UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയ നൗഷാദ്…ക്ഷമിക്കുക, ഞങ്ങള്‍ നീയല്ല; ഞങ്ങള്‍ക്ക് നീയാകാന്‍ കഴിയില്ല

Avatar

സനിത മനോഹര്‍

നൗഷാദ് എനിക്ക് നന്മയുടെ മുഖമാണ്. അതു പക്ഷെ രണ്ടു ജീവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണത്തിന്റെ മാന്‍ഹോളിലേക്കിറങ്ങിപ്പോയപ്പോഴായിരുന്നില്ല. അതിനു മുന്നെ തന്നെ കോഴിക്കോട് മിട്ടായ് തെരുവില്‍ ഒരു സന്ധ്യക്ക് എനിക്കും മകള്‍ക്കും മുന്നില്‍ പ്രത്യക്ഷപ്പെട്ട ഓട്ടോ ഡ്രൈവര്‍ എന്ന നന്മയായിരുന്നു നൗഷാദ്.

ചില നേരങ്ങളില്‍ ചില സ്ഥലങ്ങളിലേയ്ക്ക് ചില ഓട്ടോക്കാരെ വരൂ എന്ന ദുര്യോഗം കോഴിക്കോടും ഉണ്ട്. അങ്ങിനെ ഒരു അവസരത്തിലാണ് നൗഷാദ് സ്ഥലം പോലും ചോദിക്കാതെ കയറുവാന്‍ പറയുന്നത്. സ്ഥലം അടുക്കും തോറും ടെന്‍ഷന്‍ ആയിരുന്നു. കാരണം പറഞ്ഞ സ്ഥലത്ത് നിന്ന് കഷ്ടി ഒരു കിലോമീറ്റര്‍ കൂടെ ഉണ്ട് എനിക്കിറങ്ങേണ്ട സ്ഥലം. മുന്‍ അനുഭവങ്ങള്‍ വച്ച് നൗഷാദില്‍ നിന്നും ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നു, എന്നു മുതലാണ് ചേവരമ്പലം ഇങ്ങോട്ട് മാറ്റിയതെന്ന്. ഒരു ചോദ്യവും ഉണ്ടായില്ല നേരെ വീടിനു മുന്നില്‍ തന്നെ ഇറക്കി. നൂറു രൂപയുടെ നോട്ട് കൊടുത്തു വീട്ടിലേയ്ക്ക് കയറാന്‍ പോവുമ്പോള്‍ പിന്നില്‍ നിന്ന് വിളി, ‘ചേച്ചി ബാക്കി ഇതാ’. ബാക്കിയോ! ഞാനൊന്നു ഞെട്ടി. പകല്‍ സമയത്ത് മീറ്റര്‍ 45 ആണേലും 90 വാങ്ങും എല്ലാ ഓട്ടോക്കാരും. ഇതിപ്പോള്‍ ഇത്തിരി ഇരുട്ടും ആയിട്ടുണ്ട്. മാത്രമല്ല ഞാന്‍ മുന്നെ പറഞ്ഞ ചോദ്യവും ഉണ്ടായില്ലല്ലോ എന്നു കരുതിയാണ് നൂറു കൊടുത്തത്. 50 രൂപ തിരികെ തന്നിട്ട് നൗഷാദ് പറയുന്നു മീറ്ററില്‍ 47 ആണ്, ചില്ലറ മൂന്നു രൂപ ഇല്ലല്ലോ ചേച്ചിയെന്ന്. അപ്പോഴാണ് പേരു ചോദിച്ചത്, നൗഷാദ് എന്നാണ് പേരെന്നും കരുവിശ്ശേരി ആണ് വീടെന്നും വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ആണ് ഞങ്ങളെ കണ്ടതെന്നും ഇരുട്ടായത് കൊണ്ട് ചേച്ചിയെയും മോളെയും എവിടെ ആയാലും ഇറക്കി കൊടുത്തിട്ട് മടങ്ങാമെന്നും കരുതിയാണ് വന്നതെന്നും പറഞ്ഞപ്പോള്‍ വല്ലാത്തൊരു ബഹുമാനം തോന്നി നൗഷാദിനോട്. ഒപ്പം ഒരേ നാട്ടുകാരാണെന്ന അറിവ് രണ്ടുപേര്‍ക്കും സന്തോഷമുള്ളതായി.

ഞാനൊരു ഓട്ടോ ജീവിയാണെന്നും കോഴിക്കോട് മുഴുവന്‍ എന്റെ യാത്ര ഓട്ടോയില്‍ ആണെന്നും പറഞ്ഞപ്പോള്‍ നൗഷാദ് നമ്പര്‍ തന്നിട്ട് പറഞ്ഞു, ഒരു ബുദ്ധിമുട്ട് വരുമ്പോള്‍ വിളിച്ചോളൂ, എത്താന്‍ പറ്റുന്ന ചുറ്റുപാടില്‍ ഉണ്ടെങ്കില്‍ വരാം. മസ്‌കറ്റിലേയ്ക്ക് മടങ്ങുന്നതിന് രണ്ടു ദിവസം മുന്നെ ഒരു യാത്രക്കായി വിളിച്ചെങ്കിലും നൗഷാദിനു വരാന്‍ സാധിച്ചിരുന്നില്ല. അടുത്ത വരവില്‍ കാണാമെന്ന് പറഞ്ഞു പിരിഞ്ഞു.

ഇനിയൊരു യാത്രയ്ക്ക് സാരഥി ആവാന്‍ നീ ഉണ്ടാവില്ലെന്നറിയാം എന്നിട്ടും എന്റെ ഫോണില്‍ നിന്റെ നമ്പര്‍ സൂക്ഷിക്കുകയാണ്. കാരണം ആ നമ്പര്‍ എനിയ്ക്ക് വെറും നമ്പര്‍ മാത്രമല്ല ചുറ്റിലും സഹജീവി സ്‌നേഹത്തിന്റെയും നേരിന്റെയും നിഷ്‌കളങ്കതയുടെയും നിറവായി കടന്നു പോയ തിളക്കത്തിന്റെ അടയാളമാണ്. എന്റെ എനി്ക്ക് സ്വന്തം എന്നീ വാക്കുകളെ താലോലിക്കുന്ന ഞാനുള്‍പ്പെടുന്ന സമൂഹത്തിന് പാഠമാവാന്‍ നീ ബലിയാവുകയായിരുന്നു. പക്ഷെ നിന്നില്‍ നിന്നോ നിനക്കു മുന്നെ അങ്ങനെ ബലി ആയവരില്‍ നിന്നോ ഞങ്ങളൊന്നും പഠിച്ചില്ല നൗഷാദേ. ഞങ്ങളില്‍ ചിലര്‍ അങ്ങനെ ആണ് ഒന്നില്‍ നിന്നും ഒന്നും പഠിക്കാത്തവര്‍.

നിനക്ക് മുന്നെ അന്യന്റെ ജീവന് വേണ്ടി സ്വ ജീവന്‍ വെടിഞ്ഞവര്‍ ആദരിക്കപ്പെട്ടില്ലെന്നത് നിന്നെ ആദരിക്കാതിരിക്കാനുള്ള കാരണം ആവുന്നതും നിന്റെ മതവും രാഷ്ട്രീയവും ചര്‍ച്ചയ്‌ക്കെടുത്ത് വിഷം ചീറ്റുന്നതും അതു കൊണ്ടാണ്. നമുക്ക് വേണ്ടി, നമ്മളില്‍ ചിലരുടെ അശ്രദ്ധ കൊണ്ട് രണ്ടു ജീവന്‍ മാന്‍ ഹോളില്‍ പിടഞ്ഞപ്പോള്‍ രക്ഷയ്ക്കായി കരഞ്ഞു വിളിച്ചപ്പോള്‍ അവിടെ ഞങ്ങളില്‍ ഒരുപാട് പേരുണ്ടായിരുന്നു. ബുദ്ധിയുള്ള ഞങ്ങള്‍ ആ കരച്ചില്‍ കേട്ടില്ല ബുദ്ധിയില്ലാത്ത നീ മാത്രം ആ ജീവന്റെ നിലവിളി കേള്‍ക്കുകയും രക്ഷയ്ക്കായി കൈ നീട്ടി മരണത്തിലേയ്ക്ക് ഇറങ്ങി പോവുകയും ചെയ്തു. ഞങ്ങള്‍ക്ക് വിഢിത്തം എന്ന് തോന്നിയത് നിനക്ക് മനുഷ്യത്വമായിരുന്നുവെന്നു ഞങ്ങള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല… മനസ്സിലാക്കുകയുമില്ല. മറ്റൊരു നന്മയോ തിന്മയോ പുതുമയുള്ള വിഷയമായി ഞങ്ങള്‍ക്കു മുന്നില്‍ വരുംവരെ അവിവേകിയായോ മനുഷ്യസ്‌നേഹിയായോ നീ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാവും. പക്ഷെ നീ ജീവിക്കും നിന്റെ പേരില്‍ കിട്ടുന്ന പാരിതോഷികങ്ങളോ പുരസ്‌കാരങ്ങളോ ഒന്നും നിനക്ക് പകരമാവാത്ത നിന്റെ മരണം കൊണ്ട് കണ്ണീരിലായിപ്പോയ രണ്ടു ജീവിതങ്ങളില്‍ നന്മയുള്ള സ്‌നേഹമുള്ള മകനായും ഭര്‍ത്താവായും.

മാന്‍ ഹോളില്‍ നിന്നെ ശ്വാസം മുട്ടിച്ച വിഷത്തെക്കാള്‍ തീവ്രമായ വിഷം ചുറ്റിലും പരത്തുന്ന കാവിയുടെയും പച്ചയുടെയും ചുവപ്പിന്റെയും വെള്ളയുടെയും രാഷ്ട്രീയം തിരിച്ചറിയാതെ പരസ്പരം കൊലവിളി നടത്തുന്ന ഞങ്ങള്‍ക്കിടയിലേക്ക് മനുഷ്യത്വത്തിന്റെ മാതൃകയായി വന്ന നൗഷാദെ… നീ ഞങ്ങള്‍ക്കിന്നു വിഷയമാണ്, പ്രസംഗത്തിന്, കവിതയ്ക്ക്, കഥയ്ക്ക്, സിനിമയക്ക്‌, ചര്‍ച്ചയ്ക്ക്. നിന്നെയും നിന്റെ നന്മയെയും വിറ്റ് ഞങ്ങള്‍ കാശുണ്ടാക്കും. നിനക്ക് മുന്നെ നിന്നെപോലെ കടന്നു പോയവരോടൊക്കെ ഞങ്ങള്‍ അങ്ങനെ ആയിരുന്നു. നിന്നെ ഒരു പ്രത്യേക മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നന്മയാക്കി മാറ്റും. നിനക്ക് സ്മാരകം പണിയും എല്ലാ വര്‍ഷവും നിന്റെ മരണ ദിവസം ഒത്തുകൂടും നിന്റെ ജീവ ത്യാഗത്തെ കുറിച്ച് വാഴ്ത്തും. അപ്പോഴൊക്കെ ഞങ്ങള്‍ക്കു ചുറ്റും ജീവന്റെ പിടച്ചിലോ കരച്ചിലോ ഉണ്ടാവും. ഞങ്ങള്‍ കാണില്ല കേള്‍ക്കില്ല രക്ഷയ്ക്കായി കൈ നീട്ടില്ല. കാരണം ഞങ്ങള്‍ നീയല്ല ഞങ്ങള്‍ക്ക് നീയാവാന്‍ കഴിയുകയുമില്ല.

(ഒമാനില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍