UPDATES

ട്രെന്‍ഡിങ്ങ്

ക്രിമിനല്‍ കേസില്‍പ്പെട്ട ജനപ്രതിനിധികളുടെ വിചാരണക്ക് പ്രത്യേക കോടതികള്‍ വേണമെന്ന് സുപ്രീംകോടതി

വര്‍ഷങ്ങളായി ‘വേട്ടയാട’പ്പെടുകയും, ‘രാഷ്ട്രീയ ഭാവി’ അനിശ്ചിതത്വത്തിലാവുകയും, ‘വിലപ്പെട്ട’ വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയും ഒക്കെ ചെയുന്ന നേതാക്കള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം ആശ്വാസകരമായേക്കും. പെട്ടെന്നൊരു തീര്‍പ്പുണ്ടാകുമല്ലോ.

ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന ജനപ്രതിനിധികളായ രാഷ്ട്രീയ നേതാക്കളെ, വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. ഇന്നത്തെ മിക്ക ഇംഗ്ലീഷ് പത്രങ്ങളുടേയും ലീഡ് വാര്‍ത്തയാണിത്. പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്തിരിക്കുമെന്നും അതിവേഗ കോടതികളുടെ മാതൃകയില്‍ രാഷ്ട്രീയക്കാരുടെ ക്രിമിനല്‍ കേസുകള്‍ പ്രത്യേകം കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രത്യേക കോടതികള്‍ സ്ഥാപിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെടുന്നു.

രാജ്യത്ത് ഹൈക്കോടതികളിലുള്‍പ്പടെ ജഡ്ജിമാരുടെ അപര്യാപ്തത തുടരുകയും കേന്ദ്രസര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് രൂക്ഷമായ അഭിപ്രായ ഭിന്നത തുടരുകയും ചെയ്യുന്നതിന് ഇടയിലാണ് കോടതിയുടെ പുതിയ നിര്‍ദ്ദേശം. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ ബാഹുല്യം കണക്കിലെടുത്തായിരിക്കണം സുപ്രീംകോടതി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. വര്‍ഷങ്ങളായി ‘വേട്ടയാട’പ്പെടുകയും, ‘രാഷ്ട്രീയ ഭാവി’ അനിശ്ചിതത്വത്തിലാവുകയും, ‘വിലപ്പെട്ട’ വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയും ഒക്കെ ചെയുന്ന നേതാക്കള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം ആശ്വാസകരമായേക്കും. പെട്ടെന്നൊരു തീര്‍പ്പുണ്ടാകുമല്ലോ. പക്ഷെ സംസ്ഥാനങ്ങളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നത് എങ്ങനെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും എന്ന പ്രശ്നമുണ്ട്. ഇതൊരു ‘കേന്ദ്ര പദ്ധതി’യായി നടപ്പാക്കിക്കൂടേ എന്ന് സുപ്രീംകോടതി ചോദിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. തങ്ങള്‍ ഇത്തരത്തില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിന് അനുകൂലമാണെന്നും എന്നാല്‍ കോടതികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകള്‍ ആണെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ ഓര്‍മ്മിപ്പിച്ചു.

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തീര്‍ത്തും അപ്രായോഗികവും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാന്‍ സാധ്യതയുള്ളതുമായ ഈ ആവശ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര നിയമ കമ്മീഷനും പിന്തുണച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിലവില്‍ തന്നെ നിയന്ത്രണങ്ങളും വിലക്കുകളുമുണ്ട്. അവരുടെ സഭാംഗത്വം നഷ്ടമാവുകയും ചെയ്യാം. ഇതാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയപ്പോള്‍ ലാലു പ്രസാദ് യാദവിന് സംഭവിച്ചത്. നിലവില്‍, സഭാംഗത്വം നഷ്ടമാവുകയും ആറു വര്‍ഷത്തേക്ക് മത്സരിക്കുന്നതിന് വിലക്ക് വരുകയുമാണ് ചെയ്യുക. രാഷ്ട്രീയത്തിലോ തിരഞ്ഞെടുപ്പ് മത്സരങ്ങളിലോ ആജീവനാന്ത വിലക്കുകള്‍ ഏര്‍പ്പെടുത്താമെന്ന ആശയം തികഞ്ഞ അസംബന്ധമാണ്. ഏറ്റവുമധികം ക്രിമിനല്‍ കേസ് പ്രതികളുള്ള പാര്‍ട്ടി ബിജെപി തന്നെയാണല്ലോ. ഭസ്മാസുരന് വരം കൊടുത്ത പോലെ ബൂമറാംഗ് ആയി ഇത് തിരിച്ചടിച്ചേക്കാനുള്ള സാധ്യത ബിജെപി എഴുതിത്തള്ളരുത്.

താപവൈദ്യുതി നിലയങ്ങള്‍ പോലും സുരക്ഷിതമല്ലാതെ ദുരന്തം വിതക്കുന്നിടത്താണ് ആണവനിലയങ്ങളുടെ സുരക്ഷയെപ്പറ്റിയുള്ള വാചകമടികള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എട്ട് മാസം മുമ്പ് സ്ഥാപിച്ച പവര്‍ യൂണിറ്റിലെ ബോയ്‌ലര്‍ പൈപ്പ് പൊട്ടിത്തെറിച്ചാണ് 20ഓളം പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായിരിക്കുന്നത്. ഒരു തരത്തിലുള്ള വൈദ്യുതി നിലയങ്ങളും വേണ്ട എന്ന് വയ്ക്കാനാവില്ല. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാതിരിക്കാന്‍ കഴിയുകയുമില്ല. ആണവനിലയങ്ങളുടെ അത്രയും അപകട സാധ്യതയുള്ളവയാണ് താപനിലയങ്ങള്‍ എന്ന് പറയാനാവില്ല. എന്നാല്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആവശ്യമായ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി മുന്നോട്ട് പോകണം. സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവാന്‍ പാടില്ല. ഉപകരണങ്ങളുടെയും പ്രവര്‍ത്തന സാമഗ്രികളുടേയും സംവിധാനങ്ങളുടേയും നിലവാരം ഉറപ്പുവരുത്തണം. ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പോലുള്ളവ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുന്നതല്ലെങ്കിലും ഇത്തരം പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയണം. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടിയാണല്ലോ വികസനം. ജീവിതം ഇല്ലാതാക്കിക്കൊണ്ട് അത് കൊണ്ടുവരാനാകില്ല. അതുകൊണ്ട് കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. അഹന്തയും ധാര്‍ഷ്ട്യവും സ്വേച്ഛാധിപത്യ മനോഭാവവും നാശത്തിലേയ്ക്ക് മാത്രമേ എത്തിക്കൂ.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍