UPDATES

ട്രെന്‍ഡിങ്ങ്

അസഹിഷ്ണുതയ്ക്ക് മരുന്ന് അസഹിഷ്ണുത തന്നെയോ? ഇന്ത്യയുടെ കഥകള്‍ എന്തുകൊണ്ട് സിനിമയാകുന്നില്ല എന്ന് മജീദ്‌ മജീദി

മനുഷ്യന്റെ സാര്‍വലൗകികമായ അതിജീവന സമരങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തുന്നയാളാണ്. ജനാധിപത്യം മരിച്ചിട്ടില്ലാത്ത മറ്റൊരു രാജ്യത്തിന്റെ ഈ ദുര്‍ഗതിയിലേയ്ക്കുള്ള പ്രയാണ ശ്രമങ്ങളെ മജീദിക്ക് എളുപ്പം മനസിലാക്കാനാകും.

അസഹിഷ്ണുതയോട് തിരിച്ചും അസഹിഷ്ണുത കാണിക്കാനാണ് രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനും നിയമ വിദഗ്ധനും മുന്‍ അറ്റോണി ജനറലുമായ സോളി സൊറാബ്ജിയുടെ ഉപദേശം. നിരോധനത്തിന്റേയും വിലക്കുകളുടേയും ഹിസ്റ്റീരിയ ബാധിച്ച സമൂഹത്തോടാണ് ഇക്കാര്യം പറയുന്നത്. ഹിന്ദു താലിബാന്‍വത്കരണത്തോട് അതിവേഗം അമിതാസക്തിയുമായി മുന്നേറുന്ന ഒരു നാട്ടില്‍. Be intolerant of intolerance എന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ അദ്ദേഹം പറയുന്നത്. വര്‍ഗീയവാദികളുടെ വികാരം വ്രണപ്പെടാതെ സൂക്ഷിക്കേണ്ട ബാധ്യത രാജ്യത്തിന്റെ ഭരണഘടനയ്‌ക്കോ നിയമ വ്യവസ്ഥിതിക്കോ ഇല്ലെന്ന് സോളി സൊറാബ്ജി ചൂണ്ടിക്കാട്ടുന്നു.

ഓരോ സമുദായത്തിന്റെയും ചില വിഭാഗങ്ങളുടേയും വികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഇടയിലാണ് ഇതിലെ അസംബന്ധവും യുക്തിരാഹിത്യവും സോളി സൊറാബ്ജി ചൂണ്ടിക്കാട്ടുന്നത്. പദ്മാവതിയെക്കുറിച്ചല്ല, അരവിന്ദ് കേജ്രിവാളിനെക്കുറിച്ചുള്ള An Insignificant Man എന്ന ഡോക്യുമെന്ററിയെ കുറിച്ചാണ് ആദ്യം പറയുന്നത്. ഈ ഡോക്യുമെന്ററി തന്നെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് ഒരു വ്യക്തി നല്‍കിയ റിട്ട് പെറ്റീഷന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബഞ്ച് പരിഗണിച്ചിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. ആവിഷ്‌കാര സ്വാതന്ത്ര്യം തടസപ്പെടുത്തി കോടതികള്‍ നിരോധനം ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും സോളി സൊറാബ്ജി പറയുന്നു.


http://indianexpress.com/article/opinion/columns/supreme-court-judgment-an-insignificant-man-arvind-kejriwal-padmavati-row-4948559/

നിരോധനങ്ങളും വിലക്കുകളും ആവശ്യപ്പെടുന്നവരും എല്ലായ്‌പ്പോഴും വ്യത്യസ്ത വ്യക്തികളും സംഘടനകളും ആയിരിക്കുമെങ്കിലും അവയെല്ലാം ഒരു ക്യാമ്പില്‍ പെട്ടവ തന്നെ എന്നാണ് നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയം അര്‍ത്ഥശങ്കകള്‍ക്കിടയില്ലാത്ത വിധം വ്യക്തമാക്കിക്കൊണ്ടിരിക്കുന്നത്. അസഹിഷ്ണുതയെ സഹിഷ്ണുത കൊണ്ടാണോ അതോ അസഹിഷ്ണുത കൊണ്ട് തന്നെയാണോ നേരിടേണ്ടത് എന്ന പ്രശ്‌നം മനുഷ്യസമൂഹത്തിന്റെ ആധുനീകരണ പ്രക്രിയ തുടങ്ങിയ കാലം മുതല്‍ സംവാദത്തിന്റെ ഭാഗമാണ്. ചരിത്രത്തിന്റെ പല ഘട്ടങ്ങളും ഈ രണ്ട് വാദങ്ങളേയും ന്യായീകരിച്ചിട്ടുണ്ട്. സംഗതി ആപേക്ഷികമാണ്. ജനാധിപത്യ സംവാദങ്ങള്‍ സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ അതിജീവനം എന്ന പ്രശ്‌നം മാത്രമേ അസഹിഷ്ണുതയ്ക്ക് ന്യായീകരണവും ഒഴിവ്കഴിവും ആകൂ എന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം പദ്മാവതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും നിരോധനാവശ്യങ്ങളും കോലാഹലങ്ങളുമെല്ലാം മോദി സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് എന്ന വാദമുണ്ട്. ഇത് തള്ളിക്കളയാനാകില്ല. പദ്മാവതിക്കെതിരായ ക്യാമ്പെയിന്‍ വളരെ ആസൂത്രിതമായി തന്നെയാണ് ബിജെപിയും അതിന്റെ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും ഏറ്റെടുത്തിരിക്കുന്നത്.

നൂറായിരം കഥകള്‍ പറയാനുള്ള, കഥാസരിത് സാഗരം തന്നെ ഉണ്ടാക്കിയ ഇന്ത്യക്ക് ഈ കഥകളൊന്നും എന്തുകൊണ്ട് സിനിമകളാക്കാന്‍ കഴിയുന്നില്ല എന്നാണ് വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ സംശയം. തന്റെ ആദ്യ ഇന്ത്യന്‍ ചിത്രം ബിയോണ്ട് ദ ക്ലൗഡ്‌സുമായി ഗോവ അന്താരാഷ്ട്ര ചലിച്ചിത്രോത്സവത്തിലെത്തിയിരിക്കുകയാണ് മജീദി. അത്തരത്തില്‍ ഒരു കഥ പറയാന്‍ ശ്രമിച്ചവരുടേയും അതില്‍ അഭിനയിച്ചവരുടേയും തല വെട്ടും മൂക്ക് ചെത്തും എന്നൊക്കെയാണ് ഇവിടെ ഭീഷണികള്‍. സിനിമാക്കാര്‍ക്ക് ജയില്‍ ചിരപരിചിതമായ ഇടവും സ്വതന്ത്രാവിഷ്‌കാരം സ്വപനവുമായ ഒരു രാജ്യത്ത് നിന്ന്, സിനിമകളുടെ പ്രിന്റ് ഒളിച്ചുകടത്തി വിദേശങ്ങളിലത്തിച്ച ചിത്രം പുറത്തിറക്കേണ്ട ഗതികേടുള്ള സഹപ്രവര്‍ത്തകരുള്ള മജീദ് മജീദിക്ക് ഈ പ്രശ്‌നം മനസിലാക്കാന്‍ കഴിയും.

പ്രിയ മജീദ് മജീദി, ഐഎഫ്എഫ്ഐയില്‍ നിന്നും ‘ബിയോണ്ട് ദി ക്ലൌഡ്സ്’ താങ്കള്‍ പിന്‍വലിക്കുമോ?

ചലച്ചിത്രരംഗത്തേയ്ക്ക് വരുന്ന പുതുതലമുറയെ പ്രോത്സാഹിപ്പിക്കണമെന്ന് സിനിമയുടെ ചുമതലയുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിയോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മജീദ് മജീദി ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു. സ്മൃതി ഇറാനി ഇടപെട്ടാണ് തികച്ചും സ്വേച്ഛാധിപത്യപരമായി രണ്ട് സിനിമകളെ ഐഎഫ്എഫ്‌ഐയില്‍ നിന്ന് ഒഴിവാക്കിയതെന്നും അതിലൊന്ന് അന്തര്‍ദേശീയ പുരസ്‌കാരം നേടി ഇന്ത്യന്‍ സിനിമയുടെ അഭിമാനം ഉയര്‍ത്തിയ ചിത്രമായിരുന്നെന്നും മജീദ് മജീദി അറിയാതിരിക്കാന്‍ വഴിയില്ല. സ്മൃതി ഇറാനിയുടെ സര്‍ക്കാര്‍ സെന്‍സര്‍ ബോഡ് എന്ന ജനാധിപത്യവിരുദ്ധ സ്ഥാപനം വഴിയും തീവ്ര വര്‍ഗീയ സംഘടനകളെ ഇളക്കിവിട്ടും എങ്ങനെയാണ് ഈ രാജ്യത്തെ സിനിമകളെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അറിഞ്ഞിട്ടുണ്ടാവണം.


http://indianexpress.com/article/lifestyle/art-and-culture/india-is-a-land-of-stories-wonder-why-they-cant-be-translated-into-films-4948654/

ഈ രാജ്യത്തെ നിരവധി ചലച്ചിത്ര പ്രതിഭകളെ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും പ്രമുഖമായ ചലച്ചിത്ര പഠന സ്ഥാപനമായ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ എങ്ങനെയാണ് സ്മൃതി ഇറാനിയുടെ സര്‍ക്കാരും പാര്‍ട്ടിയും തകര്‍ക്കാന്‍ ശ്രമിച്ചത് എന്നതിനെക്കുറിച്ച് മജീദ് മജീദിക്ക് കേട്ടറിവുണ്ടാകും. ജാഫര്‍ പനാഹിയെ പോലെയോ മൊഹ്‌സിന്‍ മഖ്മല്‍ബഫിനെ പോലെയോ അധികാരികളില്‍ നിന്ന് പീഡനം അനുഭവിക്കേണ്ടി വന്നയാളോ വ്യവസ്ഥാവിരുദ്ധനായി അറിയപ്പെടുന്നയാളോ ഫിലിം പ്രിന്റുകള്‍ സെന്‍സര്‍ ഓഫീസില്‍ നിന്ന് മോഷ്ടിച്ച് ഒളിച്ചുകടത്തേണ്ടി വന്നിട്ടുള്ളയാളോ അല്ല മജീദ് മജീദി. പക്ഷെ മനുഷ്യന്റെ സാര്‍വലൗകികമായ അതിജീവന സമരങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തുന്നയാളാണ്. ജനാധിപത്യം മരിച്ചിട്ടില്ലാത്ത മറ്റൊരു രാജ്യത്തിന്റെ ഈ ദുര്‍ഗതിയിലേയ്ക്കുള്ള പ്രയാണ ശ്രമങ്ങളെ മജീദിക്ക് എളുപ്പം മനസിലാക്കാനാകും.

ഡല്‍ഹിയിലെ ദു:സഹമായ വായുമലിനീകരണം ഒരു പരിസ്ഥിതി പ്രശ്‌നം മാത്രമല്ലെന്നാണ് ഹിന്ദി എഴുത്തുകാരനും എന്‍സിഇആര്‍ടി മുന്‍ ഡയറക്ടറുമായ കൃഷ്ണകുമാറിന്റെ അഭിപ്രായം. ഇതിനെ ഒരു പരിസ്ഥിതി മലിനീകരണം പ്രശ്‌നം എന്ന നിലയില്‍ മാത്രം നേരിട്ടാല്‍ പരിഹാരം കാണാനാവില്ല. വലിയൊരു രാഷ്ട്രീയ പ്രതിസന്ധി കൂടിയാണ് ഇതെന്നും ലേഖകന്‍ അഭിപ്രായപ്പെടുന്നു. ഡല്‍ഹിയെ പിടികൂടിയ ഭൂതം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ലെന്നും നഗരവാസികളെ വ്യക്തിഗ പരിഹാര മാര്‍ഗങ്ങള്‍ തേടാന്‍ ഉപദേശിച്ച് അധികാരികള്‍ക്ക് ഇക്കാര്യത്തില്‍ തടിയൂരാനാകില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വന്‍ തോതിലുണ്ടായതും പുനര്‍വിന്യാസം ഇല്ലാത്തതുമായ മരം വെട്ടല്‍ അടക്കമുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. യമുനാതടം ശ്രീ ശ്രീ രവി ശങ്കറും അനുയായികളും ചേര്‍ന്ന് നശിപ്പിച്ചു. ഈ പ്രശ്‌നത്തെ ഉചിതമായി കൈകാര്യം ചെയ്യാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് കഴിഞ്ഞില്ല.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍