UPDATES

നോട്ട് നിരോധനം കാരണം ഹിമാചലില്‍ രണ്ട് വോട്ടുകള്‍ സ്വയം നിരോധിച്ചു; മോദിക്ക് രാഹുലിന്റെ ഗീതോപദേശം

ടെലഗ്രാഫിന്റെ തലക്കെട്ട് പോലെ അത്ര സുഖകരമല്ല ഇത്തരം പ്രതിഷേധ മാര്‍ഗങ്ങളെക്കുറിച്ച് കേള്‍ക്കുന്നത്. നോട്ട് നിരോധനത്തെ വോട്ട് നിരോധനം കൊണ്ട് നേരിടാനാകില്ല. വോട്ട് ചെയ്‌തേ അതിന് തിരിച്ചടി കൊടുക്കാനാകൂ.

വ്യക്തമായ രാഷ്ട്രീയ നിലപാടും കൂര്‍ത്ത പരിഹാസങ്ങളും ആക്ഷേപഹാസ്യവും സാമൂഹ്യവിമര്‍ശനവും ഉള്‍ച്ചേര്‍ന്ന തലക്കെട്ടുകള്‍ കൊണ്ട് എല്ലായ്‌പ്പോഴും ഒന്നാം പേജുകളെ സമ്പന്നമാക്കുന്ന ടെലഗ്രാഫ് പത്രം ഇന്നും മോശമാക്കിയില്ല. നോട്ട് നിരോധനദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ടെലഗ്രാഫിന്റെ ഒരു വാര്‍ത്തയുടെ തലക്കെട്ട് Two votes are demonetised എന്നാണ്.

ഹിമാചല്‍ പ്രദേശില്‍ നോട്ട് നിരോധനത്തിന്റെ ദുരിതം നല്ലപോലെ അനുഭവിച്ച രണ്ട് മനുഷ്യര്‍ ഇത്തവണ തങ്ങളുടെ വോട്ട് ‘നിരോധിക്കാന്‍’ തീരുമാനിച്ചിരിക്കുന്നതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഷന്‍ സിംഗ് വര്‍മയും ഭാര്യ വിദ്യ ദേവിയുമാണ് ഇത്തവണ വോട്ട് ചെയ്യുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നത്. തലസ്ഥാനമായ ഷിംലയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ബന്‍ബാഗ് ഗ്രാമത്തിലാണ് ഇവരുടെ താമസം. മോദിയുടെ നോട്ട് നിരോധന ‘ഉപകാരം’ മൂലം കൃഷി ഇവര്‍ക്ക് കൃഷി നിര്‍ത്തേണ്ടി വന്നു. ജീവിതം ബുദ്ധിമുട്ടിലായി. ഏതായാലും ടെലഗ്രാഫിന്റെ തലക്കെട്ട് പോലെ അത്ര സുഖകരമല്ല ഇത്തരം പ്രതിഷേധ മാര്‍ഗങ്ങളെക്കുറിച്ച് കേള്‍ക്കുന്നത്. നോട്ട് നിരോധനത്തെ വോട്ട് നിരോധനം കൊണ്ട് നേരിടാനാകില്ല. വോട്ട് ചെയ്‌തേ അതിന് തിരിച്ചടി കൊടുക്കാനാകൂ.

https://www.telegraphindia.com/india/two-votes-are-demonetised-184143

കോണ്‍ഗ്രസ് ചിതലാണെന്നും അത് തട്ടിക്കളയണമെന്നുമാണ് മോദി ഹിമാചല്‍ പ്രദേശില്‍ പറഞ്ഞതെങ്കില്‍ ഒട്ടും സമനില തെറ്റാതെ പക്വമായ തരത്തില്‍ ഒരു മറുപടിയാണ് രാഹുല്‍ മോദിക്ക് കൊടുത്തിരിക്കുന്നത്. ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യൂ എന്ന് കൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്ന രീതിയില്‍ ഭഗവദ് ഗീത അവതരിപ്പിക്കുന്നുണ്ട്. ഇതാണ് രാഹുല്‍ ഉദ്ധരിച്ചത്. മോദിക്ക് കര്‍മ്മം ചെയ്യാന്‍ താല്‍പര്യമില്ലെന്നും പഴം വിഴുങ്ങുന്നതില്‍ മാത്രമാണ് താല്‍പര്യമെന്നും രാഹുല്‍ അഭിപ്രായപ്പെടുന്നു. രാഹുലിന്റെ എല്ലാ പ്രസംഗങ്ങളും ജനജീവിതത്തെ രൂക്ഷമായി ബാധിച്ചിരിക്കുന്ന നോട്ട് നിരോധന, ജി എസ് ടി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്. 2019ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വ്യാപാരികള്‍ അടക്കമുള്ളവരുടെ താല്‍പര്യം സംരക്ഷിക്കും വിധം ജി എസ് ടിയില്‍ സമൂല പരിഷ്‌കരണം കൊണ്ടുവരുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്യുന്നു.

https://www.telegraphindia.com/india/rahul-s-gita-jibe-at-modi-184117

ചെന്നൈയില്‍ ദിനതന്തി പത്രത്തിന്റെ 75ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കുറിച്ച് മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കുന്ന പ്രസംഗം നടത്തുകയും ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കലൈഞ്ജര്‍ കരുണാനിധിയെ കാണാന്‍ പോയി. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് സാധാരണ സൗഹൃദ സന്ദര്‍ശനമല്ലെന്നാണ് മാധ്യമങ്ങളുടെ കാകദൃഷ്ടി കണ്ടെത്തിയിരിക്കുന്നത്. Modi tweaks agenda to meet Karunanidhi എന്നാണ് ദ ഹിന്ദുവിന്‍റെ തലക്കെട്ട്. അപ്രതീക്ഷിത സന്ദര്‍ശനം, നിലവില്‍ വളരെ സങ്കീര്‍ണമായി, ആകെ കുളമായി കിടക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തെ കൂടുതല്‍ ആശയക്കുഴപ്പങ്ങളിലേക്ക് നയിച്ചിരിക്കുകയാണ് എന്ന് ബി കോലപ്പന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

http://www.thehindu.com/news/national/tamil-nadu/modi-pays-surprise-visit-to-karunanidhi/article19993422.ece

സുരേന്ദ്രയുടെ ഉഗ്രന്‍ കാര്‍ട്ടൂണുമുണ്ട്. എഐഎഡിഎംകെയെ ഒപ്പം നിര്‍ത്തി സെല്‍ഫിയെടുക്കാനൊരുങ്ങുകയാണ് മോദി. എന്നാല്‍ പടമെടുത്ത് കഴിഞ്ഞപ്പോള്‍ ചിത്രത്തില്‍ പതിഞ്ഞിരിക്കുന്നത് മോദി ഡിഎംകെയോടൊപ്പം നില്‍ക്കുന്നതാണ്.

Modi’s Chennai googly leaves all stumped എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട്. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിച്ച് വിശ്രമിക്കാനും മോദി കരുണാനിധിയെ ക്ഷണിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ സമവാക്യങ്ങളും സഖ്യങ്ങളും ബുള്ളറ്റ് ട്രെയിന്‍ പോലെയാണ്. വളരെ വേഗത്തിലായിരിക്കും വരവും പോക്കും. ബിജെപി ബാന്ധവം ഡിഎംകെയ്ക്ക് പുത്തരിയല്ലല്ലോ.

https://timesofindia.indiatimes.com/india/modis-chennai-googly-leaves-all-stumped/articleshow/61539101.cms

മോദിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ സൂചനകള്‍ സംബന്ധിച്ച ആഗ്രഹം മറച്ചുവയ്ക്കാതിരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജനോട് ദേശീയ രാഷ്ട്രീയത്തില്‍ നിലവില്‍ ഡിഎംകെയുടെ അംബാസഡറും കരുണാനിധിയുടെ മകളുമായ എംകെ കനിമൊഴിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ തീഹാര്‍ ജയിലില്‍ തന്നെ ചപ്പാത്തി തീറ്റിച്ച കോണ്‍ഗ്രസിനെ കനിമൊഴി വല്ലാതെ സ്‌നേഹിക്കുന്നുണ്ടാകില്ല. കനിമൊഴിക്കും കലൈഞ്ജര്‍ക്കും സ്റ്റാലിനും പുതിയ രാഷ്ട്രീയ കാവ്യങ്ങള്‍ക്കുള്ള സാധ്യതകള്‍ മുന്നിലുണ്ട്.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍