UPDATES

ട്രെന്‍ഡിങ്ങ്

“ഞങ്ങടെ പട്ടേല്‍ ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസേ”

പട്ടേലിനെ അവഗണിക്കുന്ന കോണ്‍ഗ്രസിന്റെ സമീപനം ചരിത്രപരമായ മണ്ടത്തരവും പട്ടേലിനെ ഹൈജാക്ക് ചെയ്യാനുള്ള സംഘപരിവാര്‍ ശ്രമം അദ്ദേഹത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നും സര്‍ദാറിന്റെ സ്വന്തം ബാപ്പുവിന്റെ പൗത്രന്‍ ഗോപാല്‍കൃഷ്ണ ഗാന്ധി അഭിപ്രായപ്പെടുന്നു.

ചില ദിവസങ്ങള്‍ രാഷ്ട്രീയത്തേയും പൊതുസമൂഹത്തേയും വല്ലാതെ വിഭാഗീയമാക്കും. അത്തരമൊരു ദിവസമാണ് ഏതാണ്ട് മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ ഒക്ടോബര്‍ 31. ഇന്ത്യയെ സംബന്ധിച്ച് ഒക്ടോബര്‍ 31 എന്താണ് എന്ന കാര്യത്തിലാണ് തര്‍ക്കം. ഇന്ദിര ഗാന്ധിയുടെ ചരമദിനവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവുമാണ് ഇന്ന്. 1984 മുതല്‍ അത് ഇന്ദിര ഗാന്ധി വധിക്കപ്പെട്ട ദിനമാണ് എന്നാണ് പൊതുസമൂഹത്തിന്റെ ധാരണ. പക്ഷെ 2014 മുതല്‍ അത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമാണ് എന്നാണ് മോദി സര്‍ക്കാര്‍ ഇന്ത്യക്കാരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. 1875ല്‍ ജനിക്കുകയും 1950ല്‍ അന്തരിക്കുകയും ചെയ്ത സര്‍ദാര്‍ വല്ലഭായ് പട്ടേലിന് അതിന് മുമ്പും ജന്മദിനങ്ങളുണ്ടായിരുന്നു. അധികമാരും അതേപ്പറ്റി ആലോചിക്കാതെ അത് കടന്നുപോവുകയും ചെയ്തു.

നല്ല ഓര്‍മ്മകളായാലും മോശം ഓര്‍മ്മകളായാലും ഇന്ദിര ഗാന്ധിയെ പോലെ ഇന്ത്യയുടെ ഓര്‍മ്മയില്‍ ആഴത്തില്‍ പതിഞ്ഞ ഒരു പാന്‍ ഇന്ത്യന്‍ നേതാവല്ല സര്‍ദാര്‍ പട്ടേല്‍. ചരിത്രത്തിന്റെ പുനരാഖ്യാനങ്ങളും വളച്ചൊടിക്കലുകളുമായി രംഗത്തുള്ളവര്‍ പട്ടേലിനെ ആധുനിക ഇന്ത്യയുടെ പിതാവായി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതി, നെഹ്രുവിനെ മാത്രം ഇന്ത്യാചരിത്രത്തിന് പുറത്ത് നിര്‍ത്താന്‍ ശ്രമിച്ചത്. ഏതായാലും ഇന്ദിര ഗാന്ധിയെ അനുസ്മരിക്കുക എന്നതിലുപരിയായി ഒക്ടോബര്‍ 31ന്റെ പുതുചരിത്ര നിര്‍മ്മിതകളെ പരിഹസിക്കുകയാണ് ഇന്നത്തെ ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം. ഒന്നാം പേജില്‍ അവസാന പകുതി ഇന്ദിര ഗാന്ധിയ്ക്ക് വേണ്ടി മാറ്റി വച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിയ പരസ്യമാണെങ്കിലും അത് മറ്റൊരര്‍ത്ഥത്തില്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ കൂടിയാവുന്നുണ്ട്. Communalism is an evil which divides man and fragments society; it goes against our very genius and cultural heritage. It holds the threat to the unity and integrity of our country which must be our foremost concern – എന്ന് ഇന്ദിര ഗാന്ധി പറഞ്ഞതും അനുസ്മരണ പരസ്യത്തിലുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ എടുത്ത കര്‍ക്കശ സമീപനത്തിലൂടെ ഉരുക്കുമനുഷ്യന്‍ എന്ന വിശേഷണം നേടിയ നേതാവാണ് പട്ടേല്‍. പട്ടേല്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍എസ്എസിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നത്. എന്നാല്‍ ഒരു തരത്തിലും ഹിന്ദുത്വയോട് സന്ധി ചെയ്യാത്ത, ആധുനികനായ, ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന, മതരഹിതനും നിരീശ്വരവാദിയുമായ നെഹ്രുവിനെ പോലെ സംഘപരിവാറിന്റെ ശത്രുവല്ല അദ്ദേഹം. പൊതുവെ ഹിന്ദുത്വയോടും ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളോടും മൃദുസമീപനം സ്വീകരിച്ചിരുന്ന നേതാവാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. അതുകൊണ്ട് തന്നെ ദേശീയ പ്രസ്ഥാനത്തില്‍ ഒന്നും അവകാശപ്പെടാനില്ലാത്ത സംഘിനെ സംബന്ധിച്ച് പട്ടേലിന്റെ രാഷ്ട്രീയ സാദ്ധ്യതകള്‍ അവര്‍ തിരിച്ചറിയുന്നുണ്ട്. “ഞങ്ങടെ പട്ടേല്‍ ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസേ” എന്ന മട്ടില്‍ പഴയ ആര്‍എസ്എസ് നിരോധനത്തെ അവര്‍ വേണമെങ്കില്‍ കൈകാര്യം ചെയ്ത് കളയും.

അടിയന്തരാവസ്ഥാ കാലത്തെ പോരാട്ടങ്ങള്‍ അവകാശപ്പെടുകയും പ്രവര്‍ത്തകര്‍ ജയിലില്‍ അടക്കപ്പെടുകയും ചെയ്ത സംഘപരിവാറിന് ഇന്ദിര ഗാന്ധിയുടെ ഇരുപതിന പരിപാടിയെ സ്തുതിക്കുകയും അവരുടെ കാല് പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത അധികം പ്രചാരം ലഭിക്കാത്ത ചരിത്രവുമുണ്ട്. ജയിലിലായിരുന്ന ജനസംഘം നേതാവ് എബി വാജ്‌പേയിയും അന്നത്തെ ആര്‍എസ്എസിന്റെ സര്‍ സംഘചാലക് ആയിരുന്ന ബാലാസാഹിബ് ദേവ്രസും (മധൂകര്‍ ദത്താത്രേയ ദേവ്രസ്) ഇരുപതിന പരിപാടിയെ പിന്തുണച്ചുകൊണ്ടും തങ്ങളെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ദിരക്കെഴുതിയ കത്തുകളെ കുറിച്ച് പറഞ്ഞത് മുന്‍ ജനതാ പാര്‍ട്ടി നേതാവും ഇപ്പോള്‍ ബിജെപി എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയാണ്. ബാലാസാഹിബ് ദേവ്രസിന്റെ കത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുള്ളതുമാണ്.

പല ഘട്ടങ്ങളിലും മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചിട്ടുണ്ടെങ്കിലും മതേതരത്വത്തിന്റെ അംബാസഡര്‍ പദവിയും ന്യൂനപക്ഷങ്ങളുടെ സംരക്ഷകയെന്ന പ്രതിച്ഛായയും വിട്ടുകൊടുക്കാന്‍ ഇന്ദിര തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അടിയന്തരാവസ്ഥയെ അന്താരാഷ്ട്ര സമൂഹത്തിലടക്കം ന്യായീകരിക്കാനുള്ള ശ്രമത്തില്‍ ഇന്ദിര കണ്ടുപിടിച്ച ‘ആഭ്യന്തര സുരക്ഷാഭീഷണി’യില്‍ നക്സലൈറ്റുകള്‍ക്കൊപ്പം ഹിന്ദുത്വ ഫാഷിസ്റ്റുകളെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നത്. പ്രതിപക്ഷത്തിന്‍റെ ജനാധിപത്യ പ്രക്ഷോഭത്തില്‍ ആര്‍എസ്എസിന് ഇടം കൊടുത്ത ജയപ്രകാശ് നാരായണന്‍ മാത്രമല്ല, ജനാധിപത്യ പ്രക്ഷോഭത്തിന്‍റെ ഗൂഢാലോചനക്കാര്‍ സംഘപരിവാര്‍ അടക്കമുള്ളവരാണ് എന്ന് പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയും അവര്‍ക്ക് പൊതുസമൂഹത്തിന്‍റെ അംഗീകാരം നേടിക്കൊടുക്കുന്നതില്‍ പങ്ക് വച്ചിട്ടുണ്ട്. പാകിസ്ഥാനെ നിലംപരിശാക്കുകയും ജനാധിപത്യത്തിന്‍റെ സാധ്യതകളെ എങ്ങനെ സ്വേച്ഛാധിപത്യത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന് വിജയകരമായി പരീക്ഷിക്കുകയും താനാണ് ഇന്ത്യ എന്ന് അനുയായികളെക്കൊണ്ട് പറയിക്കുകയും ചെയ്ത നിങ്ങളുടെ പഴയ ‘ദുര്‍ഗ’യെ ഇനി ആര്‍എസ്എസ് എതിര്‍ത്താലും മോദി അങ്ങനെ തള്ളിക്കളയരുത്.

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5

ഉള്‍പ്പേജില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും കൊടുത്തിരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ രണ്ട് അനുസ്മരണ പരസ്യങ്ങള്‍ കൊടുത്ത് സന്തുലനം പാലിക്കുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒക്ടോബര്‍ 31 എന്താവണം എന്ന കാര്യത്തിലെ നിലപാട് പ്രഖ്യാപനം കൂടിയാണ് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്നത് എന്നത് ശ്രദ്ധേയം. കേന്ദ്രസര്‍ക്കാരിന്റേയും ഡല്‍ഹി പൊലീസിന്റേയും പരസ്യങ്ങളില്‍ കാര്യമായ രാഷ്ട്രീയ വായനയ്ക്ക് സാധ്യതയുണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേല്‍ പൊലീസ് പരേഡിന് എത്തിയിരിക്കുന്നതിന്‍റെ ഫോട്ടോ കൊടുത്തിരിക്കുന്നു. ‘Every citizen of India must remember that he is an Indian and he has every right in this country but with certain duties’- സന്ദേശം ഡല്‍ഹി പൊലീസിന്റേതല്ല, മോദി സര്‍ക്കാരിന്റേതാണ് എന്ന് വ്യക്തം. ‘രാഷ്ട്രീയ ഏകതാ ദിവസ്’ എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പരസ്യം. ഇന്ത്യക്കാരെ കൊണ്ട് പ്രതിജ്ഞയും എടുപ്പിക്കുന്നുണ്ട് സര്‍ക്കാര്‍. രാജ്യത്തെ ഭിന്നിപ്പിക്കുന്നവരാണ് ഐക്യത്തിന് വേണ്ടി ആഹ്വാനം ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം. രാജ്യത്തെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരോട് മൊത്തത്തില്‍ ഐക്യപ്പെടാന്‍ പരസ്യത്തില്‍ ആഹ്വാനം ചെയ്യുന്നു. Run for Unity എന്നാണ് മോദി സര്‍ക്കാര്‍ പറയുന്നത്. ഐക്യത്തിന് വേണ്ടി ജനങ്ങളെ തലങ്ങും വിലങ്ങും ഓടിച്ചുകൊണ്ടിരിക്കുകയാണ്.

‘പ്രതിസന്ധികളെ ജയിച്ച ഇന്ദിര’ എന്ന പേരില്‍ ശശി തരൂരിന്‍റെ അനുസ്മരണവും ഉപരാഷ്ട്രപതിയും ബിജെപി നേതാവുമായ വെങ്കയ്യ നായിഡുവിന്‍റെ ‘ഇന്ത്യയെ ഒന്നിപ്പിച്ച മഹാന്‍’ എന്ന സര്‍ദാര്‍ പട്ടേല്‍ അനുസ്മരണ ലേഖനവും എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച് മലയാള മനോരമ സന്തുലനം പാലിച്ചു. സര്‍ദാര്‍ പട്ടേലിനെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ കാര്യമായി എഴുതിയില്ലെങ്കില്‍ പട്ടേല്‍ ശരിക്കും ‘സംഘി’യായിരുന്നുവെന്ന് പുതിയ തലമുറ തെറ്റിദ്ധരിക്കാനിടയുണ്ട്. മാതൃഭൂമി രണ്ട് പേരെയും അനുസ്മരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കി. ഒമ്പതാം പേജില്‍ ഇന്ദിരയുടെയും പട്ടേലിന്റേയും ഫോട്ടോകളുണ്ട്. ഇന്ദിരയുടെ 33ാം ചരമവാര്‍ഷികദിനവും പട്ടേലിന്റെ 142ാം ജന്മദിനവുമായിരുന്നു ഇന്ന് എന്ന് വായനക്കാരെ ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്യുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പേജില്‍ ‘ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍’ എന്ന പേരില്‍ ബാലകൃഷ്ണന്‍ വേങ്ങര എഴുതിയിരിക്കുന്നു. വിപി മേനോനോടൊപ്പം തോക്കുമായി ഇറങ്ങി നാട്ടുരാജ്യങ്ങളെ വേട്ടയാടി പിടിക്കുന്ന പട്ടേലിനെ വരച്ച പഴയ കാര്‍ട്ടൂണ്‍ ഓര്‍മ്മിപ്പിക്കും വിധമാണ് മാതൃഭൂമി പട്ടേലിനെ ചിത്രീകരിക്കുന്നത്.

ജനത്തിനുള്ള പെട്രോള്‍ വിലയില്‍ അഞ്ചു പൈസ കുറവില്ല; പട്ടേലിന്റെ പ്രതിമാ നിര്‍മാണത്തിന് എണ്ണക്കമ്പനികള്‍ വക 200 കോടി രൂപ

അതേസമയം കുട്ടികള്‍ക്ക് വേണ്ടിയുള്ള ചരിത്രാഖ്യാനത്തില്‍ വെള്ളം ചേര്‍ക്കാനും സംഘപരിവാര്‍ വ്യാഖ്യാനങ്ങളെ അനുകൂലിക്കാനും ഇതിനിടയില്‍ ബാലകൃഷ്ണന്‍ ശ്രമിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ ഉപപ്രധാനമന്ത്രി പദം കൊണ്ട് തൃപ്തിപ്പെടാനായിരുന്നു പട്ടേലിന് യോഗം എന്നാണ് ബാലകൃഷ്ണന്റെ സൂചന. ഇത് വായിച്ചാല്‍ തോന്നും പ്രധാനമന്ത്രിയായ നെഹ്രു എവിടെ നിന്നോ വലിഞ്ഞുകയറി വന്നയാളാണെന്ന്. ഇന്ത്യക്കാരെ സംബന്ധിച്ച് പട്ടേലിനേക്കാളും എത്രയോ വലിയ ജനകീയ നേതാവായിരുന്നു നെഹ്രു എന്നതാണ് വസ്തുത. അത് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് റാലിക്കെത്തിയ വലിയൊരു ജനസമുദ്രത്തിന് മുന്നില്‍ നിന്ന് പട്ടേല്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വിന്‍സന്റ് ഷീനിനോട് ഇങ്ങനെ പറഞ്ഞത്‌ – “ഇവര്‍ എത്തിയിരിക്കുന്നത് ജവഹറിനെ കാണാനും കേള്‍ക്കാനുമാണ്. അല്ലാതെ എനിക്ക് വേണ്ടിയല്ല” – “They came for Jawahar, Not for me”. കലണ്ടറുകള്‍ കത്തിച്ച് ചരിത്രം ചാരമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാകില്ല.

ദി ഹിന്ദുവിന്റെ സമീപനം തീര്‍ത്തും വ്യത്യസ്തമാണ്. ഇന്ദിര ഗാന്ധി അനുസ്മരണവുമായി ബന്ധപ്പെട്ട് ലേഖനങ്ങളൊന്നും പ്രസിദ്ധീകരിക്കാത്ത ഹിന്ദു, പട്ടേലിനെ അനുസ്മരിച്ചുകൊണ്ടുള്ള ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടേലിനെ അവഗണിക്കുന്ന കോണ്‍ഗ്രസിന്റെ സമീപനം ചരിത്രപരമായ മണ്ടത്തരവും പട്ടേലിനെ ഹൈജാക്ക് ചെയ്യാനുള്ള സംഘപരിവാര്‍ ശ്രമം അദ്ദേഹത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നും സര്‍ദാറിന്റെ സ്വന്തം ബാപ്പുവിന്റെ പൗത്രന്‍ ഗോപാല്‍കൃഷ്ണ ഗാന്ധി അഭിപ്രായപ്പെടുന്നു.

http://www.thehindu.com/opinion/lead/sardar-patel-a-shared-inheritance/article19951327.ece?homepage=true

സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെയുള്ള പൊലീസ് അതിക്രമവും ക്രൂര മര്‍ദ്ദനവും മലയാള പത്രങ്ങള്‍ പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്. മാതൃഭൂമി അതൊരു പ്രശ്നമാക്കിയിട്ടില്ല. ഇംഗ്ലീഷ് പത്രങ്ങളും അത് അത്ര കാര്യമാക്കിയിട്ടില്ല. കലാകാരന്മാരുടെ ഗ്രാമത്തില്‍ ഒരു കോളനി നിവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ഡല്‍ഹിയെ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയാണ് ഈ ചേരി ഒഴിപ്പിക്കലിനും മനുഷ്യരെ ആട്ടിപ്പായിക്കുന്നതിനും നേതൃത്വം നല്‍കുന്നത്. തങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത പൊലീസ് ആണെങ്കിലും ഈ ക്രൂരതയ്‌ക്കെതിരെ ഡല്‍ഹി ഭരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആം ആദ്മി പാര്‍ട്ടിയും എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യം കൗതുകകരമാണ്.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ 100 വയസുകാരിയെ 35കാരന്‍ ബലാത്സംഗം ചെയ്ത് കൊന്നു എന്ന വാര്‍ത്ത ടൈംസ്‌ ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങള്‍ പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്. പുതിയ ഇന്ത്യ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ഭയം വിതച്ചുകൊണ്ടിരിക്കുകയാണ്.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍