UPDATES

എഡിറ്റര്‍

ഫിദലിന്‍റെ സ്നേഹത്തിന് കാത്ത് നിന്ന നടാലിയയ്ക്ക് സംഭവിച്ചത്

Avatar

അഴിമുഖം പ്രതിനിധി

ഫിഡല്‍ കാസ്‌ട്രോ വിവാഹം കഴിച്ചത് രണ്ട് പേരെയാണ്. 1948ല്‍ 22ാം വയസിലാണ് കാസ്‌ട്രോയുടെ ആദ്യ വിവാഹം. 20 കാരിയായ മിര്‍ത ഡയാസ് ബലാര്‍ട്ടിനെയാണ് കാസ്‌ട്രോ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. ഫിദല്‍ കാസ്‌ട്രോ ഡയാസ് ബലാര്‍ട്ട്. മിര്‍തയുമായുള്ള ബന്ധം 1955ല്‍ അവസാനിച്ചു. മൊണ്‍കാഡ ബാരക് ആക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട കാസ്‌ട്രോ ആ വര്‍ഷം ജയില്‍ മോചിതനാവുകയും വിപ്ലവ പ്രസ്ഥാനം സംഘടിപ്പിക്കാന്‍ മെക്‌സിക്കോയിലേയ്ക്ക് പോവുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷമാണ് വിപ്ലവസംഘവുമായി കാസ്‌ട്രോ തിരിച്ചെത്തുന്നത്. പിന്നീട് 1980ലാണ് കാസ്‌ട്രോ വീണ്ടും വിവാഹിതനാവുന്നത്. ഡാലിയ സോട്ടോ ഡെല്‍ വാലെ മരണം വരെ കാസ്‌ട്രോയുടെ ഭാര്യയായി തുടര്‍ന്നു. ഇതിനിടയില്‍ നിരവധി സ്ത്രീകളുമായി കാസ്‌ട്രോയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇവരില്‍ പലരിലും മക്കളുമുണ്ടായിരുന്നു.

ഇത്തരത്തില്‍ കാസ്‌ട്രോയുടെ കാമുകിമാരില്‍ ഒരാളാണ് നാറ്റി എന്ന് വിളിക്കപ്പെട്ടിരുന്ന നാടാലിയ റിവ്വെല്‍റ്റ. തന്‌റെ ഇരട്ടി പ്രായമുള്ള ഓര്‍ലാന്‌റോ ഫെര്‍ണാണ്ടസ് എന്ന ഹൃദ്രോഗ വിദഗ്ധനായിരുന്നു നാറ്റി റിവെല്‍റ്റയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. ഏകാന്തത നാറ്റിയെ വല്ലാതെ മടുപ്പിച്ചിരുന്നു. ജോലിത്തിരക്ക് കഴിഞ്ഞ് രാത്രി ഏറെ വൈകി വീട്ടിലെത്തുന്ന ഓര്‍ലോന്‌റോ കസേരയില്‍ തന്നെ കിടന്നുറങ്ങും. അങ്ങനെയിരിക്കെ 1952ലെ വസന്തകാലത്ത് ഹവാന സര്‍വകലാശാലയില്‍ വച്ചാണ് നാറ്റിയും ഫിഡലും കണ്ടുമുട്ടുന്നത്. എനിക്ക് നിന്നെ പഠിപ്പിക്കാമോ എന്ന് കാസ്‌ട്രോ ചോദിച്ചു. ലൈംഗികബന്ധമാണ് കാസ്‌ട്രോ ഉദ്ദേശിച്ചത്. അല്‍പ്പം പരിഭ്രമത്തോടെയും ലജ്ജയോടെയും നാറ്റി മറുപടി നല്‍കി. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് ശേഷം എന്‌റെ തിരക്കുകളൊഴിയും. ഫിഡലിന് വീടിന്‌റെ ഒരു താക്കോലും കൊടുത്തു.

ആ വര്‍ഷം മാര്‍ച്ചില്‍, നേരത്തെ സൈനികനും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‌റുമൊക്കെ ആയിരുന്ന ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റ ഒരു സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. ക്യൂബയില്‍ ഗുണ്ടാ തേര്‍വാഴ്ചയും ഭരണകൂട ഭീകരതയും തുടങ്ങി. യുവ അഭിഭാഷകനും ഓര്‍ത്തഡോക്‌സ് പാര്‍ട്ടി അംഗവുമായി ഫിഡല്‍ കാസ്‌ട്രോ അടക്കമുള്ള യുവാക്കളായിരുന്നു ബാറ്റിസ്റ്റയുടെ പ്രധാന ശത്രുക്കള്‍. കാസ്‌ട്രോയുടെ സംഘത്തിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും തന്‌റെ വീടിന്‌റെ താക്കോല്‍ നാറ്റി റിവെല്‍റ്റ കൈമാറിയിരുന്നു. തന്‌റെ ഇംഗീഷുകാരനായ മുത്തച്ഛന്‍ ഹെര്‍ബര്‍ട്ട് ക്ല്യൂസിനെ പോലെ ഒരു പരുക്കന്‍ രാജ്യത്തെ സാഹസിക പ്രവര്‍ത്തങ്ങളുടെ കാല്‍പ്പനികതയെ അവളും ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ വിവാഹവും സാമൂഹ്യ പ്രതിബന്ധങ്ങളും അവരോടൊപ്പം പര്‍വത പ്രദേശത്തേയ്ക്ക് പോകുന്നതില്‍ നിന്ന് നാറ്റിയെ വിലക്കി. അതിനാല്‍ 1953 ജൂലായ് 26ന് നടന്ന മൊണ്‍കാഡ ബാരക് ആക്രമണത്തില്‍ പങ്കെടുക്കാന്‍ നാറ്റിയ്ക്ക് കഴിഞ്ഞില്ല. നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്തില്ലെങ്കിലും അതുമായി ബന്ധപ്പെട്ട് നാറ്റി റിവ്വെല്‍റ്റ് നല്ലപോലെ ജോലി ചെയ്തു. മാനിഫെസ്റ്റോകളും മറ്റും ടൈപ്പ് ചെയ്തിരുന്നതും മറ്റും അവരായിരുന്നു.

ബാങ്കിലെ സമ്പാദ്യമെല്ലാം നാറ്റി റിവെല്‍റ്റ പിന്‍വലിച്ചു. 6000 ഡോളറായിരുന്നു ഉണ്ടായിരുന്നത്. ഡയമണ്ട്, മറ്റ് ആഭരണങ്ങള്‍ എന്നിവയെല്ലാം പണമായും പിന്നീട് തോക്കുകളായും മാറി. പക്ഷെ മൊണ്‍കാഡ ആക്രമണം പരാജയപ്പെട്ടും. ഫിഡലും റൗളും അടക്കമുള്ളവരെല്ലാം അറസ്റ്റിലായി. ഐസില്‍ ഓഫ് പൈന്‍സിലാണ് ഫിഡല്‍ തടവില്‍ കഴിഞ്ഞത്. നാറ്റി ഫിഡലിന് കത്തുകള്‍ എഴുതി അയച്ചു. ഒപ്പം അവള്‍ക്ക് പ്രിയപ്പെട്ട ഫിദോര്‍ ദസ്തയേവ്‌സ്‌കിയുടേയും ഫ്രഞ്ച് എഴുത്തുകാരായ റോളണ്ട്. വിക്ടര്‍ ഹ്യൂഗോ, ബല്‍സാക് തുടങ്ങിയവരുടെയും പുസ്തകങ്ങളും. ഫിഡല്‍ ഏറെ താല്‍പര്യത്തോടെയാണ് ഇതിനോട് പ്രതികരിച്ചതും മറുപടികളെഴുതിയതും. ദസ്തയേവ്‌സ്‌കിയെ ഫിഡലിന് ഇഷ്ടമായിരുന്നു. എന്നാല്‍ ആ സമയത്ത് ഫിഡല്‍ കൂടുതലായി മാര്‍ക്‌സിനെ ഇഷ്ടപ്പെട്ടുതുടങ്ങി.

കത്തുകളില്‍ പ്രണയവും കുസൃതികളും നിറഞ്ഞു. വിളക്കുകള്‍, തൊപ്പികള്‍, സ്വര്‍ണമത്സ്യങ്ങള്‍ എല്ലാത്തിനെ കുറിച്ചും അവര്‍ ദീര്‍ഘമായി സംസാരിച്ചു. കടപ്പുറത്തെ കുറിച്ച് ഫിഡലിനെ ഓര്‍മ്മിപ്പിക്കാന്‍ നാറ്റി കവറില്‍ മണല്‍ പൊതിഞ്ഞ് കൊടുത്തയച്ചു. തീവ്രമായ പ്രണയം അവര്‍ക്കിടയില്‍ വളര്‍ന്ന ആ സമയത്ത് ഫിഡല്‍ വിവാഹിതനായിരുന്നു. മക്കളുമുണ്ടായിരുന്നു. ഉമ്മകള്‍ പോലെയായിരുന്നു നാറ്റിയുടെ വാക്കുകള്‍. ഞാന്‍ നിന്നെ ഗാഢമായി കെട്ടിപ്പിടിക്കും. എന്‌റെ കൈകളില്‍ അമര്‍ത്തിപ്പിടിക്കും. ഒരു പൂവിനെ പോലെ നിന്നെ അമര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നു – ഫിഡല്‍ മറുപടിയെഴുതി. എന്നാല്‍ ഈ കത്തുകള്‍ അധികകാലം നീണ്ടില്ല. അവരുടെ രഹസ്യബന്ധം പിടിക്കപ്പെട്ടു. ഇനി കത്തയയ്‌ക്കേണ്ടെന്ന് ഫിഡല്‍ അറിയിച്ചു. 15 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഫിഡലിന് ലഭിച്ചതെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞ് 1955ല്‍ തന്നെ ശിക്ഷാ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. ഫിഡലും നാറ്റിയും വീണ്ടും കണ്ടുമുട്ടി. രണ്ട് മാസം അവര്‍ ഒരുമിച്ച് കഴിഞ്ഞു. ഈ ബന്ധത്തില്‍ അലീന എന്ന മകളുണ്ടായി.

വിപ്ലവ പ്രസ്ഥാനം പുനസംഘടിപ്പിക്കുന്നതിനായി ഫിഡല്‍ മെക്‌സിക്കോയിലേയ്ക്ക് പോയി. പിന്നീട് 1956ല്‍ വിപ്ലവസംഘവുമായി ഫിഡല്‍ തിരിച്ചെത്തി. ഫിഡല്‍ കാസ്‌ട്രോ എന്ന കരുത്തന്‌റെ നേതൃത്വത്തില്‍ 1959 ജനുവരിയില്‍ ക്യൂബ വിപ്ലവ വിജയം നേടി. ക്യൂബയുടെ ഭരണത്തലവനായി മാറിയ ഫിഡല്‍, നാറ്റി റിവെല്‍റ്രെയെ കാര്യമായി ഗൗനിച്ചില്ല. മകള്‍ അലീനയെ ഇടയ്‌ക്കൊക്കെ കാസ്‌ട്രോ കണ്ടു. നാറ്റിയുടെ എഴുത്തുകളില്‍ പലതും ഫിഡല്‍ മടക്കി അയച്ചു. വാഷിംഗ്ടണിലും പെന്‍സില്‍വാനിയയിലും പഠിക്കുകയും നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്തിരുന്ന വ്യക്തിയായിരുന്നു നാറ്റി റിവെല്‍റ്റ. അവര്‍ താന്‍ ക്യൂബയുടെ പ്രഥമ വനിതയാകുമെന്ന് സ്വപ്‌നം കണ്ടിരിന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. വിപ്ലവ ക്യൂബയില്‍ അവര്‍ ആരുമല്ലാതായി പോയി.

നാറ്റി പിന്നീട് ഗവണ്‍മെന്‌റിനെ സഹായിക്കുന്ന സന്നദ്ധ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിനിടെ ഭര്‍ത്താവ് ഓര്‍ലാന്‌റോ മകള്‍ നിനയോടൊപ്പം അമേരിക്കയിലേയ്ക്ക് പലായനം ചതെയ്തിരുന്നു. വീട് നാറ്റി ഗവണ്‍മെന്‌റിന് വിട്ടുകൊടുത്തു. ഇത് വിദേശരാജ്യങ്ങളുടെ എംബസി കെട്ടിടങ്ങളിലൊന്നായി പിന്നീട് മാറി. വൃത്തിഹീനമായ ചേരിയിലെ ചെറിയ വീട്ടിലേയ്ക്ക് നാറ്റി റിവെല്‍റ്റ താമസം മാറ്റി. ആരോടും പരാതി പറയാതെ സോഷ്യലിസ്റ്റ് ക്യൂബയില്‍ സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ വാങ്ങി ഭക്ഷണം കഴിച്ച് അവര്‍ ജീവിച്ചു. കമ്മ്യൂണിസ്റ്റ്കാരെ അല്ലെങ്കില്‍ വിപ്ലവകാരികളെ സഹായിച്ച കുറത്തിന് അമ്മ ഡോണ നാറ്റിക്ക് ഒരിക്കലും നാറ്റി റിവെല്‍റ്റയ്ക്ക് മാപ്പ് നല്‍കിയില്ല. മകള്‍ അലീനയും അമ്മയെ ഉപേക്ഷിച്ച് അമേരിക്കയിലേയ്ക്ക് പോയി. എല്ലാ കഷ്ടപ്പാടുകള്‍ക്കിടയിലും പഴയ ആഡംബരജീവിത്തിന്‌റെ ശേഷിപ്പുകളുണ്ടായിരുന്നു. മെലിഞ്ഞ ഗോള്‍ഡ് കേസില്‍ സിഗററ്റുകളും വെള്ളിക്കപ്പുകളില്‍ കട്ടന്‍ കാപ്പിയുമടക്കമുള്ള ശീലങ്ങള്‍ തുടര്‍ന്നു. കിടപ്പുമുറിയിലെ ഷെല്‍ഫില്‍ നിന്ന് ഫിഡലിന്‌റെ കത്തുകളെടുത്ത് അവര്‍ ഉറക്കെ വായിക്കുന്നതും തുടര്‍ന്നു.

വായനയ്ക്ക്: https://goo.gl/jcMkE4

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍