UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭഗത് സിങ്ങായി മുന്നൂറു വേദികളില്‍; നാടകക്കാരന്‍ എന്ന നിലയില്‍ നവജിത്തിന്റെ ജീവിതം

Avatar

നവജിത്ത്/അഭിമന്യു

ഭഗത് സിങ്ങ് എന്ന ഏകാംഗ നാടകം മുന്നൂറു വേദികള്‍ തികച്ചതിന്റെ സന്തോഷത്തിലാണ് നവജിത്ത് സംസാരിച്ചു തുടങ്ങിയത്. സ്വാതന്ത്ര്യ സമര പോരാളി ഭഗത് സിങ്ങിന്റെ ജീവിതം ഏകാംഗ നാടകമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിച്ചു. ഭഗത് സിങ്ങിന്റെ നാടായ ജലന്ധറില്‍ നാടകം അവതരിപ്പിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നു പറയുന്നു നവജിത്ത്. എന്നു നിന്റെ മൊയ്തീന്‍, എന്നും എപ്പോഴും തുടങ്ങിയ സിനിമകളിലൂടെയും നവജിത്ത് മലയാളികള്‍ക്ക് പരിചിതനാണ്.

വിജയ് സേതുപതി നായകനായ നീര്‍വേലിയെന്ന തമിഴ് സിനിമയുടെ റിലീസ് കാത്തിരിക്കുകയാണിപ്പോള്‍ നവജിത്ത്. ഈ സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അരങ്ങിലെയും അണിയറയിലെയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് കാസര്‍കോഡ് നിലേശ്വരം സ്വദേശിയായ നവജിത്ത്.

ഭഗത് സിങ്ങുമായി അരങ്ങിലേക്ക് 

സിനിമയിലും നാടകത്തിലുമൊക്കെയായി നിരവധി തവണ കണ്ടു കഴിഞ്ഞിരിക്കുന്നു ഭഗത് സിങ്ങിന്റെ ജീവിതം. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് തന്റെ ഏകാംഗനാടകമെന്ന മുഖവുരയോടെ നവജിത്ത് പറഞ്ഞു തുടങ്ങി. സ്‌കൂളിലും കോളെജിലുമൊക്കെയായി ചെറുപ്പം മുതല്‍ നാടകത്തില്‍ സജീവമായിരുന്നു. തെരുവുനാടകങ്ങളും നാടക കളരികളുമൊക്കെയായി ജീവിതമങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് ഏകാംഗനാടകം നവജിത്തിന്റെ മനസിലേക്കെത്തുന്നത്. നെപ്പോളിയന്‍, ചെഗുവേര, ചാണക്യന്‍ ഇവരില്‍ ആരെയെങ്കിലും അവതരിപ്പിക്കാമെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് ചര്‍ച്ചകള്‍ മുഴുകിയപ്പോള്‍ ഭഗത് സിങ്ങിനെ തീരുമാനിക്കുകയായിരുന്നു.

നാടകസംവിധായകനായ പ്രകാശന്‍ കരിവെള്ളൂര്‍ ഈ ആശയത്തിന് എല്ലാ പിന്തുണയും നല്‍കി. ഭഗത് സിങ്ങും സുഹൃത്തുക്കളും തമ്മിലുള്ള ബന്ധത്തിലൂടെയാണു നാടകം കൂടുതലായും കടന്നു പോകുന്നത്. ചില സമയങ്ങളില്‍ ഭഗത് സിങ്ങിന് ആരോടോ പ്രണയമുള്ളതായി സുഖ്‌ദേവും രാജ് ഗുരുവുമെല്ലാം തെറ്റിദ്ധരിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് രാജ്യത്തോട് മാത്രമാണു പ്രണയമുള്ളതെന്നാണ് ഭഗത് സിങ് പറയുന്നത്. ഇക്കാര്യം കാണിച്ചു സുഹൃത്തുക്കള്‍ക്ക് അദ്ദേഹം അയക്കുന്നുമുണ്ട്. കാസര്‍കോഡ് കുമ്പളയിലായിരുന്നു നാടകത്തിന്റെ ആദ്യ പ്രദര്‍ശനം. 35 മിനുറ്റ് ദൈര്‍ഘ്യമുള്ള നാടകത്തിന് ആദ്യപ്രദര്‍ശനം മുതല്‍ മികച്ച പ്രതികരണമായിരുന്നു.

കണ്ണൂരില്‍ നാടകം അവതരിപ്പിച്ചപ്പോള്‍ മറക്കാനാവാത്ത ഒരു സംഭവമുണ്ടായി. കുറച്ച് സിഖുകാരും നാടകം കാണാന്‍ എത്തിയിരുന്നു. ഒരു സമയം കഴിഞ്ഞാല്‍ തലപ്പാവ് ഊരിമാറ്റി വീണ്ടും വയ്ക്കുന്ന രംഗമുണ്ട് നാടകത്തില്‍. ഈ രംഗമെത്തിയപ്പോള്‍ സിഖുകാര്‍ എഴുന്നേറ്റു നിന്നു വന്ദേമാതരമെന്ന് വിളിച്ചു. മലയാള നാടകമായിട്ടും സിഖുകാരുടെ ആവേശത്തില്‍ ഒരു കുറവുമുണ്ടായില്ല. ഏറെ സന്തോഷം നല്‍കിയ നിമിഷങ്ങളായിരുന്നു അത് നവജിത്ത് ഓര്‍ക്കുന്നു. ഭഗത് സിങ്ങിന്റെ ജീവിതം അരങ്ങിലേക്കു പകര്‍ത്തുന്നതിനു മുമ്പായി അതേ കുറിച്ച് തങ്ങള്‍ നന്നായി പഠനം നടത്തിയിരുന്നുവെന്ന് നവജിത്ത്. നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ഇ.വി. ഹരിദാസായിരുന്നു നവജിത്തിന് കൂട്ട്. ആദ്യം ഹരിദാസ് ഫൈസലാബാദിലും ജലന്ധറിലുമൊക്കെ പോയി കാര്യങ്ങള്‍ പഠിച്ചു, പിന്നീട് നവജിത്തും. ഭഗത്സിങ്ങിന്റെ ബന്ധുക്കളെ നേരിട്ടു കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അദ്ദേഹത്തിന്റെ പേരിലുള്ള ലൈബ്രറി കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി. ആ പേരു പറയുന്നതു പോലും ആ നാട്ടിലുള്ളവര്‍ക്ക് ആവേശമാണെന്ന് നവജിത്ത്. ഭഗത് സിങ്ങിന്റെ നാടായ ജലന്ധറില്‍ ന നാടകം അവതരിപ്പിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് അവിടെ നാടകം അവതരിപ്പിച്ചത്. തെരഞ്ഞെടുത്ത സദസിന് മുന്നിലാണ് അവിടെ നാടകം അവതരിപ്പിച്ചത്. 350 പേരാണ് നാടകം കാണാനെത്തിയത്. മലയാളത്തിലെ സംഭാഷണങ്ങള്‍ തല്‍സമയം തന്നെ ഇംഗ്ലീഷില്‍ ട്രാന്‍സിലേറ്റ് ചെയ്തു. എല്ലാവരുടെ ഭാഗത്ത് നിന്നും നല്ല അഭിപ്രായമാണ് ലഭിച്ചത്.

അമ്മയില്‍ നിന്നു കിട്ടിയ നാടക പ്രേമം

നാടകം ജീവനാണെന്നു പറയും നവജിത്ത്. ജീവിതം നാടകത്തോട് കടപ്പെട്ടിരിക്കുന്നു. അമ്മ വത്സലാകുമാരി നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മയില്‍ നിന്നാണ് നാടകത്തോടുള്ള ഇഷ്ടം നവജിത്തിനും ലഭിക്കുന്നത്. അമ്മയുടെ രോഗശാന്തിക്കായി അരങ്ങില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട് നവജിത്ത്. ക്യാന്‍സര്‍ ബാധിച്ച അമ്മയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് നാടകമാണ്. നവജിത്തും അമ്മ വത്സലകുമാരിയും അഭയമെന്ന നാടകത്തിലൂടെ രചിച്ചത് മറ്റൊരു ചരിത്രം. ഒരു പക്ഷേ ലോകത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത ഒരു അതിജീവനമാണ് അഭയം എന്ന നാടകം. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് അരങ്ങില്‍ നിന്നും വത്സലയ്ക്ക് കുറച്ചു നാള്‍ വിട്ടു നില്‍ക്കേണ്ടി വന്നു. പിന്നീട് നവജിത്തുമായി ഒരുമിച്ച് അഭിനയിച്ച അഭയം എന്ന നാടകത്തിലൂടെയാണ് വത്സല അരങ്ങില്‍ വീണ്ടും സജീവമാവുന്നത്. അമ്മയെ പൂര്‍ണ ആരോഗ്യത്തോടെ അരങ്ങിലെത്തിക്കാനാണ് അഭയമെന്ന നാടകം തയ്യാറാക്കിയത്. അമ്മയും മകനുമായി തന്നെയാണ് അഭയത്തില്‍ ഇരുവരും അരങ്ങിലെത്തിയത്.

എന്‍ഡോസള്‍ഫാന്‍ ഇരയായ മകനുമായി തെരുവില്‍ അലയുന്ന അമ്മയുടെ കഥയായിരുന്നു അഭയം. ഓട്ടിസം ബാധിച്ച മകനുമായി തൃശൂരില്‍ ജീവിച്ചിരിക്കുന്ന അമ്മയെ ആസ്പദമാക്കിയാണ് ഈ നാടകം തയാറാക്കിയത്. അനില്‍ നടക്കാവാണ് അഭയം സംവിധാനം ചെയ്തത്. നവജിത്ത്, വത്സല എന്നിവരെകൂടാതെ ഒരു പാവമാത്രമായിരുന്നു നാടകത്തില്‍ കഥാപാത്രമായെത്തിയത്. രോഗം മൂര്‍ഛിക്കുമ്പോള്‍ മകന്‍ അമ്മയെ ആക്രമിക്കാന്‍ തുനിയും. ഈ സമയത്ത് രക്ഷപ്പെടാന്‍ അമ്മ മകന് പാവയെ നല്‍കുന്നു. പിന്നെ പരാക്രമമെല്ലാം പാവയോടാകും. 2013 ഏപ്രില്‍ 14നാണ് അഭയം ആദ്യമായി വേദിയിലെത്തുന്നത്. നിരവധി വേദികളില്‍ അമ്മയും മകനും നാടകം അവതരിപ്പിച്ചു കഴിഞ്ഞു. പത്രവാര്‍ത്തയില്‍ നിന്നാണ് തൃശൂരിലെ അമ്മയെയും മകനെയും പറ്റി മനസിലാക്കുന്നത്. രോഗിയായ മകന്റെ വേഷം അഭിനയിക്കാന്‍ എടുത്ത പരിശ്രമങ്ങള്‍ നവജിത്തിനെയും രോഗിയാക്കി. 10 ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ചെവിയുടെ ഞരമ്പില്‍ പറ്റിയ പരുക്ക് മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷമാണ് സുഖമായത്. അഭയമെന്ന നാടകം രാജ്യാന്തര ശ്രദ്ധ തന്നെ നേടി. ക്യാന്‍സര്‍ രോഗത്തിന്റെ പിടിയില്‍ നിന്ന് അമ്മയെ മോചിപ്പിക്കാനുള്ള മകന്റ ശ്രമം വലിയ വാര്‍ത്തയായി. മാധ്യമങ്ങളെല്ലാം വലിയ പ്രചാരമാണ് അഭയത്തിന് നല്‍കിയത്. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് കുറച്ച് ദിവസമായി അഭയം അവതരിപ്പിക്കുന്നില്ല.

സിനിമയിലും തിളങ്ങി

സിനിമയിലും പരസ്യ ചിത്രങ്ങളിലും ഇതിനകം നിരവധി തവണ നവജിത്ത് അഭിനയിച്ചു കഴിഞ്ഞു. സൂപ്പര്‍ ഹിറ്റായ പ്രൃഥ്വിരാജ് ചിത്രം എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ കൊശവന്‍ കുമാരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. 5000ത്തോളം പേരെ ഓഡിഷന്‍ നടത്തിയാണ് നവജിത്തിനെ ഈ കഥാപാത്രത്തിനായി തെരഞ്ഞെടുത്തത്. മോഹന്‍ലാല്‍ ചിത്രം എന്നും എപ്പോഴും, മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ് എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

നാടകവും സിനിമയും

ഇനി രണ്ടു പേര്‍ മാത്രം കഥാപാത്രമായ നാടകം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നവജിത്ത്. മലയാളത്തിലെ പ്രമുഖനായ നാടക-സിനിമാ സംവിധായകനാണ് ഈ നാടകമൊരുക്കുന്നത്. രാജ്യാന്തര തലത്തില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നാടകം തയാറാക്കുന്നത്. അഭിനയത്തെ ഒരു പോലെയാണ് കാണുന്നത്, നാടകത്തിലായാലും സിനിമയിലായാലും. നാടകത്തില്‍ ലൈവായി അഭിനയിക്കുകയാണ്. കഥാപാത്രത്തിന്റെ വികാരങ്ങളെല്ലാം കാണികള്‍ക്കു മുന്നില്‍ തത്സമയം പുറത്തെടുക്കണം. നല്ല അധ്വാനവും ശ്രദ്ധയും ആവശ്യമുള്ള കാര്യമാണിത്. കാണികളുടെ പ്രതികരണം തല്‍സമയം അറിയാം. റീ ടേക്കുകള്‍ക്ക് നാടകത്തില്‍ സ്ഥാനമില്ല. എന്ന സിനിമയിലെ അവസ്ഥ ഇതല്ല. റീടേക്കുള്‍ക്ക് ധാരാളം സമയമുണ്ട്. ഒരോ ഷോട്ടും സമയമെടുത്താണ് ചെയ്യുക. കുറച്ചുകൂടി കംഫര്‍ട്ടാണ് സിനിമയിലെ അഭിനയം. നാടകത്തിന് അതിന്റെതായ സ്ഥാനമുണ്ട്. യുവാക്കളിലെല്ലാം നാടകത്തോട് സ്‌നേഹം കൂടി വരുന്ന കാലമാണിതെന്നും നവജിത്ത് പറയുന്നു. ഏകാംഗനാടകങ്ങളും നാടക ക്യാംപുകളുമൊക്കെയായി നവജിത്ത് തിരക്കിലാണ്. അച്ഛന്‍ നാരായണനും സഹോദരങ്ങളായ നവനീതയും, നവനീതും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. ചാണക്യന്റെ ജീവിതം ഏകാംഗനാടകമായി അരങ്ങിലെത്തിക്കണമെന്നാണ് നവജിത്തിന്റെ അടുത്ത ആഗ്രഹം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍