UPDATES

ട്രെന്‍ഡിങ്ങ്

ചെറിയ ഇന്ത്യയുടെ വലിയ നെഹ്രു

“Did I know India?” എന്ന ചോദ്യത്തോടെയാണ് നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ തുടങ്ങുന്നത്. “Did we know Nehru?” എന്ന ചോദ്യം ഇന്ത്യയും ചോദിച്ച് തുടങ്ങേണ്ടിയിരിക്കുന്നു.

കുട്ടികളുടെ ദിനമാണ്, കാരണം ഏറെ ആഘോഷിക്കപ്പെട്ട കുട്ടികളുടെ പ്രിയപ്പെട്ട ‘ചാച്ചാജി’യുടെ ജന്മദിനമാണ്. അമര്‍ചിത്ര കഥകളിലെ കഥാപാത്രമായി കുര്‍ത്തയില്‍ റോസാപ്പൂ തിരുകി വച്ച് കുട്ടികളോടൊപ്പം കളിക്കുന്ന ജവഹര്‍ലാല്‍ നെഹ്രുവിനെ ഇന്നത്തെ ദിവസം അവഗണിക്കാന്‍ കഴിയില്ല. കുട്ടികളോടൊപ്പം ഫോട്ടോയെടുക്കാത്ത ലോക നേതാക്കള്‍ കുറവായിരുന്നു. കുട്ടികളോട് സല്ലപിക്കുന്ന സ്വേച്ഛാധിപതികളുടെ ഫോട്ടോകള്‍ ഒരു കാലത്ത് പ്രൊപ്പഗാണ്ടയുടെ ഭാഗമായിരുന്നു. അതേസമയം സത്യത്തിന്റെ പ്രതിഫലനവുമായി കുട്ടികളോടൊപ്പമുള്ള നെഹ്രുവിന്റെ ഫ്രെയ്മുകള്‍ വേറിട്ട് നിന്നു. കുട്ടികളോടൊപ്പമുള്ള നെഹ്രുവിന്റെ കളികളൊന്നും തന്നെ വെറും ‘കുട്ടിക്കളി’കളായിരുന്നില്ല. തുറന്ന മനസോടെയും സുതാര്യതയോടെയുമുള്ള ജനാധിപത്യ സംവാദങ്ങളും സഹിഷ്ണുതയുടേയും മാനവികതയുടേയും സന്ദേശങ്ങളുമായിരുന്നു അവ നല്‍കിയത്. എന്നാല്‍ ഇന്ത്യയെ കണ്ടെത്താന്‍ ശ്രമിച്ച, ആധുനിക ഇന്ത്യയെ സ്വപ്‌നം കണ്ട, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ സ്ഥാപനങ്ങള്‍ക്ക് അടിത്തറ പാകിയ നെഹ്രുവിനെ വീണ്ടും കണ്ടെത്തേണ്ടതുണ്ട്. പ്രത്യേകിച്ചും നെഹ്രുവില്ലാത്ത ഇന്ത്യാ ചരിത്രം അണിയറയില്‍ തയ്യാറാക്കപ്പെടുമ്പോള്‍.

ഇന്ത്യ തനിക്ക് നല്‍കിയ സ്‌നേഹത്തിന് പകരം നല്‍കാന്‍ മാത്രമൊന്നും തന്റെ കയ്യിലില്ലെന്ന് പറയുന്ന വിനയാന്വിതനായ നെഹ്രുവിനെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിയ ഒന്നാം പേജിലെ അര പേജ് പരസ്യത്തിലൂടെ ദ ഇന്ത്യന്‍ എക്‌സ്പ്രസ് അനുസ്മരിക്കുന്നത്. ഒപ്പം നെഹ്രുവിന്റെ ‘അഭാവത്തിന്റെ സാന്നിദ്ധ്യം’ (The presence of Nehru’s absence) എങ്ങനെയാണ് ഇന്ത്യയെ ബാധിക്കുന്നത് എന്ന് അഭിജിത് പഥക് പരിശോധിക്കുന്നു. നെഹ്രു ഇന്ദിരക്കെഴുതിയ കത്തുകള്‍, എംകെ ഗാന്ധി, രബീന്ദ്രനാഥ് ടാഗോര്‍, സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സരോജിനി നായിഡു തുടങ്ങിയവര്‍ക്ക് അദ്ദേഹം എഴുതിയ കത്തുകളും അതിനുള്ള മറുപടികളും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചിരിക്കുന്നു. 15 പേജുകള്‍ നെഹ്രുവിന്റെ കത്തുകള്‍ക്കായി നീക്കി വച്ചിരിക്കുകയാണ് ഇന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്. പ്രത്യേക പതിപ്പായി.

കുട്ടിക്കാലത്ത് വലിയ അവഗണനയും ഒറ്റപ്പെടലും അനുഭവിച്ചിരുന്ന മകള്‍ ഇന്ദിരക്ക് നെഹ്‌റു നല്‍കിയ ഉപദേശങ്ങളില്‍ ഒന്ന് സുതാര്യതയേയും നിര്‍ഭയത്വത്തേയും സംബന്ധിച്ചാണ്. അത് ഒളിച്ചുവക്കലുകള്‍ക്ക് എതിരാണ്. മറച്ചുവക്കാനുള്ളവര്‍ ഭീരുക്കളാണെന്ന് നെഹ്‌റു കരുതി. പക്ഷെ ഇന്ദിരയുടെ ഭയം മാറിയതേ ഇല്ല. ചുറ്റുമുള്ളവരെ മാത്രമല്ല, തന്‍റെ നിഴലിനെ തന്നെ അവര്‍ ഭയപ്പെട്ടു. അതുകൊണ്ട് നെഹ്രു ഉപയോഗിക്കാത്ത ഭരണഘടനയുടെ 352-ാം വകുപ്പ് ഉപയോഗിക്കാന്‍ നെഹ്രുവിന്റെ പ്രിയപ്പെട്ട ഇന്ദു മടിച്ചില്ല. കാരണം അവര്‍ എല്ലാത്തിനെയും ഭയപ്പെട്ടു. അങ്ങനെ ഇന്ത്യയില്‍ അടിയന്തരാവസ്ഥയുണ്ടായി.

ശാസ്ത്രബോധത്തിന്റേയും യുക്തിചിന്തയുടേയും ജനാധിപത്യ സംവിധാനങ്ങളുടേയും മാനവികതയുടേയും അടിസ്ഥാനത്തില്‍ ഇന്ത്യയെ കെട്ടപ്പടുക്കാന്‍ ലക്ഷ്യമിട്ട നെഹ്രുവിയന്‍ ചിന്തകള്‍ അപ്രസക്തമാക്കപ്പെടുന്നത്, ആധുനികനായ നെഹ്രു അപ്രസക്തനാകുന്നത് ഇന്ത്യയെ ഏത് തരത്തിലാണ് ബാധിക്കുന്നത് എന്നാണ് അഭിജിത്ത് പഥക് പരിശോധിക്കുന്നത്. മാനവിക മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ശാസ്ത്രവികാസമാണ് നെഹ്രു വിഭാവനം ചെയ്തതെന്ന് അഭിജിത്ത് അഭിപ്രായപ്പെടുന്നു. കോര്‍പ്പറേറ്റുകളുടെ വില്‍പ്പനച്ചരക്കായ, കമ്പോളവസ്തുവായ സയന്‍സിനെയല്ല നെഹ്രു സ്‌നേഹിച്ചത് എന്നും അഭിജിത്ത് അഭിപ്രയപ്പെടുന്നു.

http://indianexpress.com/article/opinion/columns/the-presence-of-nehrus-absence-4936083/

ഇന്ദിരയെ ആദ്യം ഫാഷിസ്റ്റ്‌ എന്ന് വിളിച്ചത് ഭര്‍ത്താവ് ഫിറോസ്‌ ഗാന്ധിയാണ് എന്നാണ് ഡല്‍ഹിയിലെ പത്രക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രം. അവര്‍ക്ക് സര്‍ക്കാരില്‍ അധികാര സ്ഥാനങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ്. 1959ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനിലെ ഒരു പ്രാതലിന് ഇടെയായിരുന്നുവത്രേ അത്. ഫിറോസും ഇന്ദിരയും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് കാരണമായത് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കണം എന്ന അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയായ ഇന്ദിരയുടെ ആവശ്യമായിരുന്നു. ഞാന്‍ ഇനി ഇവിടെ താമസിക്കുന്നില്ല എന്ന് ഫിറോസ്‌ പറഞ്ഞപ്പോള്‍ “ജോ കുഛ് കരോ” (എന്തെങ്കിലും ചെയ്യ്‌) എന്നായിരുന്നു അത്രേ നെഹ്‌റുവിന്‍റെ നിര്‍വികാരവും നിസംഗവുമായ നടപടി. വലിയ ജനാധിപത്യപത്യവാദിയായ നെഹ്‌റുവിന്‍റെ ഇത്തരം വന്‍ തോല്‍വികളെ കുറിച്ചും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിന് പറയാനുണ്ട്.

ഭരണകക്ഷിയുടെ എംപി ആവുക എന്നാല്‍ അഴിമതിക്ക് കുട പിടിക്കുക എന്നാണ് എന്ന് കരുതാത്ത ജനാധിപത്യവാദിയായിരുന്നു ഫിറോസ്‌. അതുകൊണ്ടാണ് നെഹ്‌റു സര്‍ക്കാരിലെ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉയര്‍ത്തി ഫിറോസ്‌, ലോക്സഭയില്‍ പ്രതിപക്ഷ ബഞ്ചുകളെ ഞെട്ടിച്ചത്. ആ ഫിറോസ് ഗാന്ധിയേയും, “I may be speaking broken English, but not the broken truth” എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയിലെ സാധാരണക്കാരുടെ അതിജീവന പ്രശ്നങ്ങള്‍ ലോക്സഭയില്‍ ഉന്നയിക്കുകയും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തിരുന്ന പ്രതിപക്ഷ ഗ്രൂപ്പുകളുടെ നേതാവ് എകെ ഗോപാലനേയും ക്ഷമയോടെ കേള്‍ക്കാനും നെഹ്‌റുവിന് സമയമുണ്ടായിരുന്നു. എകെ ഗോപാലന്‍റെ പ്രസംഗം കേള്‍ക്കാന്‍ കോണ്‍ഗ്രസ് എംപിമാരെ നെഹ്‌റു നിര്‍ബന്ധിച്ചിരുന്നു. നെഹ്‌റു ആരില്‍ നിന്നും ഒളിച്ചോടി എങ്ങോട്ടും പോയില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ചിതലാണെന്നോ തുടച്ചുനീക്കപ്പെടേണ്ടവയാണെന്നോ നെഹ്രുവിന് തോന്നിയില്ല. കമ്മ്യൂണിസ്റ്റ് മുക്ത ഇന്ത്യയെക്കുറിച്ച് വ്യാമോഹങ്ങളൊന്നും നെഹ്രു വച്ചുപുലര്‍ത്തിയില്ല. ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ ഇന്ത്യയെ ബാധിച്ച മാരക രോഗങ്ങളിലൊന്നാണ് എന്നും ഇത്തരം സംഘടനകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാകും എന്നും കരുതിയെങ്കിലും ആര്‍എസ്എസുകാരനായ എബി വാജ്‌പേയി, വ്യക്തിപരമായി നോക്കിയാല്‍ ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള പ്രാപ്തിയും നേതൃഗുണവുമുള്ളയാളാണ് എന്ന് പ്രവചിച്ചു.

ഫ്യൂഡല്‍ അധികാര ബന്ധങ്ങളില്‍ നിന്ന് മോചനം നേടാത്ത ഇന്ത്യയിലാണ് നെഹ്രു തന്റെ ജനാധിപത്യ നിര്‍മ്മാണം തുടര്‍ന്നത്. ജനാധിപത്യം തങ്ങളെ ഉള്‍ക്കൊള്ളാത്ത പ്രഹസനവും ഫ്യൂഡല്‍ ഭൂപ്രഭുക്കന്മാരെ സംരക്ഷിക്കുന്നതും, അതിന്റെ സംവിധാനങ്ങള്‍ ചൂഷണത്തേയും മര്‍ദ്ദനത്തേയും അനുകൂലിക്കുന്നതായും അനുഭവപ്പെട്ടപ്പോളാണ് ഇതേ നെഹ്രുവിന്റെ ഇന്ത്യയില്‍ ജീവിക്കാന്‍ വേണ്ടി മനുഷ്യര്‍ പോരാടാന്‍ തീരുമാനിച്ചതും ആയുധമെടുത്തതും. നെഹ്‌റുവിന്‍റെ ഇന്ത്യയില്‍ പ്രാദേശികതലത്തിലെ സായുധ പോരാട്ടങ്ങള്‍ക്ക് ദീര്‍ഘകാലം തുടരാനാവില്ലെന്ന ബോധ്യം ജോസഫ് സ്റ്റാലിന് ഉണ്ടായിരുന്നു. “നെഹ്രുവിന്റെ ഇന്ത്യയില്‍ നിങ്ങള്‍ ഒളിവില്‍ കഴിയേണ്ടി വന്നോ?” എന്ന് സോവിയറ്റ് യൂണിയനിലേയും ചൈനയിലേയും കമ്മ്യൂണിസ്റ്റ്കാര്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാരോട് ചോദിച്ച കാലവുമുണ്ടായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും നെഹ്രു ചോദ്യം ചെയ്യലിനെ ഭയപ്പെട്ടില്ല. ചോദ്യങ്ങളില്ലാത്ത, ചോദ്യം ചെയ്യലുകളില്ലാത്ത, സംവാദങ്ങളില്ലാത്ത ഇന്ത്യയെ എപ്പോളും ഭയപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് ചിരിച്ചുകൊണ്ടാണെങ്കിലും വളരെ ഗൗരവത്തില്‍ “Dont spare me Shankar” എന്ന് പറയാന്‍ നെഹ്രുവിന് മടിയില്ലാതിരുന്നത്. “എന്നെ വെറുതെ വിടരുത്” എന്ന് മാധ്യമങ്ങളോട് പറയുന്ന ഒരു പ്രധാനമന്ത്രിയില്‍ നിന്ന് “മാധ്യമങ്ങള്‍ക്ക് എന്തും പറയാനുള്ള അവകാശമില്ലെ”ന്ന മുന്നറിയിപ്പ് നല്‍കുന്ന മറ്റൊരു പ്രധാനമന്ത്രിയിലേയ്ക്കുള്ള ദൂരം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഗതി അടയാളപ്പെടുത്തുന്നു.

ഇന്ത്യയെ കണ്ടെത്തിയ നെഹ്രുവും ഇന്ത്യ പുറന്തള്ളുന്ന നെഹ്രുവും

ഒരു ചേരിയിലും ചേരാതെയും ഇന്ത്യക്ക് ലോകത്തിന് വഴികാട്ടാമെന്നാണ് നെഹ്രു കരുതിയത്. സൈനിക മുഷ്‌ക് കൊണ്ട് ഇന്ത്യയെ സൂപ്പര്‍ പവറാക്കാനോ ലോക നേതാവാക്കാനോ നെഹ്രു സ്വപ്‌നം കണ്ടില്ല. എങ്ങനെ ലോകത്ത് യുദ്ധങ്ങള്‍ ഒഴിവാക്കാം എന്നതിനെ പറ്റിയാണ് നെഹ്രു ചിന്തിച്ചിരുന്നത്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്ക് ലോകത്തെ ഏറ്റവും ശക്തമായ സൈന്യങ്ങള്‍ വേണമെന്നാണ് ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ അഭിപ്രായം. സൈന്യമാണല്ലോ ജനാധിപത്യത്തിന്‍റെ കരുത്തിനെ നിര്‍ണയിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയല്‍ പേജില്‍, ചേരി ചേരാ പ്രസ്ഥാനത്തിന്റെ ഭാഗമായി ലോക നേതാവായ നെഹ്രുവിനെ ലളിത് മോഹന്‍ അനുസ്‌കരിക്കുന്നു. വലിയ വാചകമടികള്‍ കൊണ്ടും നെടുനീളന്‍ പ്രസംഗങ്ങള്‍ കൊണ്ടും കാര്യമില്ലെന്ന് കുട്ടികളുടെ അവകാശസംരക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടുകയും ചെയ്ത കൈലാഷ് സത്യാര്‍ത്ഥി മോദി സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു – Long Speeches Don’t Help എന്നാണ് സത്യാര്‍ത്ഥി പറയുന്നത്.

ആധുനിക ഇന്ത്യയുടെ ‘ക്ഷേത്രങ്ങള്‍’ അല്ലെങ്കില്‍ ‘വിശുദ്ധ ദേവാലയങ്ങള്‍’ പൊതുമേഖലാ സ്ഥാപനങ്ങളാണ് എന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്രുവിന്റെ ധാരണ. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പ്പന വസ്തുക്കളാണെന്നും അവയുടെ ഓഹരി വിറ്റഴിക്കാന്‍ പ്രത്യേക മന്ത്രിയും വകുപ്പും വേണമെന്നും ഇന്ത്യ തീരുമാനിക്കുന്നത് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്. ഭക്രാനംഗല്‍ അണക്കെട്ട് നെഹ്രു ഉദ്ഘാടനം ചെയ്യിക്കുന്നത് ഒരു ആദിവാസി സ്ത്രീയെക്കൊണ്ടാണ്. മറ്റുള്ളവരെ അടുപ്പിക്കാതെ പദ്ധതികള്‍ ഒറ്റക്ക് ഉദ്ഘാടിക്കുന്ന തരത്തില്‍ തന്റെ തലയേയും ഫുള്‍ഫിഗറിനേയും പറ്റി നെഹ്രുവിന് വേവലാതികളുണ്ടായിരുന്നില്ല. ക്യാമറയുടെ ഫ്രെയ്മില്‍ താനുണ്ടോ എന്നതിനെപ്പറ്റി നെഹ്രു ആശങ്കപ്പെട്ടില്ല. ഫോട്ടോഷോപ്പും ടെലിപ്രോംപ്റ്ററുമില്ലാതിരുന്ന കാലത്തായിരുന്നു നെഹ്രുവിന്റെ ജീവിതം. ആരെയാണോ അഭിമുഖീകരിക്കുന്നത്, കാര്യങ്ങള്‍ പറയാന്‍ അവരുടെ മുഖത്തേക്കല്ലാതെ മറ്റെവിടേക്കും നെഹ്രുവിന് നോക്കേണ്ടി വന്നില്ല.

ഭക്ര നംഗല്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള നെഹ്‌റുവിന്‍റെ പ്രസംഗം (ജൂലായ്‌ എട്ട്, 1954):

പദ്ധതികളുടെ ആസൂത്രണത്തിനും വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനുമായി സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കമ്മീഷന്‍ നെഹ്രു സര്‍ക്കാര്‍ സ്ഥാപിച്ചു. ഒരു ദിവസം 32 രൂപ വരുമാനമുള്ളവര്‍ ദാരിദ്ര്യ രേഖയേക്കാള്‍ വളരെ ഉന്നതരാണെന്ന് കരുതിയ മൊണ്ടേക് സിംഗ് അലുവാലിയയ്ക്ക് മുമ്പ് തന്നെ ഈ സ്ഥാപനം അതിന്റെ കടമകളില്‍ നിന്ന് പിന്‍വലിയാന്‍ തുടങ്ങിയെങ്കിലും അത്തരമൊന്ന് നിലനില്‍ക്കേണ്ടത് ഇന്ത്യയുടെ ആവശ്യമായിരുന്നു. എന്നാല്‍ ആ സ്ഥാപനം മോദി സര്‍ക്കാര്‍ ഇല്ലാതാക്കി. പകരം ആധാര്‍ കാര്‍ഡ് പോലെ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാത്ത നിതി ആയോഗ് വന്നു. ഇങ്ങനെ പല വിധത്തില്‍ നെഹ്‌റുവിന്‍റെ സ്വപ്നങ്ങളെയും ചിന്തകളേയും ആശയങ്ങളേയും തുടച്ചുനീക്കിക്കൊണ്ടാണ് ഇന്ത്യയുടെ പുനര്‍നിര്‍മ്മാണ അജണ്ടകള്‍ മുന്നോട്ട് പോകുന്നത്. “Did I know India?” എന്ന ചോദ്യത്തോടെയാണ് നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ തുടങ്ങുന്നത്. “Did we know Nehru?” എന്ന ചോദ്യം ഇന്ത്യയും ചോദിച്ച് തുടങ്ങേണ്ടിയിരിക്കുന്നു.

5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്നും കാണാതായത് 7292 കുട്ടികള്‍; നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ആരാണ് രക്ഷ ഒരുക്കുക?

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍