UPDATES

വിദേശം

യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് എച്ച്ആര്‍ മക് മാസ്റ്റര്‍ സ്ഥാനം ഒഴിയുന്നു

മക്മാസ്റ്ററും പ്രസിഡന്റ് ട്രംപും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് വൈറ്റ്ഹാസ് വൃത്തങ്ങള്‍ പറയുന്നതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മക്മാസ്റ്റര്‍ക്ക് പകരം യുഎന്നിലെ മുന്‍ അംബാസഡര്‍ ജോണ്‍ ബോള്‍ട്ടന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവാകും.

വൈറ്റ് ഹൗസില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പടിയിറങ്ങല്‍ തുടരുന്നു. യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് എച്ച്ആര്‍ മക് മാസ്റ്റര്‍ ട്രംപ് ഗവണ്‍മെന്റ് വിടുന്നു. മക്മാസ്റ്റര്‍ക്ക് പകരം യുഎന്നിലെ മുന്‍ അംബാസഡര്‍ ജോണ്‍ ബോള്‍ട്ടന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവാകും. മക്മാസ്റ്ററും പ്രസിഡന്റ് ട്രംപും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് വൈറ്റ്ഹാസ് വൃത്തങ്ങള്‍ പറയുന്നതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഒരു ടീമിന്റെ അനിവാര്യത മനസിലാക്കുന്നതിനാലാണ് ഈ മാറ്റമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. 34 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന യുഎസ് ആര്‍മിയില്‍ നിന്നും മക്മാസ്റ്റര്‍ വിരമിക്കും.

വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയിരുന്നു. ഏപ്രിലില്‍ സിഐഎ മേധാവി മൈക്ക് പോംപിയോ വിദേശകാര്യ സെക്രട്ടറിയുടെ ചുമതലയേല്‍ക്കുമെന്നാണ് ട്രംപ് കഴിഞ്ഞി ദിവസം പറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രസിഡന്റിന്റെ സഹായികളായ ഒരു ഡസനോളം പേര്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയിരിക്കുന്നു. എന്‍ബിസി ന്യൂസ് ആണ് മക്മാസ്റ്റര്‍ വൈറ്റ് ഹൗസ് വിടുന്ന കാര്യം ആദ്യം പ്രഖ്യാപിച്ചത്. ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയും പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് എന്‍ബിസി ന്യൂസ് പറയുന്നത്. എന്നാല്‍ എന്‍ബിസിയുടെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വ്യാജ വാര്‍ത്തയാണെന്നും പറഞ്ഞ് തള്ളുകയാണ് ട്രംപ് ഭരണകൂടം ചെയ്തത്. മക്മാസ്റ്റര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുകയാണെന്നും വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.

കൊണ്ടലീസ റൈസ് വിദേശകാര്യ സെക്രട്ടറിയായിരിക്കെ അവരുടെ ടീമിലുണ്ടായിരുന്ന സ്റ്റീഫന്‍ ബിഗണ്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായേക്കുമെന്ന് സൂചനയുള്ളതായി മാര്‍ച്ചില്‍ എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റായിരിക്കെ ഏറെ വിവാദം സൃഷ്ടിച്ച യുഎന്നിലെ യുഎസ് അംബാസഡറായിരുന്നു ജോണ്‍ ബോള്‍ട്ടന്‍. ബോള്‍ട്ടണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലെ താല്‍പര്യക്കുറവ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കിയിരുന്നു.

ട്രംപുമായി നിരന്തര സംഘര്‍ഷത്തിലായിരുന്നു മക്മാസ്റ്റര്‍. ട്രംപ് ജയിച്ച 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണെന്ന്് മക്മാസ്റ്റര്‍ പറഞ്ഞിരുന്നു. റഷ്യന്‍ അംബാസഡറായിരുന്ന സെര്‍ജി കിസ്ല്യാകുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്റ് മൈക് പെന്‍സിനെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണം നേരിട്ട മൈക്കള്‍ ഫ്‌ളിന് പകരമാണ് എച്ച്ആര്‍ മക്മാസ്റ്റര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍