UPDATES

നവകേരള മിഷന്‍; ബൃഹത്പദ്ധതികളുമായി കേരള സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

കേരളം അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ സമഗ്രമായ മാറ്റത്തിനൊരുങ്ങുകയാണ് കേരള ഗവണ്‍മെന്‍റ്.  ‘നവകേരള മിഷന്‍’ എന്ന പേരില്‍ നാല് പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെയും കൂട്ടുത്തരവാദിത്വത്തോടെയും നൂതനമായ ആശയങ്ങളിലൂടെ മാറ്റത്തിന് തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു.

ലൈഫ്, കേരള മിഷന്‍, ആര്‍ദ്രം പദ്ധതി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു പദ്ധതികളെ ഒരു കുടക്കീഴില്‍ സംയോജിപ്പിച്ചുകൊണ്ടാണ് ‘നവകേരള മിഷന്’ എന്ന പദ്ധതിക്കു രൂപം നല്കിയിരിക്കുന്നത്.

സുരക്ഷിത പാര്‍പ്പിടത്തോടൊപ്പം ജീവനോപാധി മാര്‍ഗ്ഗവും സാമൂഹ്യ സുരക്ഷയും അടിസ്ഥാന സേവനങ്ങളും ഒന്നിപ്പിക്കുന്ന സമഗ്രമായ പദ്ധതിയാണ് ലൈഫ്.

കേരളം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ അതിജീവിക്കാന്‍ നമ്മുടെ പുഴകളും കുളങ്ങളും സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക, മാലിന്യങ്ങള്‍ വീട്ടുവളപ്പില്‍ തന്നെ തരം തിരിച്ചു ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റി വീട്ടുവളപ്പിലും മട്ടുപ്പാവിലും കൃഷിക്ക് ഉപയോഗിക്കുക, അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്നു ശേഖരിച്ചു പുനരുപയോഗിക്കുക ഇതെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് ‘ഹരിത കേരളം മിഷന്‍’

സര്‍ക്കാര്‍ ആശുപത്രികള്‍ ജനസൌഹൃദമാക്കുകയാണ് ‘ആര്‍ദ്രം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കുക, റഫറല്‍ സംവിധാനം ശക്തിപ്പെടുത്തുക, വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ തിരക്ക് ഒഴിവാക്കുക, വൈഫൈ സംവിധാനത്തോടെയുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക, രോഗിയുടെ ആരോഗ്യ റിക്കോര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്യുക, ആധുനിക പരിശോധനാ സമ്പ്രദായങ്ങള്‍ ഉറപ്പാക്കുക എന്നിവയും ആര്‍ദ്രം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 

പൊതു വിദ്യാലയങ്ങളിലെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുക, വിവര സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുക എല്ലാറ്റിനുപരി കുട്ടികളുടെ സമഗ്രമായ വികസനത്തിന് ഉതകുന്ന പഠന ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള പഠന നവീകരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക എന്നിവയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.  വാര്‍ഷിക പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്ക് മാത്രം മികവിവിന്‍റെ അളവുകോലാക്കാതെ സംവേദനക്ഷമത, ആത്മവിശ്വാസം, ഇടപെടാനുള്ള കഴിവുകള്‍, അടിയന്തിര സാഹചര്യം നേരിടാനുള്ള മനഃസാന്നിധ്യം, നിയമ സാക്ഷരത, പ്രകൃതിബോധം, ലിംഗാവബോധം തുടങ്ങി പ്രായോഗികവും മൂല്യാധിഷ്ഠിതവുമായ പഠന ലക്ഷ്യങ്ങള്‍ കുട്ടികള്‍ സ്വായത്തമാക്കുന്നതിലൂടെ മൂല്യ ബോധവും കാര്യ ശേഷിയുമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാനാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ ലക്ഷ്യം കൊണ്ടുദ്ദേശിക്കുന്നത്. 

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2000ത്തോളം ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ പി സദാശിവം പദ്ധതി ഉത്ഘാടനം ചെയ്തു. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷം വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തി.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍