവുമ്പോള്‍ ദേശീയ രാഷ്ട്രം അപ്രസക്തമാവുന്നു. സ്വന്തം ഗ്രാമം തന്നെ ഗ്രാമത്തിന്റെ ഭരണ കേന്ദ്രവുമാവുമ്പോള്‍ ദേശീയ രാഷ്ട്രവും അതിന്റെ അധികാര സങ്കല്‍പ്പവും അപ്രസക്തമാവുന്നു. ഭരണകൂടം കൊഴിഞ്ഞുപോവുന്നതിന്റെ ഗാന്ധിയന്‍ രാഷ്ട്രീയ മാനമാണിത്. പക്ഷെ  ഇന്ത്യ അന്ന് സ്വീകരിച്ചതാകട്ടെ ‘പ്രയോഗിക മിശ്രിത’മായ നെഹ്രുവിയൻ സോഷ്യലിസവും. 

ആഗോളവല്‍ക്കരണ കാലഘട്ടത്തെ ആശയവിനിമയ സാങ്കേതിക വിസ്ഫോടനം ദേശീയ സങ്കല്‍പ്പത്തെ തന്നെ അപ്രസക്തമാക്കി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അധികാരത്തിന്റെ ആഗോളീകരണ പ്രക്രിയയില്‍ ദേശീയ ചിഹ്നങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ഇന്ന്. ആഗോളവല്‍കൃത സമ്പദ്‌വ്യവസ്ഥയുടെ പിണിയാളുകളായ ദേശീയ ഭരണാധികാരികള്‍ ചരിത്രത്തില്‍ കാലഹരണപ്പെട്ടതെല്ലാം മാന്തിയെടുത്ത് ജനങ്ങള്‍ക്കെതിരായി പ്രയോഗിക്കുകയാണ്. സാര്‍വ്വലൗകികമായി ശക്തിപ്പെട്ടുവരുന്ന പൊലീസിംഗിന്റെ ഭാഗമായി എല്ലാ ജനകീയ ധാരണകളും കവര്‍ന്നെടുക്കപ്പെടുന്നു. വഴിനടക്കാനുള്ള ജനങ്ങളുടെ അവകാശം  പോലും കവര്‍ന്നെടുക്കപ്പെടുന്ന കാലഘട്ടമാണ് ആഗോളവല്‍ക്കരണ കാലഘട്ടം.

ദളിതര്‍ക്കു മാത്രമായിരുന്നു കൊളോണിയല്‍ കാലഘട്ടത്തില്‍ വഴി നടക്കുവാനുള്ള അവകാശം നഷ്ടമായിരുന്നതെങ്കില്‍ ഇന്നത് ജനങ്ങള്‍ക്കാകെ നിഷേധിക്കപ്പെടുകയാണ്. റെയില്‍വേ സ്റ്റേഷന്‍, നാഷണല്‍ ഹൈവേ എന്നിവിടങ്ങളില്‍ മാത്രമല്ല ഇത് അനുഭവിക്കേണ്ടിവരുന്നത്. കടല്‍ത്തീരങ്ങള്‍, നദീതീരങ്ങള്‍, കാടുകള്‍, തടാകതീരങ്ങള്‍ എന്നിവിടങ്ങളെല്ലാം കോര്‍പ്പറേറ്റുകള്‍ കീഴടക്കുന്നു. യാത്രകളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ വരുന്നു. ചാപ്പകുത്തിയ കുതിരകളെയെന്നപോലെ മനുഷ്യരെ കാണുന്ന കാലം. ഐഡന്റിറ്റി കാര്‍ഡ് കഴുത്തില്‍ തൂക്കി നടക്കേണ്ടിവരുന്ന, ചാപ്പ മനുഷ്യരായി അധഃപതിക്കുന്ന കാലം. ഇതൊരലങ്കാരമായി കാണുന്ന മധ്യവര്‍ഗ ഭോഷ്‌ക്കുകളുടെ കാലം. മതം, ജാതി, വംശം എന്നിവയെയെല്ലാം അടിസ്ഥാനമാക്കിയുള്ള നിയന്ത്രിത സമൂഹമായി മനുഷ്യര്‍ മാറുന്ന കാലം.

ബെസ്റ്റ് ഓഫ് അഴിമുഖം 

തീവ്രദേശീയത അപരരെ തേടുമ്പോള്‍
ഒരു കൂവല്‍കൊണ്ട് മാഞ്ഞു പോകുന്ന ദേശപ്പെരുമകള്‍
സല്‍മാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കള്ളക്കേസില്‍-സല്‍മാന്‍ ജസ്റ്റിസ് ഫോറം
ദേശീയത കടന്നു വരുന്ന നിമിഷങ്ങള്‍ അഥവാ ദേശദ്രോഹികള്‍ സൃഷ്ടിക്കപ്പെടുന്ന വിധം

 

കാലഹരണപ്പെട്ട പൗരസമൂഹചിന്തയിൽനിന്നുകൊണ്ട് ഇതിനെ കാണാന്‍ കഴിയില്ല. രാഷ്ട്രീയ സമൂഹമെന്നും പൗരസമൂഹമെന്നും മനുഷ്യസമൂഹത്തെ വിഭജിക്കുന്നത് ക്ലാസിക്കല്‍  വരേണ്യ രാഷ്ട്രീയാശയമാണ്. പൗരസമൂഹാനന്തര സമൂഹത്തില്‍, സമൂഹം ആഗോളീകരണ സമൂഹമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഈ രാഷ്ട്രീയ പരിണാമപ്രക്രിയയെ തടയാനാണ് ഭരണാധികാരികള്‍ സമൂഹത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. നിരോധനങ്ങളുടെയും നിയന്ത്രണങ്ങളുടെയും കാലം. വിനോദങ്ങളുംആനന്ദങ്ങളും നിയന്ത്രിക്കപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്യുന്നു. മനുഷ്യസ്‌നേഹവും പ്രണയവും നിരോധിക്കപ്പെടുന്നു.രാഷ്ട്രപതിയും പ്രധാനമന്ത്രിയും മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും വഴിയേ വരുമ്പോള്‍ മനുഷ്യര്‍, കാല്‍നടക്കാര്‍ പോലും തടയപ്പെടുന്ന ലജ്ജാകരമായ കാലം. പഴയ പോക്കിരിരാജകളും നാടുവാഴികളും വരുമ്പോള്‍ നദികളില്‍ സാധാരണക്കാര്‍ക്ക് വഞ്ചിയിറക്കാന്‍ പാടില്ലായിരുന്നു. ആ കാലഘട്ടത്തിന്റെ പുനരാവര്‍ത്തനമാണിത്. സോഷ്യല്‍ മീഡിയകളില്‍ നടന്നുവരുന്ന നിയന്ത്രണങ്ങളും സെഡിഷന്‍ നിയമങ്ങളും ഇതിന്റെ ഭാഗമാണ്.

‘വി.ഐ.പി’കള്‍ കാറില്‍ വരുമ്പോള്‍ കാല്‍നടക്കാരെയും മറ്റും കയര്‍കെട്ടിയും അല്ലാതെയും തടഞ്ഞുനിര്‍ത്തുന്നത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പൊലീസും ഭരണാധികാരികളും ജഡ്ജിമാരും പറയേണ്ടതുണ്ട്. മനുഷ്യരെല്ലാം തുല്യരാണെന്നും നിയമത്തിന്റെ മുന്നില്‍  എല്ലാവരും സമന്‍മാരാണെന്നും ഭരണഘടനയും നീതിന്യായ വ്യവസ്ഥയും പറയുമ്പോള്‍ അതിനെ മറച്ചുപിടിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ തടയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയണം.

സിനിമാ തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്ന് എഴുതിക്കാണിക്കുന്നത് നിയമവിരുദ്ധമായിട്ടും തീയേറ്റര്‍ ഉടമകള്‍ക്കെതിരെയും അതിനനുവാദം കൊടുക്കുന്ന മന്ത്രിമാര്‍ക്കെതിരെയും നടപടിയെടുക്കാന്‍ കഴിയില്ലെങ്കില്‍ ഏമാന്മാർ മറ്റെന്തെങ്കിലും പണിക്കുപോകുന്നതാണ് നല്ലത്.

ദേശീയത എന്ന എടുക്കാത്ത നാണയം കയ്യിലില്ലാത്തവൻ/ വൾ എന്ന കുറ്റം ഫ്രെയിം ചെയ്യിപ്പിക്കുന്നവർ വിനിമയം ചെയ്യുന്ന മൂല്യം എന്തെന്ന് നാമറിയണം. 

(എഴുത്തുകാരനും ഇടതു ചിന്തകനുമാണ് പി പി സത്യന്‍. ലൈംഗികതയുടെ രാഷ്ട്രീയം, എന്താണ് ജനാധിപത്യം? മാര്‍ക്സിസ്റ്റ് പദാവലിതുടങ്ങി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.)

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍