UPDATES

ട്രെന്‍ഡിങ്ങ്

ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ച് മോദി മാധ്യമങ്ങള്‍ക്ക് സ്റ്റഡി ക്ലാസെടുക്കുമ്പോള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാവുന്ന സാഹചര്യത്തിലാണ് മോദിക്ക് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തോട് സ്‌നേഹം തോന്നിത്തുടങ്ങിയിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നു എന്നത് വളരെ അസ്വാഭാവികമായ എന്തോ കാര്യമായി ഇന്ത്യയില്‍ മാറിയിട്ടുണ്ട്. മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല എന്ന പരാതി പൊതുവെ നിശബ്ദനായി അറിയപ്പെട്ടിരുന്ന മന്‍മോഹന്‍ സിംഗ് നേരിട്ടിരുന്നു. എന്നാല്‍ വാചാലനായ മോദി അധികാരത്തില്‍ വന്ന ശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ മന്‍മോഹനേക്കാള്‍ മോശമായി. മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത രാഷ്ട്രീയ നേതാക്കള്‍ ഭീരുക്കളാണെന്ന് മാധ്യമപ്രവര്‍ത്തകനും ബിബിസി മുന്‍ റിപ്പോര്‍ട്ടറുമായിരുന്ന മാര്‍ക് ടുള്ളി അടുത്തിടെ പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ഏതായാലും ഇന്നലെ മോദി മാധ്യമങ്ങളെ ‘കണ്ടു’. ബിജെപി ആസ്ഥാനത്ത് നടന്ന ദീപാവലി അനുബന്ധ പരിപാടിയിലായിരുന്നു, ഈ മാധ്യമ അഭിമുഖീകരണം. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ചും ഓരോ രാഷ്ട്രീയ പാര്‍ട്ടികളും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ചും മാധ്യമങ്ങള്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരണം എന്നാണ് മോദിയുടെ അഭിപ്രായം. ഇക്കാര്യം ഒരുവിധപ്പെട്ട ഇംഗ്ലീഷ് ദിനപത്രങ്ങളൊക്കെ മുന്‍പേജില്‍ തന്നെ കൊടുത്തിട്ടുണ്ട്‌. എന്തായാലും മോദി ഇപ്പോളെങ്കിലും ജനാധിപത്യത്തെ കുറിച്ചും മറ്റും പറയുന്നത് ആശ്വാസകരമാണ്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനാവുന്ന സാഹചര്യത്തിലാണ് മോദിക്ക് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തോട് സ്‌നേഹം തോന്നിത്തുടങ്ങിയിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. ഏതായാലും നല്ല കാര്യം. സ്വന്തം പാര്‍ട്ടിയായ ബിജെപിയില്‍ നിന്ന് തന്നെ തുടങ്ങാം. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി എന്ന് അവകാശപ്പെടുന്ന ബിജെപിയില്‍ എന്ത് മാത്രം ഉള്‍പാര്‍ട്ടി ജനാധിപത്യമുണ്ട് എന്ന് നമുക്ക് പരിശോധിക്കാം. അതിന് ശേഷം കോണ്‍ഗ്രസിലേയ്ക്ക് പോകാം. അതല്ലെങ്കില്‍ മോദിജി, കുമാരപിള്ള സാറിനെ പോലെയാണെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിക്കും. തന്റെ കാര്യമാണ് നമ്മള്‍ ഡിസ്‌കസ് ചെയ്യുന്നത് എന്ന് പറയുംപോലെ. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമൊക്കെ അനുവദിച്ചിട്ടുണ്ട്, പക്ഷെ എന്നെയും അമിത് ഷാ’ജി’യേയും ചോദ്യം ചെയ്യരുതെന്ന് പറയുന്ന പോലെ തോന്നും. ഏതായാലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നീണാല്‍ വാഴട്ടെ.


PM Modi to media: Raise debate on inner party democracy

ജമ്മു കാശ്മീരിന് ഭരണഘടനയുടെ 370ാം വകുപ്പ് അനുശാസിക്കുന്ന സ്വയംഭരണാവകാശം അതിന്റെ പൂര്‍ണമായ തലത്തില്‍ അവര്‍ക്ക് ഉറപ്പുവരുത്തണമെന്നും സ്വയംഭരണ അധികാരങ്ങള്‍ എന്തൊക്കെ കാര്യങ്ങളില്‍ വിപുലപ്പെടുത്താന്‍ കഴിയുമെന്ന് ആലോചിക്കണമെന്നുമാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ സുചിന്തിതമായ അഭിപ്രായം. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി തുടരുമ്പോളും ഭരണഘടനയുടെ 370ാം അനുച്ഛേദം അതിന് നല്‍കുന്ന സ്വയംഭരണാവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ചിദംബരം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ച് സത്യം പറയാനുള്ള ധൈര്യമോ ആര്‍ജ്ജവമോ ചിദംബരത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിനില്ല. കാശ്മീര്‍ എങ്ങനെ ഇന്ത്യയുടെ ഭാഗമായി എന്നതിന് ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തെ അവഗണിച്ച് ഇന്ത്യക്ക് മുന്നോട്ട് പോകാനാവില്ല. മോദി സര്‍ക്കാരിന്റെ ആക്രമണോത്സുകവും ജനാധിപത്യവിരുദ്ധവുമായ കാശ്മീര്‍ നയത്തില്‍ നിന്ന് വ്യത്യസ്ത സമീപനമാണ് അനുരജ്ഞന ചര്‍ച്ചകള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ദിനേശ്വര്‍ ശര്‍മയുടെ നിലപാട്. വിമത ഗ്രൂപ്പായ ഹൂറിയത്ത് കോണ്‍ഫറന്‍സ് അടക്കം ആരെയും ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കില്ലെന്നും എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കാശ്മീരിന്‍റെ സ്വയംഭരണ അവകാശത്തെ പറ്റി പറഞ്ഞതിന് ചിദംബരത്തിനെതിരെ ബിജെപി രംഗത്ത് വരുമ്പോള്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് എന്നത്തെയും പോലെ തങ്ങളുടെ നിലപാടില്ലായ്മ അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കുകയാണ്. “കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്” എന്ന ഭജന പാട്ട് മാത്രമാണ് അതിന് പാടാനുള്ളത്. കാശ്മീര്‍ എന്നും അങ്ങനെ നില്‍ക്കണമെങ്കില്‍ കാശ്മീരികളുടെ വിശ്വാസം നേടാന്‍ കഴിയണമെന്നും അതിന് ജനാധിപത്യത്തിന്‍റെതായ സമീപനം വേണമെന്നും സ്വയംഭരണ അവകാശങ്ങള്‍ അടക്കം ചര്‍ച്ചയാകേണ്ടതുണ്ടെന്നും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. അഫ്സല്‍ ഗുരുവിനെ നിങ്ങള്‍ എന്തുകൊണ്ട് തൂക്കിക്കൊല്ലുന്നില്ല എന്ന് ബിജെപിയും സംഘപരിവാറും ചോദിക്കുമ്പോള്‍ ഇതാ ഞങ്ങള്‍ കൊന്നുകഴിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞ് അംഗീകാരം നേടാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണത്. കൂടുതലൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.

Chidambaram seeks greater autonomy for Jammu-Kashmir

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ തങ്ങള്‍ ജയിക്കുമെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘ഐഡിയ എക്സ്‌ ചേഞ്ചി’ല്‍ പങ്കെടുത്തുകൊണ്ട് ഡിഎംകെ നേതാവും എം കരുണാനിധിയുടെ മകളുമായ എംകെ കനിമൊഴി പറയുന്നത്. ഇത്തവണ പുറത്താക്കപ്പെട്ടാല്‍ എഐഎഡിഎംകെ പിന്നീടൊരിക്കലും അധികാരത്തില്‍ വരില്ലെന്നും കനിമൊഴി അഭിപ്രായപ്പെടുന്നു. ടു ജി സ്‌പെക്ട്രം അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയേണ്ടി വന്ന അനുഭവവും കനിമൊഴി പറയുന്നുണ്ട്. ജയിലിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അഴിമതി കേസ് സഹായിച്ചതായി കനിമൊഴി പറയുന്നു. ഡല്‍ഹിയിലെ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരുമായി മാത്രം കണ്ട് പരിചയിച്ച തനിക്ക് സാധാരണക്കാരുമായി ബന്ധപ്പെടാനുള്ള അവസരമാണ് തിഹാര്‍ ജയില്‍ തുറന്നുതന്നതെന്നും കനിമൊഴി പറയുന്നു. തിരിച്ചറിവുണ്ടാക്കുമെങ്കില്‍ ഇത്തരം ജീവിതാനുഭവങ്ങള്‍ നല്ലതാണ്.

അണ്ണാ ഡിഎംകെയുടെ വിശ്വാസ്യത തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ നഷ്ടമായിരിക്കുന്നു എന്ന് വ്യക്തമാണ്. ഡിഎംകെ അല്ലാതെ മറ്റൊരു ബദല്‍ ഇപ്പോള്‍ മുന്നിലില്ല താനും. അപ്പോള്‍ സ്വാഭാവികമായും കനിമൊഴിയുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാവാം. പക്ഷെ എംകെ സ്റ്റാലിന്‍ എന്ന നേതാവിന്‍റെ കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ആശയക്കുഴപ്പവും ഇല്ലെന്ന് കനിമൊഴി പറയുമ്പോളും കരുണാനിധിക്ക് ഉണ്ടായിരുന്നത് പോലൊരു വിശ്വാസ്യതയും ഉറപ്പും സ്റ്റാലിന് തമിഴ് ജനതക്കിടയില്‍ ഇല്ല എന്ന കാര്യം വ്യക്തമാണ്. ജയലളിതയുടെ മരണത്തിന് ശേഷം അണ്ണാ ഡിഎംകെ എത്തിച്ചേര്‍ന്ന ഗുരുതരമായ പ്രതിസന്ധി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സ്റ്റാലിന്‍റെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പലപ്പോഴും സര്‍ക്കാരിനോടുള്ള സമീപനം ദുര്‍ബലമാക്കി സ്റ്റാലിന്‍ ആശയക്കുഴപ്പമുണ്ടാക്കി എന്നുമുള്ള തോന്നല്‍ ജനങ്ങള്‍ക്കുണ്ട്.

If polls held now, we’ll win… And if AIADMK loses, it can’t expect to ever return to power: Kanimozhi

കമല്‍ഹാസന്‍ എന്നൂരിലെ മത്സ്യത്തൊഴിലാളികളെ കണ്ട് ഇന്നലെ സംസാരിച്ചിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും ആരാധകര്‍ക്കിടയിലും മാത്രമല്ല മറ്റ് ജനവിഭാഗങ്ങള്‍ക്കിടയിലും താനുണ്ടെന്ന് ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് നടന്‍. വ്യക്തതയില്ലാത്തതും പരസ്പര വിരുദ്ധമായതുമായ രാഷ്ട്രീയ അഭിപ്രായങ്ങളിലൂടെ ആശയക്കുഴപ്പമുണ്ടാക്കി വിമര്‍ശനമേറ്റുവാങ്ങിയ നടന്‍ ഇപ്പോള്‍ പ്രസ്താവനകള്‍ കുറയ്ക്കുന്നുണ്ട്. നവംബര്‍ ഏഴിന് തന്റെ പിറന്നാള്‍ ദിവസം പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിനുള്ള സാധ്യതകള്‍ കമല്‍ തുറന്നിടുന്നുണ്ട്. കമല്‍ഹാസന്‍ മൂന്നാം ബദലായി ഒരു പാര്‍ട്ടിയുണ്ടാക്കിയാല്‍ അത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പെട്ടെന്ന് പടര്‍ന്ന് പന്തലിക്കുമെന്നും ഡിഎംകെയുടെ സ്ഥാനം അപഹരിക്കുമെന്നും ഒന്നും കരുതാനാവില്ല. എന്നാല്‍ ഡിഎംകെ അധികാരത്തില്‍ വരും എന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മൂന്നാമതൊരു കക്ഷി ഉയര്‍ന്നുവരാനുള്ള സാധ്യത കനിമൊഴിയും തള്ളിക്കളയുന്നില്ല.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍