UPDATES

ട്രെന്‍ഡിങ്ങ്

രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരോട് സോണിയ മാത്രം അനുകമ്പ കാട്ടിയാല്‍ മതിയോ?

ഈ രാജ്യത്തെ നീതിന്യായ സംവിധാനവും അതിനേക്കാളുപരിയായി ഇവിടുത്ത മനുഷ്യത്വവിരുദ്ധമായ ഉദ്യോഗസ്ഥ സംവിധാനവും ഇവരോട് എന്ത് അനുകമ്പയാണ് കാണിച്ചിട്ടുള്ളത് എന്ന ചോദ്യമുണ്ട്.

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനത്തിനായി സോണിയ ഗാന്ധി അനുകമ്പ അല്ലെങ്കില്‍ മഹാമനസ്കത തന്നെ കാട്ടണമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി കെടി തോമസ്. Judge who handed death to Rajiv Gandhi killers writes to Sonia: Show magnanimity എന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഒന്നാം പേജ് വാര്‍ത്തയുടെ തലക്കെട്ട്. കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ശരി വച്ച ന്യായാധിപനെന്ന നിലയില്‍ കൂടിയാണ് താന്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും 1991 മുതല്‍ തടവില്‍ കഴിയുന്ന ഇവര്‍ മനുഷ്യത്വപരമായ പരിഗണന അര്‍ഹിക്കുന്നു എന്നും കത്തില്‍ കെടി തോമസ് പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സോണിയ രാഷ്ട്രപതിക്ക് കത്ത് നല്‍കുകയാണെങ്കില്‍ അത് ഉചിതമായിരിക്കുമെന്നും കെടി തോമസ് അഭിപ്രായപ്പെടുന്നു. താങ്കളും രാഹുലും പ്രിയങ്കയും സമ്മതിക്കുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്തേക്കും എന്നാണ് കെടി തോമസ് പറയുന്നത്.

2014ല്‍ സുപ്രീംകോടതി ശിക്ഷാ ഇളവ് നല്‍കിയതിന് പിന്നാലെ ഇവരെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തതെന്ന് കെടി തോമസ് ചൂണ്ടിക്കാട്ടുന്നു. 1991 മുതല്‍ അതായത് 26 കൊല്ലമായി വിചാരണഘട്ടത്തിലും കുറ്റം ചാര്‍ത്തപ്പെട്ട ശേഷവും തടവില്‍ കഴിയുന്ന ഇവരോട് മനുഷ്യത്വപരമായ പരിഗണന കാണിക്കണമെന്നാണ് ജസ്റ്റിസ് കെടി തോമസിന്റെ സുചിന്തിതമായ അഭിപ്രായം. ഇവരുടെ വധശിക്ഷ ശരിവച്ച് ന്യായാധിപനെന്ന നിലയില്‍ കൂടിയാണ് താന്‍ ഇത് പറയുന്നതെന്നും കെടി തോമസ് പറയുന്നു. സോണിയയും രാഹുലും, രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരോട് അനുകമ്പ കാണിക്കണം എന്നതൊക്കെ പറയുന്നത് മനസിലാക്കാം. പക്ഷെ ഈ രാജ്യത്തെ നീതിന്യായ സംവിധാനവും അതിനേക്കാളുപരിയായി ഇവിടുത്ത മനുഷ്യത്വവിരുദ്ധമായ ഉദ്യോഗസ്ഥ സംവിധാനവും ഇവരോട് എന്ത് അനുകമ്പയാണ് കാണിച്ചിട്ടുള്ളത് എന്ന ചോദ്യമുണ്ട്.

http://indianexpress.com/article/india/judge-who-handed-death-to-rajiv-gandhi-killers-writes-to-sonia-show-magnanimity-4939399/

ശിവരശന് കൊടുത്ത രണ്ട് 9 വോള്‍ട്ട് ബാറ്ററികള്‍ ബോംബിന് വേണ്ടിയാണെന്നോ ആരെയെങ്കിലും കൊല്ലാന്‍ വേണ്ടിയാണെന്നോ തനിക്ക് അറിയില്ലായിരുന്നു എന്നാണ് 1991 മുതല്‍ ഇതുവരെ പേരറിവാളന്‍ എന്ന മനുഷ്യന്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. പേരറിവാളന്‍ അന്ന് തന്നോട് പറഞ്ഞിരുന്നതായും താന്‍ ഇക്കാര്യം രേഖപ്പെടുത്തിയില്ലെന്നും അതുകൊണ്ടാണ് കോടതി പേരറിവാളന് വധശിക്ഷ വിധിക്കാനിടയായതെന്നും മുന്‍ സിബിഐ ഉദ്യോഗസ്ഥനായ വി ത്യാഗരാജന് സുപ്രീംകോടതിയില്‍ പറയാന്‍ വധശിക്ഷ ശരി വച്ച് 18 വര്‍ഷമെടുത്തു. ഇതിനിടയില്‍ പല തവണ ഈ മനുഷ്യന്‍ മരണം അടുത്തുകണ്ടു. ഇതാണ് നമ്മുടെ ഉദ്യോഗസ്ഥ സംവിധാനവും അന്വേഷണ ഏജന്‍സികളും. സോണിയയ്ക്കും രാഹുലിനും നല്‍കുന്ന ഉപദേശം, അതായത് ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങള്‍ ഉറപ്പ് വരുത്തി പ്രവര്‍ത്തിക്കാനുള്ള ഉപദേശം സിബിഐയ്ക്കും പൊലീസിനും മറ്റ് ഏജന്‍സികള്‍ക്കുമെല്ലാം ജസ്റ്റിസ് തോമസ് നല്‍കുമോ?. തൂക്കിക്കൊന്നവര്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ ജീവിതം തിരിച്ചുനല്‍കാന്‍ ഐപിസിയിലോ ഇന്ത്യന്‍ ഭരണഘടനയിലോ വകുപ്പുണ്ടോ? ഇങ്ങനെ മനുഷ്യത്വത്തിന്റേയും നൈതികതയുടേയും ആശങ്കകളും ചോദ്യങ്ങളുമുണ്ട്.

പേരറിവാളന് നീതി കിട്ടുമോ? ഗുജറാത്തിലെ മുസ്ലീങ്ങള്‍ എന്തുകൊണ്ട് നിശബ്ദരായി തുടരുന്നു?

ഗുജറാത്തില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തേയും മുന്നേറ്റത്തേയും അല്‍പ്പം നിരാശപ്പെടുത്തുകയും ആശങ്കയുണ്ടാക്കുകയും ചെയ്യുന്ന ഒരു ഒറ്റ കോളം വാര്‍ത്ത ദ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പട്ടീദാര്‍, ദളിത്, ഒബിസി സംഘടനകള്‍ ബിജെപിക്കും സംസ്ഥാന സര്‍ക്കാരിനും എതിരായി തിരിയുകയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന സൂചന നല്‍കുകയും ചെയ്യുന്നതിന് ഇടയിലാണ് ഒരു പട്ടീദാര്‍ – ദളിത് സംഘര്‍ഷമുണ്ടായിരിക്കുന്നത്. ഒരു ദളിത് യുവാവ് പട്ടീദാര്‍ യുവതിയെ വിവാഹം കഴിച്ചതാണ് പട്ടേല്‍മാരെ പ്രകോപിപ്പിച്ചത്. ഇത്തരത്തിലാണ് ബിജെപിക്കെതിരായ സമുദായ ഐക്യം രൂപപ്പെടുന്നതെങ്കില്‍ കാര്യങ്ങള്‍ ബിജെപിക്ക് വളരെ എളുപ്പമാകും. ഹാര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും വേദി പങ്കിട്ടത് കൊണ്ട് സംഭവിക്കുന്ന ഒന്നല്ല പട്ടീദാര്‍ – ദളിത് ഐക്യമെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. ദളിത് യുവാവ് ബിജെപി പ്രാദേശിക പ്രവര്‍ത്തകനാണ്. പട്ടീദാര്‍മാര്‍ തീര്‍ത്തും വ്യക്തിപരമായ, സ്വകാര്യമായ ഈ കാര്യത്തെ ഒരു പൊതുപ്രശ്‌നമാക്കി ഉയര്‍ത്തുമ്പോള്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് ഗോളടിക്കാന്‍ അവസരം ഒരുക്കുക കൂടിയാണ് ഈ ജാതിവെറി ചെയ്യുന്നത്.

സര്‍ക്കാരിനെതിരായ ജനകീയ മുന്നേറ്റത്തിലൂടെ തങ്ങളെ വിറപ്പിച്ച പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിനെ ബിജെപി നേരിടുന്നത് സെക്‌സ് വീഡിയോ സിഡി കൊണ്ടാണ്. കര്‍ണാടക നിയമസഭയില്‍ സമ്മേളനം നടക്കുമ്പോള്‍ സഭാ നടപടികള്‍ ശ്രദ്ധിക്കാതെ മൊബൈലില്‍ സെക്‌സ് വീഡിയോ കണ്ട് ആസ്വദിച്ചിരുന്നവരുടെ പാര്‍ട്ടിയാണ് ബിജെപി. സെക്‌സ് വീഡിയോകള്‍ ഉണ്ടാവുന്നത് ഒന്നുകില്‍ അതില്‍ ഏര്‍പ്പെടുന്നവര്‍ അത് ചിത്രീകരിക്കുന്നത് കൊണ്ടാവാം. അല്ലെങ്കില്‍ അത് ഒളിക്യാമറകള്‍ പകര്‍ത്തുന്നതാകും. രണ്ടായാലും പൊതുപ്രവര്‍ത്തകരുടെ ലൈംഗികബന്ധ രംഗങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുന്നത് നല്ല പ്രവണതയല്ല.

http://indianexpress.com/elections/gujarat-assembly-elections-2017/hardik-patel-video-sex-video-fake-even-if-i-was-in-it-cant-a-23-yr-old-have-girlfriends-amit-shah-patidar-bjp-congress-rahul-gandhi-narendra-modi-4939250/

ഒരാള്‍ ആരുമൊക്കെയായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നത് ഈ 21ാം നൂറ്റാണ്ടിലും ഒരു രാഷ്ട്രീയ വിഷയവും തിരഞ്ഞെടുപ്പ് വിഷയവുമാക്കപ്പെടുന്നത് ദുരന്തമാണ്. ഇത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ല. ലൈംഗിക, സദാചാര വിഷയങ്ങളില്‍ ലിബറല്‍ മനോഭാവം പുലര്‍ത്തുന്നതായി അവകാശപ്പെടുന്ന സമൂഹങ്ങള്‍ക്കും ഈ അസുഖമുണ്ട്. ഇന്ന് ദ ഹിന്ദുവില്‍ സുരേന്ദ്രയുടെ കാര്‍ട്ടൂണ്‍, പിഡി എന്ന പട്ടിയുമായി രാഹുല്‍ ഗാന്ധിയും പിന്നാലെ വോട്ട് എന്ന പ്ലക്കാര്‍ഡുമായി നീങ്ങുന്ന ഹാര്‍ദിക് പട്ടേലും, തൊട്ടപ്പുറത്ത്  സിഡി (CD) എന്ന അഴുക്ക് പുരണ്ട, കടിക്കുന്ന പട്ടിയുമായിങ്ങുന്ന മുഖ്യമന്ത്രി  വിജയ് രുപാണിയേയും ബിജെപിക്കാരേയും കാണാം.

എന്റെ ലൈംഗികബന്ധരംഗങ്ങള്‍ ആസ്വദിച്ച ശേഷം നിങ്ങളെന്തിനാണ് എന്റെ മേല്‍ കുതിര കയറാന്‍ വരുന്നത് എന്നും 23കാരനായ എനിക്ക് ഗേള്‍ഫ്രണ്ട്‌സ് ഉണ്ടാവില്ലേ എന്നുമൊക്കെയാണ് ഹാര്‍ദികിന്റെ നിഷ്‌കളങ്കവും യുക്തവുമായ ചോദ്യങ്ങള്‍. എതിര്‍ കക്ഷികളിലെ തങ്ങള്‍ക്ക് ഭീഷണിയാകുന്ന ചെറുപ്പക്കാരെ ഇത്തരം പ്രശ്‌നങ്ങള്‍ പറഞ്ഞ് ‘സദാചാര’ത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമൂഹത്തില്‍ ‘നാറ്റിക്കുന്ന’ കുമാര പിള്ള സാറിന്റെ തന്ത്രങ്ങള്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രത്യയശാസ്ത്ര ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റുന്നത് എന്നത് കഷ്ടമാണ്.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍