UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു കാടുണ്ടായിരുന്നു, ഒരു പുഴയുണ്ടായിരുന്നു; ഒരു ക്വാറി ഉണ്ട് – ചിത്രങ്ങളിലൂടെ

Avatar

ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നു എന്നു കേട്ടു തുടങ്ങിയിട്ട് ദശകങ്ങളായി. ഒരുപക്ഷേ, അതിന്റെ കാല്‍പ്പനികത മാറ്റി നിര്‍ത്തിയാല്‍ ഇപ്പോള്‍ ആ മുദ്രാവാക്യത്തെ ഗ്രാമങ്ങള്‍ നഗരങ്ങള്‍ക്കായുള്ള ശവപ്പറമ്പുകളാകുന്നു എന്നു തിരുത്തി വായിക്കാം. കേരളത്തിന്റെ മുക്കിലും മൂലയിലും ആ വാക്കുണ്ട്, അതിന്റെ ഭീഷണമായ ജെ.സി.ബി കൈകളുണ്ട്; ക്വാറി – ഈ വാക്ക് കേള്‍ക്കാത്ത മലയാളികള്‍ വളരെ കുറവായിരിക്കും. ഇത്തിരിപ്പോന്ന ഒരു ഭൂപ്രദേശത്തെ എങ്ങനെ കാര്‍ന്നുതിന്നാം എന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ് താഴെ കാണുന്ന ചിത്രങ്ങള്‍. തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തു നിന്നും അഴിമുഖം പ്രതിനിധി ഏകലവ്യന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ 

 
ഇത് കുറുമാലി പുഴ . ഇതിന്റെ വടക്ക് വശത്താണ് മുനിയാട്ടുകുന്ന്. ഇതിന്റെ മുകളില്‍ നിന്നാല്‍ പുഴയുടെ മൂന്ന് ഭാഗങ്ങളും കാണാം. മുപ്പുഴയം എന്ന വാക്ക് പതിയെ മുപ്ലിയം എന്ന സ്ഥലപ്പേര്  ആയി വന്നതാകാം എന്ന് പറയപ്പെടുന്നു.
 
ജൈവ വൈവിദ്ധ്യം കൊണ്ടും പ്രകൃതിയുടെ സൌന്ദര്യം കൊണ്ടും മനോഹരമാണീ പ്രദേശവും അതിന്റെ ചുറ്റുപാടുകളും .
 
ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പത്തിലധികം മുനിയറകള്‍ ഈ കുന്നില്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇന്ന് അവ മനുഷ്യന്റെ ധാര്‍ഷ്ട്യത്തിന്റെ ഫലമായി രണ്ടെണ്ണമായി കുറഞ്ഞിരിക്കുന്നു.
 
കുരിശിന്റെ വഴിയേ. ഭാവിയില്‍, കുന്നുകളും കാടുകളും ഇല്ലാതാകുമ്പോള്‍ വലിയ ആരാധനാലയം ഇവിടെ ഉയര്‍ന്നാലും അദ്ഭുതപ്പെടാനില്ല. 
 
ഒരമ്പലം കൂടെ ഇവിടുണ്ട് . ഈ രണ്ടു പ്രതീകങ്ങളുടെ പേരിലെങ്കിലും, അതില്‍ വിശ്വസിക്കുന്നവരെങ്കിലും ഈ കുന്നുകളെ സംരക്ഷിക്കും എന്ന് പ്രതീക്ഷിക്കാമോ ? 
 
ഈ കുന്നിനു ചുറ്റുമുള്ള കരിങ്കല്‍ ക്വാറികളിലൊന്ന്. അധികൃതവും അനധികൃതവും ഒക്കെ ആയവ. കൂടുതല്‍ വിശദീകരണങ്ങള്‍ വേണ്ടല്ലോ.  
 
കാര്‍ന്ന് കാര്‍ന്ന്…
 
പച്ചപ്പുകള്‍ ഇല്ലാതാകുമ്പോള്‍
 
കുന്നു പൊളിച്ച് കുന്നോളം കൂട്ടിയിട്ടിരിക്കുന്നു .
 
ഈ കാണുന്ന ഗുഹ പോലുള്ള സ്ഥലമാണ് പുലിമട. ഇവിടെ പുലി ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
 
ഈ നില്ക്കുന്ന മരം വെട്ടാന്‍ അനുവാദമില്ലാത്തതിനാല്‍ നിര്‍ത്തി ഉണക്കുന്നു. അങ്ങനെ ഇഞ്ചിഞ്ചായി കൊല്ലും. അപ്പൊ അതുണങ്ങി വീഴും. കുഴപ്പമില്ലല്ലോ.
 
അവശേഷിക്കുന്ന മുനിയറകളില്‍ മറ്റൊന്ന്.
 
ഛേദനം
 
ഊഴം കാത്ത്
 
വിശ്രമം.
 
ആ കാണുന്ന നേര്‍ത്ത കമ്പിവേലി പോലെയാണ് നിയമങ്ങള്‍. അത്രമേല്‍ വിലകുറഞ്ഞതും ആര്‍ക്കും വാങ്ങിക്കാവുന്നതും. പച്ചപ്പിനും കരിങ്കല്‍ മടയ്ക്കും ഇടയില്‍ ഇനിയും അകലമുണ്ടോ? 
 
ക്വാറി ഉടമകള്‍ കോടികളുണ്ടാക്കും. എന്നിട്ട് നഗരങ്ങളില്‍ സൗധം കെട്ടിപൊക്കി താമസിക്കും. പക്ഷെ ഇവിടുത്തെ സാധാരണക്കാരന്റെ വീടുകള്‍ / ജീവിതം ഇങ്ങനെ വീണ്ടുപൊട്ടി തുടങ്ങും.  
 
വിള്ളലുകള്‍
 
ബാക്കി പത്രം 
 
 
അവാര്‍ഡുകള്‍ ആര്‍ക്കും കിട്ടും. അത് മനുഷ്യന്‍ കൊടുക്കുന്നതാണ്. അത് വാങ്ങാം, തടയാം. പക്ഷെ പ്രകൃതി തരുന്ന ദുരന്തങ്ങള്‍ / അവാര്‍ഡ്‌;  അത് തടയാനുള്ള ശക്തി  മനുഷ്യനും യന്ത്രങ്ങളും നേടിയിട്ടില്ല എന്ന് ഓര്‍മിമിപ്പിക്കട്ടെ.  
 
പ്രകൃതി സംരക്ഷണം നമുക്കിന്ന് ഒരു ക്ലീഷേ വാക്ക് ആയിരിക്കുന്നു. എന്നാല്‍ ചുറ്റുപാടും ഒന്നു കണ്ണോടിക്കുക. ആരാണ് ശരി, ആരാണ് തെറ്റ്. നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് ഈ ബംഗ്ലാവുകള്‍ കെട്ടിപ്പോക്കുന്നത്? വളര്‍ന്ന് വരുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തു നോക്കൂ.. നെറുക പൊള്ളിക്കുന്ന ചൂടില്‍ ഒരിറ്റു തണലില്ലാതെ, കുടിവെള്ളമില്ലാതെ അലയുന്ന തലമുറയ്ക്കു വേണ്ടിയാണോ ഈ ക്രൂരതകള്‍? 
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍