UPDATES

ട്രെന്‍ഡിങ്ങ്

മാലിക് മുഹമ്മദ്‌ ജയസി കാണാത്ത പദ്മാവതി, ബിജെപിയും കോണ്‍ഗ്രസും കാണിക്കാന്‍ ഇഷ്ടപ്പെടാത്ത പദ്മാവതി

ബിജെപി ഭരിക്കുന്ന ഗുജറാത്തിനും മധ്യപ്രദേശിനും രാജസ്ഥാനും ഉത്തര്‍പ്രദേശിനും ഒപ്പം പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും ചേര്‍ന്നിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

റാണി പദ്മിനിയെക്കുറിച്ച് (പദ്മാവതി) ഇതിഹാസമെഴുതുമ്പോള്‍ (പദ്മാവത്‌) മാലിക് മുഹമ്മദ് ജയസി ഇന്ത്യ എന്നൊരു രാജ്യത്തെക്കുറിച്ച് സങ്കല്‍പ്പിച്ചിരിക്കാനിടയില്ല. നൂറ്റാണ്ടുകള്‍ക്ക് ശേഷം അത്തരമൊരു രാജ്യമുണ്ടാകുമെന്നും സിനിമ എന്നൊരു സാങ്കേതിക വിദ്യ – കലാരൂപമുണ്ടാകുമെന്നും കരുതിയിരിക്കാനിടയില്ല. അതുകൊണ്ട് പദ്മാവതിയെക്കുറിച്ച് സിനിമയുണ്ടാകുമെന്നും ആ സിനിമ ഇന്ത്യന്‍ രാഷ്ട്രീയത്തെ വിഭജിക്കുമെന്നും കരുതേണ്ട കാര്യം അദ്ദേഹത്തിനില്ല. ഏതായാലും അതാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. Padmavati splits Congress CMs: Sidda backs, Captain opposes എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ലീഡ്‌.

സെന്‍സര്‍ ബോര്‍ഡ് എന്ന് അറിയപ്പെടുന്ന, സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് (പ്രദര്‍ശനാനുമതി) കൊടുക്കാനായുള്ള ഒരു സ്ഥാപനം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയിട്ട് പോയിട്ടുണ്ട്. സിനിമകളെ വെട്ടിമുറിച്ച് അതിനെ നശിപ്പിക്കുകയാണ് പ്രധാന വിനോദം. ഇന്ത്യന്‍ സിനിമക്ക് യാതൊരു ഉപകാരവുമില്ലാത്ത ഒരു സ്ഥാപനം. സെന്‍സ് എന്നൊരു സാധനം അതിന് ഉണ്ടാകാന്‍ പാടില്ല എന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. മോദി ഭക്തനായ പഹ്ലജ് നിഹലാനിയുടെ ‘മികച്ച പ്രകടന’ത്തിന് ശേഷം വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടാതെ പോവുകയാണ് അതിന്. മാത്രമല്ല സെന്‍സര്‍ ബോര്‍ഡിന്‍റെ പണി എളുപ്പമാക്കി ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അഞ്ച് സംസ്ഥാനങ്ങള്‍. ബിജെപി ഭരിക്കുന്ന ഗുജറാത്തിനും മധ്യപ്രദേശിനും രാജസ്ഥാനും ഉത്തര്‍പ്രദേശിനും ഒപ്പം പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും ചേര്‍ന്നിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.


https://timesofindia.indiatimes.com/india/padmavati-splits-cong-cms-siddaramaiah-backs-amarinder-opposes/articleshow/61731872.cms

സിനിമയുടെ മാര്‍ക്കറ്റിംഗിനും വിപണി വിജയത്തിനും വിവാദങ്ങളും നെഗറ്റീവ് പബ്ലിസിറ്റിയും വളരെ സഹായകമാകും. സഞ്ജയ്‌ ലീല ബന്‍സാലി ചിത്രത്തെ വിജയിപ്പിക്കാന്‍ വേണ്ടി ഇന്ത്യയിലെ പ്രധാന നേതാക്കളും കര്‍ണി സേന പോലുള്ള വര്‍ഗീയ സംഘടനകളും അണി ചേരുന്നു എന്ന് പറഞ്ഞാല്‍ അത് അവിശ്വസനീയമായിരിക്കും. ഒരു സിനിമ നിരോധിക്കുന്ന കാര്യത്തിലെങ്കിലും ഇന്ത്യയില്‍ ഫെഡറല്‍ തത്വങ്ങള്‍ പാലിക്കപ്പെടുന്നുണ്ട്. സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസുകാരനായ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പദ്മാവതിക്കെതിരായ ആക്രമണത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായും അസഹിഷ്ണുതയുടെ ഭാഗമായും കാണുമ്പോള്‍ ബന്‍സാലി ചിത്രം ‘ചരിത്രത്തെ വളച്ചൊടിക്കുന്നു’ എന്നും ഇതിനാല്‍ പഞ്ചാബില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല എന്നുമാണ് അമരീന്ദര്‍ സിംഗിന്‍റെ നിലപാട്. ചരിത്രം എങ്ങനെ വളച്ചൊടിക്കണം എന്ന് നിങ്ങള്‍ സിനിമാക്കാര്‍ തീരുമാനിക്കണ്ട. അത് ഞങ്ങള്‍ രാഷ്ട്രീയക്കാരുടെ പണിയാണ് എന്നാണ് സന്ദേശം. ഒരു മിത്തിക്കല്‍ കഥാപാത്രമായ, ജീവിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവ് പോലുമില്ലാത്തയാളുടെ ചരിത്രത്തിലെ സ്ഥാനം സംബന്ധിച്ചുള്ള ആശങ്ക കൊള്ളാം. സിദ്ധരാമയ്യയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമാണ് പദ്മാവതിക്ക് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്.

സിനിമകളും പുസ്തകങ്ങളും നിരോധിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യം തടയുന്ന കാര്യത്തില്‍ ബിജെപിക്കാരുമായി മത്സരിക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളവരാണ് കോണ്‍ഗ്രസുകാര്‍. അടിയന്തരാവസ്ഥ കാലത്തെ കിസ കുര്‍സി കാ മുതല്‍ നിരവധി ഉദാഹരണങ്ങള്‍ സിനിമ നിരോധനങ്ങള്‍ക്കുണ്ട്. വ്യക്തികളുടെ സ്വഭാവ ചിത്രീകരണം സിനിമകളെ അസഹിഷ്ണുതയ്ക്കിരയാക്കിയതിന്റെ കിസ കുര്‍സി കാ മുതല്‍ പദ്മാവതി വരെയുള്ള ഉദാഹരണങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. ഇന്ദിര ഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും വിസി ശുക്ല അടക്കമുള്ള അക്കാലത്തെ അവരുടെ അനുചരന്മാരേയും കണക്കിന് പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ചിത്രം വലിയ വിവാദമുണ്ടാക്കിയിരുന്നു.  കിസ കുര്‍സി കായുടെ പ്രിന്റുകള്‍ കത്തിച്ച കേസില്‍ സഞ്ജയ് ഗാന്ധി ഒരു മാസം തീഹാര്‍ ജയിലില്‍ അഴിയെണ്ണി.

പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്ന് ബിജെപി എം എല്‍ എ

ബ്രിട്ടീഷ് കാലത്ത് നിന്ന് സ്വതന്ത്ര ഇന്ത്യയിലേയ്ക്കും നെഹ്രു കാലത്തില്‍ നിന്ന് ഇന്ദിര കാലത്തേയ്ക്കും നിലവിലെ മോദി കാലത്തേയ്ക്കുമുള്ള സിനിമ സെന്‍സര്‍ഷിപ്പ് പ്രവണതകളിലെ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. 1960ല്‍ കെ എ അബ്ബാസ് സുപ്രീംകോടതിയെ സമീപിച്ചത് തന്റെ ചിത്രമായ എ ടെയ്ല്‍ ഓഫ് ഫോര്‍ സിറ്റീസിന് യു സര്‍ട്ടിഫിക്കറ്റ് തന്നെ വേണമെന്ന് ആവശ്യപ്പെട്ടാണ്. നാല് വലിയ നഗരങ്ങളിലെ സമ്പന്ന, ദരിദ്ര വിഭാഗങ്ങളുടെ ജീവിതം പ്രമേയമാക്കിയ ചിത്രം ചുവന്ന തെരുവുകളിലേയ്ക്കും ക്യാമറ തിരിച്ചിരുന്നു. ചില രംഗങ്ങള്‍ കട്ട് ചെയ്താലേ യു സര്‍ട്ടിഫിക്കറ്റ് തരാനാകൂ എന്നും ഇല്ലെങ്കില്‍ എ സര്‍ട്ടിഫിക്കറ്റ് തരാമെന്നുമായിരുന്നു സെന്‍സര്‍ ബോഡിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും നിലപാട്. ഇത് അംഗീകരിക്കാന്‍ കെഎ അബ്ബാസ് തയ്യാറായില്ല. സഞ്ജയ് ലീല ബന്‍സാലിയുടെ ആവശ്യം തന്റെ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ്. നിരോധനം ഏര്‍പ്പെടുത്താന്‍ ബിജെപി മുഖ്യമന്ത്രിമാര്‍ മത്സരിക്കുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ പട്ടാഭിഷേകം ചെയ്യാനുള്ള തിരുകര്‍മ്മങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും. സംഘടനാ തിരഞ്ഞെടുപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണം തീരുന്നതിന് മുമ്പ് രാഹുലിന് സിംഹാസനം പതിച്ചുകിട്ടും. ദ ഹിന്ദുവില്‍ സുരേന്ദ്രയുടെ കാര്‍ട്ടൂണ്‍ കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്.

അങ്ങനെ രാഹുല്‍ ഗാന്ധി തലപ്പത്തേക്ക്; ദയവായി ഇനി ജനാധിപത്യത്തെക്കുറിച്ച് കൂടി പറയരുത്

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍