UPDATES

ബാങ്കുകള്‍ക്ക് ‘ഉത്തേജകമരുന്ന്’; ഗുജറാത്തില്‍ കണ്ണുംനട്ട് ബിജെപി; ഗോവയില്‍ അദാനിയുടെ കല്‍ക്കരി കടത്ത്

ഗുജറാത്തിലെ ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രൊഫഷണലുകളെ വച്ച് ബിജെപി നിരീക്ഷിച്ചുവരുകയാണെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു- ഇംഗ്ലീഷ് ദിനപത്രങ്ങളിലൂടെ

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയും തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെ സമ്പദ് വ്യവസ്ഥയെ മുരടിപ്പിക്കുകയും ചെയ്തതായുമുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്യുന്ന മോദി സര്‍ക്കാര്‍, പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.11 ലക്ഷം കോടി രൂപയുടെ സാമ്പത്തികസഹായം പ്രഖ്യാപിച്ചിരിക്കുന്നു. ഇതാണ് ഇന്ന് എല്ലാ പത്രങ്ങളുടേയും ലീഡ് വാര്‍ത്ത. ഇന്നലെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചിരുന്നു. നിലവിലെ രൂക്ഷമായ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഈ പണം എങ്ങനെ കണ്ടെത്തും എന്ന പ്രശ്‌നമുണ്ട്. മാത്രമല്ല നിഷ്‌ക്രിയ ആസ്തി (Non Performing Asset) ഉണ്ടാക്കിയ പ്രശ്‌നമാണ് പൊതുമേഖലാ ബാങ്കുകളെ വലിയ പ്രതിസന്ധിയിലേയ്ക്ക് നയിച്ചത്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള എന്തെങ്കിലും നടപടി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നില്ല. പരിധി വിട്ട് വായ്പകള്‍ അനുവദിച്ചതാണ് അത് തിരിച്ചടക്കാതെ വരുന്നതിലൂടെ നിഷ്ക്രിയ ആസ്തി പെരുകാന്‍ കാരണമെന്നാണ് ജയ്‌റ്റ്ലിയുടെ വിശദീകരണം. എന്നാല്‍ കൂടുതല്‍ വായ്പകള്‍ക്ക് അവസരമുണ്ടാക്കുക തന്നെയാണ് പുതിയ തീരുമാനം. ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത് വര്‍ദ്ധിക്കുന്നതിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഗുണമുണ്ടാകുമെന്നും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനാകുമെന്നും ജയ്റ്റ്‌ലി അവകാശപ്പെടുന്നു.

1.35 കോടി രൂപ ബോണ്ട് വഴിയും 18000 കോടി ബജറ്റില്‍ നിന്നും 58,000 കോടി രൂപ ഓഹരിവില്‍പ്പനയിലൂടെയും കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാന്‍ പൊതുമേഖലയിലെ ഓഹരി വിറ്റഴിക്കല്‍ തന്നെയാണ് സര്‍ക്കാരിന് മുന്നിലുള്ള വഴി. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് രാജ്യത്ത് 83,677 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ 6.92 ലക്ഷം കോടി രൂപ അനുവദിക്കും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് അവകാശവാദം. 14.2 കോടി തൊഴില്‍
ദിനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ അധികാരത്തില്‍ മൂന്നര വര്‍ഷം പിന്നിട്ടിട്ടും മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തതും അസംഘടിത മേഖലയില്‍ വലിയ തോതില്‍ തൊഴില്‍ നഷ്ടമുണ്ടാക്കുന്നതും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. നോട്ട് അസാധുവാക്കല്‍ നടപടി തൊഴില്‍ നഷ്ടം വര്‍ദ്ധിപ്പിക്കുകയും തൊഴില്‍ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തേജന പാക്കേജ് സഹായമാകുമോ എന്ന ചോദ്യമുണ്ട്. ഏതായാലും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി രൂപീകരിച്ച ശേഷം സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട തീരുമാനമാണിത്.

ഗുജറാത്തിലെ ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രൊഫഷണലുകളെ വച്ച് ബിജെപി നിരീക്ഷിച്ചുവരുകയാണെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിയുടെ റോ റോ ബോട്ട് കരയ്ക്കടുക്കുമോ അതോ മുങ്ങിപ്പോകുമോ എന്ന് വോട്ടെണ്ണുമ്പോള്‍ അറിയാം. 182 നിയമസഭാ മണ്ഡലങ്ങളും ബിജെപിയുടെ നിരീക്ഷണത്തിലാണ്. 19 വര്‍ഷമായി ഭരിക്കുന്നതും തങ്ങള്‍ മാതൃകയായി രാജ്യത്തിന് മുന്നില്‍ വയ്ക്കുകയും ചെയ്യുന്ന ഗുജറാത്ത് കൈവിട്ടുപോവുക എന്ന അവസ്ഥയുണ്ടായാല്‍ അത് തങ്ങളുടെ അപ്രമാദിത്യത്തിന്റെ അവസാനത്തിലേയ്ക്ക് നയിക്കുമെന്ന് മോദി – ഷായ്ക്ക് അറിയാം. അതുകൊണ്ട് എന്ത് വില കൊടുത്തും ഗുജറാത്ത് നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കയ്യയച്ച് സഹായിച്ചത് ചെറിയ ആശ്വാസമായെങ്കിലും ഈ ജനങ്ങള്‍ എന്ന് പറയുന്ന സൂത്രശാലികളായ കുറുക്കന്മാര്‍ വോട്ടിംഗ് യന്ത്രത്തിന് മുന്നിലെത്തുമ്പോള്‍ എന്ത് ചെയ്യും എന്ന് ഉറപ്പിക്കാനാവില്ല. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയെയാണ് പണി ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് പറയുന്ന ബിജെപി നേതാക്കള്‍, ഏജന്‍സി ഏതാണെന്ന കാര്യം രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും ടെലഗ്രാഫിന് വേണ്ടി ജെപി യാദവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസാണെങ്കില്‍ സമുദായ സംഘടനകളെ കൂടെ നിര്‍ത്തി രണ്ടും കല്‍പ്പിച്ചാണ് പോരിനിറങ്ങിയിരിക്കുന്നത്. ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളൊക്കെ അവരെ കൈവിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പ്രത്യേകിച്ച് വ്യാപാരി സമൂഹത്തെ നോട്ട് നിരോധനം പ്രതിസന്ധിയിലാക്കുകയും ജി എസ് ടി വലിയ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ജി എസ് ടിയുമായി ബന്ധപ്പെട്ട വ്യാപാരികളുടെ പ്രതികരണങ്ങള്‍ ബിജെപി പ്രത്യേകം പരിശോധിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സഹായത്തിന്റെ തണലില്‍ വാരിക്കോരി നടത്തിയ പ്രഖ്യാപനങ്ങള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും പിന്നില്‍ ഏജന്‍സിയുടെ ഉപദേശങ്ങളുണ്ട്. സമുദായ സംഘടനകളുടെ എതിര്‍പ്പിന് പുറമെ ഇത്തവണ ശക്തമായ ഭരണവിരുദ്ധവികാരം ജനങ്ങള്‍ക്കിടയിലുണ്ട് എന്ന ആശങ്ക ബിജെപിക്കുണ്ട്. മോദി സര്‍ക്കാരിന്റെ ചാരനിരീക്ഷണത്തിലാണ് തങ്ങളെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് പറയുന്നു. അഹമ്മദാബാദില്‍ പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിനേയും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയേയും താന്‍ കണ്ടതിന് ശേഷം തന്റെ ഹോട്ടല്‍മുറി പൊലീസ്, ഐബി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായി ഗെലോട്ട് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കൊണ്ടുപോയതായാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്.

മറ്റൊരു പ്രധാന വാര്‍ത്ത കാശ്മീരിനെ സംബന്ധിച്ചാണ്. പുതുതായി നിയമിക്കപ്പെട്ട ജമ്മുകാശ്മീര്‍ ചര്‍ച്ചാ മധ്യസ്ഥനും മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ചീഫുമായ ദിനേശ്വര്‍ ശര്‍മ പറയുന്നത് ഹുറിയത് കോണ്‍ഫറന്‍സ് അടക്കം എല്ലാ വിഭാഗങ്ങളുമായും താന്‍ സംസാരിക്കുമെന്നാണ്. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു. മോദി സര്‍ക്കാര്‍ ഹുറിയത് കോണ്‍ഫറന്‍സിനോട് തീരെ അയവില്ലാത്ത സമീപനം സ്വീകരിക്കുമ്പോളാണ് ഇത്. കാശ്മീരിലെ വിഘടനവാദം ശക്തമായ സൈനികനടപടികളിലൂടെ പരിഹരിക്കുമെന്ന തരത്തിലുള്ള സമീപനം പ്രായോഗികമല്ലെന്ന തിരിച്ചറിവിലേയ്ക്ക് സര്‍ക്കാര്‍ എത്തുന്നതിന്റെ സൂചനയാണിതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തോക്കിനും പെല്ലറ്റിനും കാശ്മീരില്‍ സമാധാനമുണ്ടാക്കാനാവില്ല. നിരന്തര ചര്‍ച്ചകള്‍ക്കും സമവായശ്രമങ്ങള്‍ക്കും മാത്രമേ അതിന് കഴിയൂ.

ടൈംസ് ഓഫ് ഇന്ത്യയും ദി ഹിന്ദുവുമടക്കമുള്ള ഇംഗ്ലീഷ് പത്രങ്ങള്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും റോഡ് വികസന പദ്ധതിക്കുമുള്ള സാമ്പത്തിക പാക്കേജ് ലീഡ് വാര്‍ത്തയാക്കിയപ്പോള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസും ദി ടെലഗ്രാഫും വേറിട്ട് നില്‍ക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രധാന വാര്‍ത്ത‍ അവരുടെ അന്വേഷണ റിപ്പോര്‍ട്ടാണ്; ഗോവയില്‍ ഇറക്കുമതി ചെയ്യുകയും പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് വലിയ തോതില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന കല്‍ക്കരിയെക്കുറിച്ചാണ്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് ടെലഗ്രാഫിന്റെ മുന്‍ പേജില്‍ പോലും ഇടം പിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയം. പ്രധാനമായും ജിന്‍ഡാല്‍, അദാനി, വേദാന്ത ഗ്രൂപ്പുകളുടെ ഇരുമ്പ്, ഉരുക്ക് ഫാക്ടറികള്‍ക്ക് വേണ്ടിയാണ് മര്‍മഗോവ തുറമുഖം വഴി വന്‍ തോതില്‍ കല്‍ക്കരി എത്തിക്കുന്നത് എന്ന് എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. 2020 വരെ ഓരോ വര്‍ഷവും രണ്ടര കോടി ടണ്‍ കല്‍ക്കരി എത്തും. 2030ല്‍ ഇത് ഇരട്ടിക്കും.

ഗ്രാമീണമേഖലകളിലും ജനവാസ കേന്ദ്രങ്ങളിലുമാണ് വലിയ തോതില്‍ കല്‍ക്കരി നിക്ഷേപിക്കുന്നത്. കല്‍ക്കരിയില്‍ നിന്നുള്ള പൊടി, മേഖലയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. വനമേഖലകള്‍, നെല്‍വയലുകള്‍, നദികള്‍ തുടങ്ങിയവയെ എല്ലാം ബാധിക്കും വിധം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെയാണ് കല്‍ക്കരി ഇറക്കുമതിയും അതിന്റെ നിക്ഷേപവുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജെ എസ് ഡബ്ല്യ, അദാനി ഗ്രൂപ്പുകള്‍ 30ലക്ഷം ടണ്ണിലധികം കല്‍ക്കരി ഏപ്രിലിനും ജൂലായ്ക്കും ഇടയില്‍ ഗോവയില്‍ നിന്ന് കര്‍ണാടകയിലേയ്ക്ക് റെയില്‍, റോഡ് മാര്‍ഗം കൊണ്ടുപോയിട്ടുണ്ട്. ജൂലായില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മര്‍മഗോവ പോര്‍ട്ട് ട്രസ്റ്റിനും ജെ എസ് ഡബ്ല്യു സൗത്ത് വെസ്റ്റ് പോര്‍ട്ട് ലിമിറ്റഡിനും അദാനി മര്‍മഗോവ പോര്‍ട്ട് ടെര്‍മിനല്‍ പ്രൈവറ്റ് ലിമിറ്റഡിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. സൗത്ത് വെസ്റ്റ് പോര്‍ട്ട് ലിമിറ്റഡിനെതിരെ ക്രിമിനല്‍ കേസ് എടുക്കും എന്ന് മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. പ്രിന്റ്‌ ജേര്‍ണലിസം എന്തുകൊണ്ട് ഇന്നും പ്രസക്തമാണ് എന്നതിന്റെ നല്ലൊരു ഉദാഹരണം കൂടിയാണ് എക്സ്പ്രസിന്റെ ഈ അന്വേഷണ റിപ്പോര്‍ട്ട്.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍