UPDATES

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

പൊടിപാറിയ പ്രകൃതി പാക്കേജും അത്യത്ഭുത ഫാറ്റ് ടാക്‌സും

എന്റെ സുഹൃത്ത് മുത്തു ഒരു ഫിസിഷ്യനാണ്. ഒരു ദിവസം ഒ.പി.യില്‍ രോഗികളേയും കാത്ത് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ജയന്‍ കയറി വന്നത്. ഡോക്ടറെ കണ്ട് ചികിത്സയ്ക്ക് വന്ന രോഗിയാണ്.

ഒരുമാതിരി തടിയനായ ഒരു നാല്‍പതുകാരനാണ് ജയന്‍. ചെറുതായി പ്രമേഹമുണ്ട്. അതിന് മരുന്ന് കഴിക്കുന്നുണ്ട്. ലേശം അധിക ബ്ലഡ് പ്രഷര്‍ ഉണ്ട്. അതിന് മരുന്ന് കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ കഴിച്ചു തുടങ്ങണം എന്നാരോ പേടിപ്പിച്ചതുകാരണം മരുന്ന് കഴിക്കുന്നില്ല.

കഴിഞ്ഞ ദിവസം ചെറിയ വയറുവേദന തോന്നി സ്‌കാന്‍ ചെയ്തപ്പോള്‍ ചെറിയ രീതിയില്‍ ഫാറ്റി ലിവര്‍ എന്ന സംഭവം കരളില്‍ ഉണ്ട്. 

ഇങ്ങനെ പലവിധ രോഗാവസ്ഥകള്‍ വന്നതിനാല്‍ അത്യധികം ആധിയോടെയാണ് ജയന്റെ വരവ്.

മുത്തു ജയനെ പരിശോധിച്ചു. പ്രഷര്‍ അല്‍പം കൂടുതലാണ്. രക്തം വീണ്ടും ടെസ്റ്റ് ചെയ്യിച്ചു. പ്രമേഹമുണ്ട്. അത്രയധികം ആയിട്ടില്ല. കൊളസ്‌ട്രോള്‍, എല്‍.ഡി.എല്‍ ഇവയൊക്കെ കൂടുതലാണ്. അഞ്ചരയടി പൊക്കമുള്ള ജയന് എണ്‍പത്തെട്ടുകിലോ ഭാരമുണ്ട്. ബി.എം.ഐ എന്ന അളവുവച്ചു നോക്കിയാല്‍ നല്ല അധികമേദസ്സുണ്ട്. തടി കൂടുതലാണെന്നര്‍ത്ഥം.

”അതെനിക്കറിയാം ഡോക്ടര്‍. ഉടന്‍ തന്നെ ആമാശയത്തിന്റെ വലിപ്പം കുറയ്ക്കുന്ന ബാരിയാട്രിക് സര്‍ജറി ചെയ്താല്‍ തടിയും കുറയും പ്രമേഹവും പ്രഷറും കംപ്ലീറ്റ് പോവൂന്ന് ഒരു ഡോക്ടര്‍ പറഞ്ഞു.”

”ബി.എം.ഐ മുപ്പത്തഞ്ച്, നാല്‍പ്പതില്‍ കൂടുതലാവുന്ന വലിയ പൊണ്ണത്തടിയന്മാരിലാണ് അത് വേണ്ടി വരുക. അവരില്‍ അത് വളരെ ഗുണം ചെയ്യും താനും. ജയന്റെ കാര്യത്തില്‍ നമുക്ക് അല്ലാതെ തടി കുറയ്ക്കാന്‍ നോക്കാം”.

”ഓഹോ താങ്ക്‌സ്, അപ്പ മരുന്നൊന്നും കഴിക്കണ്ട അല്ലേ?”

”അയ്യോ അങ്ങനല്ല. പ്രമേഹവും പ്രഷറും നിയന്ത്രിക്കാന്‍ ഇപ്പോള്‍ തന്നെ മരുന്നു കഴിച്ചു തുടങ്ങണം. കൊളസ്‌ട്രോളിനുള്ള മരുന്നും കഴിക്കുന്നതാണ് നല്ലത്”.

”അപ്പോ എന്തിനാ തടി കുറയ്ക്കുന്നത്?”

”തടി കുറച്ച്, വ്യായാമമൊക്കെ ചെയ്ത് കുറച്ചു കഴിയുമ്പ പിന്നേം ഇതൊക്കെ ടെസ്റ്റ് ചെയ്യണം. എന്നിട്ട് മരുന്നു കുറയ്ക്കാം”.

”ഓഹോ. എങ്ങനെ തടി കുറയ്ക്കാം? വേറെ എന്തൊക്കെ ചെയ്യണം?”

”ശരിക്കും പറഞ്ഞാ ഒരു പത്തുപതിനഞ്ചു കിലോ കുറയ്ക്കണം. എളുപ്പമല്ല. ഭക്ഷണം കഴിക്കുന്നത് നന്നായി കുറക്കേണ്ടി വരും. ഇപ്പോള്‍ കഴിക്കുന്നതിന്റെ ഏകദേശം പകുതി കലോറിയേ കഴിക്കാവൂ. ചോറ്, പഞ്ചസാര, പലഹാരങ്ങള്‍ ഒക്കെ കണ്ടമാനം കുറയ്ക്കണം. എണ്ണ, വെണ്ണ, കൊഴുപ്പടങ്ങിയതൊക്കെ നന്നായി വേണ്ടെന്നു വയ്ക്കണം. പച്ചക്കറികള്‍, ചില പഴങ്ങള്‍, കുറച്ചു മീന്‍, ചിലതരം ഇറച്ചികള്‍ ഒക്കെ ഒരളവില്‍ ആവാം. ഒക്കെ എഴുതിത്തരാം. 

“പിന്നെ ദിവസം ഒരു മണിക്കൂര്‍ നടക്കണം. ആദ്യം പതുക്കെ മതി. പിന്നെ സ്പീഡ് കൂട്ടിക്കൊണ്ടുവരണം”. ജയന്‍ അന്തംവിട്ടു നിന്നു. അയാള്‍ക്കെന്തോ നന്നായി ദേഷ്യവും വന്നു.

”ഇതിനാണോ ഡോക്ടറേ ഞാന്‍ നൂറ്റമ്പതു രൂപ ഫീസും തന്ന് കണ്ടത്. ബ്ലഡ് ടെസ്റ്റിനും ഒക്കെക്കൂടി പത്തറുനൂറു രൂപയും ആയി” (ടെസ്റ്റിനൊക്കെ കമ്മീഷനും കാണും എന്ന് ജയന്‍ മനസ്സില്‍ പറഞ്ഞു. എന്തുകൊണ്ടോ ഉടനടി ഓപ്പറേഷന്‍ ചെയ്യണമെന്നു പറഞ്ഞ ഡോക്ടറുടെ കാര്യം ജയന്റെ മനസ്സിലേയ്ക്ക് വന്നതേയില്ല).

ജയന്‍ തുടര്‍ന്നു: ”എന്റെ ഡോക്ടറേ, ചെറിയ പ്രമേഹം, പ്രഷറ് എന്നൊക്കെ പറഞ്ഞ് ഈ ചെറുപ്രായത്തില്‍ തുടങ്ങി ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കാനൊന്നും എന്നെ കിട്ടില്ല. ഇങ്ങനെ ഗുളിക കഴിച്ചിട്ടാണ് കിഡ്‌നി അടിച്ചു പോകുന്നത്. കിഡ്‌നിയേ – കിഡ്‌നി”.

മുത്തു ഡോക്ടര്‍ ഒന്നു ചാഞ്ഞിരുന്നു.

”ജയന്‍ – പത്തിരുപത്തഞ്ചുവര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രമേഹവും പ്രഷറും ഒരുമാതിരി കണ്‍ട്രോളില്‍ ആണെങ്കില്‍ക്കൂടി. കിഡ്‌നി പ്രശ്‌നം ചെറിയ തോതില്‍ ഉണ്ടാക്കും. തീരെ കണ്‍ട്രോളിലല്ലെങ്കില്‍  വര്‍ഷങ്ങള്‍ക്കുള്ളില്‍ തനെ കിഡ്‌നി അടിച്ചു പോവാനും മതി. മരുന്നുകള്‍ക്ക് സൈഡ് ഇഫക്ടുകള്‍ ഇല്ലെന്നല്ല. അതിനു നമ്മള്‍ക്ക് ഇടയ്ക്കിടെ ടെസ്റ്റുകള്‍ ചെയ്തു നോക്കാം. പിന്നെ ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കണമെന്ന് ഞാന്‍ ഉറപ്പു പറഞ്ഞില്ലല്ലോ. ഒരു പത്തുകിലോ കുറഞ്ഞാല്‍ ചിലപ്പം പ്രമേഹം മാറിയേക്കാം. ഉപ്പൊക്കെ നന്നായി കുറച്ച്, തടിയും കുറഞ്ഞു കഴിയുമ്പോള്‍ വ്യായാമവും തുടര്‍ന്നാല്‍ പ്രഷറും പ്രമേഹവും കുറേ കൊല്ലങ്ങള്‍ തീരെ ഇല്ലാതായെന്നുവരാം. അല്ലെങ്കില്‍ ഈ രോഗങ്ങള്‍ വളരെ കുറഞ്ഞേക്കും – കുറച്ചു മരുന്നുകള്‍കൊണ്ട് നിയന്ത്രിക്കാന്‍ പറ്റും”.

”ങേ! അപ്പോ ഇത്രേം കഷ്ടപ്പെട്ട് തടി ഇത്രേം കുറച്ചാലും ഗ്യാരന്റിയില്ല?”

”ഈ ഗ്യാരന്റി എന്ന പരിപാടി ചികിത്സയില്‍ ഇല്ലേയില്ല”.

”അത് തീരെ ശരിയല്ല ഡോക്ടര്‍”.

”അയ്യോ. അതെന്റെ കുറ്റമല്ല. എനിക്ക് ഗ്യാരന്റി കൊടുക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹം ഉണ്ട്. പക്ഷേ മെഡിക്കല്‍ സയന്‍സ് അത്രയും വളര്‍ന്നിട്ടില്ല”.

”ഹോ. വലിയ ചതിയായിപ്പോയി. ഈ വനിതേലും മ- ആരോഗ്യത്തിലും ഒക്കെ വായിക്കുന്നതാ ചോറു കുറയ്ക്കണം, ഉപ്പും കൊഴുപ്പും പാടില്ല, പച്ചക്കറി തിന്നണം എന്നൊക്കെ. ഇത് കേക്കാന്‍ കാശും കൊടുത്ത് ഡോക്ടറെ കാണണ്ട കാര്യം ഒണ്ടോ?”

ജയന്‍ ഇറങ്ങിപ്പോയി. പിന്നെ വന്നത് ആറുമാസം കഴിഞ്ഞാണ്. മുത്തു അന്തംവിട്ടുപോയി. ഒരു ഇരുപതുകിലോ കുറഞ്ഞിരിക്കുന്നു.

മുത്തു ഒന്നും മിണ്ടാതെ പ്രഷറും ഒക്കെ നോക്കി. പരിശോധനകളില്‍ പ്രമേഹവും ഫാറ്റിലിവറും ഇല്ല. സബാഷ്!

”ഡോക്ടറെ ഇതൊക്കെ കാണിക്കാനാണ് ഞാന്‍ വന്നത്. നിങ്ങളല്ലേ പറഞ്ഞത് ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കണമെന്ന്? ജോണിച്ചന്‍ കിഴക്കുംപുരക്കലിന്റെ ഇന്‍ഡോനേഷ്യന്‍ നേച്ചര്‍ പാക്കേജിനുപോയി. വരുന്ന വഴിയാ. വെറും രണ്ടുലക്ഷമാ രൂപ. ഗ്യാരണ്ടിയുമുണ്ട്”.

”ഒന്നരമാസം അവിടെ താമസിച്ചു ചികിത്സ. പാവയ്ക്കാ ജ്യൂസും ഓര്‍ഗാനിക് സ്‌പെഷ്യല്‍ പച്ചക്കറികളും. യോഗ, ധ്യാനം, പിന്നെ ഡോക്ടര്‍ കിഴക്കുംപുരക്കല്‍ തന്നെ ഡിസൈന്‍ ചെയ്ത പ്രത്യേക വ്യായാമങ്ങള്‍. ഒന്നരമാസം കൊണ്ട് എല്ലാം മാറി. ഹല്ലേലുയ”.

ഡോ. മുത്തു പതിയെ പറഞ്ഞു:

”അല്ല, കൊറേ വെയ്റ്റും കുറഞ്ഞല്ലോ.”

”ഏ. അതുകൊണ്ടൊന്നുമല്ല. പ്രത്യേകം പച്ചമരുന്നുകളുടെ ഇഫക്ടാ. പിന്നെ മരുന്നുകള്‍ കൊണ്ട് കിഡ്‌നി അടിച്ചുപോകുന്നത് എങ്ങനെയെന്ന് സ്‌പെഷ്യല്‍ സ്റ്റഡി ക്ലാസും ഉണ്ടായിരുന്നു”.

ഡോക്ടര്‍ മുത്തുവിനെ കണ്ട് രണ്ട് പറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ജയന്‍ പുറത്തേക്ക് നടന്നു. നല്ല വിശപ്പുണ്ട്. ഡോക്ടര്‍ ജോണിച്ചന്‍ കിഴക്കുംപുരക്കലിന്റെ ഓര്‍ഗാനിക് പച്ചക്കറി മാത്രം കഴിച്ചൊന്നും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ല. ചില ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം എന്നു മാത്രം. അതെന്തൊക്കെ എന്ന് കേരള സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. ‘ഫാറ്റ് ടാക്‌സ്’ ഉള്ള സാധനങ്ങളാണവ. കെന്റക്കി ഫ്രൈഡ് ചിക്കന്‍, മക്‌ഡൊണാള്‍ഡ്‌സ് ബര്‍ഗര്‍, ഡോമിനോസ് പിസ തുടങ്ങിയ കുത്തക മുതലാളിത്ത മൂരാച്ചി ഭക്ഷണങ്ങള്‍ മാത്രം ഒഴിവാക്കിയാല്‍ മതിയാകും.

തലശ്ശേരി ബിരിയാണി, പൊറോട്ടയും ബീഫ് ഫ്രൈയും, കരിമീന്‍ വറുത്തത്, കോഴി പൊരിച്ചത്, നെയ്യും പരിപ്പും കുഴച്ച ഒരു പാത്രം നിറയെ ചോറില്‍ ആറു പപ്പടം കുഴച്ചു ചേര്‍ത്തത് തുടങ്ങിയ പല സാധനങ്ങളും ആവും പോലെ കഴിക്കാം. പാല്‍പ്പായസം, അടപ്രഥമന്‍ ഇതൊക്കെ നല്ല നാടന്‍ സാധനങ്ങളാണ്. ഒരു കുഴപ്പവുമില്ല.

ഇതെല്ലാം കഴിച്ച് ജയനിപ്പോള്‍ തൊണ്ണൂറ്റിയെട്ടു കിലോ ഉണ്ട്. പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ ഒക്കെ തിരിച്ചു വന്നു. പക്ഷേ ജയന് പേടിയില്ല. ജോണിച്ചന്‍ കിഴക്കുംപുരക്കലിന്റെ അഞ്ചു ലക്ഷം രൂപയുടെ സൗത്ത് അമേരിക്കന്‍ പാക്കേജിന് ബുക്ക് ചെയ്തിട്ടുണ്ട്. പിന്നെന്തിനു പേടിക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍